പി.എം ശ്രീ: ബദലുകളില്ലാതെ കീഴടങ്ങുന്ന ഭരണകൂടം

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) 2020-ന്റെ ലക്ഷ്യങ്ങളുമായി സ്കൂൾ വിദ്യാഭ്യാസത്തെ സമന്വയിപ്പിച്ച്, രാജ്യത്തുടനീളമുള്ള 14,500-ലധികം സ്കൂളുകളെ മാതൃകാ സ്ഥാപനങ്ങളാക്കി മാറ്റി, ഇരുപത് ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് നേരിട്ട് പ്രയോജനം ലഭ്യമാക്കുക എന്ന അവകാശ വാദവുമായി കേന്ദ്ര സർക്കാർ ആരംഭിച്ച വിദ്യാഭ്യാസ സംരംഭമാണ് ‘പ്രധാൻമന്ത്രി സ്കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ’ (PM SHRI) പദ്ധതി. വിവേചന രഹിതമായ അന്തരീക്ഷത്തിൽ സമഗ്രമായ വിദ്യാഭ്യാസം നൽകുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ദൗത്യം. ‘മനഃപാഠമാക്കുന്ന പഠന സംസ്കാരത്തിൽ’ നിന്ന് മാറി, വിമർശനാത്മക ചിന്ത, സർഗ്ഗാത്മകത, സഹകരണം എന്നിവയിലേക്കുള്ള മാറ്റത്തിന് ഊന്നൽ നൽകിക്കൊണ്ട്, കാലഘട്ടത്തിന് അനുസരിച്ചുള്ള കഴിവുകളിൽ വിദ്യാർത്ഥികളെ സജ്ജരാക്കുക എന്നതിലും ഈ പദ്ധതി ശ്രദ്ധ കേന്ദ്രികരിക്കുന്നു. ഈ പദ്ധതിയിൽ ഉൾപ്പെടുന്ന വിദ്യാഭാസ സ്ഥാപനം മാതൃകാ സ്കൂളുകളാക്കി ഉയർത്തണം എന്നതും പദ്ധതി ലക്ഷ്യം വെക്കുന്നു. സ്‌കൂളുകളുടെ  അടിസ്ഥാന ആവശ്യങ്ങൾക്ക് ഉപകരിക്കാത്ത പ്രവർത്തനരഹിതമായ വിദ്യാലാലയങ്ങളുടെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി സംസ്ഥാന സർക്കാർ ആ സ്‌കൂളുകളെ കമ്മ്യൂണിറ്റി ഹബ്ബുകളായി (സാമാജിക് ചേതന കേന്ദ്രങ്ങൾ) ഉയർത്തണമെന്നും ഈ പദ്ധതിയിലുടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നുണ്ട്. പിഎം ശ്രീ പദ്ധതിയിൽ അംഗങ്ങളാകുന്ന സംസ്ഥാനങ്ങൾ ദേശീയ വിദ്യാഭ്യസ നയത്തിലെ (NEP 2020) അടിസ്ഥാന നയങ്ങളെ പിൻപറ്റണം.

PM SHRI, പ്രതീകാത്മക ചിത്രം.

NEP യിലെ അധ്യായങ്ങളായ,
അദ്ധ്യായം 1: ആദ്യകാല ബാല്യകാല പരിചരണവും വിദ്യാഭ്യാസവും (ECCE),
അദ്ധ്യായം 2: അടിസ്ഥാന സാക്ഷരതയും സംഖ്യാശാസ്ത്രവും (FLN),
അദ്ധ്യായം 3: കൊഴിഞ്ഞുപോകൽ നിരക്കുകൾ കുറയ്ക്കൽ,
അദ്ധ്യായം 4: പാഠ്യപദ്ധതിയും അധ്യാപനവും,
അദ്ധ്യായം 5: അധ്യാപകർ,
അദ്ധ്യായം 6: തുല്യവും സമഗ്രവുമായ വിദ്യാഭ്യാസം,
അദ്ധ്യായം 7: കാര്യക്ഷമമായ റിസോഴ്‌സിംഗും ഭരണവും,
അദ്ധ്യായം 8: സ്റ്റാൻഡേർഡ്-സെറ്റിംഗും അക്രഡിറ്റേഷനും,
അദ്ധ്യായം 15: അധ്യാപക വിദ്യാഭ്യാസം,
അദ്ധ്യായം 24: ഓൺലൈൻ, ഡിജിറ്റൽ വിദ്യാഭ്യാസം എന്നിവയിലെ നിർദ്ദേശങ്ങൾ
പൂർണ്ണമായും സർക്കാർ നടപ്പിലാകണം. (ടേബിൾ 1).

കേന്ദ്ര വിദ്യാഭ്യാസ നയത്തിലെ എല്ലാ ഘടകങ്ങളും പി.എം ശ്രീക്ക് ബാധകമാണെന്നും പി.എം ശ്രീ പദ്ധതിയിൽ ഉൾപ്പെടുന്ന സ്കൂളുകളിൽ NEP നടപ്പാക്കണമെന്നും കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് സഹമന്ത്രി ജയന്ത് ചൗധരി പറഞ്ഞിട്ടുണ്ട്.

ടേബിൾ -1, Source: Ministry of Human Resource Development, Government of India. (2020). National Education Policy 2020.

ദേശീയ വിദ്യാഭ്യസ നയത്തിന് മുന്നേ നടന്ന കേരളം, ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ നിലവാരമുള്ള സംസ്ഥാനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന കേരളം, 2020 ലെ ദേശീയ വിദ്യാഭ്യാസ നയം (NEP) എടുത്തുകാണിച്ച വെല്ലുവിളികളെ നേരിടുന്നതിൽ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. എങ്കിലും സംസ്ഥാനം ഇപ്പോഴും നിരവധി വെല്ലുവിളികളിലൂടെ കടന്നുപോകുകയാണ്. 2020 ലെ NEP യിലെ ഓരോ അധ്യായത്തിലെയും വിമർശനങ്ങളുമായും നിർദ്ദിഷ്ട പരിഷ്കാരങ്ങളുമായും താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിന്റെ അവസ്ഥ എന്താണെന്ന് നോക്കാം.

അങ്കണവാടി സംവിധാനത്തിലൂടെയും സർക്കാർ സ്കൂളുകളിലെ പ്രീ-പ്രൈമറി വിദ്യാഭ്യാസത്തിലൂടെയും പ്രാരംഭ ബാല്യകാല വിദ്യാഭ്യാസം നൽകുന്നതിൽ കേരളം പ്രശംസനീയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. സാക്ഷരതാ നിരക്കിലും കൊച്ചുകുട്ടികൾക്കുള്ള വിദ്യാഭ്യാസ ഫലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലും രാജ്യത്ത് ഏറെ മുന്നിലാണ് കേരളം. എങ്കിലും, ഉയർന്ന നിലവാരമുള്ള പ്രാരംഭ ബാല്യകാല വിദ്യാഭ്യാസം, പ്രത്യേകിച്ച് ഗ്രാമീണ, ആദിവാസി മേഖലകളിൽ സാർവത്രികമായി ലഭ്യമാക്കുന്നതിൽ ഇപ്പോഴും ഒരു വിടവ് നിലനിൽക്കുന്നു. അടിസ്ഥാന വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിൽ മാതൃകകൾ ഉണ്ടെങ്കിലും പഠനത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് ആശങ്കകൾ ഉയർന്നുവരുന്നുണ്ട്.

പ്രതീകാത്മക ചിത്രം. കടപ്പാട്:deccanherald

കേരളത്തിലെ  ആദിവാസി സമൂഹങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ സ്ക്രൈബ് സിസ്റ്റത്തിന്റെ തട്ടിപ്പിന് ഇരയാക്കപ്പെടുന്നു എന്ന് ആദിവാസി മേഖലകളിൽ നിന്നും വ്യാപക പരാതിയുണ്ട്. എഴുതാനോ ടൈപ്പ് ചെയ്യാനോ കഴിയാത്ത ശാരീരിക പരിമിതികളുള്ള വിദ്യാർത്ഥികൾക്ക് നിയമാനുസൃതമായ ഒരു സൗകര്യമായിട്ടാണ് സ്ക്രൈബ് സിസ്റ്റം രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നാൽ, ഉയർന്നുവരുന്ന ആരോപണങ്ങൾ കാണിക്കുന്നത് ഈ സംവിധാനത്തിൽ കൃത്രിമത്വം കാണിക്കുന്നുണ്ടെന്നാണ്. ആദിവാസി വിദ്യാർത്ഥികളെ സ്ക്രൈബ് റോളിൽ ഉൾപ്പെടുത്തി വിജയ ശതമാനം വർദ്ധിപ്പിക്കുന്നു എന്നത് വിദ്യഭാസ വകുപ്പ് കേട്ട ഗുരുതര വിമർശനമാണ്.

അതുപോലെതന്നെ, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, യോഗ്യതയുള്ള അധ്യാപകരുടെ കുറവ്, ഗോത്ര പ്രദേശങ്ങളിലെ വിഭവങ്ങളുടെ കുറവ് എന്നിവ ആദിവാസി വിദ്യാർത്ഥികൾക്ക് ഇപ്പോഴും നേരിടേണ്ടി വരുന്നുണ്ട്. ഈ ഘടനാപരമായ പോരായ്മകൾ, അടിസ്ഥാനപരമായ കുറവുകൾ പരിഹരിക്കുന്നതിന് പകരം, വിജയ നിരക്ക് വർദ്ധിപ്പിക്കുന്നതിന് സ്കൂളുകളിലും റിക്രൂട്ട്മെന്റ് അധികാരികളിലും സമ്മർദ്ദം ചെലുത്തും. അങ്ങനെ സ്ക്രൈബിലേക്ക് ആദിവാസി വിദ്യാർത്ഥികൾ കൂടുതലായി ഉൾപ്പെടുത്തപ്പെടുന്നത്. ഇത്, അക്കാദമികവും നിയമപരവുമായ അപകട സാധ്യതകളിലേക്ക് കുട്ടികളെ തള്ളിവിടുന്നു. സ്ക്രൈബ് സംവിധാനത്തിന്റെ ദുരുപയോഗം ഒരു സാങ്കേതിക പിഴവല്ല, മറിച്ച് ഇന്ത്യയുടെ വിദ്യാഭ്യാസ ഘടനയിലെ ആഴത്തിലുള്ള അസമത്വത്തിന്റെ ലക്ഷണമാണ്. ഇത് അവരെ കൂടുതൽ അരികുവൽക്കരിക്കാനും ചൂഷണം ചെയ്യാനും ഉദ്യോഗസ്ഥർക്ക് അവസരമൊരുക്കുന്നു.

ലിംഗസമത്വത്തിലും ഉൾപ്പെടുത്തലിലും കേരളം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ശ്രദ്ധേയമാണെങ്കിലും, സാമൂഹിക-സാമ്പത്തിക ഗ്രൂപ്പുകളിലുടനീളം പഠന ഫലങ്ങളുടെ തുല്യത ഉറപ്പാക്കുന്നതിൽ വെല്ലുവിളികൾ നിലനിൽക്കുന്നു. വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം വലിയ തോതിൽ സാർവത്രികമാണെങ്കിലും, താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളിലെയും ചില ആദിവാസി സമൂഹങ്ങളിലെയും വിദ്യാർത്ഥികൾ പഠന ഫലങ്ങളിൽ പിന്നിലാണ്. ഈ വിടവുകൾ പരിഹരിക്കുന്നതിനും NEP ശുപാർശ ചെയ്യുന്നതുപോലെ പ്രത്യേക വിദ്യാഭ്യാസ മേഖലകൾ (SEZ-കൾ) നിർമ്മിക്കുന്നതിനുമുള്ള ഇടപെടലുകൾ കേരളത്തിന്റെ വിദ്യാഭ്യാസ ശ്രമങ്ങളെ മെച്ചപ്പെടുത്തും. ഹയർ സെക്കൻഡറി വിദ്യാഭ്യാസം ഉൾപ്പെടെ എല്ലാ തലങ്ങളിലുമുള്ള വിദ്യാഭ്യാസ നിലനിർത്തൽ നിരക്കുകളിൽ കേരളം മുന്നിലാണ്. രാജ്യത്തെ ഏറ്റവും ഉയർന്ന ഗ്രോസ് എൻറോൾമെന്റ് അനുപാതങ്ങളിൽ (GER) ഒന്നാണ് കേരളത്തിന്റേത്. പ്രത്യേകിച്ച് പെൺകുട്ടികളുടെ കൊഴിഞ്ഞുപോക്ക് വളരെ കുറവാണ്. എന്നാൽ, 2023-24 അധ്യയന വർഷത്തിൽ 460 ആദിവാസി വിദ്യാർത്ഥികൾ പഠനം ഉപേക്ഷിച്ചതായി വിദ്യഭ്യാസ മന്ത്രി നിയമ സഭയിൽ പറഞ്ഞത് ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്. പ്രിവിലേജുകൾ അനുഭവിക്കുന്നവർ വിദ്യാഭ്യാസത്തിൽ മേൽക്കൈ നെടുമ്പോൾ അണ്ടർ പ്രിവിലേജ്ഡ് ആയിട്ടുള്ളവർക്ക് ഇന്നും വിദ്യാഭ്യാസം അപ്രാപ്യമാകുന്ന അവസ്ഥ കേരളത്തിൽ നിലനിക്കുന്നുണ്ട്.

പ്രതീകാത്മക ചിത്രം. കടപ്പാട്:mathrubhumi

ഈ അവസരത്തിൽ  NEP 2020 നിർദ്ദേശിച്ച പ്രകാരം തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലേക്കും ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിംഗ് (ODL) ഓപ്ഷനുകളിലേക്കും പ്രവേശനം വികസിപ്പിക്കുന്നത് കുട്ടികളെ സ്കൂളിൽ നിലനിർത്താൻ കൂടുതൽ സഹായിക്കും. വർദ്ധിച്ച് വരുന്ന വിദ്യാഭ്യാസ കുടിയേറ്റത്തെ കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും അതിനെ തടഞ്ഞ് നിർത്തുവാനോ, വിദ്യാഭ്യാസ മൂല്യത്തിനനുസരിച്ചുള്ള തൊഴിൽ, കൂലി സമ്പ്രദായങ്ങളുടെ വികസനത്തിനോ കേരളത്തിന് പൂർണ്ണമായി വിജയിക്കാൻ സാധിച്ചിട്ടില്ല. ആദിവാസി മേഖലകളിൽ നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്ന പുതിയ തലമുറ ഉയർന്നുവരുന്നുണ്ടെങ്കിലും അവർക്ക് വേണ്ട പ്രോത്സാഹനം നൽകാൻ സർക്കാർ സംവിധാനങ്ങൾ കൂടുതലായി ശ്രമിക്കേണ്ടതാണ്.

മറ്റ് പല സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ പാഠ്യപദ്ധതി ഇതിനകം തന്നെ കൂടുതൽ പുരോഗമനപരമാണ്. വിമർശനാത്മക ചിന്തയ്ക്കും സംയോജിത പഠനത്തിനും അത് പ്രാധാന്യം നൽകുന്നു. പരമ്പരാഗത അക്കാദമിക് മേഖലയ്‌ക്കൊപ്പം കല, കായികം, സാംസ്കാരിക വിദ്യാഭ്യാസം എന്നിവയും സംസ്ഥാനം പ്രോത്സാഹിപ്പിക്കുന്നു. എന്നിരുന്നാലും, കാലോചിതമായി അനുഭവപരവും കഴിവിനെ അടിസ്ഥാനമാക്കിയുള്ളതുമായ ഒരു അധ്യാപനത്തിലേക്ക് നീങ്ങുന്നതിന്  വേണ്ടിയുള്ള വിലയിരുത്തൽ രീതികൾ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. പ്രൊഫഷണൽ പരിശീലനത്തിന്റെ ശക്തമായ പാരമ്പര്യമുള്ള, യോഗ്യതയുള്ള അധ്യാപകരുടെ എണ്ണത്തിൽ ഏറ്റവും ഉയർന്ന സ്ഥാനമുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കേരളത്തിലെ അധ്യാപകർ താരതമ്യേന നല്ല പ്രചോദനം ഉൾക്കൊള്ളുന്നവരും ബഹുമാനിക്കപ്പെടുന്നവരുമാണ്. അധ്യാപക-വിദ്യാർത്ഥി അനുപാതം അനുകൂലമാണ്, കൂടാതെ കേരള സംസ്ഥാന അധ്യാപക പരിശീലന പരിപാടി തുടർച്ചയായ പ്രൊഫഷണൽ വികസനത്തിന് ശക്തമായ ഊന്നൽ നൽകുന്നു.

എങ്കിലും, തുടർച്ചയായ പ്രൊഫഷണൽ വികസനം (CPD) ഒരു വെല്ലുവിളിയായി തുടരുന്നു. ആധുനിക പെഡഗോഗിക്കൽ രീതികളെക്കുറിച്ച്, പ്രത്യേകിച്ച് ഡിജിറ്റൽ സാക്ഷരത, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യുഗത്തിലെ കഴിവുകൾ തുടങ്ങിയ മേഖലകളിൽ അധ്യാപകരെ പതിവായി അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. മെറിറ്റ് അടിസ്ഥാനമാക്കിയുള്ള പ്രമോഷൻ സംവിധാനവും അധ്യാപക സ്വയംഭരണത്തിന് കൂടുതൽ ശക്തമായ പിന്തുണയും അധ്യാപന തൊഴിലിനെ കൂടുതൽ ശക്തിപ്പെടുത്താൻ സഹായിക്കും. ഡിജിറ്റൽ വിടവ് നികത്തുന്നതിൽ കേരളം മുൻകൈയെടുത്തിട്ടുണ്ട്. എങ്കിലും, ഗ്രാമപ്രദേശങ്ങളിലും ആദിവാസി മേഖലകളിലും ഇന്റർനെറ്റ് ലഭ്യതയുടെ വെല്ലുവിളികൾ നിലനിൽക്കുന്നുണ്ട്. എല്ലാ മേഖലകളിലും ഡിജിറ്റൽ വിദ്യാഭ്യാസത്തിന് തുല്യമായ പ്രവേശനം ഉറപ്പാക്കുക എന്നതാണ് സംസ്ഥാനത്തിന്റെ ഭാവി വിദ്യാഭ്യാസ വികസനത്തിന് പ്രധാനം.

പ്രതീകാത്മക ചിത്രം. കടപ്പാട്:keralakaumudi

സോപാധികമായി സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ വികസനത്തിന് നൽകേണ്ട ഫണ്ട് കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ആയുധമായി മാറുകയാണ്. ബിജെപി യുടെ വലതുപക്ഷ രാഷ്ട്രീയം പരാജയപ്പെടുന്ന അവസരത്തിൽ, ഔദ്യോഗികതയുടെ ആട്ടിൻ തോലണിയിച്ച് അവരുടെ പദ്ധതികൾ നടപ്പിലാക്കാനുള്ള ഗൂഢ ശ്രമമായി ഇതിനെ വിലയിരുത്താം. പി.എം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായ ധാരണാപത്രത്തിൽ (എംഒയു) ഒപ്പിടാൻ സമ്മതിക്കുന്നതുവരെ സമഗ്ര ശിക്ഷാ അഭിയാൻ (എസ്എസ്എ) പ്രകാരമുള്ള ഫണ്ട് കേന്ദ്ര സർക്കാർ തടഞ്ഞുവച്ചതായി ഡൽഹി, പഞ്ചാബ്, കേരളം, തമിഴ്‌നാട് എന്നിവയുൾപ്പെടെ നിരവധി പ്രതിപക്ഷ സംസ്ഥാനങ്ങൾ ഇതിനോടകം പരാതിപ്പെട്ടിട്ടുണ്ട്. ഫെഡറൽ സംവിധാനത്തിലെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാഭ്യാസത്തിൽ, കേന്ദ്രീകൃത സംരംഭത്തിലെ പങ്കാളിത്തിന്റെ പേരിൽ കേന്ദ്ര സർക്കാരിന് എങ്ങനെയാണ് ഇടപെടാൻ കഴിയുന്നത്. ഇത് സംസ്ഥാനങ്ങളുടെ ധനകാര്യ സ്വയംഭരണത്തെ പരാജയപ്പെടുത്തുന്നതും ഫണ്ട് വിതരണം തടയുന്നതിലൂടെ പ്രതിപക്ഷ സംസ്ഥാനങ്ങളോട് കാണിക്കുന്ന അനീതിയുമാണ്. സംസ്ഥാന വിദ്യാഭ്യാസ നയങ്ങളിലെ നിയന്ത്രണം വിപുലീകരിക്കുന്നതിനും കേന്ദ്രം സാമ്പത്തിക സമ്മർദ്ദം ഉപയോഗിക്കുന്നുവെന്ന് പ്രതിപക്ഷ സംസ്ഥാനങ്ങൾ ആരോപിക്കുന്നു. സമ്മർദ്ദം കാരണം ഏകദേശം 2,152 കോടി രൂപയുടെ വിദ്യാഭ്യാസ ഫണ്ടുകൾ കേന്ദ്രം മരവിപ്പിച്ചതായി തമിഴ്‌നാടും, 1,500 കോടി രൂപയുടെ ഫെഡറൽ ഗ്രാന്റുകൾ കേന്ദ്രം തടഞ്ഞുവച്ചതായി കേരളവും, 515 കോടി രൂപ മരവിപ്പിച്ചതായി പഞ്ചാബും ആരോപിക്കുന്നു.

കോവിഡ് സമയത്തെ ആവശ്യ വാക്സിനൊപ്പം ആദ്യം പ്രധാനമന്ത്രിയുടെ ഫോട്ടോ നൽകിയ ബ്രാൻഡിംഗ് രീതിയാണ് ഈ വിദ്യാഭ്യാസ പദ്ധതിയിലും കേന്ദ്രം സ്വികരിക്കുന്നത്. പദ്ധതിയുടെ നാമകരണവും ബ്രാൻഡിംഗും ഒരു പ്രധാന വിഷയമാണ്. പ്രൈം മിനിസ്റ്റർ സ്‌കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ എന്നതിന്റെ ചുരുക്കപ്പേരായ ‘PM SHRI’ എന്ന തലക്കെട്ട്, രാഷ്ട്രീയ ബ്രാൻഡിംഗിനും സ്വയം പ്രമോഷനുമുള്ള ഒരു ഉപകരണമായാണ് പ്രതിപക്ഷ പാർട്ടികൾ വിലയിരുത്തുന്നത്. “PM” എന്ന മുൻഭാഗം പ്രധാനമന്ത്രിയുടെ ഓഫീസിന് ചുറ്റും ക്രെഡിറ്റ് കേന്ദ്രീകരിക്കുന്നുവെന്നും അതുവഴി പക്ഷപാതരഹിതമായി തുടരേണ്ട ഒരു ക്ഷേമ സംരംഭത്തെ രാഷ്ട്രീയവൽക്കരിക്കുകയാണെന്നും വിമർശകർ ചൂണ്ടിക്കാണിക്കുന്നു.

കേരളത്തിൽ, ഈ വിഷയം ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ ആഭ്യന്തര വിള്ളലുകൾ സൃഷ്ടിച്ചു. കാരണം സി.പി.ഐ NEP 2020 നോടുള്ള പ്രത്യയശാസ്ത്രപരമായ എതിർപ്പ് ചൂണ്ടിക്കാട്ടി പി.എം ശ്രീയിൽ ചേരുന്നതിനെ പരസ്യമായി എതിർത്തു. എന്നാൽ സി.പി.എം ഈ പദ്ധതി ഭരണ നിർവഹണത്തിനും ഫണ്ടിനും ആവശ്യമാണെന്നും നടപ്പിലാക്കണമെന്നും ഊന്നിപ്പറയുന്നു. പ്രത്യശാസ്ത്രപരമായി വിദ്യാഭ്യാസത്തെ കാവിവത്ക്കരിക്കാൻ സംസ്ഥാനങ്ങളെ നിർബന്ധിക്കുകയാണെന്നും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദ്യാഭ്യാസത്തിൽ ഏറെ മുന്നിൽ നിൽക്കുന്ന കേരളത്തിന്റെ മേന്മകളെ ഈ പദ്ധതി വഴി കേന്ദ്ര സർക്കാരിന്റെ കീഴിലാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും വിമർശനമുണ്ട്.

ഇതിലെ പങ്കാളിത്തത്തിലൂടെ സംസ്ഥാന പാഠ്യപദ്ധതികളെയും വിദ്യാഭ്യാസ മുൻഗണനകളെയും സ്വാധീനിക്കാൻ കേന്ദ്രത്തെ അനുവദിക്കുമെന്ന് സിപിഐ വാദിക്കുന്നു. പദ്ധതിയിൽ ചേരുന്നതിലൂടെ, ഭാഷാനയത്തെയും പാഠ്യപദ്ധതിയെയും കുറിച്ചുള്ള വിവാദപരമായ വ്യവസ്ഥകൾ ഉൾപ്പെടെ NEP യുടെ ചട്ടക്കൂടിനെ പരോക്ഷമായി അംഗീകരിക്കേണ്ടി വരുമെന്ന് തമിഴ്നാട് സർക്കാരും വാദിക്കുന്നു. ഈ പ്രത്യയശാസ്ത്ര തർക്കങ്ങൾ ദേശീയ നയ ഏകോപനത്തിനും വിദ്യാഭ്യാസത്തിലെ സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ സ്വയംഭരണത്തിനും ഇടയിൽ പിരിമുറുക്കം സൃഷ്ടിച്ചിട്ടുണ്ട്. സുതാര്യത സംബന്ധിച്ച ആശങ്കകളും ഉയർന്നിട്ടുണ്ട്. അഞ്ച് വർഷത്തേക്ക് 27,000 കോടി ബജറ്റിൽ തയ്യാറാക്കപ്പെടുന്ന ഈ പദ്ധതി രാജ്യവ്യാപകമായി 14,500 സ്കൂളുകളെ ഉൾപ്പെടുത്തുമെന്ന് പറയുന്നു. എങ്കിലും, ‘മാതൃക’ സ്കൂളുകൾ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ, ഫണ്ട് അനുവദിക്കുന്ന പ്രക്രിയ, സംരംഭത്തിന്റെ ദീർഘകാല സുസ്ഥിരത എന്നിവയെ വിദ്യാഭ്യാസ വിദഗ്ധരും സംസ്ഥാന ഉദ്യോഗസ്ഥരും ചോദ്യം ചെയ്തിട്ടുണ്ട്. ബ്രാൻഡിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പൊതുവിദ്യാഭ്യാസത്തിൽ വ്യവസ്ഥാപിതമായ പരിഷ്കാരങ്ങൾക്കായുള്ള ആഴത്തിലുള്ള ആവശ്യകതയെ മറികടക്കുമെന്ന് വ്യക്തമാണ്.

പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനായി 33 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ വിദ്യാഭ്യാസ മന്ത്രാലയവുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഈ സംസ്ഥാങ്ങൾക്ക് ഒപ്പം കേന്ദ്ര സർക്കാർ സ്ഥാപനങ്ങളായ കേന്ദ്രീയ വിദ്യാലയ സംഗതൻ (കെവിഎസ്), നവോദയ വിദ്യാലയ സമിതി (എൻവിഎസ്) എന്നിവയും ഇതിൽ ഉൾപ്പെടുന്നു. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾ ഇതുവരെ എംഒയുവിൽ ഒപ്പുവെച്ചിട്ടില്ല. എന്നാൽ കേരളം ധാരണാപത്രത്തിൽ ഒപ്പുവെക്കുന്നതിന് താത്പര്യം പ്രകടിപ്പിച്ചതായാണ് വാർത്തകൾ.

പ്രതീകാത്മക ചിത്രം. കടപ്പാട്:indiatoday

കഴിഞ്ഞ പത്ത് വർഷമായി, ഇന്ത്യയുടെ ഫെഡറൽ ഘടനയെ ചോദ്യം ചെയ്തുകൊണ്ട്, ദേശീയ ഐക്യത്തിന്റെ മറവിൽ ഒരു മുതലാളിത്ത, ആധിപത്യ ഭരണകൂടം അതിന്റെ അധികാരം കേന്ദ്രീകരിക്കുന്നതിന്റെ പ്രത്യക്ഷ തെളിവുകളിലൊന്നാണ് പി.എം ശ്രീ. സംസ്ഥാന സ്വയംഭരണത്തെ ഒരു സമഗ്രമായ സഞ്ചയത്തിന്റെയും നിയന്ത്രണത്തിന്റെയും യുക്തിയിലേക്ക് ലയിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ധനകാര്യ, നിയമനിർമ്മാണ, സ്ഥാപനപരമായ ഇടപെടലുകൾ ക്രമാനുഗതമായി പുനഃക്രമീകരിച്ചുകൊണ്ടിരിക്കുകയാണ്. ഉദാഹരണത്തിന്, 2017-ൽ ചരക്ക് സേവന നികുതി നടപ്പിലാക്കിയത്. ഇതിലൂടെ കേന്ദ്രം ജി.എസ്.ടി കൗൺസിലിൽ നിർണായക അധികാരം നിലനിർത്തുകയും നഷ്ടപരിഹാരങ്ങൾ വൈകിപ്പിക്കുകയും അതിലൂടെ സംസ്ഥാനങ്ങളുടെ നികുതി സ്വയംഭരണം കുറയ്ക്കുകയും ചെയ്തു. സ്വതന്ത്ര വരുമാനം വർദ്ധിപ്പിക്കുന്നതിനും നയ ബദലുകൾ സ്ഥാപിക്കുന്നതിനുമുള്ള അവരുടെ ശേഷി കുറഞ്ഞതായി സംസ്ഥാനങ്ങളും പറയുന്നു. ഇത് ഫെഡറൽ ക്രമത്തിൽ അന്തർലീനമായ അസന്തുലിതാവസ്ഥയെ കൂടുതൽ ആഴത്തിലാക്കി. പ്രാദേശിക സമത്വം പ്രോത്സാഹിപ്പിക്കുന്നതിന് പകരം കേന്ദ്രശക്തിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി സാമ്പത്തിക പ്രവാഹങ്ങൾ എങ്ങനെ വഴിതിരിച്ചുവിടപ്പെട്ടുവെന്ന് ഇത് എടുത്തുകാണിക്കുന്നു. കേന്ദ്രം സംസ്ഥാനങ്ങളെ ഒരു നവലിബറൽ അജണ്ടയുടെ പ്രയോജകരായി ഉപയോഗിക്കുന്ന ഒരു മാതൃകയുടെ ഒടുവിലത്തെ ഉദാഹരണമാണ് പി.എം ശ്രീ പദ്ധതി. ഫെഡറൽ സ്വയംഭരണത്തിന്റെ സാധ്യതയെ ദുർബലപ്പെടുത്തുകയും പ്രാദേശിക അസമത്വങ്ങളെ ആഴത്തിലാക്കുകയും ചെയ്യുന്ന പ്രവണതകളെ തൊഴിലാളി വർഗ്ഗ പാർട്ടിയുടെ ഭരണകൂടവും നിലനിൽപ്പിന്റെ പേരിൽ പിന്തുണക്കുന്നു എന്നതാണ് വലതുപക്ഷത്തിന്റെ വിജയം.

(ഗവേഷകൻ, മഹാത്മാ ഗാന്ധി സർവ്വകലാശാല)

Also Read

8 minutes read October 22, 2025 2:56 pm