Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


കാസർഗോഡ് ജില്ലയിൽ ദേശീയപാത 66ന്റെ ആറുവരിപ്പാത വികസനത്തിനായി ഇടിച്ച വീരമലയിൽ മൂന്നാമത്തെ തവണയും വലിയ മണ്ണിടിച്ചിലുണ്ടായി. കടന്നുപോയ വാഹനങ്ങളിലെ യാത്രക്കാർ മണ്ണിടിച്ചിലിൽ നിന്നും രക്ഷപ്പെട്ടു. ജൂലെെ 23ന് രാവിലെ പത്ത് മണിയോടെയാണ് വീരമല ശ്മശാനത്തിനും കണ്ണൂർ ഭാഗത്തേക്കുള്ള വളവിനും ഇടയിലുള്ള ഭാഗം ഇടിഞ്ഞത്. ദേശീയപാത വീതി കൂട്ടൽ തുടങ്ങിയത് മുതൽ ഓരോ മഴക്കാലത്തും വീരമലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി മണ്ണിടിച്ചിൽ തുടരുകയാണ്. ജില്ലാ കളക്ടറും ജനപ്രതിനിധികളും ദുരന്ത നിവാരണ സേന അംഗങ്ങളും കേരള ഫയർഫോഴ്സും സംഭവസ്ഥലത്തെത്തിയിരുന്നു. വീരമലയിൽ നിന്നുള്ള മണ്ണിടിച്ചിൽ തടയാൻ ജിയോ ടെക്സ്റ്റെെലിങ് പോലുള്ള സുസ്ഥിരമായ വഴികൾ പരിഹാരമായി ആലോചിക്കുമെന്നും മലയിൽ നിന്നും സുരക്ഷിതമായ അകലം പാലിച്ചതിന് ശേഷം മാത്രമേ റോഡ് നിർമാണം തുടരൂ എന്നും കാസർഗോഡ് ജില്ലാ കലക്റ്റർ കെ ഇമ്പശേഖർ സംഭവസ്ഥലത്ത് വച്ച് പ്രതികരിച്ചു.
ചെങ്ങള (കാസർഗോഡ്) മുതൽ തളിപ്പറമ്പ് (കണ്ണൂർ) വരെയുള്ള ഭാഗത്ത് ദേശീയപാത നിർമ്മാണ കരാർ ഹെെദരാബാദ് ആസ്ഥാനമായ മേഘ എഞ്ചിനിയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡിനാണ്. വീരമലയിൽ നിന്നും മണ്ണിടിച്ച മേഘ കമ്പനിക്കെതിരെ മെെനിങ് ആൻഡ് ജിയോളജി ഡിപ്പാർട്ട്മെന്റ് 1.75 കോടി രൂപ പിഴ ചുമത്തിയിരുന്നു. ദുരന്തം ആവർത്തിച്ചിട്ടും മണ്ണിടിച്ചിൽ തടയാനുള്ള നടപടികളൊന്നും കമ്പനി കെെക്കൊണ്ടിട്ടില്ല. വീരമലയുടെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള പഠനങ്ങൾ നടന്നിട്ടുണ്ടെന്നും റിപ്പോർട്ടുകൾ കാത്തിരിക്കുകയാണെന്നുമായിരുന്നു സ്ഥലത്തെത്തിയ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞത്. “ഇത്രയും മഴ ആരും പ്രതീക്ഷിക്കുന്നില്ല. കാസർഗോഡ് ജില്ലയിൽ ഈ വർഷം തീവ്രമായ മഴ കിട്ടിയിട്ടുണ്ട്, വെള്ളം ഉൾക്കൊള്ളുന്ന മണ്ണ് ആയതുകൊണ്ട് വളരെ സോഫ്റ്റ് ആയ മണ്ണിനെ നമുക്ക് തടഞ്ഞുനിർത്താൻ കഴിയില്ല, ഇത് അപ്രതീക്ഷിതമായ സംഭവമാണ്.” ഉദ്യോഗസ്ഥൻ പറഞ്ഞു.
“സോഫ്റ്റ് ആയ ഭൂഘടനയിൽ ചെയ്യാൻ കഴിയുന്ന പല മെത്തേഡുകളും ചെയ്തു നോക്കി. സോയിൽ നെയ്ലിങ് അവിടെ നിൽക്കുന്നില്ല. വാട്ടർ കണ്ടന്റ് അത്രയും ഉണ്ട്. കട്ട് ചെയ്ത് കഴിഞ്ഞാൽ മലയുടെ സ്റ്റബിലിറ്റി നഷ്ടപ്പെടും. ജിയോ ടെക്സ്റ്റെെൽസ് ഉപയോഗിക്കണം. ഏത് ടെെപ്പ് മെറ്റീരിയൽ ഉപയോഗിക്കണമെന്ന് കണ്ടുപിടിക്കണം. ദേശീയപാത അതോറിറ്റി നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് അനുസരിച്ച് ചെയ്യാമെന്നാണ് മേഘ എഞ്ചിനിയറിങ് ലിമിറ്റഡ് പറഞ്ഞത്. സ്റ്റേറ്റ് ഗവണ്മെന്റ് ഒരു കമ്മിറ്റി ഉണ്ടാക്കിയിട്ടുണ്ട്. അതിൽ ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ആൾക്കാരുണ്ട്, എൻഎച്ച്എഐയുടെ മുൻ എഞ്ചിനിയർമാരുണ്ട്, ഐഐടിയിലുള്ള എക്സ്പേർട്ടുകളുണ്ട്. എന്തുതരം മെറ്റീരിയൽ ആണ് ഇവിടെ ജിയോ ടെക്നിക്കൽ സ്റ്റെബിലിറ്റിക്ക് വേണ്ടി ഉപയോഗിക്കേണ്ടതെന്ന് അവർ റിപ്പോർട്ട് കൊടുക്കണം. അതനുസരിച്ച് മേഘ കമ്പനി ആക്റ്റ് ചെയ്യണം. കേരളത്തിൽ ദേശീയപാതയുടെ വശങ്ങളിൽ ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ഉണ്ടാക്കിയ കമ്മിറ്റിയാണിത്.” ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രതിനിധിസംഘം പഠനത്തിനായി എത്തിയ വിവരം അറിഞ്ഞിട്ടില്ലെന്ന് നാട്ടുകാരിലൊരാൾ സർക്കാർ ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടു. വീരമലയ്ക്ക് അരികിലൂടെ അല്ലാതെയും മറ്റൊരു അലെെൻമെന്റ് സാധ്യമായിരുന്നു, മലയിൽ നിന്ന് മണ്ണെടുക്കുന്നതിനായി ഈ വഴി തന്നെ തെരഞ്ഞെടുത്തുവെന്നും പ്രദേശവാസികൾ പറയുന്നു.
“രാവിലെ ഭയങ്കരമായ സൗണ്ട് കേട്ടു. വീടിന് ചെറിയൊരു കുലുക്കവുമുണ്ടായി. അതിന് ശേഷം ഇവിടെ വന്ന് നോക്കുമ്പോഴാണ് ഈ അവസ്ഥ കാണുന്നത്. പഴയ അലെെൻമെന്റ് മാറ്റി മണ്ണിന് വേണ്ടിയാണ് കുന്ന് ഇടിച്ചത്. കൂടുതൽ മണ്ണ് അവർ ഒരുപാട് തവണ കൊണ്ടുപോയി. അതിന് പിഴയും ചുമത്തി. മുമ്പ് മലയിടിഞ്ഞപ്പോളെല്ലാം റീട്ടെയ്നിങ് വാൾ കെട്ടി പോകും. ആൾക്കാർ വരും പോകും. ഇനി ഇത് എപ്പോൾ ഇടിയുമെന്ന് പറയാൻ കഴിയില്ല. വലിയൊരപകടം വരാനുണ്ട്. അതിന് മുമ്പേ ഒന്നും ചെയ്തില്ലെങ്കിൽ അങ്ങനെ സംഭവിക്കും.” വീരമലയുടെ അടുത്ത് താമസിക്കുന്ന നാരായണൻ ആശങ്ക പ്രകടമാക്കി.
2025ലെ മഴക്കാലത്ത് സംഭവിച്ചത്
2025 മെയ്, ജൂൺ മാസങ്ങളിൽ ദേശീയപാത വികസനത്തിനായി ഇടിച്ച കുന്നുകളിൽ മണ്ണിടിച്ചിലും തൊഴിലാളികളുടെ മരണവും ഉണ്ടായി. കുന്നുകളിലൂടെ കടന്നുപോകുന്ന റോഡിന്റെ താഴ്വരയിൽ താമസിക്കുന്നവരുടെ വീടുകളിൽ ചെളിവെള്ളം കയറുന്ന സാഹചര്യവുമുണ്ടായി. കണ്ണൂര്‍ ജില്ല പരിസ്ഥിതി ഏകോപന സമിതി ജൂണ്‍ മാസത്തില്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നടത്തിയ രണ്ട് ദിവസത്തെ സര്‍വ്വേയില്‍ ഭൂമിശാസ്ത്രപരവും പാരിസ്ഥിതികവുമായ ആഘാതങ്ങളും ജൈവവൈവിധ്യ നഷ്ടവും വിലയിരുത്തിയിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ചെറുവത്തൂര്‍ ഫോര്‍മേഷനും എന്‍എച്ച് 66ലെ മയ്യീച്ച, ചെറുവത്തൂര്‍, മട്ടലായി, വീരമല എന്നിവിടങ്ങളില്‍ മലയിടിച്ചിലില്‍ നഷ്ടപ്പെടുകയാണെന്നും സര്‍വ്വേ റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നുണ്ട്.
ഇടിഞ്ഞുതീരുന്ന ജിയോളജിക്കൽ മോണിമെന്റ്
മണ്ണെടുത്തതോടുകൂടി വീരമലയ്ക്കുള്ളിലെ വിവിധ നിറങ്ങളിലുള്ള പാളികൾ വെളിപ്പെട്ടിരുന്നു. മലയുടെ വ്യത്യസ്ത ഭാഗങ്ങളിൽ മണ്ണിന്റെ നിറവും സ്വഭാവവും വ്യത്യസ്തമാണ്. ഈ ഇടനാടന്‍ കുന്നുകള്‍, റോഡുകള്‍ക്കും വികസന സങ്കല്‍പങ്ങള്‍ക്കും സാങ്കേതികവിദ്യകളുണ്ടാക്കിയ മനുഷ്യപുരോഗതികള്‍ക്കും മുമ്പുള്ള ഒരു കാലത്തിന്റെ ചരിത്ര വസ്തുത കൂടിയാണ്. നമുക്ക് മുന്നിൽ ഓരോ മഴക്കാലത്തും നീരുറവകൾ നിറഞ്ഞ ഈ കുന്നുകൾ ഇല്ലാതാകുകയാണ്.
“എന്‍എച്ച് 66 നിര്‍മ്മിക്കുന്നതോടുകൂടെ, ചെറുവത്തൂര്‍ ഫോര്‍മേഷന്‍ എന്ന, പ്രകൃതിദത്തമായ മ്യൂസിയമായി നിലകൊള്ളുന്ന അപൂര്‍വ്വ ഭൂപ്രകൃതി കണ്‍സഷണെയറുടെയോ കരാര്‍ കമ്പനിയുടെയോ അശാസ്ത്രീയമായ സമീപനം കാരണം എന്നെന്നേക്കുമായി നഷ്ടപ്പെടുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിസംഗതയും ഈ നഷ്ടത്തിന് കാരണമാകുന്നുണ്ട്. മനുഷ്യരാശിയുടെ പരിണാമത്തിനും മുമ്പ് തന്നെ രൂപപ്പെട്ടതാണ് ഈ പ്രദേശത്തെ ഭൂഘടന. സാന്‍ഡ് സ്റ്റോണ്‍, റെഡ് ടെറി സാന്‍ഡ് സ്‌റ്റോണ്‍, ലൈംസ്‌റ്റോണ്‍, ഷെയ്ല്‍ എന്ന കല്ല്, കാല്‍സേറിയസ് ഷെയ്ല്‍, കാര്‍ബോണേഷ്യസ് ഷെയ്ല്‍ എന്നീ ഷെയ്ല്‍ കല്ലിനങ്ങള്‍, പീറ്റ് ഇതെല്ലാം ഇവിടെ നിലനിന്നിരുന്ന ട്രോപ്പിക്കല്‍ മണ്‍സൂണ്‍ കാലാവസ്ഥയുടെ തെളിവുകളാണ്. സുന്ദരമായ നിറങ്ങളിലുള്ള, അടരുകളുള്ള സെഡിമെന്ററി പാളികള്‍, മടക്കുകളുള്ള ഘടന, നീരുറവുകൾ, ഫോസിലുകള്‍, സള്‍ഫര്‍, റെസിന്‍ എന്നിവയുടെ സാന്നിധ്യം ഇതെല്ലാം സംരക്ഷിക്കപ്പെടണം. ഈ ജിയോളജിക്കൽ മോണിമെന്റ് സംരക്ഷിക്കുന്നതിനായി ഒരു വിദഗ്ധ സമിതി രൂപീകരിക്കണം. ദേശീയപാതാ നിർമ്മാണ കരാര്‍ ഏറ്റെടുത്തവരോ കണ്‍സഷനെയറോ ഈ വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശങ്ങളനുസരിച്ച് ഈ ഘടനയെ സുരക്ഷിതമാക്കണം. ഭൂതകാലത്തിലെ കാലാവസ്ഥകളെയും പരിസ്ഥിതിയെയും ഭൂമിയുടെ ചരിത്രത്തെയും മനസ്സിലാക്കാനുള്ള ലബോറട്ടറിയാണ് അല്ലെങ്കില്‍ നഷ്ടമാകുക.” സര്‍വ്വേ സംഘം നിരീക്ഷിച്ചു. ഡീറ്റെയ്ല്‍ഡ് പ്രൊജക്റ്റ് റിപ്പോര്‍ട്ടും പാരിസ്ഥിതിക ആഘാത പഠന റിപ്പോര്‍ട്ടും ലഭ്യമല്ലാത്തത് പഠനത്തെ പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.
ജൂലെെ 23, 2025
റിപ്പോർട്ടിങ് കഴിഞ്ഞ് തിരിച്ചുപോകുമ്പോൾ മേഘ എഞ്ചിനിയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ കേരള അതോറിറ്റി കാറിലിരുന്ന് നിങ്ങൾ ആരാണെന്ന് ചോദ്യം ചെയ്തു. ഐഡന്റിറ്റി കാർഡ് കാണിച്ച് എൻവയോൺമെന്റൽ ജേണലിസ്റ്റ് ആണെന്ന് പറഞ്ഞു. മണ്ണെടുത്തതിനെ ന്യായീകരിച്ചുകൊണ്ടായിരുന്നു കമ്പനി പ്രതിനിധിയുടെ സംസാരം. എൻവയോൺമെന്റലിസ്റ്റുകൾ ഒരൊറ്റ ആങ്കിളിൽ മാത്രമേ കാര്യങ്ങളെ കാണൂ, അതല്ലാത്ത വശങ്ങൾ വിശദീകരിക്കാമെന്നും പ്രതിനിധി പറഞ്ഞു. അതിനെക്കുറിച്ച് നമുക്ക് സംസാരിക്കാമെന്ന് സമ്മതിച്ചു, എൻവയോൺമെന്റലിസ്റ്റുകളുടേത് ‘ഹ്യുമാനിറ്റേറിയൻ ആങ്കിൾ’ ആണെന്ന് മറുപടി പറഞ്ഞു. അങ്ങനെയെങ്കിൽ ഇവിടെ റോഡ് തന്നെ ഉണ്ടാകുമായിരുന്നില്ലെന്ന് കമ്പനി പ്രതിനിധിയും പറഞ്ഞു.
എൻവയോൺമെന്റലിസ്റ്റുകളുടേത് ഒരിക്കലും മനുഷ്യരെക്കുറിച്ച് മാത്രമുള്ള ചിന്താഗതിയല്ല. മനുഷ്യർ ഉൾപ്പെടുന്ന ആവാസവ്യവസ്ഥയിൽ, നിലനിൽക്കുന്ന ഭൂമിയെ എത്രത്തോളം തുല്യമായി, ആരോഗ്യത്തോടെ – മനുഷ്യർക്കിടയിലും മറ്റു ജീവജാലങ്ങൾക്കിടയിലും എങ്ങനെ പങ്കിടണം എന്നതാണ് പുതിയ കാലത്തെ എൻവയോൺമെന്റലിസം ചിന്തിക്കേണ്ടത്. വീരമലയുടെ തകർച്ച, നയരൂപീകരണത്തിലും ഭരണത്തിലുമുൾപ്പെടെയുള്ള അങ്ങനെയൊരു ചിന്തയില്ലായ്മ തിരുത്തപ്പെടണമെന്ന് സൂചിപ്പിക്കുന്നു. റോഡുകളുടെ ചരിത്രവും വർത്തമാനവും ഭാവിയും എല്ലാവരെയും ബാധിക്കുന്ന കാര്യമായതിനാൽ അതേക്കുറിച്ചുള്ള അന്വേഷണങ്ങളും തുടരും.
ഫോട്ടോസ്: മൃദുല ഭവാനി









































