Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


രണ്ടാം ഭൂപരിഷ്കരണം ആര്‍ക്ക് വേണ്ടി? – 3
വിദേശ തോട്ടം ഭൂമി സംബന്ധിച്ച് കേരളത്തിലെ മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികള്‍ ഇന്ന് ചര്‍ച്ച പോലും തടയുകയാണ്. കേരള നിയമസഭയില്‍ ഹാരിസണ്‍സ് ഭൂമി സംബന്ധിച്ച് ആദ്യ സബ് മിഷന്‍ അവതരിപ്പിച്ചത് ഇന്നത്തെ മുഖ്യമന്ത്രി വി.ഡി. സതീശനാണ്. എന്നാല്‍, ഇപ്പോള്‍ അദ്ദേഹം വിദേശ തോട്ടം ഭൂമി സംബന്ധിച്ച് നിശബ്ദത പാലിക്കുകയാണ്. ഇടതുപക്ഷത്തില്‍ മുന്‍മന്ത്രി എ.കെ ബാലന്‍ മാത്രമാണ് രാജമാണിക്യം റിപ്പോര്‍ട്ട് പ്രകാരം നിയമനിര്‍മ്മാണത്തിലൂടെ വിദേശതോട്ടം ഭൂമി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടത്. മുന്നണി ഭേദം ഇല്ലാതെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം വിദേശതോട്ടം എന്നത് കേട്ടതായി നടിക്കാറില്ല. യഥാര്‍ത്ഥത്തില്‍ സ്‌പെഷ്യല്‍ ഓഫിസറായിരുന്ന രാജമാണിക്യവും മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി നിവേദത പി. ഹരനും അടക്കമുള്ള ഉദ്യോഗസ്ഥരല്ല ചരിത്രത്തില്‍ ഇത് സംബന്ധിച്ച് പരിശോധനയും പഠനവും ആരംഭിച്ചത്. ബ്രിട്ടീഷ് അധിനിവേശകാലത്ത് കമ്മ്യൂണിസ്റ്റ് നേതാക്കളാണ് വിദേശ തോട്ടംഭൂമി ഏറ്റെടുത്ത് കൊളോണിയല്‍ കൊള്ള അവസാനിപ്പിക്കണമെന്ന രാഷ്ട്രീയ മുദ്രാവാക്യം ഉയര്‍ത്തിയത്.
വിദേശ തോട്ടം ദേശസാല്‍ക്കരിക്കുക എന്ന മുദ്രാവാക്യം 1950 കള്‍ മുതല്‍ ഉയര്‍ത്തിയത് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. അത് നടപ്പാക്കാനാണ് ഏഴ് പതിറ്റാണ്ടിന് ശേഷം ഭൂരഹിതരായ ദലിതരും ആദിവാസികളും ആവശ്യപ്പെടുന്നത്. ചരിത്രത്തിലേക്ക് നോക്കിയാല്‍ ഐക്യകേരള രൂപീകരണത്തിന് മുമ്പ് ശ്രീമൂലം പ്രജാസഭയിലും തിരുകൊച്ചി നിയമസഭയിലും വിദേശമൂലധനത്തില്‍ പ്രവര്‍ത്തിക്കുന്ന തോട്ടങ്ങള്‍ വഴി രാജ്യത്തിനോ പ്രജകള്‍ക്കോ പ്രത്യക്ഷത്തില്‍ ഒരു നേട്ടവുമില്ലെന്ന വാദം ഉയര്‍ന്നിരുന്നു. കേരളത്തിലെ ജന്മിവ്യവസ്ഥക്കൊപ്പം യൂറോപ്യന്‍ ഭൂവുടമ സ്ഥതയുടെ സവിശേഷത വിലയിരുത്താന്‍ ശ്രമിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിനേതാക്കളായ ഇ.എം.എസും എന്‍.സി.ശേഖറുമാണ്. ഇ.എം.എസ് 1940 കളിലെഴുതിയ ‘ഒന്നേകാല്‍ കോടി മലയാളികള്‍’ എന്ന ഗ്രന്ഥത്തില്‍ നിന്നാണ് പഠനങ്ങളുടെ തുടക്കം. ‘അസം കഴിഞ്ഞാല്‍ കേരളത്തെപ്പോലെ ഇത്രയധികം തോട്ടങ്ങളുള്ള മറ്റൊരു സംസ്ഥാനം ഇന്ത്യയിലില്ലെന്നും അതിലധികവും യൂറോപ്യന്‍മാരുടെ വകയാണെന്നും തിരുവിതാംകൂറിലെ തോട്ടങ്ങളിലൊരു ഗണ്യമായ ഭാഗത്തിന്റെ ഉടമസ്ഥന്മാരായ കണ്ണന്‍ദേവന്‍ മുതലായ യൂറോപ്യന്‍ കമ്പനികള്‍ മലയാളികളുടെ സാമ്പത്തിക അടിമത്തത്തിന്റെ പ്രത്യക്ഷോദാഹരണങ്ങളാണെന്നും’ അദ്ദേഹം ചൂണ്ടിക്കാട്ടി.


‘വന്‍കിട ജന്മിമാരെ ഇല്ലാതാക്കുകയും ചെറുകിട ജന്മിമാരുടെയും ഭേദപ്പെട്ട കൃഷിക്കാരുടെയും കീഴിലുള്ള കുടിയാന്മാര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും അവരുടെ മൗലികാവകാശങ്ങള്‍ അനുവദിച്ചുകൊടുക്കുകയും ചെയ്യണമെന്നും’ ‘യൂറോപ്യന്‍ മുതലാളിമാരുടെ സ്വത്തെല്ലാം കണ്ടുകെട്ടി പൊതുസ്വത്താക്കണ’മെന്നുമായിരുന്നു അന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലപാട്. ഹാരിസണ്‍സ് കമ്പനി നടത്തുന്ന വിഭവക്കൊള്ളയുടെ സ്വഭാവം ആദ്യം ചൂണ്ടിക്കാണിച്ചതും ഇ.എം.എസാണ്. കൊല്ലത്തെ പ്രോഗ്രസീവ് ലിറ്ററേച്ചര്‍ ഏജന്‍സി 1951 നവംബറില്‍ പ്രസിദ്ധീകരിച്ച ‘കേരളത്തിലെ കാര്‍ഷിക പ്രശ്‌നം’എന്ന പുസ്തകത്തിലാണ് ഇക്കാര്യം വിശദീകരിച്ചത്. ‘നമ്മുടെ ഈ രാജ്യത്ത് മുതലാളിത്ത രീതിയില്‍ നടത്തപ്പെടുന്ന കൃഷിയും പ്രധാന വ്യവസായങ്ങളും ബ്രിട്ടീഷ് കമ്പനികളാണ് നിയന്ത്രിക്കുന്നത്. തിരുവിതാംകൂറിലെ തോട്ടങ്ങള്‍ നടത്തുന്ന കമ്പനികളുടെ ഷെയറില്‍ 75 ശതമാനവും ബ്രിട്ടീഷുകാരുടേതായിരുന്നുു. അക്കാലത്ത് മലയാളം പ്ലാന്റേഷന്റെ (ഹാരിസണ്‍സ് കമ്പനി) ആസ്ഥാനം കൊല്ലമായിരുന്നു.
ആലപ്പുഴയില്‍ കയര്‍ വ്യവസായത്തിലും 50 ശതമാനവും ഇതുപോലെ ബ്രിട്ടീഷുകാരുടെതായിരുന്നു. വ്യവസായ, കാര്‍ഷിക ഉല്‍പന്നങ്ങളുടെയും കയറ്റുമതിയില്‍ അധികഭാഗവും നിയന്ത്രിക്കുന്നത് പിയേഴ്‌സ് ലെസ്ലി, ഹാരിസണ്‍സ് ആന്‍ഡ് ക്രോസ്ഫീല്‍ഡ് മുതലായ ബ്രിട്ടീഷ് കമ്പനികളായിരുന്നു. ഇവരാണ് നമ്മുടെ സാമ്പത്തിക വ്യവസ്ഥയ്ക്ക് മേല്‍ മേധാവിത്വം വഹിക്കുന്നതെന്ന് ഇ.എം.എസ് ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ചുള്ള വിശദീകരണത്തില്‍ പലപ്പോഴും സോവിയറ്റ് യൂണിയന്റെയും കിഴക്കന്‍ യൂറോപ്യ ന്‍ രാജ്യങ്ങളുടെയും അനുഭവപാഠങ്ങളാണ് ഇ.എം.എസ് അവതരിപ്പിച്ചത്.


കേരളത്തിനുമേലുള്ള വിദേശ മൂലധനത്തിന്റെ ശക്തമായ ഇടപെടല്‍ ചൂണ്ടിക്കാണിക്കാന്‍ ‘കേരളത്തിലെ വിദേശമൂലധനം’ എന്നൊരു ലഘുലേഖ എന്‍.സി. ശേഖര്‍ 1940 കളില്‍ പ്രസിദ്ധീകരിച്ചിരുന്നു. ജനങ്ങളെയാകെ അടിമപ്പെടുത്തി ചൂഷണവും അടിമത്തവും നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ ആവശ്യമായ ഒരു സവിശേഷ സാമ്പത്തികഘടന ബ്രിട്ടീഷുകാര്‍ രൂപപ്പെടുത്തിയെന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തല്‍. കേരളത്തിലെ തോട്ടം മേഖലയെക്കുറിച്ചുള്ള സൂക്ഷമ പഠനമായിരുന്നു ശേഖറിന്റേത്. അക്കാലത്ത് 4.35 ലക്ഷം ഏക്കര്‍ തോട്ടഭൂമിയുള്ളതില്‍ 2.87ലക്ഷം ഏക്കറും ബിട്ടീഷുകാരുടേതാണെന്നും 1947ല്‍ കണ്ണന്‍ദേവന്‍ ഒഴികെയുള്ള കമ്പനികള്‍ തട്ടിയെടുത്ത അറ്റാദായം 40.19 ലക്ഷമാണെന്നും അദ്ദേഹം പഠനത്തില്‍ ചൂണ്ടിക്കാട്ടി. തോട്ടം മേഖലയില്‍ ഏറെക്കാലമായി ആധിപത്യം ചെലുത്തിക്കൊണ്ടിരിക്കുന്ന ബ്രിട്ടീഷ് കമ്പനികളിലൊന്നാണ് ഹാരിസണ്‍സ് ആന്‍ഡ് ക്രോസ്ഫീൽഡ് എന്നും അദ്ദേഹം രേഖപ്പെടുത്തി.
ഈ പഠനങ്ങളുടെയും കൊളോണിയല്‍ വിരുദ്ധ-ജന്മിവിരുദ്ധ സമരങ്ങളുടെയും തുടര്‍ച്ചയായിരുന്നു 1957ലെ സര്‍ക്കാര്‍. ഇ.എം.എസ് വിലയിരുത്തുന്നത് പ്രകാരം ജന്മി- നാടുവാഴിത്ത വ്യവസ്ഥക്കും കൊളോണിയില്‍ ആധിപത്യത്തിനുമെതിരെയാണ് സമരം നടത്തിയത്. 1957 ഏപ്രില്‍ അഞ്ചിന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം ഇ.എം.എസ് തിരുവനന്തപുരത്ത് പൊതുയോഗത്തില്‍ ചെയ്ത പ്രസംഗത്തില്‍ ‘കേരളത്തിന്റെ സാമ്പത്തിക ഘടനയില്‍ അതിപ്രധാനമായ സ്ഥാനം വഹിക്കുന്ന തോട്ടം വ്യവസായത്തില്‍ ഇന്നുള്ള വിദേശീയ മേധാവിത്വം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ‘അന്യായമായ ലാഭം നമ്മുടെ സംസ്ഥാനത്തുനിന്നും അന്യരാജ്യങ്ങളിലേക്ക് കടത്തിക്കൊണ്ടുപോകുന്നുണ്ട്. ഇതിന് പുറമേ, വിദേശ മുതലാളിമാരുടെ സ്ഥാപനങ്ങള്‍ ഇവിടെ നിലനിര്‍ത്തുകയാണെങ്കില്‍, സാമ്പത്തികമായി മാത്രമല്ല, പത്തിരുന്നൂറ് കൊല്ലക്കാലമായി ഒരു കൊളോണിയല്‍ സമ്പ്രദായത്തില്‍ നാം രാഷ്ട്രീയമായിട്ടും സാംസ്‌കാരികമായിട്ടും വളരെ ദുരന്തദുരിതങ്ങള്‍ അനുഭവിച്ചുപോരുകയാണ്. അതിനും ഒരവസാനം വരുത്തണം’. ‘തോട്ടങ്ങള്‍ ദേശസാല്‍ക്കരിക്കുന്നത് നമ്മുടെ സാമ്പത്തിക പുരോഗതിക്ക് ആവശ്യമാണ്’. ഇതായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട്.
ചരിത്രത്തില്‍ ഭൂരഹിതര്‍ക്കൊരു വഴികാട്ടിയായിരുന്നു കെ.ആര്‍. ഗൗരിയമ്മ. ചുറ്റുപാടുമുളള മനുഷ്യരുടെ അടിമത്താവസ്ഥയുടെ ദുരിതം ഗൗരിയമ്മ തിരിച്ചറിഞ്ഞിരുന്നു. ജന്മിമാര്‍ മനുഷ്യരുടെ അവകാശങ്ങളെ നിഷേധിക്കാന്‍ സംഘം ചേര്‍ന്നപ്പോള്‍ ഗൗരിയമ്മ ഒരു ധിക്കാരിയെപ്പോലെ നിന്ന പോരാടി. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരിയായി. സ്വന്തം കാര്യങ്ങള്‍ക്കു വേണ്ടി തെന്റ ആദര്‍ശങ്ങളെ ഹോമിക്കാന്‍ ഗൗരിയമ്മ തയ്യാറായില്ല. സത്യത്തോട് നീതി പുലര്‍ത്തിയ നേതാവ്. അതിനാല്‍ റവന്യൂ മന്ത്രിയെന്ന നിലയില്‍ കേരള ചരിത്രത്തില്‍ തിളക്കമാര്‍ന്ന അധ്യായം എഴുതിച്ചേര്‍ക്കാനും ഗൗരിയമ്മക്ക് കഴിഞ്ഞു. 1967ലെ ഇ.എം.എസ് മന്ത്രിസഭയില്‍ റവന്യൂ മന്ത്രിയായ ഗൗരിയമ്മ ‘1877-ാം ആണ്ട് ജൂലൈ 11ന് പൂഞ്ഞാര്‍ രാജാവും ജോണ്‍ ഡാനിയേല്‍ മണ്‍റോയും തമ്മിലുള്ള ഉടമ്പടി പ്രകാരം കണ്ണന്‍ദേവന്‍ കമ്പനിയുടെ തേയിലത്തോട്ടങ്ങള്‍ സ്ഥിതിചെയ്യുന്ന ഭൂമി പാട്ടവ്യവസ്ഥയില്‍ കൊടുത്തിട്ടുള്ള’താണെന്ന ചരിത്രപരമായൊരു മറുപടി നല്‍കി. ആ വാക്കുകള്‍ ഇന്നും പ്രസക്തമാണ്.
കണ്ണന്‍ദേവന്‍ ഭൂമിയുടെ പാട്ടം സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തി. വിദേശീയ തോട്ടമുടമകള്‍ക്ക് പാട്ടത്തിന് ഭൂമി കൊടുത്തതിന്റെ വ്യവസ്ഥകളെപ്പറ്റി പഠിക്കാനും നിര്‍ദേശം നല്‍കി. ഏറെ താമസിയാതെ 1967ലെ രണ്ടാം കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നിലംപൊത്തി. 1969ല്‍ കോണ്‍ഗ്രസ് പിന്തുണയോടെ സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായി ഏഴുവര്‍ഷം കേരളത്തെ നയിച്ചു. 1970 ജനുവരി ഒന്നു മുതല്‍ കൃഷി ചെയ്യുന്ന കുടിയാന്മാരുടെ കൈവശഭൂമികളിലെ സര്‍വാവകാശങ്ങളും അധികാരങ്ങളും താല്‍പര്യങ്ങളും സര്‍ക്കാരില്‍ നിക്ഷിപ്തമാകുമെന്ന് ഉത്തരവുണ്ടായി. ജന്മി സമ്പ്രദായം നിര്‍മ്മാര്‍ജ്ജനം ചെയ്യുകയായിരുന്നു നിയമത്തിന്റെ ലക്ഷ്യം.


എ.കെ.ജിയുടെ നേതൃത്വത്തില്‍ ഭൂരഹിതരുടെ ഭൂമിക്കുവേണ്ടിയുള്ള സമരം ശക്തമാവുന്നതിനിടയിലാണ് സി. അച്യുത മേനോന്‍ തോട്ടം ദേശസാത്കരണം സജീവ ചര്‍ച്ചാവിഷയമാക്കുന്നത്. അതാകട്ടെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാട്ടിയുടെ നയമായിരുന്നു. 1970ല്‍ സഭയില്‍ നല്‍കിയ വിശദീകരണമനുസരിച്ച് ഇക്കാര്യത്തില്‍ അന്വേഷണ കമ്മീഷനെ നിയമിച്ചു. അതിന് സര്‍ക്കാര്‍ ഉത്തരവിറക്കുകയും ഗസറ്റ് നോട്ടിഫിക്കേഷന്‍ പരസ്യപ്പെടുത്തുകയും ചെയ്തു. ന്യൂഡല്‍ഹി ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇക്കണോമിക്‌സ് പ്രഫസര്‍ ഡോ.പി.കെ. ബര്‍ദന്‍ ചെയര്‍മാനും അതേ സ്ഥാപനത്തിലെ അസോസിയേറ്റ് പ്രൊഫ.ഡോ. എസ് ടെന്‍ഡുല്‍ക്കര്‍ അംഗവുമായി കമ്മിറ്റി രൂപീകരിച്ചു. ടേംസ് ഓഫ് റഫറന്‍സ് (പരിശോധനാ വിഷയം) അനുസരിച്ച് കേരളത്തിലെ വിദേശ ഉടമകളുടെ അധീനതയിലുള്ള പ്ലാന്റേഷനുകളുടെ ഇന്നത്തെ അവസ്ഥയും അവ സംസ്ഥാനത്തിന്റെ സാമ്പത്തിക നിലവാരത്തിന് നല്‍കുന്ന സംഭാവനയും വിലയിരുത്തുക, പ്ലാന്റേഷനുകളെ ദേശസാല്‍ക്കരിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയത്. 1970 ഓഗസ്റ്റ് 31 ന് അന്വേഷണം പൂര്‍ത്തീകരിക്കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം.
ഇതേകലാത്ത് എ.കെ.ജിയുടെ നേതൃത്വത്തില്‍ ഇടുക്കിയല്‍ വലിയഭൂ സമരം നടന്നു. തേയിലക്കൃഷിക്ക് കണ്ണന്‍ദേവന് നല്‍കിയ ഭൂമി തരിശിടുന്നുവെന്ന പരാതി ഉയര്‍ന്നു. ഇതോടെ സര്‍ക്കാര്‍ നിയമനിര്‍മ്മാണത്തിനൊരുങ്ങി. കണ്ണന്‍ദേവന്‍ കമ്പനി നിയമനിര്‍മ്മാണത്തിനെതിരെ രംഗത്തിറങ്ങി. സ്ഥിര(പെര്‍പ്പച്വല്‍)പാട്ടമല്ലെന്നും ‘ഔട്ട് റൈറ്റ് സെയില്‍’ ആണെന്നും അതിനാല്‍ ഭൂമിക്കുമേല്‍ പൂര്‍ണ ഉടമസ്ഥതയുണ്ടെന്നും 1970ല്‍ വിദേശ കമ്പനി അധികൃതര്‍ വാദിച്ചു. എന്നാല്‍, ഭൂമി പാട്ടത്തിന് നല്‍കിയതാണെന്നും സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയാണെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. അതേസമയം, ഭൂപരിഷ്‌കരണ നിയമപ്രകാരം വിദേശകമ്പനിയായ കണ്ണന്‍ദേവനും സീലിങ് റിട്ടേണ്‍ സമര്‍പ്പിച്ചു. ഭൂമി കമ്പനിയുടെ സ്വന്തമാണെന്ന് സ്ഥാപിച്ചെടുക്കാനായിരുന്നു ലാന്‍ഡ് ബോര്‍ഡിന് മുന്നില്‍ രേഖകള്‍ സമര്‍പ്പിച്ചത്. സീലിങ് റിട്ടേണ്‍ ആവശ്യമില്ലെന്ന നിലപാടാണ് അക്കാലത്ത് സര്‍ക്കാര്‍ സ്വീകരിച്ചത്.
ഇക്കാലത്ത് കമ്പനിയുമായുള്ള തര്‍ക്കങ്ങളില്‍ ഇടപെട്ട് എക്‌സിക്യൂട്ടീവ് ഉത്തരവ് വഴി ഭൂമി ഏറ്റെടുക്കാന്‍ ശ്രമിച്ചാല്‍ കാലതാമസവും പ്രായോഗിക വൈഷമ്യവുമുണ്ടാവുമെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നിയമനിര്‍മ്മാണത്തിനൊരുങ്ങി. കണ്ണന്‍ദേവന്‍ മലകള്‍ (ഭൂമി വീണ്ടെടുക്കല്‍) ബില്‍ 1971 മാര്‍ച്ച് 31ന് റവന്യൂ മന്ത്രി ബേബി ജോണ്‍ നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കി. അതിനെതിരെ കമ്പനി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി കമ്പനിയുടെ വാദം തള്ളി. ‘കേരളത്തിലെ ജനലക്ഷങ്ങളുടെ അഭിലാഷങ്ങള്‍ക്ക് രൂപം നല്‍കാനുള്ള സര്‍ക്കാരിന്റെ നടപടികളുടെ ഭാഗമാണ് ഈ ബില്ല്. തലചായ്ക്കാന്‍ ഇടമില്ലാതെ കടത്തിണ്ണകളില്‍ കിടന്നുറങ്ങുന്ന, രാവിലെ മുതല്‍ വൈകുന്നേരം വരെ പണിയെടുത്തുകിട്ടുന്ന കൂലി സ്വന്തം കുഞ്ഞുങ്ങളുടെ വിശപ്പടക്കാന്‍പോലും തികയാത്ത, സഹസ്രം പട്ടിണിപ്പാവങ്ങളു ടെയും ഭൂമിക്കുവേണ്ടി ദാഹിച്ച് നടക്കുന്ന ലക്ഷക്കണക്കിന് കര്‍ഷകത്തൊഴിലാളികളുടെയും രൂക്ഷമായ തൊഴിലില്ലായ്മ കാരണം തൊഴിലിന് വേണ്ടി കേണുനടക്കുന്ന അനേകലക്ഷം ആളുകളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള വളരെ ആത്മാര്‍ത്ഥമായ പരിശ്രമമാണ് നിയമനിര്‍മ്മാണമെന്ന് ബേബി ജോണ്‍ നിയമസഭയില്‍ പറഞ്ഞു.


രാജ്യസ്‌നേഹമുള്ള ആരും വിദേശക മ്പനിയുടെ ഉടമസ്ഥതയിലിരിക്കുന്ന ഈ ഭൂമി നിയമം വഴി ഏറ്റെടുക്കുന്നതിന് എതിരാകില്ലെന്നായിരുന്നു ബേബി ജോണിന്റെ വാദം. ‘കണ്ണന്‍ ദേവന്‍ കമ്പനിയുടെ ഭൂമി മാത്രമല്ല, വിദേശീയരായിട്ടുള്ള സകലയാളുകളുടെയും വ്യവസായങ്ങളുടെയും ഭൂമി ഒരു പൈസപോലും പ്രതിഫലം കൊടുക്കാതെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലും പരിപാടിയിലും പറഞ്ഞിരിക്കുന്നതെന്ന്’ ഗൗരിയമ്മ വ്യക്തമാക്കി. കണ്ണന്‍ദേവന്‍ ഭൂമി മാത്രമല്ല മറ്റ് പ്ലാന്റേഷന്‍ ഭൂമികളും കൂടി ഏറ്റെടുക്കാന്‍ ബല്ലില്‍ വ്യവസ്ഥ ചെയ്യണമെന്നും ഭൂസംരക്ഷണ നിയമത്തില്‍ ഒരു ഭേദഗതി വരുത്തി ഭൂമി ഏറ്റെടുക്കാന്‍ കഴിയുമെന്നുമായിരുന്നു ഗൗരിയമ്മയുടെ നിലപാട്. മനുഷ്യ ജീവിതത്തെ നിയന്ത്രിക്കുന്ന ഘടകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഭൂമിയാണെന്ന് ഗൗരിയമ്മ തിരിച്ചറിഞ്ഞിരുന്നു. ജന്മിത്തത്തെ ക്രൂരമായി പരിഹസിക്കുകയും തൊഴിലാളവര്‍ഗ്ഗത്തിനൊപ്പം നില്‍ക്കുകയുമാണ് ഗൗരിയമ്മ ചെയ്തത്. രണ്ടാം ഭൂപരിഷ്‌കരണവുമായി മുന്നോട്ടുവരുന്ന വി.ഡി സതീശന് മുന്നില്‍ കേരളം ഒന്നിച്ച് നിന്ന് വിളിക്കേണ്ടത് ഇ.എം.എസും എന്‍.സി. ശേഖറും ഉയര്‍ത്തിയ മുദ്രാവാക്യമാണ്: വിദേശതോട്ടം ഭൂമി ഏറ്റെടുക്കാന്‍ നിയമനിര്‍മ്മാണം നടത്തുക.

