ഗോത്ര വിദ്യാർത്ഥികൾക്ക് ഇടമില്ലാത്ത വിദ്യാലയങ്ങൾ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള ആദിവാസി വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് സമീപകാലങ്ങളിൽ ആശങ്കാജനകമായി വർദ്ധിച്ചുവരികയാണ്. പ്രത്യേകിച്ച് പത്താം ക്ലാസും ഹയർസെക്കണ്ടറിയും കഴിഞ്ഞാൽ വലിയൊരു വിഭാഗം വിദ്യാർത്ഥികൾ പഠനം അവസാനിപ്പിക്കുന്ന പ്രവണത ശക്തമാണ്. ഇന്ത്യൻ ഭരണഘടന 14 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസ അവകാശം ഉറപ്പുനൽകുന്നുണ്ടെങ്കിലും ആദിവാസി സമൂഹത്തിലെ നിരവധി കുട്ടികൾ 14 വയസിന് താഴെയായിരിക്കെ തന്നെ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്നു. 2010നും 2020നും ഇടയിൽ സംസ്ഥാനത്ത് പഠനം നിർത്തിയ വിദ്യാർത്ഥികളിൽ 80 ശതമാനത്തിൽ അധികവും ആദിവാസി വിഭാഗത്തിൽ നിന്നുള്ള കുട്ടികളാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൾ തന്നെ പറയുന്നുണ്ട്. പതിനായിരത്തിലധികം ഗോത്ര വിദ്യാർത്ഥികളാണ് സർക്കാർ കണക്ക് പ്രകാരം പത്ത് വർഷത്തിനിടയിൽ പഠനം നിർത്തിയത്. നല്ലൊരു ഭാവി സൃഷ്ടിക്കാനുള്ള വിദ്യാഭ്യാസ അവസരങ്ങൾ ആദിവാസി വിദ്യാർത്ഥികൾക്ക് ഉറപ്പാക്കുന്നതിൽ ഭരണസംവിധാനങ്ങളും സമൂഹവും തുടർച്ചയായി പരാജയപ്പെടുന്നതിന്റെ തെളിവാണ് കൂടിവരുന്ന ഈ കൊഴിഞ്ഞുപോക്ക്.

ദാരിദ്ര്യം, കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതകൾ, മാതൃഭാഷയും അധ്യാപന ഭാഷയും തമ്മിലുള്ള വ്യത്യാസം, വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള ദൂരവും ഗതാഗത സൗകര്യങ്ങളുടെ കുറവും, സാമൂഹിക അവഗണനയും മാനസിക സമ്മർദ്ദങ്ങളും കൊഴിഞ്ഞുപോക്കിന് പ്രധാന കാരണങ്ങളായി മാറുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൾ പ്രകാരം 2023–24 അധ്യയനവർഷത്തിൽ മാത്രം 460 ആദിവാസി വിദ്യാർത്ഥികൾ വിദ്യാഭ്യാസത്തിൽ നിന്നും ഡ്രോപ്പ് ഔട്ട് ആയിട്ടുണ്ട്. അതുപോലെ 2019–20 കാലയളവിൽ 861 ഡ്രോപ്പ് ഔട്ടുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കണക്കുകൾ പ്രശ്നത്തിന്റെ ഗൗരവം വ്യക്തമാക്കുന്നവയാണ് (July 4, 2024 The New Indian Express). വിദ്യാഭ്യാസത്തിൽ നിന്നുള്ള ഈ വിട്ടുപോകൽ വിദ്യാർത്ഥികളുടെ ഭാവിയെ അനിശ്ചിതത്വത്തിലേക്കും തൊഴിലില്ലായ്മയിലേക്കും തള്ളിവിടുന്നതിനൊപ്പം, ആദിവാസി സമൂഹത്തിന്റെ സാമൂഹിക–സാമ്പത്തിക വികസനത്തെയും മുഖ്യധാരയിലേക്കുള്ള കടന്നുവരവിനെയും ഗുരുതരമായി ബാധിക്കുന്ന ഒരു സാമൂഹിക വെല്ലുവിളിയായി മാറുകയും ചെയ്യുന്നു.

Representative Image

കൊഴിഞ്ഞുപോക്കിന്റെ കാരണങ്ങൾ

കേരളത്തിലെ ബഹുഭൂരിപക്ഷം ആദിവാസി കുടുംബങ്ങളുടെയും പ്രധാന വരുമാന മാർഗം കൂലിപ്പണിയാണ്. വനവിഭവശേഖരണത്തെ ആശ്രയിക്കുന്ന വനാശ്രിത ആദിവാസി സമൂഹങ്ങളും കേരളത്തിലുണ്ടെങ്കിലും ആ ഉപജീവനരീതി ഇന്ന് പലതരം പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണ്. കൂലിപ്പണിയിൽ നിന്നും ലഭിക്കുന്ന ചെറിയ വരുമാനം കൊണ്ടാണ് മിക്ക ആദിവാസി കുടുംബങ്ങളും മുന്നോട്ടുപോകുന്നത്. കൂലിപ്പണിയിൽ നിന്നും ലഭിക്കുന്നത് തുച്ഛമായ വരുമാനമായതിനാലും മിക്കവരും നിരക്ഷരരായതുകൊണ്ടും അവരുടെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാൻ രക്ഷിതാക്കൾക്ക് കഴിയാത്ത സാഹചര്യമുണ്ട്.

കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ആദിവാസി ജനതയും ജീവിക്കുന്നത് വനമേഖലയോട് ചേർന്നാണ്. അതുകൊണ്ടുതന്നെ അവരുടെ താമസസ്ഥലങ്ങളിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള ദൂരം വളരെ കൂടുതലാണ്. യാത്രാചെലവ് കൂടുന്നതിന് ഇത് കാരണമായി മാറുന്നു. യാത്രാ സൗകര്യങ്ങൾ കുറവുള്ള സ്ഥലങ്ങളിലാണ് ആദിവാസി ഊരുകളുള്ളത് എന്നതും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. വിദ്യാലയങ്ങളിലേക്ക് കൃത്യ സമയത്ത് എത്താൻ കഴിയാത്തത് കൊഴിഞ്ഞുപോക്കിന് ഒരു പ്രധാന കാരണമായി മാറുന്നു. ആദിവാസി ഊരുകളിലെ കുട്ടികളെ സ്‌കൂളിലെത്തിക്കുന്നതിനായി ആവിഷ്‌കരിച്ച പട്ടികവ‍‍ർ​ഗ വകുപ്പിൻ്റെ ‘ഗോത്രസാരഥി’ പദ്ധതി പല സ്ഥലങ്ങളിലും കൃത്യമായി പ്രവർത്തിക്കുന്നില്ല. വാടക നൽകുന്നത് മുടങ്ങുന്നത് കാരണമാണ് പല വാഹ​നങ്ങളും സ‍ർവീസ് നിർത്തിയത്. തദ്ദേശ സ്ഥാപനങ്ങൾ വഴി പദ്ധതി നടപ്പിലാക്കാനാണ് സർക്കാർ തീരുമാനിച്ചതെങ്കിലും ചില പഞ്ചായത്തുകൾ ഇതിനുവേണ്ട ഫണ്ട് കൃത്യമായി വകയിരുത്താതെ വരുന്നതാണ് വിദ്യാർത്ഥികളുടെ യാത്രാ സൗകര്യം ഇല്ലാതാകാൻ കാരണം.

സാമ്പത്തിക ബുദ്ധിമുട്ട് കാരണം വിദ്യാർഥികൾക്ക് വേണ്ട അത്യാവശ്യ സാധനങ്ങളായ ബുക്ക്, പെൻസിൽ, യൂണിഫോം, ടെക്സ്റ്റ് ബുക്ക് തുടങ്ങിയവ വാങ്ങാൻ സാധിക്കാതെ വരുന്നത് മറ്റൊരു പ്രശ്നമാണ്. ഉന്നത പഠനം നടത്തുന്ന (ഡിഗ്രി, മാസ്റ്റേഴ്സ്, ​ഗവേഷണം, പ്രൊഫെഷണൽ കോഴ്സുകൾ തുടങ്ങിയവ) വിദ്യാർത്ഥികൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി അതിലും വലുതാണ്. സർക്കാരിൽ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കാതെ വരുന്നത് മൂലം പഠന-ഹോസ്റ്റൽ ഫീസുകൾ സമയോചിതമായി അടക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്. പ്രൈവറ്റ് ഹോസ്റ്റലുകളിൽ നിന്ന് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നേരിടേണ്ടി വരുന്നത് കടുത്ത മാനസിക പ്രശ്നങ്ങളാണ്. ഫീസ് വൈകി അടയ്ക്കുന്നത് കാരണം ഉടമസ്ഥർ അവരോട് മോശമായ രീതിയിൽ പെരുമാറുന്ന സംഭവങ്ങൾ പലയിടത്തുമുണ്ടായിട്ടുണ്ട്. അതുപോലെതന്നെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എക്സാം ഫീസ് അടയ്ക്കാൻ കഴിയാത്ത കാരണം പരീക്ഷ എഴുതാനുള്ള അവസരം പോലും നഷ്ടമാകുന്ന സ്ഥിതിയുണ്ട്. ഇത്തരം സമ്മ‍ർദ്ദങ്ങൾ വിദ്യാർത്ഥികളെ ഡ്രോപ്പ് ഔട്ടിലേക്ക് നയിക്കുന്നു.

ട്രൈബൽ എൽ.പി സ്കൂൾ, മുണ്ടേരി.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രശ്നങ്ങൾ

ഭാഷാ തടസ്സം വിദ്യാഭ്യാസ രം​ഗത്തേക്ക് കടന്നുവരുന്ന ആദിവാസി വിദ്യാർത്ഥികൾ നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ്. ആദിവാസികൾ ഊരുകളിൽ സംസാരിക്കുന്ന അവരുടെ മാതൃഭാഷയല്ല വിദ്യാലയങ്ങളിലേക്ക് കടന്നുചെല്ലുമ്പോഴുള്ള പഠനഭാഷ എന്നത് പഠനപ്രക്രിയയിൽ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. പുതിയ ഭാഷ പഠിച്ചെടുക്കാനുള്ള ബുദ്ധിമുട്ട് കാരണം ആദിവാസി ഇതര വിദ്യാർത്ഥികളുമായി ഇടപഴകാൻ പോലും ഗോത്ര വിദ്യാർഥികൾ പ്രയാസപ്പെടുന്നു. ഇത് പരിഹരിക്കുന്നതിനായി പട്ടികവർ​ഗ വകുപ്പ് ആരംഭിച്ച ‘ഗോത്രബന്ധു’ പദ്ധതി കേരളത്തിലെ പല വിദ്യാലയങ്ങളിലും നടപ്പിലാക്കിയിട്ടില്ല. കോളനികളിലെത്തി മാതാപിതാക്കളുമായി ഗോത്രഭാഷയിൽ ആശയവിനിമയം നടത്തുക, കൂട്ടികളെ സ്കൂളിലെത്തിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ച് ബോധവത്കരിക്കുക, സ്കൂളിലെത്തുന്ന പ്രൈമറി തലത്തുള്ള കുട്ടികളെ അവരുടെ ഭാഷയിൽ തന്നെ പഠിപ്പിക്കുക എന്നിവയാണ് ഗോത്രബന്ധു പദ്ധതിയിലൂടെ നിയമിക്കുന്ന മെൻറർ ടീച്ചർമാരുടെ ചുമതല. മെന്റർ ടീച്ചർമാരായി നിയമിക്കപ്പെട്ടവരെല്ലാം ആദിവാസി വിഭാഗങ്ങളിൽ നിന്നും അധ്യാപക പരിശീലനം നേടിയവരായിരുന്നു. ആദ്യഘട്ടത്തിൽ ഈ പദ്ധതി നന്നായി നടന്നെങ്കിലും പിന്നീട് വേണ്ടത്ര മുന്നോട്ടുപോയില്ല.

വിദ്യാലയങ്ങളിലെ സാംസ്കാരിക പൊരുത്തക്കേട് എന്നത് മറ്റൊരു പ്രശ്നമാണ്. പുതിയൊരു സംസ്കാരത്തെ സ്വീകരിക്കുക എന്ന് ആദിവാസി വിദ്യാർത്ഥികൾക്ക് ഏറെ പ്രയാസമുള്ള കാര്യമാണ്. പാഠ്യ പദ്ധതികളിൽ ആദിവാസി സംസ്കാരത്തിന്റേതായ കാര്യങ്ങളൊന്നും ഉൾക്കൊള്ളിക്കാത്തതിനാൽ ​ഗോത്ര വിദ്യാർത്ഥികൾക്ക് പഠനം വിരസമായി തോന്നുന്ന സ്ഥിതിയുണ്ട്. പല വിദ്യാർത്ഥികളും വിദ്യാലയങ്ങളിൽ പോകാതെ വീടുകളിൽ തന്നെ ഒതുങ്ങിക്കൂടാൻ ഇത് കാരണമാകുന്നു.

ആദിവാസികളുടെ പശ്ചാത്തലവും ആവശ്യങ്ങളും മനസ്സിലാക്കി പഠിപ്പിക്കാനുള്ള പരിശീലനം ​ഗോത്രമേഖലകളിലെ വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്ന പല അധ്യാപകർക്കും ലഭിക്കാറില്ല. വിദ്യാലയങ്ങളിലൂടെ പുതിയൊരു സംസ്കാരത്തിലേക്ക് എത്തുന്ന ഒരു ആദിവാസി വിദ്യാർത്ഥിയെ ഏത് രീതിയിലാണ് കൈകാര്യം ചെയ്യേണ്ടത് എന്ന് മിക്ക ആദിവാസി ഇതര അധ്യാപകർക്കും അറിയില്ല.

മലയാള ഭാഷയുടെ അടിസ്ഥാനമില്ലാതെ വരുന്ന ​ഗോത്ര വിദ്യാർത്ഥികൾക്ക് നേരിട്ട് പുസ്തകം നൽകി വായിക്കാൻ പറയുന്ന ഒരു സാഹചര്യമാണ് ഇന്ന് വിദ്യാലയങ്ങളിൽ നിലനിൽക്കുന്നത്. ഭാഷാ പഠനത്തിനായി ബ്രിഡ്ജ് ക്ലാസുകൾ, റെമീഡിയൽ ക്ലാസുകൾ തുടങ്ങിയവ ഇല്ല എന്നത് ​ഗോത്ര വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കുന്നു.

ആദിവാസി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന വിദ്യാഭ്യാസ അവകാശ സമരം. കടപ്പാട്:thenewsminute

മാനസിക പ്രശ്നങ്ങൾ

ഭാഷാപരമായ ബുദ്ധിമുട്ടുകളും സാംസ്കാരിക വ്യത്യാസങ്ങളും സൃഷ്ടിക്കുന്ന തടസ്സങ്ങൾ ആശയവിനിമയം കൃത്യമായി നടത്താൻ കഴിയാത്ത സാഹചര്യമുണ്ടാക്കുന്നു. ഇത് ഭയം, ലജ്ജ, ആത്മവിശ്വാസക്കുറവ് എന്നിവയ്ക്ക് വഴിയൊരുക്കുന്നു. മറ്റ് കുട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ ‘നമ്മൾ പിന്നിലാണ്’ എന്ന ചിന്തയും ഇത് കാരണം ​ഗോത്ര വിദ്യാർത്ഥികൾക്കിടയിൽ വ്യാപകമാണ്. വസ്ത്രധാരണം, ഭാഷ, പഠന നിലവാരം എന്നിവയെ ചൊല്ലിയിട്ടുള്ള പരിഹാസം മാനസികമായി ഏറെ മുറിവുകൾ സൃഷ്ടിക്കുന്നു. സാംസ്കാരിക വ്യത്യാസം സൃഷ്ടിക്കുന്ന ഏകാന്തത ​ഗോത്ര വിദ്യാർത്ഥികളെ വിഷാദത്തിലേക്ക് നയിക്കാറുണ്ട്. ഇതെല്ലാം ഡ്രോപ്പ് ഔട്ടിലേക്കാണ് അവരെ എത്തിക്കുന്നത്.

ഊരുകളിലെ ജീവിതസാഹചര്യം

ആദിവാസി ഊരുകളിൽ ഇന്നും നിലനിൽക്കുന്ന ദാരിദ്ര്യം, പലപ്പോഴും ചെറുപ്പത്തിൽ തന്നെ കുടുംബ ബാധ്യതകൾ ഏറ്റെടുക്കാൻ കുട്ടികളെ നിർബന്ധിക്കുന്നു. ചെറുപ്പത്തിൽ തന്നെ വീട്ടുപണികൾ ചെയ്യുക, സഹോദരങ്ങളെ നോക്കുക, വനവിഭവ ശേഖരണം നടത്തുക, കൃഷി പണിയിൽ ഏർപ്പെടുക എന്നിവ ചെയ്യേണ്ടിവരുന്ന ആദിവാസി കുട്ടികളുടെ എണ്ണം ഇപ്പോഴും വളരെ കൂടുതലാണ്. ഊരുകളിലെ വീടുകൾ (പരമ്പരാ​ഗതവും സർക്കാർ നി‍ർമ്മിക്കുന്നതും) ചെറുതും സൗകര്യ കുറവും ഉള്ളതാണ് എന്നതും പഠനത്തിന് അനുയോജ്യമായ അന്തരീക്ഷത്തിന് തടസ്സാമായി മാറുന്നു. കുട്ടികൾക്ക് ശാന്തമായി പഠിക്കാൻ കഴിയുന്ന സാഹചര്യം ഊരുകളിൽ കുറവാണ്.

മിക്ക ഗോത്ര കുടുംബങ്ങളിലും മാതാപിതാക്കൾക്ക് ഔപചാരിക വിദ്യാഭ്യാസം കുറവായതിനാൽ കുട്ടികളുടെ പഠനത്തിൽ സഹായിക്കാനോ മാർഗ്ഗനിർദേശം നൽകാനോ അവർക്ക് കഴിയാറില്ല. വിദ്യാഭ്യാസത്തെ കുറിച്ചുള്ള ബോധവൽക്കരണത്തിന്റെ കുറവ് കാരണം ചില കുടുംബങ്ങൾ വിദ്യാഭ്യാസത്തിന്റെ ദീർഘകാല പ്രയോജനങ്ങൾ തിരിച്ചറിയുന്നില്ല. ഇത് കുട്ടികളെ സ്കൂളുകളിലേക്ക് അയക്കുന്നതിൽ ശ്രദ്ധ കുറയാൻ കാരണമാകുന്നു. പല ഊരുകളിലും മദ്യപാനം പോലയുള്ള സാമൂഹ്യ പ്രശ്നങ്ങൾ കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുണ്ട്. ഇതും പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ തടസ്സമായിത്തീരുന്നു.

Representative Image

ഇരുളടയുന്ന ഭാവി

വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിക്കുന്ന ​ഗോത്ര വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചുവരുന്നത് വലിയ സാമൂഹിക സാമ്പത്തിക പ്രത്യാഘാതമാണ് സൃഷ്ടിക്കുന്നത്. ​ഗോത്ര മേഖലയിൽ നിന്നും ഉന്നത വിദ്യാഭ്യാസത്തിലേക്ക് വിദ്യാർത്ഥികൾ എത്തുന്നത് കുറയുന്നതോടെ പല തൊഴിൽ മേഖലകളിലും നിന്നും അവർ പുറത്താക്കപ്പെടുന്നു. വേതനം കുറഞ്ഞതും മെച്ചപ്പെട്ട ജീവിതസാഹചര്യം ഉറപ്പാക്കാത്തതുമായ തൊഴിലുകളിൽ ഏർപ്പെടേണ്ട നിർബന്ധിത സാഹചര്യം ഇത് സൃഷ്ടിക്കുന്നു. ആദിവാസി സമൂഹത്തിന്റെ സാമ്പത്തികമായ പുരോ​ഗതിക്ക് ഇത് തടസ്സമായി മാറുന്നു. ​ദാരിദ്ര്യം മാറാതെ നിൽക്കുന്നത് പലതരത്തിലുമുള്ള ചൂഷണങ്ങൾ ഭാവിയിലും തുടരാൻ കാരണമായിത്തീരും.

വി​ദ്യാഭ്യാസത്തിന്റെ കുറവ് കാരണമുണ്ടായേക്കാവുന്ന നിയമപരമായ അജ്ഞതയും അവകാശങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും തൊഴിൽ മേഖലയിൽ അടക്കം ചൂഷണത്തിനും പീഡനത്തിനും കാരണായിത്തീരും. വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരുന്ന വിദ്യാർത്ഥികൾ ബാലവേലകളിലേക്കും പ്രായപൂർത്തിയാകുന്നതിന് മുമ്പുള്ള വിവാഹത്തിലേക്കും പോകുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും. വിദ്യാഭ്യാസ കുറവ് ആദിവാസി സമൂഹത്തിന്റെ ചരിത്രവും സംസ്കാരവും സംരക്ഷിക്കുന്നതിന് തടസ്സമായി മാറും. ഭരണസ്ഥാപനങ്ങളിൽ പ്രാതിനിധ്യം ലഭിക്കാതെ പോകുന്നതിനും വിദ്യാഭ്യാസ കുറവ് വഴിവെച്ചേക്കാം. ചുരുക്കത്തിൽ, വിദ്യാർത്ഥികൾക്ക് പഠനം ഉപേക്ഷിക്കേണ്ടി വരുന്നതിലൂടെ സമുദായിക പിന്നോക്കാവസ്ഥയിലേക്ക് ആദിവാസി ജനത കൂടുതലായി തള്ളിമാറ്റപ്പെടുകയാണ്.

നിലവിലെ ശ്രമങ്ങളും വെല്ലുവിളികളും

ആദിവാസി വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് കുറയ്ക്കാനായി സ‍ർക്കാ‍ർ നടത്തുന്ന ശ്രമങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്കിനുള്ള കാരണങ്ങൾ പട്ടികവർഗ വകുപ്പ് വിലയിരുത്തി, കൊഴിഞ്ഞുപോക്ക് കുറയ്ക്കുന്നതിനും പഠനത്തിന് പ്രോത്സാഹനം നൽകുന്നതിനുമായി വിവിധ പദ്ധതികൾ കേരളത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്. ​ഗോത്രബന്ധു, ​ഗോത്രസാരഥി പദ്ധതികളെക്കുറിച്ച് മുകളിൽ സൂചിപ്പിച്ചിരുന്നല്ലോ. മറ്റൊരു പ്രധാന പദ്ധതിയാണ് സാമൂഹ്യ പഠനമുറി. കുട്ടികളെ വാസസ്ഥാനങ്ങളിലെ ഒരു പഠനമുറിയിൽ കൊണ്ടുവന്ന് പിന്തുണയും സഹായവും നൽകി വിദ്യാഭ്യാസ നിലവാരം വർധിപ്പിക്കാനുള്ള പദ്ധതിയാണിത്. ഈ പദ്ധതിയുടെ ഭാഗമായി, ഓരോ പ്രദേശത്ത് നിന്നും വിദ്യാഭ്യാസമുള്ള ​ഗോത്ര യുവതയെ ട്യൂട്ടറായി തിരഞ്ഞെടുക്കുകയും അവർക്ക് ഹോണറേറിയം നൽകുകയും ചെയ്യുന്നു. പഠനമുറികളിൽ കമ്പ്യൂട്ടർ, ഇന്റർനെറ്റ് സൗകര്യം, ഫർണിച്ചർ, വായനാ സാധനങ്ങൾ എന്നിവ ഒരുക്കുന്നതിനോടൊപ്പം വിദ്യാർത്ഥികൾക്ക് ലഘുഭക്ഷണവും നൽകും. പദ്ധതിയുടെ ലക്ഷ്യം വളരെ നല്ലതാണെങ്കിലും, നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന കാലതാമസവും സൗകര്യപ്രദമായ മുറികൾ ലഭിക്കാത്തതും തിരിച്ചടിയായി മാറുന്നുണ്ട്.

ഹൈസ്കൂൾ, പ്ലസ് വൺ, പ്ലസ് ടു തലങ്ങളിലെ പട്ടികവർഗ വിദ്യാർത്ഥികളുടെ വിജയശതമാനം വർധിപ്പിക്കുന്നതിനായി ‘ട്യൂട്ടോറിയൽ പദ്ധതി’ സർക്കാർ നടപ്പിലാക്കുന്നുണ്ട്. പ്രത്യേക കോച്ചിംഗ് നൽകുന്നതിനായി ട്യൂഷൻ ഫീസ് നേരിട്ട് മാതാപിതാക്കളുടെ അക്കൗണ്ടിലേക്ക് കൈമാറും. ഹൈസ്കൂൾ, പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്ക് ട്യൂഷൻ, പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ പരാജയപ്പെട്ടവർക്ക് പുനർപരീക്ഷയ്ക്കുള്ള സഹായം,പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകൾക്ക് മുമ്പ് ജില്ലാതലത്തിൽ ഒരു മാസത്തെ ക്രാഷ് പ്രോഗ്രാം എന്നിവ ഈ പദ്ധതിയുടെ പ്രധാന ഘടകങ്ങളാണ്.

രക്ഷിതാക്കളില്ലാത്ത പട്ടികവർഗ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസവും ജീവിതവും സുരക്ഷിതമാക്കുന്നതിനായി പ്രത്യേക ധനസഹായം നൽകുന്ന ഉപപദ്ധതിയും പട്ടികവർഗ വകുപ്പ് നടപ്പിലാക്കുന്നുണ്ട്. സർക്കാർ ഉത്തരവ് പ്രകാരം പ്രായപൂർത്തിയാകുന്നതുവരെ അല്ലെങ്കിൽ വരുമാനമാർഗം ലഭിക്കുന്നതുവരെ സഹായം നൽകും.

ഇത്തരത്തിൽ പല പദ്ധതികൾ നടപ്പിലാക്കി കൊഴിഞ്ഞുപോക്ക് തടയാൻ സർക്കാർ തലത്തിൽ ശ്രമങ്ങളുണ്ടായിട്ടും വിദ്യാഭ്യാസം ഉപേക്ഷിക്കുന്ന ആദിവാസി കുട്ടികളുടെ എണ്ണം ഓരോ വർഷവും കൂടിവരുന്നു എന്നത് സവിശേഷ ശ്രദ്ധ ആവശ്യപ്പെടുന്ന കാര്യമാണ്. 2016-17ൽ പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ പഠനത്തിന്റെ റിപ്പോർട്ടിൽ കൊഴിഞ്ഞുപോക്ക് തടയുന്നതിനുള്ള മാർഗങ്ങൾ സർക്കാർ സ്വീകരിച്ചെങ്കിലും അവയൊന്നും ഫലപ്രാപ്തിയിൽ എത്തിയില്ല എന്ന് പറയുന്നു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തന്നെ 2024ൽ നിയമസഭയിൽ അറിയിച്ചതാണ് ഇക്കാര്യം. ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്തം പൂർണ്ണമായും പട്ടികവർഗ വകുപ്പിൽ മാത്രമായി ചുരുക്കുന്നത് കൃത്യമായ പരിഹാരമല്ല എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. തീർച്ചയായും പൊതുവിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതായുണ്ട്. സ്കൂളുകൾ, പാഠ്യപദ്ധതി, പഠനരീതി, അധ്യാപക നിയമനം, മൂല്യനിർണ്ണയ സംവിധാനം തുടങ്ങിയ വിദ്യാഭ്യാസവുമായ ബന്ധപ്പെട്ട നിർണായക മേഖലകളെല്ലാം കൈകാര്യം ചെയ്യുന്ന പൊതു വിദ്യാഭ്യാസ വകുപ്പിന് കൊഴിഞ്ഞുപോക്ക് തടയുന്നതിൽ വലിയ ഉത്തരവാദിത്തമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ നിലവിലെ ഇടപെടൽ തീർത്തും അപര്യാപ്തമാണ്. ആദിവാസി കുട്ടികളുടെ സാമൂഹിക–സാംസ്കാരിക പശ്ചാത്തലത്തോട് പൊരുത്തപ്പെടുന്ന പാഠ്യപദ്ധതിയും പഠനരീതികളും വികസിപ്പിക്കാതെ കൊഴിഞ്ഞുപോക്ക് തടയാൻ കഴിയില്ല. അതിനാൽ, പട്ടികവർഗ വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും ഒരുപോലെ ഉത്തരവാദിത്തം പങ്കിടുകയും പങ്കാളിത്തത്തോടെ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യേണ്ടതുണ്ട്. പഠന സൗകര്യങ്ങൾ നൽകിയാൽ മാത്രം മതിയാകില്ല, ഘടനാപരമായ മാറ്റങ്ങൾ ആവശ്യമായ മേഖലയിൽ ഉണ്ടായാൽ മാത്രമേ കേരളത്തിൽ ആദിവാസി വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് കുറയ്ക്കാൻ കഴിയൂ.

Also Read