ബങ്കെ ബിഹാരി ഇടനാഴി: നഗര വികസനം മതവ്യവസായത്തിന് വേണ്ടിയോ?

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഉത്തർപ്രദേശ് വൃന്ദാവനിലെ ബങ്കെ ബിഹാരി ക്ഷേത്രത്തിന് ചുറ്റുമുള്ള അഞ്ച് ഏക്കർ ഭൂമി ‘ഇടനാഴി വികസനത്തിനായി’ (corridor development) ഏറ്റെടുക്കാൻ യു.പി സർക്കാരിന് അനുമതി നൽകിക്കൊണ്ട് മേയ് 15ന് സുപ്രീം കോടതി ഉത്തരവായി. 2022ൽ, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം തിക്കിലും തിരക്കിലും പെട്ട് രണ്ട് പേർ ഈ ക്ഷേത്രത്തിൽ വച്ച് മരിക്കാനിടയായ പശ്ചാത്തലത്തിലാണ് പദ്ധതി അനിവാര്യമാണെന്ന് കോടതി വിധി പറഞ്ഞിരിക്കുന്നത്.

പരമ്പരാഗത ആത്മീയതയും ആധുനികതയും സമന്വയിപ്പിക്കുന്ന, ഹിന്ദു തീർത്ഥാടകർക്കായി രൂപകൽപ്പന ചെയ്ത ഒരു അടിസ്ഥാന വികസന പദ്ധതിയുടെ ഉദാഹരണമായി ഇതിനെ കാണാം. ബങ്കെ ബിഹാരി ഇടനാഴി പദ്ധതി തീർത്ഥാടകർക്ക് വൃന്ദാവൻ ക്ഷേത്രത്തിലെത്തുന്നത് എളുപ്പമാക്കുമെന്നുറപ്പാണ്. എന്നാൽ, ഇതിനായി പ്രദേശവാസികൾ നൽകേണ്ടി വരുന്ന വിലയെക്കുറിച്ച് ആശങ്കകൾ ഉയർന്നിട്ടുണ്ട്.

ബങ്കെ ബിഹാരി ക്ഷേത്രത്തിനുള്ളിലെ ജനത്തിരക്ക്. കടപ്പാട്:pti

കോറിഡോർ മാതൃക

വാരണാസിയിലെ കാശി-വിശ്വനാഥ് ഇടനാഴിയെ മാതൃകയാക്കി ഒരുക്കുന്ന ബങ്കെ ബിഹാരി ഇടനാഴി, വൃന്ദാവനിലെ ചില പ്രദേശവാസികളുടെ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. അവരുടെ ആവശ്യങ്ങളോ പ്രശ്നങ്ങളോ പദ്ധതിയിൽ പരിഗണിക്കപ്പെടുന്നില്ല എന്നതാണ് പരാതി.

2017-ൽ ആദ്യത്തെ യോഗി ആദിത്യനാഥ് മന്ത്രിസഭയുടെ കാലത്താണ് പദ്ധതി നിർദ്ദേശിക്കപ്പെടുന്നത്. ജാതി അധിഷ്ഠിതമായ ഹൈന്ദവ ആധുനികതയുടെയും സൗന്ദര്യശാസ്ത്രത്തിന്റെയും പേരിൽ, പുരാതന നഗരങ്ങളുടെ ചരിത്രവും ഓർമ്മകളും മായ്ച്ചുകളഞ്ഞും തിരുത്തിയെഴുതിയും ഒരു മത-വ്യവസായ സമുച്ചയം സൃഷ്ടിക്കാനുള്ള ഭരണകൂടത്തിന്റെ നിലപാടാണ് ഈ പദ്ധതിയിലൂടെ വെളിവാക്കപ്പെടുന്നത്.

കൃഷ്ണനുമായി ബന്ധപ്പെട്ട മതപൈതൃക കേന്ദ്രങ്ങളായ മഥുര, വൃന്ദാവനം, ഗോവർദ്ധൻ, ബർസാന എന്നിവയെ ബന്ധിപ്പിക്കുന്ന കൃഷ്ണ സർക്യൂട്ടിലാണ് പദ്ധതി ഉൾപ്പെടുത്തിയിരിക്കുന്നത്.

തീർത്ഥാടന കേന്ദ്രങ്ങളെ മുൻഗണനാക്രമത്തിൽ ആസൂത്രിതമായും സുസ്ഥിരമായും വികസിപ്പിച്ച്, ‘പൂർണ്ണമായ മത ടൂറിസം അനുഭവം’ ഒരുക്കുക എന്ന ലക്ഷ്യത്തോടെ 3,295.76 കോടി രൂപ ചെലവഴിച്ച് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന PRASHAD (Pilgrimage Rejuvenation and Spiritual Augmentation Drive) പദ്ധതിയുടെ ഭാഗമാണ് ഈ ഇടനാഴി.

പദ്ധതിയുടെ രൂപരേഖ

സംസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള മതപരമായ ഈ വിനോദ സഞ്ചാരത്തെ മുന്നോട്ട് നയിക്കുന്നതിനായി നഗരാസൂത്രണ പദ്ധതികളും സ്ഥാപനങ്ങളും പ്രയോജനപ്പെടുത്തപ്പെടുന്നു. ഉത്തർപ്രദേശ് ബ്രജ് വികാസ് തീർത്ഥ പരിഷത്ത് പോലുള്ള പുതിയ സർക്കാർ സ്ഥാപനങ്ങൾ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. കൃഷ്ണപൈതൃകവുമായി ബന്ധപ്പെട്ടിടങ്ങളുള്ള ബ്രജ് മേഖലയിലെ പൈതൃകത്തിന്റെ ‘സൗന്ദര്യാത്മക നിലവാരം സംരക്ഷിക്കാനും വികസിപ്പിക്കാനും നിലനിർത്താനുമുള്ള’ പദ്ധതി ഒരുക്കുന്നതാണ് ഈ സ്ഥാപനങ്ങളുടെ ചുമതല.

ഈ പദ്ധതിക്ക് കേന്ദ്ര, സംസ്ഥാന, നഗരതലങ്ങളിലെ വിവിധ സർക്കാർ സ്ഥാപനങ്ങളുടെ ഏകോപിത ഇടപെടൽ ലഭിക്കുന്നു. പ്രത്യേകിച്ച്, കൃഷ്ണ സർക്യൂട്ടിന്റെ വികസനത്തിൽ പൊതുമരാമത്ത് വകുപ്പ്, യമുന എക്സ്പ്രസ് വേ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റി, സ്മാർട്ട് സിറ്റീസ് മിഷൻ, ടൂറിസം, സംസ്കാരം, റവന്യൂ, വനം, ജലസേചനം തുടങ്ങിയ വിവിധ വകുപ്പ്-സ്ഥാപനങ്ങൾ ചേർന്ന് പ്രവർത്തിക്കുന്നു. നഗര വികസനത്തിനായി രൂപകൽപ്പന ചെയ്ത നയങ്ങളും സ്ഥാപനങ്ങളും, സംസ്ഥാന സർക്കാരിന്റെ മത ടൂറിസം പദ്ധതികൾക്ക് എങ്ങനെ കൂട്ടുനിൽക്കുന്നു എന്നതിന്റെ തെളിവാണ് ഇത്.

യു.പി സർക്കാറിന്റെ പരസ്യം. കടപ്പാട്:X

ബങ്കെ ബിഹാരി ഇടനാഴി പദ്ധതിയുടെ വാഗ്ദാനങ്ങൾ വലുതാണ്. വൃന്ദാവനത്തിലെ ചരിത്രപരമായ ‘കുഞ്ച് ഗലികൾ’—കൃഷ്ണൻ നടന്നുവെന്ന് വിശ്വാസികൾ കരുതുന്ന, ക്ഷേത്രത്തിന് ചുറ്റുമുള്ള ഇടുങ്ങിയ വഴികൾ—വിപുലീകരിക്കപ്പെടുന്നതും ഇതിൽ ഉൾപ്പെടുന്നു. പുതിയ പ്രവേശന പാതകളും വാണിജ്യ ഇടനാഴികളും വിശാലമായ പാർക്കിംഗ് ഹബ്ബുകളും ഉൾപ്പെടുത്തി യമുനാ നദീതീരത്തെയും ക്ഷേത്രത്തെയും ബന്ധിപ്പിക്കാനാണ് പദ്ധതി.

ബങ്കെ ബിഹാരി ഇടനാഴിയുടെ വികസനത്തിനായി ഉത്തർപ്രദേശ് സർക്കാർ 500 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ക്ഷേത്രത്തിന് ചുറ്റുമുള്ള അഞ്ച് ഏക്കർ ഭൂമി ഏറ്റെടുക്കാൻ, ക്ഷേത്ര ട്രസ്റ്റിന്റെ സ്ഥിര നിക്ഷേപം ഉപയോഗിക്കുന്നതിന് സുപ്രീം കോടതി മേയ് മാസത്തിൽ അനുമതി നൽകിയിരുന്നു. എന്നാൽ ആഗസ്റ്റ് ആദ്യം, ഇടനാഴി പദ്ധതിക്കായി ക്ഷേത്ര ഫണ്ട് വിനിയോഗിക്കുന്നതിനുള്ള അനുമതി ‘രഹസ്യമായി’ നേടാൻ ശ്രമിച്ചതായി ആരോപിച്ച്, ഉത്തർപ്രദേശ് സർക്കാരിനെതിരെ കോടതിയുടെ ബെഞ്ച് വിമർശനവുമായി മുന്നോട്ടുവന്നു.

പദ്ധതി നടപ്പിലാക്കുന്നതിനായി മുന്നൂറിലധികം കെട്ടിടങ്ങൾ പൊളിച്ച് മാറ്റാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇത് വർഷങ്ങളായി ഇവിടെ താമസിക്കുന്നവരെയും ഉപജീവനത്തിനായി കടകൾ നടത്തിവരുന്നവരെയും ഗുരുതരമായി ബാധിക്കും. ഫലഭൂയിഷ്ഠമായ കൃഷിഭൂമികളിൽ, യമുന എക്സ്പ്രസ് വേ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റി മുന്നോട്ടുവയ്ക്കുന്ന റായ ഹെറിറ്റേജ് സിറ്റി പോലുള്ള ഹൈവേകളും അപ്പാർട്ട്മെന്റ് സമുച്ചയങ്ങളും ഉൾപ്പെടുന്ന പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്.

പദ്ധതി നടപ്പിലായാൽ വൃന്ദാവനത്തിന് ചുറ്റുമുള്ള ഭൂമിയുടെ വില കുത്തനെ ഉയരുമെന്നാണ് വിലയിരുത്തൽ. വലിയ നഗരങ്ങളിൽ നിന്നുള്ളവരെയും ക്ഷേത്ര പരിസരത്ത് വീട് ആഗ്രഹിക്കുന്ന പ്രവാസികളെയും ഇവിടേക്ക് ആകർഷിക്കുമെന്നതാണ് സാധ്യത. എന്നാൽ, ഇതിലൂടെ നഗരത്തിലെ പരമ്പരാഗത ഭൂമിയുടമസ്ഥാവകാശ രീതികൾ മാറിമറിഞ്ഞ്, നാട്ടുകാർ പുറന്തള്ളപ്പെടുമെന്ന് വിമർശകർ മുന്നറിയിപ്പ് നൽകുന്നു.

പദ്ധതി ഇതിനോടകം തന്നെ വിവാദങ്ങൾക്കിടയായിക്കഴിഞ്ഞു. ജൂണിൽ, ഇടനാഴി നിർമ്മാണത്തെ ശക്തമായി എതിർത്തുകൊണ്ട് ഗോസ്വാമി സമുദായത്തിലെ നൂറുകണക്കിന് കുടുംബങ്ങൾ വീടുകളും കടകളും അടച്ചിട്ട് പ്രതിഷേധം നടത്തി. പദ്ധതി നാട്ടുകാരുടെ അവകാശങ്ങളും ജീവിതരീതികളും ഇല്ലാതാക്കുന്നതിലേക്ക് വഴിമാറുന്നു എന്നതായിരുന്നു അവരുടെ ആരോപണം.

ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവും ഭരണവും തങ്ങളുടെ പാരമ്പര്യ അവകാശത്തിൽ നിന്ന് മറ്റൊരു ട്രസ്റ്റിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ രൂക്ഷമായ പ്രതിഷേധിച്ചുകൊണ്ട് സമുദായത്തിലെ സ്ത്രീകൾ മുഖ്യമന്ത്രി ആദിത്യനാഥിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രക്തത്തിൽ കത്തുകൾ എഴുതി.

2022-ൽ വൃന്ദാവനിൽ ഞങ്ങൾ നടത്തിയ സന്ദർശനത്തിൽ തന്നെ, ബാങ്കെ ബിഹാരി ഇടനാഴി കാരണം സ്ഥലം മാറ്റപ്പെടുമെന്ന ആശങ്ക നിരവധി കടയുടമകൾ പങ്കുവച്ചിരുന്നു. വാരണാസിയിലെ കാശി വിശ്വനാഥ് ഇടനാഴി പദ്ധതിയിൽ 300-ലധികം വീടുകൾ പൊളിച്ചുമാറ്റിയ സംഭവമാണ് അവരുടെ ആശങ്കയെ കൂടുതൽ ശക്തമാക്കിയത്.

പദ്ധതിയുമായി ബന്ധപ്പെട്ട ഏറ്റവും വലിയ ആശങ്കകളിൽ ഒന്നാണ് ഉടമസ്ഥാവകാശ രേഖകളിലെ അനിശ്ചിതത്വം. സ്ഥലങ്ങൾ വാടകയ്‌ക്കെടുത്ത് വ്യാപാരം നടത്തുന്ന കടയുടമകൾക്ക് ഉപജീവനമാർഗം നഷ്ടപ്പെടുമെന്ന ഭീതിയാണ് കൂടുതലും. കെട്ടിടങ്ങളുടെ ഉടമകൾക്ക് നഷ്ടപരിഹാരം ലഭിക്കുമെങ്കിലും, വാടകക്കാർക്ക് എന്ത് ലഭിക്കുമെന്നത് വ്യക്തമല്ല – ഒന്നും കിട്ടാതിരിക്കാനും സാധ്യതയുണ്ട്. ഇന്ത്യയിലെ പല ഭാഗങ്ങളിലും പോലെ, തലമുറകളായി ഇവിടെ താമസിച്ചുവരുന്ന നിരവധി കുടുംബങ്ങൾക്ക് ഔദ്യോഗിക രേഖകൾ ഇല്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.

ഇപ്പോൾ ഇടുങ്ങിയ വഴികളും വീടുകളും കടകളും ചേർന്ന്, വ്യാപാരികളും കരകൗശല വിദഗ്ധരും ചെറുകിട വ്യാപാരികളും വിധവകളും യാചകരുമൊക്കെ ആശ്രയിക്കുന്ന അസംഘടിത സമ്പദ്‌വ്യവസ്ഥയാണ് ഈ പ്രദേശത്തിന്റെ ജീവാത്മാവ്. പദ്ധതിയിലൂടെ ഇത് ഇല്ലാതാക്കപ്പെടുമെന്നതാണ് നാട്ടുകാരുടെ ഏറ്റവും വലിയ ആശങ്ക.

ഇതിനുപകരം, വിശാലമായ പാതകളും മോട്ടോർ വാഹനങ്ങൾക്കായി രൂപകൽപ്പന ചെയ്ത റോഡുകളും, വിപുലമായ പാർക്കിംഗ് കേന്ദ്രങ്ങളും, ഗ്രീൻഫീൽഡ് എക്സ്പ്രസ് വേകളും, വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന നദീതീരങ്ങളിൽ പ്രൊമെനേഡുകളും (നദിക്കരയിൽ പണിയുന്ന നടപ്പാത) ഉയർന്നുവരും.

ഈ മാറ്റങ്ങൾ, വൃന്ദാവനത്തിന്റെ പുരാതനവും സ്വാഭാവികവും ചിലപ്പോൾ സമ്മിശ്രവുമായ നഗരരൂപത്തെ ഇല്ലാതാക്കി, ശുചിത്വവൽക്കരിച്ചും ഉപഭോഗത്തിനായി പുനരാവിഷ്കരിച്ചും ഒരുക്കിയ ‘ആധുനിക’ തീർത്ഥാടന കേന്ദ്രമായി മാറ്റിമറിക്കുമെന്നാണ് വിമർശനം.

ഗോസ്വാമി സമുദായത്തിലെ അംഗങ്ങൾ നടത്തിയ പ്രതിഷേധം. കടപ്പാട്:dainikbhaskar

സർക്കാരിന്റെ ‘സ്മാർട്ട് സിറ്റി മിഷൻ’ പദ്ധതിയുടെ പേരിൽ, വൃന്ദാവനത്തിന്റെ മുഴുവൻ സ്ഥലരൂപവും പൂർണമായും പുനർനിർമ്മിക്കപ്പെടാൻ പോവുകയാണ്. നഗരങ്ങളെ ‘പൗര സൗഹൃദവും സുസ്ഥിരവുമാക്കുക’ എന്ന മുദ്രാവാക്യമാണ് ‘സ്മാർട്ട് സിറ്റി മിഷൻ’ മുന്നോട്ട് വെച്ചിട്ടുള്ളത്. എന്നാൽ, ശരിക്കും ഈ സംരംഭം മുകളിൽ നിന്നുള്ള ഏകപക്ഷീയമായ തീരുമാനങ്ങളും, വൻകിട പദ്ധതികളും, ഭരണത്തിലേക്കുള്ള ഡിജിറ്റൽ സാങ്കേതിക ഇടപെടലുകളും മാത്രമേ ഉറപ്പാക്കുന്നുള്ളൂവെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു.

ദീർഘകാലമായി ഇവിടെ താമസിക്കുന്നവരുടെ ആവശ്യങ്ങൾ പരിഗണിക്കപ്പെട്ടിട്ടില്ലെന്നും, ആരെ കുടിയൊഴിപ്പിക്കും, ആർക്ക് പ്രയോജനപ്പെടും എന്നീ നിർണ്ണായക ചോദ്യങ്ങൾക്ക് അധികാരികൾ മറുപടി നൽകാൻ തയ്യാറല്ലെന്നും അവർ ആരോപിക്കുന്നു. ജനങ്ങളുടെ ജീവിതവും പൈതൃകവും പണയം വെച്ച് ‘വികസന’ത്തിന്റെ പേരിൽ നടപ്പാക്കുന്ന പദ്ധതിയാണിത് എന്നതാണ് പൊതുവായ വിമർശനം.

പരിഭാഷ: ഹരിപ്രിയ

Also Read