

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


അഞ്ച് യുവാക്കൾ കൊല്ലപ്പെടുകയും ആറാമത്തെ യുവാവ് ഗുരുതരമായ പരിക്കേറ്റ് ശയ്യാവലംബനായി കഴിഞ്ഞവർഷം മരണപ്പെടുകയും ചെയ്ത കൂത്തുപറമ്പ് പൊലീസ് വെടിവെയ്പ്പ്1994) മൂപ്പത്തിയൊന്നാം വാർഷികത്തിലാണ് വീണ്ടും ചർച്ചയാകുന്നത്. വെടിവെയ്പ്പിന് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ കല്പനയനുസരിച്ച് (ജസ്റ്റിസ് പത്മനാഭൻ നായർ കമ്മീഷൻ റിപ്പോർട്ട്) നേതൃത്വം കൊടുത്ത അന്നത്തെ എ.സി.പി റവാഡ ചന്ദ്രശേഖറെ (IPS) കേരളത്തിന്റെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനായി മാർക്സിസ്റ്റ് പാർട്ടി അവരോധിച്ചതിന്റെ പശ്ചാത്തലത്തിലാണ് കൂത്തുപറമ്പ് വീണ്ടും പൊന്തിവരുന്നത്. കൊല്ലപ്പെട്ട അഞ്ച് യുവാക്കളും ഗുരുതരമായി പരിക്കേറ്റ് ശയ്യാവലംബനായി ക്ലേശിച്ച യുവാവും മാർക്സിസ്റ്റ് പാർട്ടിയുടെ യുവജന സംഘടനയായ ഡി.വൈ.എഫ്.ഐയിലെ അംഗങ്ങളായിരുന്നു. അവർ കൊല്ലപ്പെട്ടത് അന്നത്തെ യു.ഡി.എഫ് സർക്കാരിലെ സഹകരണ മന്ത്രിയായിരുന്ന എം.വി രാഘവൻ കൂത്തുപറമ്പിലെ ഒരു ബാങ്ക് ഉദ്ഘാടനെത്തിയത് തടഞ്ഞപ്പോഴാണ്.


ഇന്ത്യയിലെ ആദ്യത്തെ സഹകരണ സ്വാശ്രയ മെഡിക്കൽ കോളേജിന്റെ പിതൃത്വമുള്ള രാഘവൻ മാർക്സിസ്റ്റ് പാർട്ടിയിൽ നിന്നും തെറ്റിപ്പിരിഞ്ഞ് സി.എം.പി ഉണ്ടാക്കി യു.ഡിഎഫിന്റെ ഭാഗമായ വ്യക്തിയാണ്. അദ്ദേഹത്തിന്റെ മകൻ പിന്നീട് മാർക്സിസ്റ്റ് പാർട്ടിയുടെ നേതാവായി. മാർക്സിസ്റ്റ് പാർട്ടിയാകട്ടെ സ്വാശ്രയത്തിന്റെ വക്താക്കളും പങ്കാളികളും പിണിയാളുകളുമൊക്കെയായി. ഇന്നിപ്പോൾ സ്വകാര്യ യൂണിവേഴ്സിറ്റിയും ഫോറിൻ യൂണിവേഴ്സിറ്റിയും തുടങ്ങാൻ അപേക്ഷകരെ ക്ഷണിക്കുന്നു. എന്തായാലും ഒരു കാര്യം പറയാതെ വയ്യ. കഴിഞ്ഞ മുപ്പത് കൊല്ലമായി പാർട്ടിയിലെ അംഗങ്ങളും യുവാക്കളും വിദ്യാർത്ഥികളും കൂത്തുപറമ്പ് രക്തസാക്ഷികൾക്കായി പുഷ്പാർച്ചന നടത്തുന്നുണ്ട്. ഉശിരൻ മുദ്രാവാക്യം വിളിക്കുന്നുണ്ട്. അവരുടെ ചിത്രങ്ങൾ കേരളത്തിന്റെ എല്ലാ കവലകളിലും വിദ്യാലയങ്ങളുടെ മുന്നിലും പ്രദർശിപ്പിക്കുന്നുണ്ട്. ഈ ‘ശവപ്രദർശന’ത്തിലൂടെ പാർട്ടി ലക്ഷ്യമിടുന്നത് നാല് വോട്ടും അധികാരവുമാണ്. രക്തസാക്ഷികളാക്കപ്പെട്ട യുവാക്കളുടെ അമ്മമാരും സഹോദരിമാരും അച്ഛന്മാരും സഹോദരന്മാരും നഷ്ടപ്പെട്ട മക്കളെയോർത്ത് ഉള്ള് വിങ്ങി ജീവിക്കുന്നുണ്ടാകും. അധാർമ്മികമായ രാഷ്ട്രീയത്തിൽ ആരുടെ കണ്ണീരിനും ഹൃദയവ്യഥയ്ക്കും യാതൊരു സ്ഥാനവുമില്ല.


വെടിവെപ്പിന് ഉത്തരവിട്ടവരോ നേതൃത്വം കൊടുത്തവരോ ആരും തന്നെ ശിക്ഷിക്കപ്പെട്ടതായി അറിവില്ല. കൂത്തുപറമ്പ് വെടിവെപ്പിലൂടെ കൊല്ലപ്പെട്ടവരുടെ ജീവനെപ്രതി ഒരു പാർട്ടിക്കാരനും രാഷ്ട്രീയക്കാരനും ബുദ്ധിജീവിക്കും എഴുത്തുകാരനും പൊതുജനത്തിനും യാതൊരു വേദനയുമില്ല. അതൊക്കെ നമ്മുടെ രാഷ്ട്രീയത്തിന്റെ, നിത്യജീവിതത്തിന്റെ ഭാഗമാണ്. അതൊക്കെ അങ്ങനെയങ്ങ് പോകും! എത്രയോ അരുംകൊലകൾ, പൊലീസ് മർദ്ദനങ്ങൾ. ഇവിടെ ഓർത്തുപോകുന്നത് ഫ്രാൻസ് കാഫ്കയുടെ ‘മെറ്റമോർഫോസിസ്’ എന്ന കഥയിലെ ഗ്രിഗറി സാംസയെയും രൂപാന്തരപ്പെട്ട കീടത്തെയുമാണ്. മനുഷ്യാസ്തിത്വത്തിന്റെ നീറ്റലും പിടച്ചിലുമാണ് മെറ്റമോർഫോസിസ്. മാർക്സിസ്റ്റ് പാർട്ടിയുടെ കാര്യത്തിൽ കൂത്തുപറമ്പ് വെടിവെപ്പിന് ശേഷം ഉണ്ടായത് മനുഷ്യാസ്തിത്വത്തിന്റെ ജീർണാവസ്ഥയിൽ നിന്ന് അത് ഒരു കീടത്തിന്റെ മൃതാവസ്ഥയിലെത്തുകയും നാറുന്ന ആ ശരീരം ചുമന്ന് മുഖ്യമന്ത്രിയടങ്ങുന്ന, മുഖ്യമന്ത്രിയുടെ അതേ മുഖംമൂടിയുമായി ആഘോഷത്തോടെയും ആഡംബരത്തോടെയും ആക്രോശങ്ങളോടെയും കേരളത്തിന്റെ എത് മൂലയിലും നീങ്ങുന്ന അക്രമാസക്തമായ ഒരാൾക്കൂട്ടത്തിന്റെയും പരിണിതിയാണ്. ഒരു റിഗ്രസീവ് എവല്യൂഷൻ. അക്കൂട്ടത്തിൽ മാനവികതയെ പറ്റിയും സ്നേഹത്തെ പറ്റിയും എഴുതുന്നവരും വാതോരാതെ സംസാരിക്കുന്നവരുമുണ്ട്. കാഫ്കയുടെ കഥയിലെ കീടത്തിൽ ചേതന അവശേഷിച്ചിരുന്നു. ജീവന്റെ ലക്ഷണങ്ങൾ. ഗ്രിഗറിയുടെ സഹോദരി കടലാസ് ചുരുട്ടി അതിന്റെ മേൽ എറിയുമ്പോൾ അത് ചലിക്കുന്നു. ഇവിടെ എന്നോ അത് മൃതപ്പെട്ടിരിക്കുന്നു. ഒരു കടലാസ് പോലും ചുരുട്ടി അതിന്റെ നേരെ എറിയുവാൻ മനുഷ്യർ ആരുമില്ലെന്ന സ്ഥിതിയാണ്. വാൾമുനകൊണ്ട് കുത്തിയാലും അത് പ്രതികരിക്കില്ല. ചത്തതിന് ജീവനുണ്ടാവില്ലല്ലോ.
ഇതിന്റെ കാരണം പരിശോധിച്ചാൽ, മനുഷ്യാവകാശം, പൗരാവകാശം, എന്നീ വാക്കുകൾ പോലും നമ്മുടെ സാമൂഹ്യനിഘണ്ടുവിൽ നിന്നും മാഞ്ഞുപോയിരിക്കുന്നതായി കാണാം. മനുഷ്യാവകാശ പ്രവർത്തകൻ എന്ന പേര് കേട്ടാൽ ആർഎസ്എസ്-ബിജെപി പരിവാരം അവരെ രാജ്യദ്രോഹിയോ അർബൻ നക്സലോ ആക്കി ചാപ്പയടിച്ച് തടവിലിടും. അവരെ ആ കുരുക്കിൽ നിന്നും രക്ഷിക്കാൻ കോടതി പോലും വിസമ്മതിക്കുന്നു. കേരളത്തിലാണെങ്കിൽ അവർ സർക്കാരിനെ അട്ടിമറിക്കാൻ തുനിഞ്ഞിറങ്ങിയവർ. ടാഡയുമായെത്തി ജയിലിലിടാം. തെരുവിലിട്ട് തല്ലാം, കൊല്ലാം.


കൂത്തുപറമ്പ് വെടിവെപ്പിനെ പറ്റി, മനുഷ്യാവകാശത്തിനായി പോരാടി മരിച്ച കെ. ബാലഗോപാലന്റെ വാക്കുകൾ കേൾക്കുക. “കൂത്തുപറമ്പ് സംഭവത്തിൽ ഇന്ത്യൻ പീപ്പിൾസ് ഹ്യൂമൻറൈറ്റ്സ് കമ്മീഷൻ (IPHRC) മുഖ്യമായും അധികാരികൾ നടത്തിയ ഹിംസയെ കുറിച്ചാണ് അന്വേഷിച്ചത്. കാരണം അവർക്കെതിരായി ശരിയായ രീതിയിലുള്ള മറ്റ് അന്വേഷണം നടക്കുന്നില്ല. അത്തരം പ്രശ്നങ്ങളെ കുറിച്ച് ഒരു ജുഡീഷ്യൽ അന്വേഷണം നടത്തിയേക്കാം. എന്നാൽ ജുഡീഷ്യൽ അന്വേഷണത്തിന്റെ നടപടികൾ സ്വീകരിക്കുന്നത് വളരെ വിരളമാണ്. പലപ്പോഴും അത്തരം അന്വേഷണങ്ങൾ അവസാനം വരെ കൊണ്ടുപോകാൻ അനുവദിക്കുക പോലുമില്ല.”
“കൂത്തുപറമ്പിലെ പൊലീസ് പൈശാചികതയ്ക്കെതിരെ തിരിച്ചടിച്ച എല്ലാവർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അവർ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കും. അല്ലെങ്കിൽ അറസ്റ്റ് ചെയ്യപ്പെടാം. അവർ അറസ്റ്റ് ചെയ്യപ്പെടുന്നില്ലെങ്കിൽ അതിന് വേണ്ടി പ്രക്ഷോഭം നടത്താം. എന്നാൽ പൊലീസ് അവരുടെ അധികാര സീമ ലംഘിച്ച് ജനങ്ങളെ കൊല്ലുകയാണെങ്കിൽ അതിന് ന്യായീകരണമില്ല. അതിന് ശിക്ഷ ലഭിക്കുന്നുമില്ല. ഇതാണ് പ്രശ്നം.” (പുറം: 50: മനുഷ്യാവകാശം- ഒരന്വേഷണത്തിന്റെ പ്രതിഫലനങ്ങൾ. കെ. ബാലഗോപാലിന്റെ തിരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരം: 2012: ജനവാർത്ത പബ്ലിക്കേഷൻ) കെ. ബാലഗോപാലുമായി ടി. രാമവർമ്മൻ, എലിസബത്ത് എന്നിവർ നടത്തിയ അഭിമുഖത്തിൽ നിന്നാണ് കൂത്തുപറമ്പിനെ പറ്റിയുള്ള ഭാഗം എടുത്തിട്ടുള്ളത്.
മനുഷ്യാവകാശം (പൗരാവകാശം) ‘നിയമ’ത്തിന്റെ വിഷയമല്ല എന്ന് ബാലഗോപാൽ വ്യക്തമാക്കുന്നുണ്ട്. (പുറം: 39). മനുഷ്യാവകാശത്തിന്റെ വിഷയം നീതിയാണ്. കൂത്തുപറമ്പ് സംഭവത്തിൽ നിയമത്തിന്റെ വഴിയിലൂടെ യാന്ത്രികമായി മാർക്സിസ്റ്റ് പാർട്ടി സഞ്ചരിച്ചിട്ടുണ്ട് എന്നത് ശരിയാണ്. പക്ഷേ, നിയമം കണ്ണടച്ചു, കണ്ണടപ്പിച്ചു. നിയമത്തെ എപ്രകാരം അന്ധമാക്കാമെന്ന് ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയിൽ നാം അനുഭവിച്ചതാണ്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 352 ന്റെ മറവിൽ അവർ ആന്തരിക കലാപത്തിന്റെ പേര് പറഞ്ഞ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതോടെ വിയോജിപ്പ്, വിമർശനം, പ്രതിഷേധം എല്ലാം രാജ്യദ്രോഹമായി. ജനാധിപത്യത്തിന്റെ കാവൽക്കാരാകേണ്ട ന്യായാധിപന്മാർ, മന്ത്രിമാർ, ഉദ്യോഗസ്ഥർ, പത്രപ്രവർത്തകർ (ഭൂരിഭാഗം) നിയമത്തെ പിന്തള്ളി വിധേയരായി. ജീവിക്കാനുള്ള അവകാശം പോലും സസ്പെൻഡ് ചെയ്തു. ഇന്ന് അടിയന്തരാവസ്ഥ പ്രത്യക്ഷത്തിലില്ല. പക്ഷേ, ഇന്ന് ഇന്ദിരാഗാന്ധിയും സഞ്ജയനും കൂടി അടിയന്തരാവസ്ഥയിൽ നടത്തിയ ക്രൂരതകളെ ‘ന്യൂ നോർമലായി’ നടപ്പാക്കപ്പെടുന്നു. തുർക്ക്മാൻഗേറ്റിലെ ബുൾഡോസർരാജ് ഇന്ന് ഉത്തർപ്രദേശിലും ആസാമിലെ ധുബ്രിയിലും കശ്മീരിലെ പഹൽഗാം അതിർത്തിയിലും ഒരു എതിർപ്പുമില്ലാതെ നടപ്പാക്കപ്പെടുന്നു. എതിർക്കുന്നവർ കോടതികളിലും തടവറകളിലും.


ഗാന്ധി ‘ഹിന്ദ് സ്വരാജിൽ’ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. വക്കീലന്മാരുടെ മച്ചുനന്മാരാണ് ന്യായാധിപന്മാർ. നിയമം പണം കൊടുത്താൽ, പ്രലോഭിപ്പിച്ചാൽ, ഭീഷണിപ്പെടുത്തിയാൽ, വാങ്ങാവുന്ന വസ്തുവായി. ഇവിടെയാണ് മനുഷ്യാവകാശ പ്രവർത്തകർ നീതിയുടെ ശബ്ദമായി ഉയരുന്നത്.
“സ്റ്റേറ്റിനെ ജനങ്ങളോട് ഉത്തരവാദിത്വമുള്ളതാക്കി മാറ്റാൻ വ്യവസ്ഥാപിതവും സ്വതന്ത്രവുമായ സംവിധാനമൊന്നുമില്ല. ഏറ്റവും വികസിച്ച ജനാധിപത്യ രാജ്യങ്ങളിലായാലും തൊഴിലാളിവർഗ്ഗത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലായാലും ഒരു സമൂഹത്തിലും സ്വതന്ത്രമായ ഈ സംവിധാനമില്ല.” ബാലഗോപാൽ എഴുതുന്നു. (പുറം: 39).
250 വർഷങ്ങൾക്ക് മുൻപ് അമേരിക്ക രാജാക്കന്മാരുടെ കീഴിലല്ല, നിയമങ്ങളുടെ കീഴിലാണ് ജീവിക്കേണ്ടതെന്ന് തീരുമാനിച്ചു. ഇന്ന് അമേരിക്കയുടെ നിയമസംവിധാനം എവിടെ? ട്രംപിന്റെ ടിറനിക്ക് കീഴിലാണ് അമേരിക്കയും ഭൂമിയും. ഇന്ത്യയുടെ അവസ്ഥയും മറിച്ചല്ല. കേരളവും അങ്ങനെ തന്നെ. ബാലഗോപാൽ തുടർന്നെഴുതുന്നു: “ഒരു സിവിൽ ലിബർട്ടീസ് മൂവ്മെന്റിന്റെ ആവശ്യകത ഇവിടെയാണ് ഉയർന്നുവരുന്നത്. നിർഭാഗ്യവശാൽ നിങ്ങൾക്കോ എനിക്കോ അതിന് കഴിഞ്ഞില്ല. നാം പരാജയപ്പെട്ടു. കൂത്തുപറമ്പ് മനുഷ്യക്കുരുതിയിൽ നീതിയ്ക്ക് ഒരു ചെറിയ ഇടം പോലും കിട്ടിയില്ല. എന്തുകൊണ്ട് നീതിയ്ക്ക് ഇടം കിട്ടിയില്ല എന്ന് ചോദിക്കേണ്ടത്, നാം നമ്മോട് തന്നെയാണ്. രാഷ്ട്രീയപ്രവർത്തകരും ഇടത് ബുദ്ധിജീവികളും ഇടത് എഴുത്തുകാരും അങ്ങനെയൊരു ചോദ്യം ഉയർത്തുന്നില്ല.”
കെ. ബാലഗോപാൽ മനുഷ്യാവകാശ പ്രവർത്തനത്തിന്റെ അന്തസത്തയെക്കുറിച്ച് തന്റെ ജീവരക്തത്താൽ ഇങ്ങനെ കുറിക്കുന്നു: “ഞങ്ങൾ നിയമത്തിന്റെ അടിസ്ഥാനത്തിലല്ല, നീതിയുടെ അടിസ്ഥാനത്തിലാണ് സംസാരിക്കുന്നത്. ഇവിടെ നീതി എന്നതുകൊണ്ട് അർത്ഥമാക്കുന്നത് സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും സാംസ്കാരികവുമായ നീതി എന്നാണ്.” (പുറം: 40).
ബാലഗോപാലിന്റെ ദർശനവും ജീവിതവും 1987 മുതൽ 1992 വരെ Economic and Political Weekly യിൽ അദ്ദേഹം എഴുതിയഇരുപത് ലേഖനങ്ങളിലൂടെ ഞാൻ പഠിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഗാന്ധിയൻ അഹിംസയിൽ വിശ്വസിക്കുന്ന എനിക്ക് ആ ജീവിതം ത്യാഗത്തിന്റെ മഹത്തായ ഇതിഹാസമായി അനുഭവപ്പെട്ടു. ആദിവാസികളും ദലിതരും ഭൂരിപക്ഷം മുസ്ലീങ്ങളും നേരിടുന്ന ദുരിതപൂർണ്ണമായ ജീവിതത്തെ എങ്ങനെ ജീവസുറ്റതാക്കാൻ കഴിയും എന്നതിന് വേണ്ടിയാണ് ഗണിതശാസ്ത്രത്തിൽ പി.എച്ച്.ഡിയുള്ള കോളേജ് പ്രൊഫസറായിരുന്ന അദ്ദേഹം ജീവിതകാലം മുഴുവൻ ശ്രമിച്ചത്. ആദ്യകാലങ്ങളിൽ ഹിംസയുടെ മാർഗ്ഗം ശരിയാണെന്ന് അദ്ദേഹം വിശ്വസിച്ചു. അദ്ദേഹത്തിന്റെ ‘ഹിംസ’ coward ന്റേതല്ല, ധീരന്റേതാണ്. അതംഗീകരിക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. ജീവിതാവസാന കാലത്ത് അദ്ദേഹം ‘അക്രമരാഷ്ട്രീയത്തിന്റെ ധാർമ്മികതയെ പറ്റി പുനഃരാലോചിച്ചു.’ (കെ. അരവിന്ദാക്ഷൻ: മനുഷ്യാവകാശ പ്രവർത്തനത്തിന്റെ ചോരസാക്ഷ്യം: പുറം:13-23).
നിയമം അന്ധമാകുമ്പോൾ (മുമ്പൊരിക്കൽ ഭാഗത്പൂരിലെ പൊലീസുകാർ തടവുപുള്ളികളുടെ കണ്ണുകൾ കുത്തിപ്പൊട്ടിച്ച് ആസിഡ് ഒഴിച്ച് അന്ധമാക്കിയതോർക്കുമല്ലോ) നീതി ഉയർത്തിപ്പിടിക്കപ്പെടണം. നീതിയിൽ അത് നിൽക്കുന്നില്ല. നീതിക്ക് ധാർമ്മികമായൊരു ഡൈമൻഷനുണ്ട്. ചമ്പാരൻ സമരത്തിന്റെ മൂർധന്യത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട് കോടതിയിലെത്തിയ ഗാന്ധി പ്രതികൂട്ടിൽ നിന്ന് കൊണ്ട് പ്രഖ്യാപിച്ചു: “ഞാനീ പ്രസ്താവന ചെയ്യുന്നത് എനിക്ക് നൽകപ്പെടാനിരിക്കുന്ന ശിക്ഷയെ ഏതെങ്കിലും തരത്തിൽ ലഘൂകരിക്കാനല്ല, നിയാമധിഷ്ഠിതമായ അധികാരികളോട് ഏതെങ്കിലും തരത്തിലുള്ള അനാദരവ് കൊണ്ടല്ല; എനിക്ക് നൽകിയ കല്പന ധിക്കരിക്കുന്നുവെന്ന് കാണിക്കുവാനാണ് – എന്റെ മനഃസാക്ഷിയുടെ ശബ്ദത്തിനോട് നമുക്കെല്ലാം മുകളിലേക്കുള്ള ‘നിയമത്തോട് ‘ ആദരവ് കാണിക്കാനാണ്.”


“മനഃസാക്ഷിയുടെ നിയമം ഗാന്ധിയെ സംബന്ധിച്ച് മർദ്ദിതന്റെയും പീഡിതന്റേയും നിയമമാണ്. അവരുടെ ശബ്ദമാണ്. അവരിലെ ശക്തിയാണ്. അത്തരമൊരു മനുഷ്യന്, ബാഹ്യശക്തികളെ ആശ്രയിച്ച് മാത്രം രൂപപ്പെടുത്തുന്ന ഏതൊരു സമരായുധവും സമരതന്ത്രവും അന്യമാണ്, സ്വീകാര്യമായിരിക്കില്ല. അയാൾക്ക് ജനങ്ങളുടെ ശക്തിയിൽ നിന്ന് ഒരു പുത്തൻ സമരായുധം രൂപപ്പെടുത്തിയേ മതിയാവൂ. ഈ ആന്റി തീസിസാണ് ഹിംസയ്ക്കെതിരായ ധാർമ്മിക ശക്തി- സത്യാഗ്രഹ ചരിത്രത്തെ നൂതനവും വിപ്ലവാത്മകവുമാക്കുന്നത് (പുറം: 163. കെ. അരവിന്ദാക്ഷൻ: ഗാന്ധിയുടെ ജീവിതദർശനം : 1993). കൂത്തുപറമ്പ് പൊലീസ് വെടിവെപ്പിന്റെ പശ്ചാത്തലത്തിൽ ഇത്രയും എഴുതാതിരിക്കാൻ കഴിയില്ല. നിയമം അന്ധമായിരിക്കുമ്പോൾ, അന്ധമാക്കപ്പെടുമ്പോൾ ഒരു പൗരന്, മനുഷ്യന് നീതിയും ധാർമ്മികതയും മാത്രമേയുള്ളൂ.