Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


ഇന്ത്യയിലെ ഇടതുപക്ഷം വലിയ തിരിച്ചടികൾ നേരിടുന്ന കാലമാണിത്. തെരഞ്ഞെടുപ്പ് തിരിച്ചടികളാണ് പ്രധാനമായും ഇടതുപക്ഷം അഭിമുഖീകരിക്കുന്നത്. ബംഗാളിൽ നിന്നാണ് അത് തുടങ്ങുന്നത്. പിന്നെ ത്രിപുരയിൽ അനുഭവപ്പെട്ടു. ഇപ്പോൾ കേരളത്തിലും ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിന് വലിയ പരാജയം നേരിടേണ്ടി വന്നു. സാധാരണഗതിയിൽ ലഭിക്കുന്ന വോട്ട് ശതമാനം പോലും കൈവരിക്കാൻ കഴിയാത്ത സ്ഥിതിവിശേഷമാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിലുണ്ടായത്. ഇടതുപക്ഷത്തോട് അനുഭാവം പുലർത്തുകയും, കാലങ്ങളായി സിപിഎമ്മിനും ഇടതുപക്ഷ മുന്നണിക്കും മാത്രം വോട്ട് നൽകുകയും ചെയ്തിരുന്ന ഒരു വലിയ വിഭാഗം ജനങ്ങൾ അവരുടെ ആ തീരുമാനം മാറ്റി എന്നാണ് തെരഞ്ഞെടുപ്പ് കണക്കുകൾ വ്യക്തമാക്കുന്നത്. അത് ഇടതുപക്ഷത്തെ സംബന്ധിച്ച് വലിയ ഒരു പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ, ഈ പ്രതിസന്ധിയെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ പ്രതിസന്ധിയായി മാത്രം കാണുന്നതിന് ഏറെ പരിമിതികളുണ്ട്.
1921 അല്ലെങ്കിൽ 1925 കാലഘട്ടത്തിലാണ് ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെട്ടത് (സി.പി.ഐ 1921ഉം സി.പി.എം 1925 ഉം രൂപീകരണ വർഷങ്ങളായി കണക്കാക്കുന്നു). നൂറ് വർഷത്തിലേറെ ചരിത്രമുണ്ട് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക്. അതേ 100 വർഷത്തെ ചരിത്രമാണ് അപ്പുറത്ത് ആർ.എസ്.എസ്സിനും ഉള്ളത്. ആർ.എസ്.എസ് ദേശീയ രാഷ്ട്രീയം നിർണ്ണയിക്കുന്ന വൻ ശക്തിയായി മാറിയപ്പോൾ ഇന്ത്യയിൽ മിക്കവാറും എല്ലാ സ്ഥലങ്ങളിലും വലിയ സ്വാധീനം ഉണ്ടായിരുന്ന, മർദ്ദിത ജനവിഭാഗത്തിന്റെ, കർഷക തൊഴിലാളികളുടെ, വ്യവസായ തൊഴിലാളികളുടെയെല്ലാം സ്വപ്നമായിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികൾ വളരെ പിന്നോട്ടുപോയ സ്ഥിതിവിശേഷമാണ് ഇന്ന് നമ്മൾ കാണുന്നത്. എന്തുകൊണ്ട് ഈ തിരിച്ചടി സംഭവിച്ചു എന്നും ഇന്ത്യൻ യാഥാർത്ഥ്യവുമായി എന്ത് തരത്തിലുള്ള അകൽച്ചയാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കുണ്ടായതെന്നും ചരിത്രപരമായി തന്നെ വിശകലനം ചെയ്യാൻ അവർ ബാധ്യസ്ഥരാണ്. ഒരു പുതിയ കാലഘട്ടത്തിന് അനുയോജ്യമായ രീതിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ എങ്ങനെ നവീകരിക്കാം? എങ്ങനെ കൂടുതൽ പ്രാധാന്യത്തോടെ തിരിച്ചുവരാം? എന്നെല്ലാമാണ് തിരുത്തൽ പ്രക്രിയകൾ ആലോചിക്കേണ്ടത്.
കമ്മ്യൂണിസ്റ്റ് പാർട്ടി പ്രസക്തമാണോ എന്നൊരു ചോദ്യം സ്വാഭാവികമായിട്ടും ഇന്നത്തെക്കാലത്ത് ഉയർന്നുവരാം. ആഗോളതലത്തിൽ തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടികളും കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുമൊക്കെ കൊഴിഞ്ഞുവീഴുകയും പരാജയപ്പെടുകയും ചെയ്ത അനുഭവം നമുക്ക് മുന്നിലുണ്ട്. തൊണ്ണൂറുകൾ മുതൽ തുടങ്ങിയ പ്രവണതയാണത്. അവശേഷിക്കുന്നത് ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. പിന്നെ സാമ്രാജ്യത്വം ഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന, വലിയ പ്രതിസന്ധി നേരിടുന്ന ക്യൂബയാണ്. എന്നാൽ ചൈന ഒരു വ്യവസ്ഥാപിത കമ്മ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്ന രാജ്യമാണെങ്കിലും അവിടെ നവലിബറൽ നയങ്ങളാണ് നടപ്പാക്കുന്നത്. അവിടുത്തെ സാമൂഹിക ജീവിതത്തിൽ പലതരത്തിലുള്ള അടിച്ചമർത്തലുകൾ നിലനിൽക്കുന്നുണ്ട്. ഏകശിലാത്മകമായ ഒരു ചൈനീസ് സംസ്കാരം അവിടുത്തെ ഇതര സംസ്കാരങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്ന പ്രവണതയുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടി ഭരണം ചൈനയുടെ സവിശേഷതയായി പറയുമ്പോഴും കമ്മ്യൂണിസത്തിന്റെ സവിശേഷതകൾ നമുക്ക് അവിടെ കാണാൻ കഴിയില്ല. എങ്കിലും അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരായ ഒരു ശക്തി എന്ന നിലയിൽ ചൈനക്ക് ഇപ്പോഴും പ്രസക്തിയുണ്ട്.


എന്നാൽ, ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് തൊണ്ണൂറുകളിൽ ആഗോള കമ്മ്യൂണിസ്റ്റ് പാർട്ടികൾ നേരിട്ട പ്രതിസന്ധികളെ അക്കാലത്ത് അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. തൊണ്ണൂറുകളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ബംഗാളിൽ തകർന്നില്ല, ത്രിപുരയിൽ തകർന്നില്ല, കേരളത്തിൽ തകർന്നില്ല, പല സംസ്ഥാനങ്ങളിലും സജീവമായി പ്രവർത്തിച്ചിരുന്നു. സിപിഎമ്മും സിപിഐയും മാത്രമല്ല, തീവ്ര ഇടതുപക്ഷ രാഷ്ട്രീയ നിലപാട് സ്വീകരിച്ച കമ്മ്യൂണിസ്റ്റ് പാർട്ടികളൊക്കെയും അക്കാലത്ത് പ്രവർത്തന രംഗത്ത് സജീവമായിരുന്നു.
രണ്ടായിരത്തോടുകൂടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ തകർച്ച ഇന്ത്യയിൽ ആരംഭിക്കുന്നത്. അതിന് ബഹുമുഖമായ കാരണങ്ങളുണ്ട്. പക്ഷേ, പ്രാധാന്യത്തോടെ കാണേണ്ട ഒരു കാര്യം, ഇന്ത്യൻ രാഷ്ട്രീയത്തിൽ വലതുപക്ഷത്തിന്റെ ആവിർഭാവഘട്ടം കൂടിയാണ് രണ്ടായിരത്തിന്റെ തുടക്കം. തീവ്രദേശീയവാദ രാഷ്ട്രീയം ഇന്ത്യയിൽ പിടിമുറുക്കുന്ന കാലം. ആ പിടിമുറുക്കത്തിൽ ലിബറൽ രാഷ്ട്രീയം വല്ലാതെ ഉലയുന്നുണ്ട്. പ്രത്യേകിച്ച് കോൺഗ്രസിന്റെ രാഷ്ട്രീയം പരിപൂർണ്ണമായി ഉലഞ്ഞു. രണ്ടായിരത്തിന്റെ തുടക്കത്തിൽ അവർ രണ്ട് തവണ അധികാരത്തിൽ വന്നെങ്കിലും രാഷ്ട്രീയമായ ഒരു പ്രതിസന്ധി വലതുപക്ഷ രാഷ്ട്രീയത്തിന്റെ ശക്തിപ്പെടലിന്റെ ഭാഗമായി അവർക്ക് അനുഭവിക്കേണ്ടി വരുന്നുണ്ട്. അതിന്റെ സാമ്പത്തിക നയങ്ങളെല്ലാം വലതുപക്ഷവത്കരിക്കപ്പെടുകയും വൻ അഴിമതിയിലേക്ക് വഴിമാറുകയും ജനങ്ങളുമായുള്ള അകൽച്ചയ്ക്ക് അത് കാരണമാവുകയും ചെയ്തു. ആ അകൽച്ച വലതുപക്ഷ രാഷ്ട്രീയത്തിന് ഉപയോഗപ്പെടുത്താൻ കഴിഞ്ഞു. കോർപ്പറേറ്റ് ഫാസിസത്തെ പിന്താങ്ങുന്ന വലതുപക്ഷത്തിന് ലിബറൽ രാഷ്ട്രീയത്തെ തുരങ്കംവയ്ക്കാൻ അതുവഴി അവസരമൊരുങ്ങി. എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ഇതിനെതിരെ ശക്തമായ ഒരു പ്രതിരോധം ഉയർത്തിക്കൊണ്ടുവരാൻ ആ സമയത്ത് കഴിഞ്ഞില്ല.
നവഉദാരവൽക്കരണ നയങ്ങൾ സൃഷ്ടിച്ച സാമ്പത്തിക പരാധീനതകളും വർദ്ധിച്ചുവരുന്ന അസമത്വവും കോർപ്പറേറ്റുകൾ അധികാരം പിടിച്ചെടുക്കുന്ന സാഹചര്യവുമുണ്ടായപ്പോൾ അതിനെതിരെ വലിയ പ്രതിരോധം ഉയർത്താനും രാഷ്ട്രീയമായി ജനങ്ങളെ സംഘടിപ്പിക്കാനും കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് കഴിയാതെ പോയി. നവഉദാരവത്കരണ നയങ്ങളുടെ ഇരകളായി മാറിയ തൊഴിലാളികളെയും കർഷകരെയും ഗോത്രവിഭാഗങ്ങളെയും സംഘടിപ്പിക്കാൻ അവർക്ക് കഴിഞ്ഞില്ല.


മറുവശത്ത്, അവർ ഭരണത്തിലിരുന്ന പശ്ചിമ ബംഗാളിലും കേരളത്തിലും നവലിബറൽ വികസന നയത്തിന് അനുകൂലമായി സംഘടനയുടെ രാഷ്ട്രീയം പരിവർത്തിക്കുന്ന ആപൽക്കരമായ കാഴ്ചയാണ് കണ്ടത്. അതായത് വികസന മുരടിപ്പിനെ അഭിമുഖീകരിക്കുക എന്ന പേരിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സ്വീകരിച്ച മാർഗം ഉദാരവത്കരണ നയങ്ങളെ പരിപൂർണ്ണമായും സ്വീകരിക്കുക എന്നതായിരുന്നു. ബംഗാളിൽ കർഷകരുടെ ഭൂമി പിടിച്ചെടുത്തും കർഷക തൊഴിലാളികളെ അടിച്ചമർത്തിയും വിദേശ മൂലധന ശക്തികൾക്കും ഇന്ത്യൻ കോർപ്പറേറ്റുകൾക്കും വേണ്ടി ഭൂമി കൈമാറ്റം ചെയ്യുന്ന നടപടിയിലേക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി എത്തി. വലതുപക്ഷ ശക്തികൾക്ക് പോലും കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ നിലയുറപ്പിക്കാൻ അത് അവസരമൊരുക്കി.
സി.പി.എമ്മിനോട് ആഭിമുഖ്യം പുലർത്തുന്ന ബുദ്ധിജീവികളും സിവിൽ സൊസൈറ്റി പ്രസ്ഥാനങ്ങളും ഇത് അപകടകരമായ രാഷ്ട്രീയമാണ് അന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷേ, അതിനെയെല്ലാം തൃണവൽഗണിച്ചുകൊണ്ട് സി.പി.എം അവരുടെ നിലപാടിൽ മുന്നോട്ടുപോയി. വിമർശനങ്ങളെ പരിപൂർണ്ണമായി അവഗണിക്കുക മാത്രമല്ല, പല സ്ഥലങ്ങളിലും അതിനെ കായികമായി തന്നെ നേരിടാനും പാർട്ടി ശ്രമിച്ചു. ആ അഭിപ്രായങ്ങൾ കേൾക്കാതിരുന്നതിന്റെ തിരിച്ചടി തെരഞ്ഞെടുപ്പിലുണ്ടായി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കൂടെ നിന്ന വലിയൊരു ജനവിഭാഗമാണ് തൃണമൂൽ കോൺഗ്രസിലേക്ക് പോയത്. കമ്മ്യൂണിസ്റ്റ് പാർട്ടി 34 വർഷം ഭരിച്ച സ്ഥലത്ത് പാർട്ടി ഒരു സാന്നിധ്യം പോലുമല്ലാതെയായി മാറി. തുടർന്ന് ത്രിപുരയിലും പാർട്ടിക്ക് തിരിച്ചടി നേരിട്ടു. കമ്മ്യൂണിസ്റ്റ് ശൈലിയിൽ ജീവിച്ച എത്രയോ പ്രമുഖരായ നേതാക്കളാണ് അവിടെ പാർട്ടിയെ നയിച്ചത്. എന്നിട്ടും പാർട്ടി തീർത്തും ഇല്ലാതാകാൻ കാരണം ജനങ്ങളിൽ നിന്നും അകന്നു എന്നതുതന്നെയാണ്.
വലതുപക്ഷ രാഷ്ട്രീയത്തിന്റെ കുതന്ത്രങ്ങളെ അഭിമുഖീകരിക്കാനും നേരിടാനും ശക്തിയില്ലാത്ത ഒന്നായി കമ്മ്യൂണിസ്റ്റ് പാർട്ടി മാറി. വലതുപക്ഷത്തിന്റെ ആഖ്യാനങ്ങളെ നേരിടാൻ എന്തുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സാധിക്കാത്തത്? വർഗസംഘാടനം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നഷ്ടമായി എന്നതാണ് അതിന് പ്രധാന കാരണം. അതാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ച്, അല്ലെങ്കിൽ ഒരു ഇടതുപക്ഷ രാഷ്ട്രീയ പാർട്ടിയെ സംബന്ധിച്ച് ഏറ്റവും പ്രധാനം. തൊഴിലാളികളെയും കർഷകരെയും നിരാലംബരെയും സംഘടിപ്പിച്ചുകൊണ്ട് മാത്രമേ അതിന് രാഷ്ട്രീയമായി മുന്നോട്ടുപോകാൻ കഴിയൂ. മറിച്ച് ഭരണാധികാര പാർട്ടിയായി മാറി, വികസനത്തെക്കുറിച്ചുള്ള യാഥാസ്ഥിതിക വീക്ഷണം പിന്തുടരാൻ തുടങ്ങിയാൽ അത് സ്വാഭാവികമായും ജനങ്ങളിൽ നിന്നും അകലും. അത് ഏത് രാഷ്ട്രീയ വർഗത്തെയാണോ മുന്നിലേക്ക്കൊണ്ടുവരാൻ ആഗ്രഹിക്കുന്നത് ആ വിഭാഗത്തിൽ നിന്ന് അകന്നുപോവുകയും കമ്മ്യൂണിസ്റ്റ് പാർട്ടി ഇല്ലാതാവുകയും ചെയ്യും. അതിന്റെ പ്രതിഫലനങ്ങളാണ് ഇപ്പോൾ കേരളത്തിൽ നമ്മൾ കാണുന്നത്.


കേരളത്തിലെ പത്ത് വർഷത്തെ ഇടതുപക്ഷ ഭരണത്തെ വളരെ വിമർശനാത്മകമായി തന്നെ വിലയിരുത്തേണ്ടതുണ്ട്. പത്ത് വർഷത്തെ ഭരണം കഴിഞ്ഞ കാലങ്ങളിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണത്തിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. ഇടതുപക്ഷ രാഷ്ട്രീയ നിലപാടുകളിൽ നിന്നുകൊണ്ട് പല കാര്യങ്ങളും ചെയ്യാൻ അവർ ശ്രമിച്ചിട്ടുണ്ട്. എന്നാൽ നവഉദാരവൽക്കരണ വികസന നയങ്ങൾക്ക് കൊടുത്ത ഊന്നലിനോളം അതൊന്നും എത്തിയില്ല. ഉദാഹരണമായി കെ റെയിൽ സംരംഭമെടുക്കാം. കേരളത്തിൻ്റെ വികസനത്തെ ത്വരിതഗതിയിലാക്കുമെന്ന ലക്ഷ്യത്തോടെയാണല്ലോ പദ്ധതി വിഭാവനം ചെയ്തത്. എന്നാൽ അതൊരു സമ്പന്ന വിഭാഗത്തെ മാത്രമാണ് തുടക്കത്തിൽ ലക്ഷ്യമാക്കിയിരുന്നത്. ഡോ. തോമസ് ഐസക് തന്നെ അദ്ദേഹത്തിന്റെ പുസ്തകത്തിൽ അക്കാര്യം വിവരിക്കുന്നുണ്ട്. അത്തരം മുൻഗണനകളിലേക്ക് ഇടതുപക്ഷം മാറുമ്പോൾ അത് ആരെയാണ് ബാധിക്കുന്നത്, ആരുടെ ഭൂമിയാണ് നഷ്ടപ്പെടുന്നത് എന്ന് ആലോചിക്കാൻ പോലുമുള്ള വിവേകം സി.പി.എം ആ ഘട്ടത്തിൽ കാണിച്ചില്ല.
മാത്രമല്ല, അതിനെതിരെ സമരം നടക്കുമ്പോൾ ആ സമരത്തോട് അനുഭാവത്തോടെ ഇടപെടുന്നതിനോ, അവരുടെ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യുന്നതിനോ, പഠിക്കുന്നതിനോ സി.പി.എം തയ്യാറായില്ല. സാധാരണ മനുഷ്യരാണ് അതിനെതിരെ സമരം ചെയ്തത്, സാധാരണ മനുഷ്യരുടെ കിടപ്പാടങ്ങളാണ് നഷ്ടപ്പെടുന്നത്. എന്നിട്ടും അവരോട് സംവദിക്കാൻ പോലും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സാധിച്ചില്ല എന്നത് ഭരണാധികാര-നവലിബറൽ സ്വഭാവത്തിലുള്ള ഒരു വലതുപക്ഷ രാഷ്ട്രീയ പാർട്ടിയായി അവർ മാറിയിരിക്കുന്നു എന്നതിന്റെ പ്രത്യക്ഷ ലക്ഷണമാണ്. അടിച്ചമർത്തലിനെ മാത്രം പരിഹാരമായി കാണുന്ന വലതുപക്ഷ രീതിയാണ് നമ്മൾ പിന്നീട് കണ്ടത്. ഇതിന്റെ ആവർത്തനം ആശാ സമരത്തിലും പിന്നീട് പല സമരങ്ങളിലും കണ്ടു. തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടി എന്നതുകൊണ്ട് എന്ത് തീരുമാനങ്ങളും അടിച്ചേൽപ്പിക്കാം എന്ന് കരുതുന്ന ഭരണവർഗ യുക്തി വലതുപക്ഷ രാഷ്ട്രീയത്തോടാണ് ചേർന്നുനിൽക്കുന്നത്.
സി.പി.എം നിരന്തരമായി വിമർശിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക വ്യവസ്ഥയുടെ തന്നെ പ്രതിഫലനമായിരുന്നു കിഫ്ബി. സ്റ്റേറ്റ് പിൻവാങ്ങുന്നു എന്നത് നവ ലിബറലിസത്തെക്കുറിച്ചുള്ള ഇടതുപക്ഷ വിമർശനത്തിന്റെ കാതലാണ്. അപ്പോൾ എങ്ങനെയാണ് കിഫ്ബി പോലുള്ള ഒരു ഓഫ് ബജറ്റ് വായ്പാ (Off-Budget Borrowings) സംവിധാനത്തെ പിന്തുണയ്ക്കാൻ കഴിയുന്നത്? ഇത്തരം വിവേക ശൂന്യതകൾ തിരിച്ചറിയാൻ കഴിയാത്ത തരത്തിലുള്ള ഒരു പ്രതിസന്ധി കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ സി.പി.എമ്മിന് ഉണ്ടായിട്ടുണ്ട്. മാത്രമല്ല, കമ്മ്യൂണിസ്റ്റ് പാർട്ടിയോട് ഏറ്റവും ചേർന്ന് നിൽക്കുന്ന ജനവിഭാഗങ്ങളെ പരിഗണിക്കാൻ വേണ്ടി നടപ്പിലാക്കിയ അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതി പോലും ഒരു സെലിബ്രിറ്റി ഇവന്റായി മാറി. ക്ഷേമപ്രവർത്തനങ്ങൾ ഗുണഭോക്താക്കളെ സൃഷ്ടിക്കുന്ന രീതിയിലേക്ക് സി.പി.എം മാറ്റി. അതൊരു അവകാശമായി അവതരിപ്പിക്കാൻ അവർ തയ്യാറായില്ല. ഇന്ത്യയിലെ രാഷ്ട്രീയ വ്യവഹാരങ്ങളിൽ രണ്ടായിരത്തിന് ശേഷമുണ്ടായ ഒരു വലിയ മാറ്റം എന്നത് കോൺഗ്രസ് പോലെ ഒരു ബൂർഷ്വ ലിബറൽ പാർട്ടി പോലും ക്ഷേമപ്രവർത്തനം അവകാശമായി കാണാൻ തുടങ്ങി എന്നതാണ്. അത്തരമൊരു രാഷ്ട്രീയ സന്ധിയിലാണ് സി.പി.എം ക്ഷേമപ്രവർത്തനത്തെ ഗുണഭോക്തൃ രാഷ്ട്രീയമായി അവതരിപ്പിക്കുന്നത്. ഇത്തരം വീഴ്ചകൾ മനസ്സിലാക്കാൻ പോലും കഴിയാത്ത വിധം ഇടതുപക്ഷ രാഷ്ട്രീയം അവരിൽ നിന്നും ചോർന്നുപോയി.


കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ സാന്നിധ്യം തീർച്ചയായും ഇന്ത്യയുടെ സമകാലിക രാഷ്ട്രീയത്തിൽ ഉണ്ടാവേണ്ടതുണ്ട്. കാരണം, ഇന്ത്യയിൽ നമ്മൾ ഇന്ന് ജീവിക്കുന്നത് ഹിന്ദുത്വ സമഗ്രാധിപത്യത്തിന്റെ കാലഘട്ടത്തിണ്. അത് നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും ഗ്രസിക്കുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം, ക്ഷേമപ്രവർത്തനം അങ്ങനെ പല മേഖലകളിലും അത് പിടിമുറുക്കിയിരിക്കുന്നു. പെരുപ്പിച്ച കണക്കുകൾ അവതരിപ്പിച്ചുകൊണ്ട് യാഥാർത്ഥ്യത്തെ അത് മറച്ചുവയ്ക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ വലതുപക്ഷവൽക്കരിക്കപ്പെടുകയും ഫാസിസ്റ്റുവൽക്കരിക്കപ്പെടുകയും ചെയ്തു. ദുരധികാരം സർവ്വവ്യാപകമായിരിക്കുന്ന ഒരു കാലഘട്ടത്തിൽ ജനങ്ങളെ സംഘടിപ്പിച്ച് അതിനെ ചെറുക്കുക എന്നത് വളരെ പ്രസക്തമാണ്. ആ ജനസംഘാടനത്തിൽ പരിമിതമായെങ്കിലും മുന്നേറാൻ കോൺഗ്രസ് പോലുള്ള ഒരു ബൂർഷ്വാ ലിബറൽ പാർട്ടിക്ക് സാധിക്കുമ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഒന്നും ചെയ്യാനാകാതെ പരാജിതരായി മാറിയിരിക്കുന്നു.
ഇന്ത്യയിൽ അടുത്തിടെ നമ്മൾ കണ്ട ഒരു പ്രധാനപ്പെട്ട മുന്നേറ്റം സി.ജെ.പിയുടെ സമരമാണ്. സുശക്തമായ സംഘടനയോ സംഘാടന രീതികളോ ഒന്നും അവർക്കുണ്ടായിരുന്നില്ല. എന്നിട്ടും ഇത്രയും സമഗ്രാധികാര ശക്തിയുള്ള ഒരു സർക്കാരിനെ രണ്ടോ മൂന്നോ തവണയാണ് അവർ മുട്ടുകുത്തിച്ചത്. ഇന്ത്യൻ യുവത്വത്തിന്റെ രോഷത്തെ പ്രതിനിധീകരിക്കാൻ അവർക്ക് കഴിഞ്ഞു. ശരിക്കും ഈ രോഷത്തെ രാഷ്ട്രീയമായി അഭിസംബോധന ചെയ്യുകയും വിമോചനത്തിന്റെ പുതിയ വഴികൾ തുറക്കുകയും ചെയ്യേണ്ടിയിരുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടികളായിരുന്നു. എന്തുകൊണ്ട് അവർക്ക് അതിന് സാധിക്കുന്നില്ല എന്ന് പരിശോധിക്കുമ്പോഴാണ് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സംഘടനാപരമായ പരിമിതികളെ നമുക്ക് തിരിച്ചറിയാൻ കഴിയുന്നത്.
തൊള്ളായിരത്തി മുപ്പതുകളിലും നാൽപ്പതുകളിലും തുടങ്ങി അറുപതുകൾ വരെ മുഖ്യധാരാ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ജനസംഘാടനത്തിന്റെ രാഷ്ട്രീയം പ്രയോഗവൽക്കരിക്കാൻ കഴിഞ്ഞിട്ടുണ്ട്. കർഷക തൊഴിലാളികളെയും വ്യാവസായിക തൊഴിലാളികളെയും അടിച്ചമർത്തപ്പെട്ടവരെയും സംഘടിപ്പിക്കുക എന്നത് വളരെ പ്രധാനപ്പെട്ട രാഷ്ട്രീയ പരിപാടിയായിരുന്നു. അതിനുശേഷമാണ് ഭരണാധികാരം വരുന്നത് തന്നെ. പക്ഷേ, ഈ മുൻഗണനകൾ നഷ്ടപ്പെടുകയും പാർലമെന്റി രാഷ്ട്രീയം മുഖ്യപരിഗണനയായി മാറുകയും ചെയ്ത ഒരു ഗതികെട്ട സാഹചര്യം കമ്മ്യൂണിസ്റ്റ് പാർട്ടികളെ ജനങ്ങളിൽ നിന്നും അകറ്റി. ആത്യന്തികമായി ഒരു രാഷ്ട്രീയ സമരത്തിന്റെ രൂപമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി. വർഗ സമരത്തെ മുന്നോട്ട് കൊണ്ടുപോവുക എന്ന ലക്ഷ്യത്തോടെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെടുന്നത്. ഭരണാധികാരം കിട്ടിയാൽ വർഗസമരം അവസാനിക്കുന്നു എന്ന തത്വം കമ്മ്യൂണിസ്റ്റ് പാർട്ടിക്കില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയം വിമോചനത്തിന്റെ രാഷ്ട്രീയമാണ്. അതിന് നേതൃത്വം നൽകാൻ കഴിയുന്നില്ല എന്നതാണ് ഇടതുപക്ഷ രാഷ്ട്രീയം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.
ഇപ്പോൾ സി.പി.എം തിരുത്തൽ എന്നതിലൂടെ ഉദ്ദേശിക്കുന്നത് ഭരണാധികാരത്തിലേക്ക് തിരിച്ചുവരാൻ വേണ്ടി എങ്ങനെ ചില ക്രമീകരണങ്ങളിൽ മാറ്റം വരുത്താം എന്ന് മാത്രമാണ്. ആ ക്രമീകരണത്തിനപ്പുറത്തേക്കുള്ള ഒരു രാഷ്ട്രീയ സംഘാടനത്തിൻ്റെ ആവശ്യകത തിരുത്തൽ പ്രക്രിയയിൽ കടന്നുവരുന്നില്ല. സംഘടന കൂടുതൽ ജനാധിപത്യവൽക്കരിക്കപ്പെടേണ്ടുന്നതിന്റെ ആവശ്യകത സി.പി.എം തിരിച്ചറിയുന്നില്ല. സി.ജെ.പിയുടെ രാഷ്ട്രീയ വിജയം അവരുടെ ജനാധിപത്യ ഘടനയാണ്. നേതാക്കളുടെ തിട്ടൂരങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന സംവിധാനം അല്ല സി.ജെ.പി. ശ്രേണീകൃതമല്ലാത്ത, തിരശ്ചീനമായ (horizontal structure) ഒരു രാഷ്ട്രീയ ഘടന അതിൽ നമുക്ക് കാണാം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രാഷ്ട്രീയം അതാണ്. ഹൊറിസോണ്ടാലിറ്റി (Horizontality) ആണ് പൊളിറ്റിക്സിന്റെ അടിസ്ഥാന രൂപം. പത്തൊമ്പതാം നൂറ്റാണ്ടിലെ വെർട്ടിക്കൽ സംഘടനാരൂപങ്ങൾ അപ്രസക്തമായ ഒരു കാലമാണിത്. ഇപ്പോഴും കമ്മ്യൂണിസ്റ്റ് പാർട്ടി വെർട്ടിക്കൽ സംഘടനാരൂപത്തിലാണ് പ്രവർത്തിക്കുന്നത്. ജനങ്ങളുമായി ശ്രേണീകൃതമായ ബന്ധമാണ് പാർട്ടിക്കുള്ളത്. ജനങ്ങളുടെ ഇച്ഛകൾ ആവിഷ്കാരിക്കാൻ ആ ഘടന മതിയാകില്ല. നേതാവും നേതൃത്വവും ജനങ്ങൾക്ക് വേണ്ടതെന്തെന്ന് ആലോചിക്കുന്നു, തീരുമാനിക്കുന്നു. അവരെ തിരുത്തുത്താൻ ശ്രമിക്കുന്നതും അതുകൊണ്ടാണ്.
അങ്ങനെ വരുമ്പോൾ സ്വാഭാവികമായും ജനങ്ങൾ അകലും. തളിപ്പറമ്പിലും പയ്യന്നൂരിലും സംഭവിച്ചത് അതാണ്. അവിടെ ജനങ്ങൾക്കാണ് തെറ്റുപറ്റിയത് എന്ന പിണറായി വിജയന്റെ പ്രസ്താവനയെ ന്യായീകരിച്ചുകൊണ്ട് പാർട്ടി ജനറൽ സെക്രട്ടറി പറയുന്നത്, കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾ പാർട്ടിയുടെ തീരുമാനങ്ങൾ തെറ്റാണോ ശരിയാണോ എന്ന് നോക്കാതെ തന്നെ കൂടെ നിൽക്കണമെന്നാണ്. ഇതൊരു പഴയ സങ്കല്പമാണ്. നേതൃത്വം തെറ്റായ ഒരു തീരുമാനം നടപ്പാക്കിയാൽ അത് തിരുത്തപ്പെടും എന്നുള്ള ഒരു കാലഘട്ടത്തിലാണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. ജനാധിപത്യത്തെക്കുറിച്ചുള്ള ഉന്നതമായ ബോധ്യങ്ങൾ ഇന്ന് ജനങ്ങൾക്കുണ്ട്. അത് മനസ്സിലാക്കാനുള്ള രാഷ്ട്രീയ വിവേകം സി.പി.എം നേതൃത്വം കാണിക്കണം. അപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി ജനാധിപത്യവൽക്കരിക്കാൻ അവർ നിർബന്ധിതമാകും.


ജനങ്ങളും അനുഭാവികളും തെറ്റ് ചൂണ്ടിക്കാണിച്ചിട്ടും അത് തിരുത്താൻ തയ്യാറാകാതെ, പാർട്ടി പ്രവർത്തകരും അനുഭാവികളും ആ തെറ്റിന്റെ കൂടെ നിൽക്കണം എന്ന് പറയുന്നതിനേക്കാൾ ജനാധിപത്യവിരുദ്ധമായ വേറെ എന്ത് കാര്യമാണുള്ളത്? അത്തരം സംഘടനകൾക്ക് നിലനിൽപ്പില്ലാത്ത കാലമാണിത്. വിവരങ്ങൾ ലഭിക്കാനും ചർച്ച ചെയ്യാനും കഴിയുന്ന ഒരു കാലഘട്ടമാണിത്. നമ്മൾ ജീവിക്കുന്നത് ഒരു അടഞ്ഞ ലോകത്തല്ല. ഞാൻ പിടിച്ച മുയലിന് രണ്ട് കൊമ്പ് എന്ന പഴയ ഫിലോസഫി ഇന്ന് അംഗീകരിക്കപ്പെടില്ല.
സി.പി.എം ദുർബലപ്പെട്ടതിൻ്റെ ഒരു പ്രധാനപ്പെട്ട കാരണം പ്രവർത്തകർ തിരുത്താൻ നടത്തിയ ശ്രമങ്ങളോട് അത് എപ്പോഴും വിമുഖത കാണിച്ചു എന്നതാണ്. പശ്ചിമ ബംഗാൾ അതിന് ഏറ്റവും വലിയ തെളിവാണ്. ബിമൻ ബോസിന്റെയും ബുദ്ധദേവിന്റെയും രാഷ്ട്രീയ നിലപാടുകളും ഭരണ നിലപാടുകളും തെറ്റാണെന്ന് അവിടുത്തെ രാഷ്ട്രീയ പ്രവർത്തകരും അനുഭാവികളും പറയുന്നുണ്ടായിരുന്നു. പക്ഷേ, അതൊക്കെ പാർട്ടി അവഗണിക്കുകയാണ് ചെയ്തത്.
ചരിത്രത്തിൽ ഒരു കാലത്തും കമ്മ്യൂണിസ്റ്റ് പാർട്ടികൾ തങ്ങളുടെ നേതൃത്വം പറഞ്ഞത് മാത്രമാണ് ശരിയെന്ന് വിശ്വസിച്ച് മുന്നോട്ടുപോയിട്ടില്ല. അതുകൊണ്ടുതന്നെയാണ് പാർട്ടിയിൽ പലതരത്തിലുള്ള പിളർപ്പുകളുമുണ്ടായത്. നേതൃത്വത്തിന്റെ തെറ്റായ പ്രവണതകൾക്കെതിരെയുള്ള തിരുത്തലുകളായിരുന്നു പല പിളർപ്പുകളും. പക്ഷേ, ഇനി പിളരാനുള്ള ശേഷിയും കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കില്ല.


കേരളത്തിൽ സംഭവിച്ച മറ്റ് ചില പിഴവുകളിലേക്ക് വരാം. അയ്യപ്പ സംഗമം പോലെ ഒരു പ്രസക്തിയുമില്ലാത്ത പരിപാടി സി.പി.എം നേതൃത്വത്തിന് സംഘടിപ്പിക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്? യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവന അവിടെ വായിക്കേണ്ടിവരുന്നത് ആരുടെ തീരുമാന പ്രകാരമാണ്? യുപിയിലെ ബുൾഡോസർ രാജിനെതിരെ ബൃന്ദാ കാരാട്ട് പ്രതിരോധമുയർത്തുമ്പോഴാണ് ഇവിടെ ആദിത്യനാഥിന്റെ പ്രസ്താവന വായിക്കുന്നത്. മറ്റൊരു കാലഘട്ടത്തിലാണെങ്കിൽ സി.പി.എം ഇത് ചെയ്യാൻ നിൽക്കില്ലായിരുന്നു. ഇപ്പോൾ എന്തുകൊണ്ടാണ് അത് ചെയ്യാൻ കഴിയുന്നത്? അധികാരത്തിൽ കടിച്ചുതൂങ്ങാൻ വേണ്ടി ഏത് മാർഗ്ഗവും സ്വീകരിക്കാം എന്ന് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. എന്നാൽ സാധാരണ പ്രവർത്തകരും അനുഭാവികളും അങ്ങനെ തീരുമാനിച്ചിട്ടില്ല. അവരെയാണ് പിണറായിയും ഗോവിന്ദൻ മാസ്റ്ററും വാസവനുമെല്ലാം വഞ്ചിക്കുന്നത്.
രണ്ടാമതായി, മുസ്ലിം വിദ്വേഷം വലിയ തോതിൽ പ്രകടിപ്പിക്കപ്പെട്ട ഒരു തെരഞ്ഞെടുപ്പാണ് കടന്നുപോയത്. കേരളത്തിൽ ഒരു കാലത്തും ഇല്ലാത്തതരത്തിൽ മുസ്ലിം വിദ്വേഷം രാഷ്ട്രീയത്തിൽ കടന്നുകൂടി. അതിനെതിരെ ശക്തമായ വിമർശനമുന്നയിക്കാനും നിലപാട് സ്വീകരിക്കാനും സി.പി.എമ്മിന് കഴിഞ്ഞില്ല. അത്തരം വംശീയതയ്ക്കെതിരായ നിലപാട് കേരളത്തിന്റെ സാമൂഹിക ചരിത്രത്തിലുണ്ട്. അതുപോലും തിരിച്ചറിയാൻ കഴിയാതെ പോയ നേതൃത്വമാണ് ഇപ്പോൾ പ്രവർത്തകർക്ക് തെറ്റ് പറ്റിയെന്ന് പറയുന്നത്.
തിരുത്തൽ പ്രക്രിയ എന്ന് പറയുന്നത് കേരളത്തിൽ ഒരു പുതിയ സംഗതിയല്ല. 2012ൽ ടി.പി. ചന്ദ്രശേഖരന്റെ വധത്തിന് ശേഷമുണ്ടായ കുറേ വിമർശനങ്ങളെ തുടർന്ന് 2013ൽ തെറ്റ് തിരുത്താനുള്ള പാർട്ടി പ്ലീനം തന്നെ പാലക്കാട് വെച്ച് നടന്നിരുന്നു. പക്ഷേ, പ്ലീനത്തിന്റെ അന്ന് ഇറങ്ങിയ ദേശാഭിമാനിയിലെ ആശംസാ പരസ്യം നിരവധി കേസുകളിൽ പ്രതിയായ വിവാദ വ്യവസായിയുടേതായിരുന്നു. ഇ.പി. ജയരാജനാണ് അന്ന് ദേശാഭിമാനിയുടെ മാനേജർ. പാർട്ടിക്കുള്ളിൽ ഉണ്ടായി വന്ന ഒരു പുത്തൻ സാമ്പത്തിക വർഗവും ഒരു അധികാര വർഗവും തിരുത്തലുകൾക്ക് വിധേയമാകാൻ തയ്യാറല്ല എന്നതിന് തെളിവായിരുന്നു അത്. ആ പുത്തൻ സാമ്പത്തിക വർഗത്തെ നയിക്കുന്ന വ്യക്തിയാണ് പിണറായി വിജയൻ. അതുകൊണ്ടാണ് പാർട്ടി സമ്മേളനത്തിൽ പാർട്ടി നയങ്ങൾക്ക് വിരുദ്ധമായ ഒരു നവകേരള നയരേഖ അവതരിപ്പിക്കാൻ അദ്ദേഹത്തിന് അവസരം ലഭിക്കുന്നത്. പാർട്ടി ഘടനയ്ക്കുള്ളിൽ ഇല്ലാത്ത സംഗതിയാണ് ഒരു മുഖ്യമന്ത്രിക്ക് നയരേഖ അവതരിപ്പിക്കാൻ സമ്മേളനത്തിൽ അവസരം ലഭിക്കുക എന്നത്. സ്വകാര്യ മൂലധന നിക്ഷേപങ്ങൾ കേരളത്തിലേക്ക് വരേണ്ടുന്നതിന്റെ ആവശ്യകത ഉയർത്തിപ്പിടിക്കുന്ന ഒരു നയരേഖയായിരുന്നു അത്. സംസ്ഥാന സമ്മേളനത്തിനെത്തിയ പി.ബി അംഗങ്ങൾ പോലും അതിനെ എതിർത്തില്ല.
2000ന് ശേഷം പുത്തൻ സാമ്പത്തിക വർഗത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നവർ സി.പി.എം നേതൃത്വം പൂർണ്ണമായും പിടിച്ചെടുക്കുന്നുണ്ട്. ആ പുത്തൻ സാമ്പത്തിക വർഗം പ്രവാസി വ്യവസായികളുടെയും ഭൂമാഫിയയുടെയും താത്പര്യങ്ങൾ പ്രതിനിധാനം ചെയ്യുന്ന ഒരു വിഭാഗമായി മാറി. എന്ത് തിരുത്തൽ പ്രക്രിയ നടന്നാലും ഈ പുത്തൻ സാമ്പത്തിക വർഗത്തിന്റെ താല്പര്യങ്ങൾ നേതൃത്വം മുന്നോട്ട് കൊണ്ടുപോകും എന്നാണ് 2013ലെ പ്ലീനത്തിന് ശേഷം കണ്ടത്. പുത്തൻ സാമ്പത്തിക വർഗത്തിന്റെ താത്പര്യങ്ങളിലേക്ക് പാർട്ടി നേതൃത്വം മാറിയപ്പോഴും രണ്ടായിരത്തിന്റെ ആദ്യ ദശകത്തിൽ വി.എസ് അച്യുതാനന്ദനെ പോലെ ഒരു ജനകീയ നേതാവാണ് പാർട്ടിയെ ജനങ്ങളുമായി ചേർത്ത് നിർത്തിയത്. വി.എസ് ഒരുവശത്തുള്ളതുകൊണ്ടാണ് ആ ദശകത്തിൽ പാർട്ടി രക്ഷപ്പെട്ടുപോയത്.
കഴിഞ്ഞ ഒരു ദശകത്തിലേറെയായി ഉൾപ്പാർട്ടി സംവാദങ്ങൾ പരിപൂർണ്ണമായി നിഷേധിക്കപ്പെട്ട അവസ്ഥയിലാണ് സി.പി.എം. പിണറായി വിജയന്റെ നേതൃത്വം ഉൾപ്പാർട്ടി സംവാദങ്ങൾ ഒട്ടും അനുവദിച്ചിരുന്നില്ല. ആരെങ്കിലും പാർട്ടി നേതൃത്വത്തെ തിരുത്താൻ ശ്രമിച്ചാൽ അവർ പാർട്ടി വിമതരോ പാർട്ടിക്കെതിരെ പ്രവർത്തിക്കുന്നവരോ ആയി പ്രഖ്യാപിക്കപ്പെടുകയും അവരെ പുറത്താക്കുകയും ചെയ്തു. പിണറായി വിജയന്റെ നേതൃത്വത്തിനെ അനുകൂലിച്ചവരെയെല്ലാം ഗുണഭോക്താക്കളായി മാറ്റി. പദവികൾ നൽകി അവരെ ഒപ്പം നിർത്തി.
പിണറായി ഭരണത്തിൽ കേരളത്തിൽ പൊലീസിനെ ഉപയോഗിച്ച രീതി പരക്കെ വിമർശിക്കപ്പെട്ടിട്ടും ഒരു തിരുത്തലും നടത്താൻ പുത്തൻ സാമ്പത്തിക വർഗ നേതൃത്വം ശ്രമിച്ചില്ല. യുഎപിഎ പോലെയുള്ള മനുഷ്യാവകാശ വിരുദ്ധ നിയമങ്ങൾ വിദ്യാർത്ഥികൾക്കെതിരെ പോലും പ്രയോഗിക്കുന്ന സംസ്ഥാനമായി കേരളം ദേശീയതലത്തിൽ അപമാനിതമായി. അത്തരം സമീപനങ്ങൾക്കുള്ള മറുപടി കൂടിയാണ് ജനങ്ങൾ നൽകിയതെന്ന് തിരുത്തൽ പ്രക്രിയ ഓർമ്മിക്കണം.


സി.പി.എമ്മിന്റെ ഒരു രാജ്യസഭാ എം.പി കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ‘പാലമായി’ പ്രവർത്തിച്ചെന്ന് ഒരു കേന്ദ്രമന്ത്രി തന്നെ പാർലമെന്റിൽ വെളിപ്പെടുത്തുകയുണ്ടായി. കേരളത്തിന്റെ ആവശ്യങ്ങൾക്കായി കേന്ദ്രവുമായി പാലമാകുക എന്നത് തന്റെ കടമയാണെന്നാണ് എം.പി അതിന് മറുപടി നൽകിയത്. അതിലപ്പുറം വേറെ എന്ത് ജീർണ്ണതയാണ് ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സംഭവിക്കാനുള്ളത്? വലതുപക്ഷത്തിനും ഇടതുപക്ഷത്തിനുമിടയിൽ പാലമായി പ്രവർത്തിക്കുന്ന ഒരാളുണ്ടെന്ന് പറയുന്നത് സി.പി.എം നേതൃത്വത്തിന്റെ പരാജയം തന്നെയാണ്.
ആ നേതൃത്വം തിരുത്തപ്പെടുകതന്നെ വേണം. ഇത്തരം രാഷ്ട്രീയമായ വിവേക ശൂന്യത, ജനാധിപത്യത്തോടുള്ള നിഷേധാത്മക സമീപനം, പുതിയ സമരങ്ങളെ മനസ്സിലാക്കാൻ കഴിയാത്തതരത്തിലുള്ള ദിശാബോധമില്ലായ്മ ഇതെല്ലാം തിരുത്തപ്പെടണം. കോൺഗ്രസ് ഒന്നടങ്കമല്ലെങ്കിലും രാഹുൽ ഗാന്ധിയുടെ നേതൃത്വം അത്തരത്തിലുള്ള ഒരു ചിന്താശേഷി ഇന്ന് പ്രകടിപ്പിക്കുന്നുണ്ട്. അതുപോലെ രാഷ്ട്രീയ ചിന്തകളിലും പ്രയോഗങ്ങളിലും യുവത്വമാവശ്യപ്പെടുന്ന കാലഘട്ടത്തിലൂടെയാണ് ഇന്ത്യ ഇന്ന് കടന്നുപോകുന്നത്. അത്തരമൊരു നേതൃത്വം കമ്മ്യൂണിസ്റ്റ് പാർട്ടിക്കും അനിവാര്യമാണ്. പ്രായാധിക്യമുള്ളപ്പോൽ പോലും വി.എസ് ആ രാഷ്ട്രീയ യുവത്വം പ്രകടിപ്പിച്ചിരുന്നു. പക്ഷേ, ഇപ്പോഴത്തെ നേതൃത്വത്തിൽ അത് കാണാൻ സാധിക്കില്ല.
2019ലെ നിർണ്ണായകമായ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയ പിണറായി വിജയൻ കേരളത്തിലെ വോട്ടിംഗ് കഴിഞ്ഞ പിന്നാലെ ഗൾഫിലേക്ക് കുടുബത്തിനൊപ്പം വിശ്രമിക്കാൻ പോകുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. രാജ്യത്ത് സിപിഎമ്മിനുള്ള ഒരോയൊരു മുഖ്യമന്ത്രിയായിരുന്നിട്ടും ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാൻ പി.ബി അംഗമായ അദ്ദേഹം തയ്യാറായിരുന്നില്ല. എന്ത് സന്ദേശമാണ് അത് നൽകുന്നത്? സ്വന്തം തെരഞ്ഞെടുപ്പ് പ്രചാരണം കഴിയുമ്പോൾ വിദേശത്തേക്ക് വിനോദയാത്ര പോകുന്നത് എന്ത് കമ്മ്യൂണിസ്റ്റ് സംസ്കാരമാണ്? അങ്ങനെ എത്രയോ കാലമായി പാർട്ടി പ്രവർത്തകർക്കുണ്ടായ നിരാശയ്ക്കാണ് അവർ ഇപ്പോൾ ഈ തെരഞ്ഞെടുപ്പിൽ മറുപടി നൽകിയത്. തെറ്റ് തിരുത്തുമ്പോൾ ഇതെല്ലാം പരിഗണിക്കപ്പെടേണ്ടതല്ലേ.
തിരുത്തപ്പെടേണ്ട മറ്റൊരു ധാരണ കൂടിയുണ്ട്. കേരളത്തിൽ ബി.ജെ.പിയുടെ വോട്ട് ശതമാനം കൂടുന്നത് കോൺഗ്രസിന്റെ വോട്ടുകൾ ബി.ജെ.പിയിലേക്ക് പോകുന്നതുകൊണ്ടാണ് എന്ന അബദ്ധധാരണയാണത്. സി.പി.എമ്മിന്റെ വോട്ടുകളാണ് ബി.ജെ.പിയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്. സി.പി.എമ്മിന്റെ രാഷ്ട്രീയ പരാജയത്തിന്റെ നേട്ടം ബി.ജെ.പിക്കാണ് കിട്ടാൻ പോകുന്നത്. ഇടതുപക്ഷത്തിന്റെ അണികൾ എന്തുകൊണ്ട് വലതുപക്ഷ രാഷ്ട്രീയത്തിന് വോട്ടു ചെയ്യുന്നവരായി ഇത്രവേഗം മാറുന്നു എന്നത് ഗൗരവമായി ചിന്തിക്കേണ്ട കാര്യമാണ്. ഇതൊരു ആഗോള പ്രവണതയാണ്. ലോകത്ത് എവിടെയൊക്കെ കമ്മ്യൂണിസ്റ്റ് പാർട്ടി തകർന്നിട്ടുണ്ടോ അവിടെയൊക്കെ വംശീയ-വലതുപക്ഷ നേതൃത്വമാണ് അധികാരത്തിൽ വന്നിട്ടുള്ളത്. അതിന്റെ പ്രതിഫലനമാണ് നമ്മൾ വെസ്റ്റ് ബംഗാളിലും ത്രിപുരയിലും കാണുന്നത്. സിപിഎം നേതൃത്വം ഇത് തിരിച്ചറിഞ്ഞിട്ടുണ്ടോ? തിരുത്തലുകളിൽ ഈ ചർച്ച കടന്നുവരുമോ?
ഒരു തെരഞ്ഞെടുപ്പിൽ തോറ്റു കഴിഞ്ഞാൽ ജനങ്ങളെ അഭിസംബോധന ചെയ്ത് തോൽവി അംഗീകരിക്കാൻ കഴിയാത്ത ഒരു നേതൃത്വം എന്തിനാണ്? തോൽവിക്ക് ശേഷം പിണറായി വിജയൻ ആദ്യമായി വാർത്താ സമ്മേളനം നടത്തുന്നത് ഇഡി സ്വന്തം വീട് റെയ്ഡ് ചെയ്തതിനെ തുടർന്നാണ്. തോൽവിയേയും അതിന്റെ കാരണങ്ങളെയും പിണറായിയുടെ നേതൃത്വം അംഗീകരിക്കാൻ തയ്യാറല്ല എന്നതിന് തെളിവാണത്. തെറ്റ് സംഭവിച്ചു എന്ന് അംഗീകരിക്കാത്തവർ എങ്ങനെയാണ് തിരുത്തൽ പ്രക്രിയയെ അംഗീകരിക്കാൻ പോകുന്നത്?


ഇതൊക്കെ ചർച്ചയായി വന്നാൽ തന്നെ എന്താണ് പാർട്ടിക്ക് അത് പരിഹരിക്കാനുള്ള മാർഗം? പ്രവർത്തകരും അനുഭാവികളും പ്രതീക്ഷിക്കുന്ന തിരുത്തൽ പ്രക്രിയ നടക്കണമെങ്കിൽ നേതൃത്വം തന്നെ മാറേണ്ടിവരും. അധികാരം നേതൃത്വത്തിലേക്ക് ചുരുങ്ങാതെ കൂട്ടായ നേതൃത്വം രൂപീകരിക്കേണ്ടിവരും. പുതിയൊരു ജനാധിപത്യ ഭാഷയിൽ പുതിയ സംവാദങ്ങൾ നടത്താൻ കഴിഞ്ഞാൽ കമ്മ്യൂണിസ്റ്റ് പാർട്ടി വളരെ വേഗം ജനകീയവത്കരിക്കപ്പെടും.
ഇടതുപക്ഷ രാഷ്ട്രീയം സി.പി.എമ്മിൽ നിന്നും പ്രതീക്ഷിക്കുന്നത് കൂടുതൽ ജനാധിപത്യവത്കരിക്കപ്പെട്ട സംഘടനാരൂപവും, ജനകീയമായ പ്രവർത്തനങ്ങളും, നിലവിലെ വികസന സങ്കൽപ്പത്തിലെ തിരുത്തലുകളും, വർഗീയതയ്ക്കും സ്വേച്ഛാധിപത്യത്തിനുമെതിരായ മതനിരപേക്ഷ നിലപാടുമാണ്. അല്ലാതെ വലതുപക്ഷത്തേക്ക് പാലം പണിയുകയല്ല ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ദൗത്യം.

