Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിനായി എണ്ണായിരത്തിലധികം മരങ്ങളാണ് വെട്ടിമാറ്റിയത്. ഇതിന് പകരമായി പാരിസ്ഥിതിക സന്തുലനം നിലനിർത്താനും ആഗോളതാപനത്തെ ചെറുക്കാനുമായി നാൽപ്പതിനായിരത്തിലേറെ വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കാൻ പദ്ധതിയിട്ടിരുന്നു. ഇതിനായി അദാനി ഗ്രൂപ്പ് അനുവദിച്ച മൂന്നരക്കോടി രൂപയിൽ 2.61 കോടി രൂപ വനം വകുപ്പിന്റെ സോഷ്യൽ ഫോറസ്റ്ററി വിഭാഗത്തിന് കൈമാറി. എന്നാൽ ഈ തുകയിൽ ഒന്നരക്കോടിയോളം രൂപ ചെലവഴിച്ചിട്ടും നട്ട വൃക്ഷത്തൈകളൊന്നും മരങ്ങളായി വളർന്നില്ലെന്നാണ് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ അന്വേഷണ റിപ്പോർട്ട്.
മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതിനായി വനംവകുപ്പ് തിരഞ്ഞെടുത്ത സ്ഥലങ്ങളുടെ അശാസ്ത്രീയതയും പരിപാലനമില്ലായ്മയുമാണ് പദ്ധതി പൂർണ്ണമായും പരാജയപ്പെടാൻ കാരണമായത്. കാര്യവട്ടം ക്യാമ്പസിൽ 10.31 ഹെക്ടറിൽ (ഏകദേശം 25 ഏക്കർ) തൈകൾ നടാനായി 38 ലക്ഷം രൂപ ചെലവഴിച്ചു. എന്നാൽ ഇവിടുണ്ടായിരുന്ന അക്കേഷ്യ മരങ്ങൾ നീക്കം ചെയ്യാതെ അതിനിടയിൽ തൈകൾ നട്ടതിനാൽ അവയൊന്നും വളർന്നില്ല. അദാനിയുടെ വനവൽക്കരണം വനം വകുപ്പ് കടലാസിലൊതുക്കി.


കഴക്കൂട്ടം സൈനിക സ്‌കൂളിൽ 10 ഹെക്ടർ സ്ഥലത്ത് തൈകൾ വെച്ചുപിടിപ്പിക്കാൻ 71 ലക്ഷം രൂപ ചെലവഴിച്ചു. ഇവിടെയും പഴയ അക്കേഷ്യ മരങ്ങൾ മാറ്റാതെയും കൃത്യമായ പരിപാലനം നൽകാതെയും തൈകൾ നട്ടതിനാൽ വൻതോതിൽ അക്കേഷ്യ വളരുകയും പുതിയ തൈകൾ നശിച്ചുപോവുകയും ചെയ്തു. മുട്ടത്തറ മാലിന്യ പ്ലാന്റിലെ അഞ്ച് ഹെക്ടർ സ്ഥലത്ത് വൃക്ഷതൈകൾ നടാൻ 23 ലക്ഷം രൂപ ചെലവഴിച്ചു. ഇവിടെ തൈകൾക്ക് വളർച്ചയുണ്ടായെങ്കിലും പിന്നീട് ഒരു വലിയ ഭാഗത്തെ തൈകൾ നീക്കം ചെയ്തു.
പാലോട് ഭരതന്നൂർ പ്ലാന്റേഷനിലെ 10 ഹെക്ടർ ഭൂമിയിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാനായിരുന്നു കരാർ. ചെലവഴിച്ചതാകട്ടെ 17 ലക്ഷം രൂപയും. തൈകൾ ഭരതന്നൂരിൽ നട്ടുവെങ്കിലും പിന്നീട് തിരിഞ്ഞുനോക്കാൻ ആളില്ലാതായി. ഇതുകൂടാതെ, അഞ്ച് ലക്ഷത്തോളം രൂപ വകമാറ്റി ചെലവഴിക്കുകയും ചെയ്തു. ചുരുക്കത്തിൽ, ഒന്നരക്കോടിയിലധികം രൂപ വെള്ളം പോലെ ഒഴുക്കിയിട്ടും ഒരു തൈ പോലും വളർന്ന് മരമായില്ല. ആഗോളതാപനം കേരളത്തെ ചുട്ടുപൊള്ളിക്കുമ്പോഴാണ് വനവൽക്കരണമെന്ന പേരിൽ ഈ പകൽക്കൊള്ള നടന്നത്. പദ്ധതിക്കായി ലഭിച്ച വൻ തുക കൃത്യമായി ഉപയോഗിക്കാതെയും മുൻപ് നട്ട അക്കേഷ്യകൾക്കിടയിൽ തൈകൾ വെച്ചുപിടിപ്പിച്ച് കബളിപ്പിച്ചും വനംവകുപ്പിന്റെ സോഷ്യൽ ഫോറസ്റ്ററി വിഭാഗം വലിയ തട്ടിപ്പാണ് നടത്തിയതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
നാലു സ്ഥലങ്ങളിലായി 35 ഹെക്ടറോളം (86 ഏക്കർ) ഭൂമിയിൽ നട്ട തൈകളുടെ കാര്യത്തിൽ അവ്യക്തത തുടരുകയാണ്. കാര്യവട്ടം ക്യാമ്പസിലെ അക്കേഷ്യക്കാടുകൾക്കിടയിലാണ് തൈകൾ നട്ടതെന്നതിനാൽ, അത് പരിശോധിക്കാൻ പോലും സാധിക്കാത്ത സ്ഥിതിയാണ്. മരങ്ങൾ നടുന്നതിന് മാത്രമല്ല, അവ വളർത്തി പരിപാലിക്കുന്നതിനും കൂടിയാണ് ഇവർ കോടികൾ കൈപ്പറ്റിയത്. എന്നാൽ, പദ്ധതിയുടെ പ്രധാന ലക്ഷ്യമായ പരിപാലനത്തിൽ സാമൂഹിക വനവൽക്കരണ വിഭാഗം ഗുരുതരമായ വീഴ്ച വരുത്തി.
കണക്കുകൾ പരിശോധിച്ചാൽ ക്രമക്കേടിന്റെ വ്യാപ്തി വ്യക്തമാകും. എന്നാൽ, പരിശോധനയ്ക്ക് ആവശ്യമായ രജിസ്റ്ററുകളോ വിവരങ്ങളോ വനംവകുപ്പ് ഓഫീസിൽ ലഭ്യമല്ല. എവിടെയൊക്കെ എത്ര തൈകൾ നട്ടു എന്നതിന് ഒരു രേഖയുമില്ല. ഈ തട്ടിപ്പ് ഒരിക്കലും പുറത്തുവരില്ലെന്ന ഉറപ്പിലായിരുന്നു ഉദ്യോഗസ്ഥരുടെ നീക്കങ്ങൾ. എന്നെങ്കിലും ആരോടെങ്കിലും മരങ്ങളെക്കുറിച്ച് മറുപടി പറയേണ്ടി വരുമെന്ന് അവർ കരുതിയതുമില്ല. അദാനിയുടെ പണം വെള്ളം പോലെ ഒഴുക്കിയതല്ലാതെ മരത്തൈകൾ മാത്രം വളർന്നില്ല. ഇതോടൊപ്പം, 2023-24 സാമ്പത്തിക വർഷത്തിൽ കമ്പ്യൂട്ടറുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ വാങ്ങുന്നതിനായി ഇതിൽനിന്നും വൻതുക വകമാറ്റി ചെലവഴിച്ചതായും പരിശോധനയിൽ കണ്ടെത്തി.
രജിസ്റ്റർ പ്രകാരം, മരങ്ങൾ വെച്ചുപിടിപ്പിച്ച തൊഴിലാളികളുടെ എണ്ണവും, ഇവരെ മറ്റേതെങ്കിലും പദ്ധതികളിൽ ഉൾപ്പെടുത്തി പണി എടുപ്പിച്ചിട്ടുണ്ടോ എന്ന വിവരവും ഉറപ്പുവരുത്താൻ രജിസ്റ്ററിൽ നിന്ന് സാധിക്കുന്നില്ല. വിവിധ ശീർഷകങ്ങളിലെ വരവുചെലവു കണക്കുകൾ തമ്മിൽ പൊരുത്തപ്പെടുന്നില്ല. അനാവശ്യമായി ബജറ്റ് തുക വർദ്ധിപ്പിക്കുന്നതിനും സർക്കാരിന്റെ അനുമതിയില്ലാതെ തുക വകമാറ്റി ചെലവഴിക്കുന്നതിനും ഇത് കാരണമായി. ഇത് സാമ്പത്തിക നിയന്ത്രണ ചട്ടങ്ങളുടെ ഗുരുതരമായ ലംഘനമാണ്.


റിപ്പോർട്ടിലെ ശിപാർശകൾ
അദാനി വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് പ്രൊജക്ട് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നും പരിഹാര വനവൽക്കരണത്തിനായി (Compensatory Afforestation) ലഭ്യമാക്കിയ തുക വകമാറ്റി ഓഫീസ് ഉപകരണങ്ങൾ വാങ്ങിയതിൽ ബന്ധപ്പെട്ടവരിൽ നിന്നും വിശദീകരണം തേടണമെന്നാണ് റിപ്പോർട്ടിലെ ആദ്യ ശിപാർശ.
അദാനിയുടെ ഫണ്ട് ലഭിച്ചപ്പോൾ ആ തുക നിക്ഷേപിക്കുന്നതിനായി തിരുവനന്തപുരം ഡിവിഷനിൽ പ്രത്യേക ട്രഷറി അക്കൗണ്ട് ആരംഭിച്ചിട്ടില്ല. പകരം, നേരത്തെ ഉപയോഗത്തിലിരുന്ന ട്രഷറി അക്കൗണ്ടിലേക്കാണ് ഈ തുകയും നിക്ഷേപിച്ചത്. പ്രതിദിന, പ്രതിമാസ ക്യാഷ് ബാലൻസുകൾ ക്യാഷ് ബുക്കിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുമില്ല. മറ്റൊരു പദ്ധതിയുടെ നീക്കിയിരിപ്പ് തുക അദാനി പദ്ധതിയുടെ ഫണ്ടിൽ നിന്നും തിരികെ ബന്ധപ്പെട്ട ബജറ്റ് ശീർഷകത്തിലേക്ക് നിക്ഷേപിക്കണം. ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽ നിന്നും ഭരണവകുപ്പ് വിശദീകരണം തേടണം.
കഴക്കൂട്ടം സൈനിക് സ്‌കൂൾ, കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാമ്പസ്, മുട്ടത്തറ സീവേജ് ഫാം എന്നിവിടങ്ങളിൽ അദാനി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ പരിഹാര വനവൽക്കരണ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തിയിൽ എത്തിയിട്ടുണ്ടോ എന്ന് ഭരണവകുപ്പ് പരിശോധിക്കണം. ആവശ്യമെങ്കിൽ ഉചിതമായ പരിഹാരമാർഗ്ഗങ്ങൾ നടപ്പിലാക്കുന്നതിനുള്ള നിർദ്ദേശം സാമൂഹിക വനവൽക്കരണ വിഭാഗത്തിന് നൽകണമെന്നാണ് ശിപാർശ.
വനേതര മേഖലകളിലെ വനവൽക്കരണ പ്രവർത്തനങ്ങൾക്കായി അദാനി ഫണ്ടിൽ നിന്നും അനുവദിച്ച തുക വകമാറ്റി ചെലവഴിച്ചതിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും വിശദീകരണം ആരായണം. വകമാറ്റിയ തുക സർക്കാരിന്റെ മുൻകൂർ അനുമതിയോടെ, ബന്ധപ്പെട്ട ബജറ്റ് ശീർഷകത്തിൽ നിന്നും അദാനി ഫണ്ടിലേക്ക് തിരികെ (Recoup) അടക്കണം. ഇതോടൊപ്പം ചട്ടവിരുദ്ധമായി തുക വിനിയോഗിച്ച ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
വൃക്ഷത്തൈകൾ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്നതിനായി വാങ്ങിയ ട്രോളി കാലപ്പഴക്കം ചെന്ന് ഉപയോഗശൂന്യമായ നിലയിൽ ഓഫീസ് പരിസരത്ത് തുരുമ്പെടുത്ത് കിടക്കുന്നതായും പരിശോധനയിൽ കണ്ടെത്തി. സോഷ്യൽ ഫോറസ്റ്ററിയുടെ ഉടമസ്ഥതയിലുള്ള, ഉപയോഗശൂന്യമായ പഴക്കം ചെന്ന ട്രോളി യോഗ്യതയുള്ള എഞ്ചിനീയറുടെ സാക്ഷ്യപത്രത്തോടെ കണ്ടം ചെയ്യുന്നതിനുള്ള (Condemn) നടപടികൾ സ്വീകരിക്കണം. ഇതുമായി ബന്ധപ്പെട്ട ഫയലുകളും രജിസ്റ്ററുകളും ഓഫീസിൽ സൂക്ഷിക്കാനുള്ള നിർദ്ദേശം ഭരണവകുപ്പ് അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിന് നൽകണം. സോഷ്യൽ ഫോറസ്റ്ററി ഡിവിഷണൽ ഓഫീസിലെ വാഹനത്തിന്റെ ലോഗ് ബുക്ക് പരിശോധിച്ചതിൽ, യാത്ര ചെയ്ത ഉദ്യോഗസ്ഥന്റെ പേര്, സന്ദർശിച്ച സ്ഥലം, ഒപ്പ് എന്നിവ പലയിടത്തും രേഖപ്പെടുത്തിയിട്ടില്ലെന്ന് കണ്ടെത്തി. കൂടാതെ, വാഹനത്തിന്റെ മൈലേജ് ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റ് വാങ്ങി സൂക്ഷിക്കാത്തതിനും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം.


ഫോറസ്റ്റ് കൺസർവേഷൻ ഡിവിഷന്റ കീഴിലുള്ള പൂജപ്പുര ജില്ലാ നഴ്‌സറി പ്രവർത്തനരഹിതമായിരുന്നിട്ടും, അതിന്റെ അറ്റകുറ്റപ്പണികൾക്കായി വൻതുക ചെലവഴിച്ച സാഹചര്യം ഭരണവകുപ്പ് പരിശോധിക്കണം. ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽനിന്ന് വിശദീകരണം തേടണം. നിർമ്മാണവുമായി ബന്ധപ്പെട്ട പ്രധാന ഫയൽ നഷ്ടപ്പെട്ട സംഭവത്തിൽ, ഫയൽ സൂക്ഷിക്കാൻ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കണം.
നഴ്‌സറി എത്രയും വേഗം പ്രവർത്തനക്ഷമമാക്കാനും, തൈകളുടെ ഉൽപ്പാദനവും പരിപാലനവും തടസ്സമില്ലാതെ നടക്കുന്നതിനായി ആവശ്യത്തിന് ജലലഭ്യത ഉറപ്പാക്കാനുമുള്ള നടപടികൾ അടിയന്തരമായി കൈക്കൊള്ളണം. ആവശ്യമായ ക്രമീകരണങ്ങൾ വരുത്താത്ത പക്ഷം, ഇതിനായി സർക്കാർ ചെലവഴിച്ച തുക നഷ്ടമായി കണക്കാക്കി ഉത്തരവാദികളായ വകുപ്പുതല ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കണം. നഷ്ടപ്പെട്ട പ്രധാന ഫയലിനെക്കുറിച്ച് അന്വേഷണം നടത്തുന്നതിന് വകുപ്പുമേധാവിയെ ചുമതലപ്പെടുത്തേണ്ടതും, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ കണ്ടെത്തി ചട്ടപ്രകാരമുള്ള തുടർനടപടി സ്വീകരിക്കണം.
നട്ടുപിടിപ്പിച്ച മുഴുവൻ മരങ്ങളും തൈകളും ജിയോ-ടാഗ് (Geo-tag) ചെയ്യണം. കണക്കിൽപ്പെട്ട തൈകളിൽ അനുവദനീയമായ അളവിൽ കൂടുതൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ, അവ നശിച്ചുപോയ സ്ഥലങ്ങളിൽ പുതിയ തൈകൾ വച്ചുപിടിപ്പിക്കണം. തൈകൾ നടുന്നത്, വളപ്രയോഗം, മറ്റ് പരിപാലന പ്രവർത്തനങ്ങൾ എന്നിവ വീഡിയോയിൽ ചിത്രീകരിച്ച് സൂക്ഷിക്കുന്നതിനുള്ള നിർദേശം ഭരണവകുപ്പ് സോഷ്യൽ ഫോറസ്റ്ററി വിഭാഗത്തിന് നൽകേണ്ടതാണ്.
സാമൂഹിക വനവൽക്കരണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ അവ കൃത്യമായി വീഡിയോ ഡോക്യുമെന്റ് ചെയ്യണം. വനവൽക്കരണത്തിന് മുൻപും പിൻപുമുള്ള മാറ്റങ്ങൾ ഉപഗ്രഹചിത്രങ്ങളുടെ (Satellite imagery) സഹായത്തോടെ വിലയിരുത്തി, നടുന്ന തൈകളുടെ എണ്ണം കൃത്യമായി ഉറപ്പുവരുത്തുന്നതിനായി ഓരോ തൈയും ജിയോ-ടാഗ് ചെയ്യാനുള്ള സംവിധാനം ഭരണവകുപ്പ് നടപ്പിലാക്കണമെന്നും റിപ്പോർട്ട് ശിപാർശ ചെയ്യുന്നു.

