Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


Keraleeyam Archive : Rediscovering Forgotten Voices -2
ജനിതകമാറ്റം വരുത്തിയ വഴുതനങ്ങ ഇന്ത്യയിൽ വികസിപ്പിക്കുന്നതിനും കൃഷി ചെയ്യുന്നതിനും വേണ്ടി മഹികോ എന്ന ഇന്ത്യൻ വിത്ത് കമ്പിനി ശക്തമായ ശ്രമം നടത്തിയിരുന്നു. എന്നാൽ ആരോഗ്യ-പാരിസ്ഥിതിക പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് കർഷകരും ഒരു കൂട്ടം ശാസ്ത്രജ്ഞരും ഇതിനെ എതിർത്തു. അങ്ങനെയാണ് 2009 ഒക്ടോബർ 15ന് അന്നത്തെ കേന്ദ്ര മന്ത്രി ജയറാം രമേശ് ബി ടി വഴുതനക്ക് തത്കാലം അനുമതി നൽകേണ്ടെന്ന് തീരുമാനിച്ചത്. അക്കാലത്ത് നടന്ന പ്രതിഷേധങ്ങളെക്കുറിച്ച് പരിസ്ഥിതി പ്രവർത്തകയും കാർഷിക വിദഗ്ധയുമായ എസ് ഉഷ എഴുതിയ ലേഖനം ആർക്കൈവിൽ നിന്നും വീണ്ടെടുക്കുന്നു (2010 ഫെബ്രുവരി ലക്കം).
ബി ടി വഴുതിനക്ക് തത്കാലം അനുമതി നൽകേണ്ടെന്ന് കേന്ദ്രമന്ത്രി ജയറാം രമേശ് പറഞ്ഞതോടെ ഈ രംഗത്തെ സമരങ്ങൾക്ക് കൂടുതൽ ഉത്തരവാദിത്വം ആവശ്യമായിരിക്കയാണ്. ബി ടി വിളകളുമായി രംഗത്തുള്ള വൻകിട കമ്പനിക്കാരുടെ സമ്മർദങ്ങൾ കൂടുതൽ ശക്തമാകുകയും ബി ടി വഴുതിന അടക്കമുള്ള കൃതിമ വിളകൾക്ക് ഇനിയും അനുമതി വാങ്ങിയെടുക്കാനുള്ള തന്ത്രം അണിയറയിൽ നടക്കുമെന്നും ഉറപ്പാണ്. അത്തരം കാര്യങ്ങൾ മുൻകൂട്ടിക്കണ്ട് പരിസ്ഥിതി പ്രവർത്തകരും പൊതുപ്രവർത്തകരും അടക്കമുള്ള പൊതുസമൂഹം കൂടുതൽ ജാഗ്രത നേടേണ്ടതുണ്ട്. നമ്മുടെ ജാഗ്രത്തായ ഇടപെടലിന്റെയും പ്രക്ഷോഭത്തിന്റെയും ഫലമായി യഥാർത്ഥ വസ്തുതകൾ അറിയാൻ മന്ത്രിയും മറ്റും ശ്രമിച്ചതിനാലാണ് ബി ടി വഴുതിന കൃഷി ചെയ്യാനുള്ള അനുമതി തത്കാലത്തേക്കെങ്കിലും നിർത്തിവെച്ചത്.
ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളിലായി നടന്ന പൊതുചർച്ചക്ക് ശേഷമാണ് മന്ത്രി ഈ തീരുമാനമെടുത്തത്. ഇക്കഴിഞ്ഞ ഒക്ടോബർ 14നാണ് കേന്ദ്രത്തിലെ ജനറ്റിക് എൻജിനിയറിംഗ് അപ്രൂവൽ കമ്മിറ്റി ബി ടി വഴുതിനക്ക് അനുമതി നൽകിക്കൊണ്ട് തീരുമാനമെടുത്തത്. രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നും ആയിരക്കണക്കിനാളുകൾ ഈ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് അതേദിവസം കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയറാം രമേശിന് ഫാക്സും ഇമെയിലും അയക്കുകയുണ്ടായി. ബി ടി വഴുതിന മൂലമുണ്ടാകാൻ സാധ്യതയുള്ള പരിസ്ഥിതി മലിനീകരണവും ദീർഘകാലം ഈ വഴുതിന കഴിച്ചാലുണ്ടാകാനിടയുള്ള ആരോഗ്യത്തകരാറുകളും എടുത്തുകാട്ടിയായിരുന്നു പ്രതികരണം. ബി ടി വഴുതിന വികസിപ്പിച്ചെടുത്ത മഹികോ എന്ന വിത്ത് കമ്പനി നടത്തിയ പഠനങ്ങളെ ഒരു സ്വതന്ത്ര ഏജൻസിയും വിലിയിരുത്തിയിട്ടില്ലെന്നും ലോകപ്രശസ്ത ശാസ്ത്രജ്ഞനായ ഡോ. പുഷ്പ ഭാർഗവയും പറഞ്ഞു. ഇതേത്തുടർന്ന് ഒക്ടോബർ 15നാണ് ജയറാം രമേശ്, ഒരു പൊതുചർച്ചക്ക് ശേഷം മാത്രമേ ബി ടി വഴുതിനക്ക് അന്തിമാനുമതി നൽകൂ എന്ന് പറഞ്ഞത്. കർഷകരും ഉപഭോക്താക്കളും ശാസ്ത്രജ്ഞരും ഈ തീരുമാനത്തെ സ്വാഗതം ചെയ്തു.


തുടർന്ന് ഏഴ് സ്ഥലങ്ങളിൽ വെച്ച് ഇക്കഴിഞ്ഞ ജനുവരി – ഫെബ്രുവരി മാസങ്ങളിലായി പൊതുചർച്ച നടന്നു. എല്ലാ ചർച്ചകളിലും ജയറാം രമേശ് പങ്കെടുക്കുകയും ചെയ്തു. കൊൽക്കത്ത, ഭുവനേശ്വർ, അഹമ്മദാബാദ്, നാഗ്പൂർ, ചണ്ഡിഗഢ്, ഹൈദരബാദ്, ബംഗളൂരു എന്നിവിടങ്ങളിൽ വെച്ചായിരുന്നു പൊതുചർച്ച നടന്നത്. ഈ ചർച്ചകളിലെല്ലാം തന്നെ കർഷക സംഘടനകളും ഉപഭോക്താക്കളും ശാസ്ത്രജ്ഞരും വിദ്യാർത്ഥികളും അമ്മമാരും പൊതു താത്പര്യ സംഘടനകളും പങ്കെടുത്ത് തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തു. ഇതിൽ പ്രധാനമായി വന്ന നിർദേശങ്ങൾ ചില ശാസ്ത്രജ്ഞരിൽ നിന്ന് തന്നെയായിരുന്നു.
ഒറീസയിലെ കാർഷിക സർവകലാശാല വൈസ് ചാൻസലർ തന്നെ ബി ടി വഴുതിനക്കെതിരെ രംഗത്തെത്തി. ഒറീസ സംസ്ഥാനത്താണ് 20 ശതമാനം വഴുതിന ഉത്പാദനം നടക്കുന്നത്. വഴുതിനയുടെ വൈവിധ്യം ഒട്ടുവളരെയുള്ള സംസ്ഥാനമാണ് ഒറീസ. ബി ടി വഴുതിന ഈ വൈവിധ്യത്തെ ഇല്ലാതാക്കുമെന്നും ചെറുകിട – നാമമാത്രമായ കർഷകരാണ് വഴുതിന കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കൊൽക്കത്തയിലെ കർഷകർ പറഞ്ഞത് അവർ ഉത്പാദിപ്പിക്കുന്ന വഴുതിനക്ക് വില കിട്ടാത്തതാണ് അവരുടെ പ്രശ്നമെന്നാണ്. ഉത്പാദനത്തിൽ ഒരു കുറവുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഹമ്മദാബാദിലും നാഗ്പൂരിലും നിന്ന് എത്തിയ ശാസ്ത്രജ്ഞരും പൊതുതാത്പര്യ സംഘടനകളും ബി ടി പരുത്തിയുടെ പ്രശ്നങ്ങളെക്കുറിച്ച് അഭിപ്രായപ്പെട്ടപ്പോൾ, ബി ടി പരുത്തി കൃഷി ചെയ്ത് ആത്മഹത്യ ചെയ്ത കർഷകരുടെ വിധവകൾ തങ്ങളുടെ ദുരന്തമാണ് മന്ത്രിയുടെ മുന്നിൽ വേദനയോടെ അവതരിപ്പിച്ചത്.
ബംഗളൂരുവിൽ നടന്ന ചർച്ചയിൽ മൊൺസാന്റോ (ബി ടി ജീനി ന്റെ പേറ്റന്റ് എടുത്തിരുന്ന കുത്തക കമ്പനി)യിലെ മാനേജരായിരുന്ന ജഗദീഷ് ബി ടി വഴുതിനക്കെതിരെ തുറന്നടിച്ചു. മൊൺസാന്റോ എന്ന കമ്പനിക്ക് വിത്തിന്റെ പേറ്റന്റിലും തങ്ങൾക്ക് ലഭിക്കുന്ന ലാഭത്തിലും മാത്രമേ താത്പര്യമുള്ളൂ എന്നും ഇന്ത്യയിലെ കർഷകരെക്കുറിച്ച് യാതൊരു വേവലാതിയും അവർക്കില്ലെന്നും അദ്ദേഹം മന്ത്രിയോട് പറഞ്ഞു.
ബി ടി വഴുതിന ലോകത്തിലൊരിടത്തും, അമേരിക്കയിൽ പോലും അനുവദിച്ചിട്ടില്ല. എന്തിനാണ് ഇന്ത്യൻ ജനതയെ പരീക്ഷണ മൃഗങ്ങളാക്കുന്നതെന്നാണ് പലരും മന്ത്രിയോട് അന്നു ചോദിച്ചത്. ഇന്ത്യയിൽ ഏകദേശം 2500 ഓളം ഇനം കായ് വഴുതിനയുണ്ടെന്നും ഇവയിൽ പലതും തണ്ടുതുരപ്പൻ പുഴുവിനെ പ്രതിരോധിക്കാൻ കഴിവുള്ളവയാണന്നും ജൈവകർഷകരും വാദിച്ചു.


ബി ടി വഴുതിനയെ അനുകൂലിക്കുന്നവർക്ക് അവിടെ ഒരു വാദമേ ഉണ്ടായിരുന്നുള്ളൂ. കീടനാശിനിയുടെ ഉപയോഗം കുറക്കാൻ കഴിയുമെന്നായിരുന്നു അത്. ഇതിനും കർഷകർക്കും ശാസ്ത്രജ്ഞർക്കും മറുപടിയുണ്ടായിരുന്നു. കീടനാശിനിയില്ലാതെ തന്നെ കീടനിയന്ത്രണം നടത്താൻ പറ്റുന്ന സാങ്കേതിക വിദ്യകൾ ഉണ്ടെന്നായിരുന്നു ഇത്. ആന്ധ്രാപ്രദേശിൽ 20 ലക്ഷം ഹെക്ടറിൽ ലക്ഷക്കണക്കിന് കർഷകരെ ഉൾപ്പെടുത്തിക്കൊണ്ട് വിജയകരമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന എൻ പി എം പ്രോഗ്രാം (കീടനാശിനി രഹിത കീടനിയന്ത്രണം) മന്ത്രി ജയറാം രമേശും നേരിട്ട് കണ്ടിട്ടുള്ളതാണ്. ഇതിന്റെയെല്ലാം അനുഭവത്തിൽ നിന്നുകൊണ്ടാകാം ബി ടി വഴുതിന സംബന്ധിച്ച് പുതിയ തീരുമാനം മന്ത്രി കഴിഞ്ഞ ദിവസം എടുത്തതെന്നാണ് കരുതുന്നത്.
ഒന്നാം ഹരിതവിപ്ലവം സൃഷ്ടിച്ച ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കണമെങ്കിൽ ജനാധിപത്യ മാർഗത്തിൽ ഇത്തരം ചർച്ചകളും തീരുമാനങ്ങളും ഉണ്ടായേതീരൂ. രണ്ടാം ഹരിതവിപ്ലവത്തിന്റെ വഴി ജൈവവൈവിധ്യത്തെ നശിപ്പിച്ചുകൊണ്ടോ ജനങ്ങളുടെ ആരോഗ്യത്തെ തകർത്തുകൊണ്ടോ കർഷകരുടെ സ്വാശ്രയത്വം നശിപ്പിച്ചുകൊണ്ടോ ആകരുത്.
ഇന്ന് കേരളം അടക്കം പത്തോളം രാജ്യങ്ങളാണ് ബി ടി വഴുതിനക്കെതിരെ ശക്തമായ നിലപാടെടുത്തിരിക്കുന്നത്. കേരളമാണ് ഒരു സംസ്ഥാനമെന്ന നിലയിൽ ആദ്യമായി തങ്ങളുടെ വിയോജിപ്പ് കേന്ദ്രത്തെ അറിയിച്ചത്. ജനിതകമാറ്റം വരുത്തിയ ഒരു വിളയും കേരളത്തിൽ അനുവദിക്കില്ലെന്നാണ് കേരളം മുന്നോട്ടുവെച്ചിരിക്കുന്നത്. കേരളത്തിൽ ജൈവവൈവിധ്യ സമ്പത്തിനെ, പശ്ചിമഘട്ടത്തെ സംരക്ഷിക്കാനുള്ള വലിയൊരു തീരുമാനമാണ് ഇത്. ഇതിന്റെ പ്രാധാന്യം കൂടി കണക്കിലെടുത്തായിരിക്കണം ഇനിയുള്ള നാളുകളിൽ സുപ്രധാന വിഷയങ്ങളിൽ തീരുമാനമെടുക്കണ്ടത്.

