ശാന്തമായ താഴ്വരയും അശാന്തമായ കാലവും

കശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 370 കേന്ദ്ര സർക്കാർ റദ്ദാക്കിയിട്ട് മൂന്ന് വർഷം പിന്നിടുകയാണ്. 2019 ആഗസ്റ്റ് 5 ന് ആർട്ടിക്കിൾ 370 റദ്ദാക്കപ്പെടുമ്പോൾ ശ്രീന​ഗറിനടുത്തുള്ള മലൂറയിലെ ഒരു സ്കൂളിൽ കലാ അധ്യാപകനായി ജോലി ചെയ്തിരുന്ന അനസ് കയനിക്കൽ അക്കാലത്തെ കശ്മീർ ചിത്രങ്ങളിലൂടെ കർഫ്യൂകാല ജീവിതം വിവരിക്കുന്നു. കർഫ്യൂ കാരണം ശ്രീന​ഗറിൽ തുടരാൻ കഴിയാതെ കേരളത്തിലേക്ക് മടങ്ങുകയായിരുന്നു അന്ന് ഒരുകൂട്ടം മലയാളികൾ.

കശ്മീരിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും പ്രമുഖ രാഷ്ട്രീയ നേതാക്കളെയെല്ലാം വീട്ടുതടങ്കലിലാക്കുകയും ചെയ്ത നാളുകൾ. കർഫ്യൂവിനെ തുടർന്ന് ജനങ്ങൾ ഭീതിയാൽ ഒഴിഞ്ഞുപോവുകയും പട്ടാളക്കാർ വലിയ തോതിൽ നിറയുകയും ചെയ്ത തെരുവുകൾ. നിലച്ചുപോയ ഇന്റർനെറ്റ് സേവനം. സാധാരണ ജീവിതം പൂർണ്ണമായും സ്തംഭിച്ചിരിക്കുന്നു. ശ്രീന​ഗറിൽ തുടരാൻ പ്രയാസമായതോടെ സ്കൂളിലെ മറ്റ് മലയാളി അധ്യാപകർക്കൊപ്പം പൂഞ്ചിലേക്ക് പലായനം ചെയ്യാൻ തീരുമാനിച്ചു. അവിടെ ഇന്റർനെറ്റ് സൗകര്യമുണ്ടാകും എന്നായിരുന്നു കേട്ടുകേൾവി. സ്വകാര്യ വാഹനങ്ങൾക്ക് നിരോധനമുണ്ടായിരുന്നതുകൊണ്ട് സ്കൂൾ ബസ്സിലാണ് യാത്ര. വഴിനീളെ ചെക്ക്പോസ്റ്റുകളും പട്ടാളവും മാത്രം. കടുത്ത പരിശോധനയാണ് എല്ലായിടത്തും നേരിടേണ്ടി വന്നത്. മുസ്ലീം നാമധാരികൾക്ക് പരിശോധനകൾ കൂടുതലായി അഭിമുഖീകരിക്കേണ്ടി വന്നു. പതിവിലും ഏറെ സമയമെടുത്താണ് പൂഞ്ചിൽ എത്തിച്ചേർന്നത്. എന്നാൽ പൂഞ്ചിൽ എത്തുമ്പോൾ അവിടെയും ഇന്റർനെറ്റ് കിട്ടുന്നുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പൂഞ്ചിലുള്ള സുഹൃത്തുക്കൾ ജമ്മുവിലേക്ക് പോകാൻ തയ്യാറായി നിൽക്കുകയായിരുന്നു. അവർക്കൊപ്പം ജമ്മുവിലേക്ക് യാത്ര തിരിച്ചു. കശ്മീരിലേക്ക് തിരികെ പോകാൻ പ്രയാസമായതോടെ രണ്ട് ദിവസം ജമ്മുവിൽ പല സ്ഥലങ്ങളിലായി തങ്ങി കേരളത്തിലേക്ക് മടങ്ങി.

കശ്മീരിൽ നിന്നുള്ള ആദ്യത്തെ മടക്കയാത്രയായിരുന്നില്ല അത്. 2016 ജൂലൈയിൽ ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനി കൊല്ലപ്പെട്ട സമയത്തും സമാനമായ അവസ്ഥയിലൂടെ കടന്നുപോയിരുന്നു. അന്ന് ശ്രീന​ഗറിലെ മറ്റൊരു സ്കൂളിൽ കലാ അധ്യാപകനായിരുന്നു. ഫോൺ വിളിക്കാൻ പോലും കഴിയാത്തതരത്തിൽ മാസങ്ങളോളം കർഫ്യൂ നീണ്ടതോടെ അന്നും ശ്രീന​ഗറിൽ നിന്നും ജമ്മുവിലേക്ക് പലായനം ചെയ്ത് നാട്ടിലേക്ക് പോരേണ്ടിവന്നു.

2019ൽ ശ്രീന​ഗറിൽ ഉണ്ടായിരുന്ന കാലത്ത് താഴ്വരയിൽ നിന്നും പകർത്തിയ ചിത്രങ്ങളാണ് ഇത്.

Subscribe Keraleeyam Weekly Newsletter

To keep abreast with our latest in depth stories.

Also Read