ജനവിധിയും തകരുന്ന പഴയ മാധ്യമ രീതികളും

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

2026 കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നേരിടേണ്ടി വന്നത് ഒരു രാഷ്ട്രീയ പരാജയം മാത്രമല്ല. ഒരുകാലത്ത് പൊതുജനാഭിപ്രായം സൂക്ഷ്മമായി രൂപപ്പെടുത്താൻ സർക്കാരുകളെ സഹായിച്ചിരുന്ന പഴയ മാധ്യമ സംവിധാനത്തിന്റെ തകർച്ച കൂടിയായിരുന്നു അത്. കോൺഗ്രസ് നേതൃത്വം നൽകുന്ന ഐക്യ ജനാധിപത്യ മുന്നണിയുടെ വൻ വിജയം, കേരള രാഷ്ട്രീയം ഒരു പുതിയ ആശയവിനിമയ കാലഘട്ടത്തിലേക്ക് കടന്നിരിക്കുന്നു എന്നാണ് തെളിയിക്കുന്നത് — ടെലിവിഷൻ ചർച്ചകളോ പത്രങ്ങളുടെ മുഖപ്രസം​ഗങ്ങളോ അല്ല, റീലുകളും മീമുകളും പാരഡി വീഡിയോകളും വോട്ടർമാരെ കൂടുതൽ സ്വാധീനിക്കുന്ന ഒരു കാലഘട്ടത്തിലേക്ക്.

ഏകദേശം ഒരു ദശാബ്ദക്കാലം, പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സ‍ർക്കാർ വളരെ നിയന്ത്രിതമായ ഒരു ആശയവിനിമയ ശൈലിയെയാണ് ആശ്രയിച്ചത്. ദൈനംദിന വാർത്താ സമ്മേളനങ്ങൾ, ടെലിവിഷനിലെ ആസൂത്രിതമായ പ്രത്യക്ഷമാകലുകൾ, സൂക്ഷ്മമായി രൂപപ്പെടുത്തിയ ദൃശ്യങ്ങൾ എന്നിവയിലൂടെ ശക്തനും സ്ഥിരതയുള്ളതുമായ ഒരു ഭരണാധികാരിയായി മുഖ്യമന്ത്രി അവതരിപ്പിക്കപ്പെട്ടു. കോവിഡ് കാലത്ത് ഈ പ്രതിഛായ രാഷ്ട്രീയമായി ഏറെ സ്വാധീനം ചെലുത്തി. എന്നാൽ 2026 ഓടെ, കേരളത്തിലെ അതിവേഗം മാറുന്ന ഡിജിറ്റൽ സംസ്കാരത്തിന്റെ മുന്നിൽ ആ ആശയവിനിമയ ഘടന ക്ഷയിക്കാൻ തുടങ്ങി.

ആഖ്യാന നിയന്ത്രണത്തിൽ നിന്നും ആഖ്യാന വിഘടനത്തിലേക്ക്

മാധ്യമ ഗവേഷകനായ ശാന്തോ അയ്യങ്കാർ രാഷ്ട്രീയത്തെ രണ്ട് രീതിയിൽ ഫ്രെയിം ചെയ്യാമെന്ന് വളരെക്കാലം മുമ്പ് വിശദീകരിച്ചിരുന്നു. ​ഒന്നാമത്തേത്, ‘തീമാറ്റിക് ഫ്രെയിമിംഗ്’ (Thematic framing) — വികസനം, ക്ഷേമം, ഭരണനിർവഹണം തുടങ്ങിയ വലിയ ഘടനകളെക്കുറിച്ച് സർക്കാരുകൾ സംസാരിക്കുന്ന രീതി. രണ്ടാമത്തേത്, ‘എപ്പിസോഡിക് ഫ്രെയിമിംഗ്’ (Episodic framing) — വികാരഭരിതമായ ചെറിയ സംഭവങ്ങളിലേക്കും നാടകീയമായ വ്യക്തിഗത സംഭവങ്ങളിലേക്കും പൊതുജനശ്രദ്ധ മാറുന്ന രീതി.

എൽഡിഎഫ് പ്രധാനമായും ആശ്രയിച്ചിരുന്നത് തീമാറ്റിക് ഫ്രെയിമിംഗിനെയായിരുന്നു. അടിസ്ഥാന സൗകര്യ വികസനം, ക്ഷേമപദ്ധതികളുടെ തുടർച്ച, ഭരണപരമായ മികവ് തുടങ്ങിയ ആശയങ്ങൾ അവർ നിരന്തരം ഉയർത്തിക്കാട്ടി. എന്നാൽ ഇൻസ്റ്റാഗ്രാം റീൽസുകളും, യൂട്യൂബ് ഷോർട്സുകളും, ട്രോളുകളും നീണ്ട വിശദീകരണങ്ങളിലൂടെയല്ല പ്രവർത്തിക്കുന്നത്. മറിച് വികാരം, വേഗത, ആവർത്തനം എന്നിവയിലൂടെയാണ് അവ സ്വാധീനം ചെലുത്തുന്നത്. ശബരിമലയിലെ സ്വർണ്ണക്കൊള്ള വിവാദ സമയത്ത് ഇത് വളരെ വ്യക്തമായി പ്രകടമാവുകയും ചെയ്തു.

“പോറ്റിയെ കേറ്റിയേ” എന്ന പാരഡി ട്രാക്ക്പാടുന്ന വീഡിയോയിൽ നിന്നുള്ള ദൃശ്യം.

നിയമപരമോ, ഭരണപരമോ ആയ ചർച്ചയായി ഒതുങ്ങുന്നതിന് പകരം ഈ വിഷയം പതിയെ ഡിജിറ്റൽ ലോകത്ത്, പല ആഖ്യാനങ്ങളായി (fragmented narratives) വളരെ വേഗത്തിൽ മാറ്റപ്പെട്ടു. ദേഷ്യം, സംശയം, പരിഹാസം, മതവികാരം എന്നീ പലവിധ വികാരങ്ങളിലാണ് വ്യത്യസ്തമായ റീൽസുകൾ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഔദ്യോഗിക വിശദീകരണത്തെയും വാർത്താ റിപ്പോർട്ടുകളെയും മറികടന്ന്, പരിഹാസ രൂപേണയുള്ള (parody) ഡിജിറ്റൽ സംസ്ക്കാരമാണ് ഈ വിവാദത്തെക്കുറിച്ചുള്ള പൊതുസ്മരണയെ (public memory) രൂപപ്പെടുത്തിയത്.

“പോറ്റിയെ കേറ്റിയേ” എന്ന പാരഡി ട്രാക്ക് ഏതാനും മണിക്കൂറുകൾക്കുള്ളിൽ കേരളത്തിന്റെ റീൽ സംസ്കാരത്തിന്റെ ഭാഗമായിത്തീർന്നു. ട്രോളുകളിലും, ആക്ഷേപഹാസ്യ വീഡിയോകളിലും, രാഷ്ട്രീയ ഉള്ളടക്കങ്ങളിലും ഈ ഓഡിയോ വീണ്ടും ഉപയോഗിച്ചത് ആയിരക്കണക്കിന് ഉപയോക്താക്കളാണ്. ഗൗരവമേറിയ ഒരു വിവാദത്തെ ആ ഗാനം ഒരു വൈറൽ സാംസ്കാരിക പരാമർശമായി (viral cultural reference) മാറ്റി. വിശദമായ ഒരു റിപ്പോർട്ട് പോലും ജീവിതത്തിൽ വായിക്കാൻ സാധ്യതയില്ലാത്ത യുവപ്രേക്ഷകർ, തമാശയും പരിഹാസവും നിറഞ്ഞ ഇത്തരം ഹ്രസ്വ വീഡിയോകളിലൂടെയാണ് ഈ പ്രശ്നത്തെ നിരന്തരം അഭിമുഖീകരിച്ചത്.

ഇതാണ് ഇന്നത്തെ ഡിജിറ്റൽ മാധ്യമാന്തരീക്ഷത്തിന്റെ ശക്തി. ഈ കാലത്ത് ഒരു രാഷ്ട്രീയ വിവാദം പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നത് വാർത്താ ബുള്ളറ്റിനുകളിലൂടെയല്ല, മറിച്ച് റീമിക്സ് സംസ്കാരത്തിലൂടെയാണ് (remix culture). ​ഇവിടെ ഓരോ ക്ലിപ്പും എഡിറ്റ് ചെയ്യാവുന്നതാകുന്നു, ഓരോ മുദ്രാവാക്യവും മീം മെറ്റീരിയലാകുന്നു, ഓരോ വിവാദവും വീണ്ടും ഉപയോഗിക്കാവുന്ന ടെംപ്ലേറ്റാകുന്നു. ക്രമേണ, പൊതുജനങ്ങൾ വിഷയങ്ങളെ എങ്ങനെ മനസ്സിലാക്കുന്നു എന്നതിലുള്ള നിയന്ത്രണം സർക്കാരുകൾക്ക് നഷ്ടപ്പെടുന്നു.

പങ്കാളിത്ത വോട്ടർ സമൂഹത്തിന്റെ ഉയർച്ച

കേരളത്തിലെ വോട്ടർമാർ ഇപ്പോൾ ടെലിവിഷന് മുന്നിൽ നിശ്ചലമായി ഇരിക്കുന്ന പ്രേക്ഷകരല്ല. രാഷ്ട്രീയ സന്ദേശങ്ങളെ സജീവമായി എഡിറ്റ് ചെയ്യാനും, റീമിക്സ് ചെയ്യാനും, തങ്ങളുടേതായ രീതിയിൽ വ്യാഖ്യാനിക്കാനും ഇന്ന് അവർക്ക് കഴിയുന്നുണ്ട്. പ്രമുഖ മാധ്യമ ചിന്തകനായ ഹെൻറി ജെങ്കിൻസ് ‘ടെക്സ്റ്റുവൽ പോച്ചിംഗ്’ (Textual poaching) എന്ന് വിളിച്ച പ്രതിഭാസത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. അതായത്, പ്രേക്ഷകർ മാധ്യമ ഉള്ളടക്കങ്ങളെ വെറുതെ വിഴുങ്ങുകയല്ല ചെയ്യുന്നത്; മറിച്ച് അവയെ മനസിലാക്കുകയും അർത്ഥം തന്നെ മാറ്റി എഴുതുകയും ചെയ്യുന്നു.

2026-ലെ തെരഞ്ഞെടുപ്പിൽ ഏതാണ്ട് എല്ലാ ദിവസവും ഇത് ദൃശ്യമായിരുന്നു. റോഡുകൾ, ക്ഷേമപദ്ധതികൾ, വികസന പ്രവർത്തനങ്ങൾ എന്നിവ ഉയർത്തിക്കാട്ടുന്ന ആകർഷകമായ ക്യാമ്പയിൻ റീൽസുകൾ എൽഡിഎഫ് പുറത്തിറക്കിയിരുന്നു. എന്നാൽ ഓൺലൈൻ ഉപയോക്താക്കൾ വളരെ പെട്ടെന്ന് തന്നെ ഈ ദൃശ്യങ്ങളെ ആക്ഷേപഹാസ്യങ്ങളാക്കി മാറ്റുന്നു. ചില വീഡിയോകളിൽ അവർ പരിഹാസം നിറഞ്ഞ പശ്ചാത്തല സംഗീതം ചേർത്തു, മറ്റു ചിലർ സ്പ്ലിറ്റ്-സ്ക്രീൻ (split-screen) എഡിറ്റിംഗിലൂടെ (ഒരേ സമയം സ്ക്രീനിനെ രണ്ടോ അതിൽ കൂടുതലോ ഭാഗങ്ങളായി തിരിച്ച്, ഒന്നിലധികം വീഡിയോകളോ ചിത്രങ്ങളോ ഒരേ ഫ്രെയിമിൽ കാണിക്കുന്ന രീതി) സർക്കാരിന്റെ ഔദ്യോഗിക അവകാശവാദങ്ങളെ പ്രാദേശികമായ തൊഴിലില്ലായ്മയോ പൂർത്തിയാകാത്ത പദ്ധതികളോ പോലുള്ള ജനങ്ങളുടെ യഥാർത്ഥ പ്രതിസന്ധികളുമായി താരതമ്യം ചെയ്ത് കാണിച്ചു.

ഏറെ ചർച്ച ചെയ്യപ്പെട്ട ‘കേരള മോഡൽ’ എന്ന ആശയം പോലും ഇത്തരത്തിലുള്ള പങ്കാളിത്ത ഡിജിറ്റൽ സംസ്കാരത്തിന്റെ (participatory digital culture) ഭാഗമായി മാറി. അനുകൂലികൾ ക്ഷേമത്തിന്റെയും പുനരധിവാസത്തിന്റെയും കഥകൾ അവതരിപ്പിച്ചപ്പോൾ, വിമർശകരും ട്രോളർമാരും ഇതേ ആഖ്യാനങ്ങളെ സാമ്പത്തിക പ്രതിസന്ധിയെയും യുവാക്കളുടെ നിരാശയെയും കുറിച്ചുള്ള തമാശകളാക്കി മാറ്റി.

ഇവിടെ സംഭവിച്ച പ്രധാന മാറ്റം, ഒരു രാഷ്ട്രീയ പാർട്ടി ഒരു വീഡിയോ അപ്‌ലോഡ് ചെയ്യുന്നതോടെ അവരുടെ രാഷ്ട്രീയ ആശയവിനിമയം അവസാനിക്കുന്നില്ല എന്നതാണ്. മറിച്ച്, അത് തുടക്കം മാത്രമാണ്. ഒരു ഉള്ളടക്കം ഓൺലൈനിൽ എത്തിക്കഴിഞ്ഞാൽ, പൊതുജനങ്ങൾ ഉടനടി അതിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നു. ഉയർന്ന വിദ്യാഭ്യാസമുള്ളവരും ഡിജിറ്റൽ ലോകത്ത് സജീവവുമായ കേരളത്തിലെ യുവാക്കൾ ഈ മാറ്റത്തിന്റെ വേഗത കൂട്ടി. മുൻതലമുറകൾ രാഷ്ട്രീയ സന്ദേശങ്ങളെ പ്രധാനമായും സ്വീകരിക്കുക മാത്രമാണ് ചെയ്തിരുന്നതെങ്കിൽ, ഇന്നത്തെ ഉപയോക്താക്കൾ പാരഡികളിലൂടെയും, റിയാക്ഷൻ വീഡിയോകളിലൂടെയും, മറുപടി ആഖ്യാനങ്ങളിലൂടെയും ഉടനടി പ്രതികരിക്കുന്നു. ഇത് രാഷ്ട്രീയ ഉള്ളടക്കം സ്വാധീനം ചെലുത്തുന്ന രീതിയെ തന്നെ അടിസ്ഥാനപരമായി മാറ്റിമറിച്ചിരിക്കുന്നു.

പിണറായി വിജയൻ-മോഹൻലാൽ ഇന്റർവ്യൂവിനെക്കുറിച്ചും വീട്ടിൽ പോയി ചോദിച്ചാൽ മതി എന്ന മറുപടിയെക്കുറിച്ചും വന്ന ട്രോളുകൾ. കടപ്പാട്:fb

വിവര ഏകാധിപത്യത്തിന്റെ അന്ത്യം

കൃത്യമായി ആസൂത്രണം ചെയ്ത പബ്ലിക് റിലേഷൻസ് (PR) സംവിധാനങ്ങളിലൂടെയാണ് ഭരണകൂടങ്ങൾ വർഷങ്ങളായി പൊതു സംവാദങ്ങളെ നിയന്ത്രിച്ചിരുന്നത്. കമ്മ്യൂണിക്കേഷൻ സ്കോളറായ ഓസ്കാർ ഗാണ്ടി ഇതിനെ ‘ഇൻഫർമേഷൻ സബ്‌സിഡികൾ’ (Information subsidies) എന്നാണ് വിശേഷിപ്പിച്ചത്. രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തയ്യാറാക്കി നൽകുന്ന ദൃശ്യങ്ങളും, പ്രസംഗങ്ങളും, ആഖ്യാനങ്ങളും മുഖ്യധാരാ മാധ്യമങ്ങൾ ഏറ്റെടുക്കുകയും അവ ജനങ്ങളിലേക്ക് വൻതോതിൽ എത്തിക്കുകയും ചെയ്തിരുന്നു.

എന്നാൽ സോഷ്യൽ മീഡിയയുടെ വരവ് ആ സംവിധാനത്തെ ബലഹീനമാക്കി. എഡിറ്റിംഗ് സോഫ്റ്റ്‌വെയറുള്ള ഒരു സ്മാർട്ട്ഫോൺ ഉപയോക്താവിന് ഇന്ന് പൊതുജനവികാരം രൂപപ്പെടുത്തുന്നതിൽ മുൻനിര ടെലിവിഷൻ ചാനലുകളോട് വരെ മത്സരിക്കാൻ കഴിയും. രാഷ്ട്രീയ സ്വാധീനം എന്നത് ഇപ്പോൾ പത്രങ്ങളുടെയും വാർത്താ സ്റ്റുഡിയോകളുടെയും മാത്രം അവകാശമല്ല. ട്രോൾ പേജുകളും, ഇൻഫ്ലുവൻസർമാരും, യൂട്യൂബർമാരും, ഓൺലൈൻ ആക്ഷേപഹാസ്യ കൂട്ടായ്മകളും ഇന്ന് പ്രധാന രാഷ്ട്രീയ ശക്തികളായി മാറിയിരിക്കുന്നു.

ഇതിന് മികച്ചൊരു ഉദാഹരണമായിരുന്നു വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട ‘ഇരുവർ’ എന്ന പരിപാടിയിൽ മോഹൻലാലും പിണറായി വിജയനും തമ്മിൽ നടത്തിയ അഭിമുഖം. ഏതാണ്ട് 12 ലക്ഷം രൂപയോളമായിരുന്നു ഇതിന്റെ നിർമ്മാണച്ചെലവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിച്ചത്. മുഖ്യമന്ത്രിയെ കൂടുതൽ സൗമ്യനും വൈകാരികമായി ഇടപെടുന്ന ഒരു വ്യക്തിത്വമായും അവതരിപ്പിക്കാൻ ലക്ഷ്യമിട്ട് കൃത്യമായി രൂപകൽപ്പന ചെയ്ത ഒരു പബ്ലിക് റിലേഷൻസ് (PR) തന്ത്രമായാണ് പല വിമർശകരും ഇതിനെ വീക്ഷിച്ചത്.

മാധ്യമങ്ങളുടെ പഴയ കാലഘട്ടത്തിലായിരുന്നുവെങ്കിൽ, പ്രശസ്തരായ വ്യക്തികൾ തമ്മിലുള്ള ഇത്തരം ഒരു കൂടിക്കാഴ്ച പൊതുജനങ്ങളുടെ കാഴ്ചപ്പാടിനെ ശക്തമായി സ്വാധീനിക്കുമായിരുന്നു. എന്നാൽ 2026-ൽ, ഈ അഭിമുഖം തന്നെ ഡിജിറ്റൽ പരിഹാസങ്ങൾക്കുള്ള (parody) അവസരമായി മാറുകയാണ് ചെയ്തത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ അതിൽ നിന്നുള്ള ഭാഗങ്ങൾ വേർതിരിച്ചെടുക്കുകയും, ട്രോൾ നിർമ്മിക്കപ്പെടുകയും, തമാശ നിറഞ്ഞ എഡിറ്റുകൾ ഇൻസ്റ്റാഗ്രാമിലും വാട്സാപ്പിലും വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

ഒരു സന്ദേശം ഡിജിറ്റൽ ലോകത്തേക്ക് എത്തിക്കഴിഞ്ഞാൽ, അത് നിർമ്മിച്ചവർക്ക് പിന്നീട് അതിന്മേൽ പൂർണ്ണമായ നിയന്ത്രണം ഉണ്ടായിരിക്കില്ല എന്ന ആധുനിക രാഷ്ട്രീയത്തെക്കുറിച്ചുള്ള വളരെ പ്രധാനപ്പെട്ട ഒരു സം​ഗതി ഈ അഭിമുഖം വെളിപ്പെടുത്തി. പ്രേക്ഷകർ ഇന്ന് എല്ലാറ്റിനെയും പുനർവ്യാഖ്യാനം ചെയ്യുകയാണ്.

പിണറായി വിജയൻ-മോഹൻലാൽ ഇന്റർവ്യൂവിനെക്കുറിച്ച് വന്ന ട്രോളുകൾ. കടപ്പാട്:fb

നേതാവാണ് മാധ്യമം

എൽഡിഎഫിന്റെ പ്രചാരണത്തിൽ പിണറായി വിജയൻ എന്ന വ്യക്തിക്ക് ലഭിച്ച അമിതമായ പ്രാധാന്യമായിരുന്നു 2026-ലെ തിരഞ്ഞെടുപ്പിന്റെ മറ്റൊരു പ്രധാന സവിശേഷത. വഴിയോരങ്ങളിലെ ഭീമൻ പരസ്യ ബോർഡുകൾ മുതൽ ടെലിവിഷൻ പരസ്യങ്ങൾ വരെയും, ക്യാമ്പയിൻ റീൽസുകൾ മുതൽ സോഷ്യൽ മീഡിയ പോസ്റ്ററുകൾ വരെയും ഉള്ള എല്ലാ ദൃശ്യങ്ങളും ആ ഒരൊറ്റ നേതാവിനെ ചുറ്റിപ്പറ്റിയായിരുന്നു. ഈ പ്രചാരണം, തെരഞ്ഞെടുപ്പിനെ രാഷ്ട്രീയ പാർട്ടികളോ പ്രത്യയശാസ്ത്രങ്ങളോ തമ്മിലുള്ള മത്സരമായി അവതരിപ്പിക്കുന്നതിന് പകരം, ഒരു നേതാവിനെക്കുറിച്ചുള്ള ജനവിധി എന്ന രീതിയിലാണ് കൂടുതലായി ഉയർത്തിക്കാട്ടിയത്.

​മാർഷൽ മക്ലൂഹന്റെ ‘മാധ്യമം തന്നെയാണ് സന്ദേശം’ (The medium is the message) എന്ന പ്രശസ്തമായ ആശയത്തിലൂടെ ഇതിനെ മനസ്സിലാക്കാൻ സാധിക്കും. ആശയവിനിമയം എന്നത് ഉള്ളടക്കം കൊണ്ട് മാത്രം രൂപപ്പെടുന്ന ഒന്നല്ലെന്ന് മക്ലൂഹൻ വാദിച്ചു. അവതരിപ്പിക്കുന്ന രീതി തന്നെ ആളുകൾ ചിന്തിക്കുന്നതിനെയും പ്രതികരിക്കുന്നതിനെയും മാറ്റുന്നുണ്ട്. എൽഡിഎഫ് ക്യാമ്പയിനിൽ, പിണറായി വിജയന്റെ ആവർത്തിച്ചുള്ള ദൃശ്യസാന്നിധ്യം തന്നെയായിരുന്നു അതിന്റെ സന്ദേശം. അദ്ദേഹത്തിന്റെ ചിത്രം കേവലം രാഷ്ട്രീയ സന്ദേശങ്ങൾ കൈമാറാനുള്ള ഒരു മാധ്യമം മാത്രമായിരുന്നില്ല, മറിച്ച് ആ ചിത്രം തന്നെയായിരുന്നു ആശയവിനിമയം. ​കാലക്രമേണ, ഇത് ഒരു വ്യക്തികേന്ദ്രീകൃത പ്രചാരണ ശൈലിക്ക് കാരണമായി. ഇതിലൂടെ പാർട്ടിയും, മന്ത്രിമാരും, പ്രാദേശിക സ്ഥാനാർത്ഥികളും ആ ഒരൊറ്റ പ്രബല രാഷ്ട്രീയ മുഖത്തിന് പിന്നിലേക്ക് പതുക്കെ മറഞ്ഞുപോയി. ക്ഷേമപദ്ധതികളുടെ പ്രചാരണമായാലും, അടിസ്ഥാന സൗകര്യ വികസന പരസ്യങ്ങളായാലും, വികസന റീൽസുകളായാലും, അതിന്റെ ദൃശ്യഭാഷ ശക്തനും ദൃഢനിശ്ചയവുമുള്ള ഒരു നേതാവിനെ ഉയർത്തിക്കാട്ടുന്ന വിധത്തിലായിരുന്നു.

​പരമ്പരാഗത രാഷ്ട്രീയ ആശയവിനിമയത്തിൽ, ഇത്തരത്തിലുള്ള കേന്ദ്രീകൃത പ്രതിച്ഛായ നിർമ്മാണം സ്ഥിരതയും അധികാരവും സൃഷ്ടിച്ചേക്കാം. എന്നാൽ ഇന്നത്തെ ഡിജിറ്റൽ മാധ്യമ സംസ്കാരത്തിൽ, ഒരേ മുഖം തന്നെ അമിതമായി വരുന്നത് പലപ്പോഴും നേർ വിപരീത ഫലമാണ് ഉണ്ടാക്കുക. സോഷ്യൽ മീഡിയ നിലനിൽക്കുന്നത് ആവർത്തനം, പരിഹാസം, വൈകാരിക പ്രതികരണങ്ങൾ എന്നിവയിലൂടെയാണ്. ഒരു വ്യക്തിയുടെ മുഖം മാത്രം മാധ്യമങ്ങളിൽ എത്രത്തോളം നിറഞ്ഞുനിൽക്കുന്നുവോ, അത്രത്തോളം എളുപ്പത്തിൽ ട്രോൾ സംസ്കാരത്തിന് ആ ചിത്രത്തെ കൈക്കലാക്കാനും അതിനെ മാറ്റിയെടുക്കാനും സാധിക്കും.

​പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ മുഖ്യമന്ത്രി ഒരു പൊതുപ്രസംഗത്തിനിടെ ചോദ്യത്തിന് മറുപടിയായി ‘വീട്ടിൽ പോയി ചോദിച്ചാൽ മതി’ എന്ന് പറഞ്ഞപ്പോൾ ഇത് വളരെ വ്യക്തമായി പ്രകടമായി. മുൻകാല രാഷ്ട്രീയ സാഹചര്യങ്ങളിലായിരുന്നുവെങ്കിൽ, ഈ വരി ഒരു പത്രവാർത്തയിലോ ചുരുങ്ങിയ ടെലിവിഷൻ വീഡിയോകളിലോ ഒതുങ്ങിപ്പോകുമായിരുന്നു.

​എന്നാൽ റീൽസുകളുടെ ഈ കാലഘട്ടത്തിൽ, ആ പ്രസ്താവന അതിന്റെ യഥാർത്ഥ രാഷ്ട്രീയ പശ്ചാത്തലത്തിൽ നിന്ന് ഉടനടി പുറത്തുകടന്നു. മണിക്കൂറുകൾക്കുള്ളിൽ ആ വാചകം ട്രോളുകളായും, പാരഡി ഓഡിയോകളായും, റീമിക്സ് വീഡിയോകളായും, പരിഹാസം നിറഞ്ഞ റിയാക്ഷൻ റീൽസുകളായും മാറി. യുവ ഉപയോക്താക്കൾ ഈ സംഭാഷണം ദൈനംദിന ജീവിതത്തിലെ മറ്റ് പല സാഹചര്യങ്ങളിലേക്കും ചേർത്തുപയോഗിച്ചു. ട്രോൾ പേജുകൾ ഇതിനെ ഒരു ‘പഞ്ച്’ വാചകമാകി മാറ്റി. രാഷ്ട്രീയ എതിരാളികൾ ഈ പ്രസ്താവനയെ അഹങ്കാരത്തിന്റെയും രാഷ്ട്രീയ ക്ഷീണത്തിന്റെയും അടയാളമായി അവതരിപ്പിക്കുന്ന എഡിറ്റഡ് ക്ലിപ്പുകൾ പ്രചരിപ്പിച്ചു.

​ആ പ്രസ്താവന യഥാർത്ഥത്തിൽ അധിക്ഷേപകരമായിരുന്നോ അല്ലയോ എന്നതല്ല ഇവിടെ പ്രധാനപ്പെട്ട കാര്യം. ഡിജിറ്റൽ സംസ്കാരം അതിന്റെ അർത്ഥത്തെ എങ്ങനെ മാറ്റി എന്നതാണ് പ്രധാനം. ഇവിടെയും, ആ രാഷ്ട്രീയ ഉള്ളടക്കത്തിന്റെ നിയന്ത്രണം പൊതുജനങ്ങൾ ഏറ്റെടുക്കുകയാണ് ചെയ്തത്. ഇവിടെയാണ് മക്ലൂഹന്റെ സിദ്ധാന്തം കേരളത്തിലെ 2026-ലെ തെരഞ്ഞെടുപ്പിൽ തികച്ചും പ്രസക്തമാകുന്നത്. പ്രചാരണം പൂർണ്ണമായും ഒരു കേന്ദ്രീകൃത മാധ്യമ പ്രതീകത്തെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ പുതിയ മാധ്യമ പ്ലാറ്റ്‌ഫോമുകൾ ആ പ്രതീകത്തെ അനന്തമായി പുനർനിർമ്മിക്കാവുന്ന ട്രോൾ വിഭവങ്ങളാക്കി മാറ്റി. ഒരുകാലത്ത് രാഷ്ട്രീയ അധികാരം നൽകിയ അതേ ദൃശ്യസാന്നിധ്യം തന്നെ പതുക്കെ ഡിജിറ്റൽ ലോകത്തെ മടുപ്പായി (digital exhaustion) പരിണമിച്ചു.

മറ്റൊരു പാരഡി വീഡിയോ. കടപ്പാട്:instagram

ഭരണവിരുദ്ധ വികാരങ്ങൾക്കപ്പുറം

2026-ലെ തെരഞ്ഞെടുപ്പ് ഫലത്തെ കേവലം ഭരണവിരുദ്ധ വികാരം കൊണ്ട് മാത്രം വിശദീകരിക്കാൻ കഴിയില്ല. സാമ്പത്തിക പ്രതിസന്ധിയും, തൊഴിലില്ലായ്മയും, ഭരണപരമായ മടുപ്പും തീർച്ചയായും വലിയ ഘടകങ്ങൾ തന്നെയായിരുന്നു. എന്നാൽ ഈ നിരാശകൾ രാഷ്ട്രീയമായി ഇത്രമേൽ ശക്തമായി പൊട്ടിത്തെറിക്കാൻ കാരണം അവ ഒരു മാറിയ മാധ്യമ വ്യവസ്ഥയിലൂടെ സഞ്ചരിച്ചു എന്നതുകൊണ്ടാണ്.

കേരളത്തിന്റെ രാഷ്ട്രീയ പൊതുമണ്ഡലം ടെലിവിഷൻ സ്റ്റുഡിയോകളിൽ നിന്ന് അൽഗോരിതം നിയന്ത്രിക്കുന്ന ഫീഡുകളിലേക്ക് മാറിയിരിക്കുന്നു. രാഷ്ട്രീയ സ്വാധീനം എന്നത് ഇപ്പോൾ ഓൺലൈൻ ഉള്ളടക്കങ്ങളെ എഡിറ്റ് ചെയ്യുകയും, പരിഹസിക്കുകയും, പ്രചരിപ്പിക്കുകയും, അതിന്റെ അർത്ഥങ്ങളെ മാറ്റിപ്പണിയുകയും ചെയ്യുന്ന ഒരു കൂട്ടം ആളുകളുടെ കൈകളിലേക്ക് കൂടുതലായി എത്തിച്ചേർന്നിരിക്കുന്നു.

2026ലെ ജനവിധി ഒരു കാര്യം വളരെ വ്യക്തമായി തെളിയിച്ചു; റീൽസ് കാലഘട്ടത്തിലെ തെരഞ്ഞെടുപ്പ് വിജയം സന്ദേശത്തെ നിയന്ത്രിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല, അതിന് പിന്നാലെ വരുന്ന ‘റീമിക്സ് സംസ്കാര’ത്തെ എങ്ങനെ അതിജീവിക്കുന്നു എന്നതിനെക്കൂടി ആശ്രയിച്ചാകും അത് സാധ്യമാകുന്നത്.

Also Read

7 minutes read May 18, 2026 1:57 pm