

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


ഞാൻ ജീവിതത്തിൽ ആദ്യം കാണുന്ന തുന്നൽക്കാരൻ ദാമോദരേട്ടനാണ്. ഒരു പീടിക വരാന്തയിൽ സിംഗർ തയ്യൻ മെഷീന് പിന്നിൽ ഒരു മരസ്റ്റൂളിലിരുന്ന് കാല് വിറപ്പിച്ചുകൊണ്ട് തയ്ക്കുന്ന ദാമോദരേട്ടൻ. കഴുത്തിൽ ഡോക്ടറുടെ സ്റ്റെതസ്കോപ്പ് പോലെ ടേപ്പും. ഡോക്ടർ ഹൃദയമിടിപ്പും നെഞ്ചിന്റെ സൂക്ഷ്മ താളങ്ങളും സ്റ്റെതസ്കോപ്പിലൂടെ തലച്ചോറിൽ കുറിക്കുന്നു. തയ്യൽക്കാരൻ അജൈവികമായ തുണി കഷ്ണത്തെ വെട്ടി മുറിച്ച് തുന്നിക്കൂട്ടി ഹൃദയവും ശ്വാസകോശങ്ങളും തലച്ചോറുമൊക്കെയുള്ള ജൈവമനുഷ്യനെ പുതു മനുഷ്യനാക്കുന്നു. സംസ്കാരത്തിന്റെ ഭംഗിയേറിയ പരിണാമം. ദാമോദരേട്ടൻ കമ്മ്യൂണിസ്റ്റ് ആയിരുന്നു. ജാതിയിൽ ഈഴവനും. അക്കാലത്തെ വെങ്ങിണിശ്ശേരിയിലെയും അമ്മാടത്തെയും കോടന്നൂരിലെയും പള്ളിപ്പുറത്തെയും തയ്യൽക്കാരും കമ്മ്യൂണിസ്റ്റുകൾ ആയിരുന്നു ഏറെയും. അവർ സ്വന്തം ജീവിതങ്ങൾ തുന്നി കൂട്ടുകയായിരുന്നു, സാംസ്കാരിക മനുഷ്യർക്ക് വേണ്ടി. പുതിയൊരു യുഗസന്ധ്യക്കായി അവരും തയ്യൽ യന്ത്രത്തിന് പിന്നിലിരുന്ന് പണിയെടുക്കുമ്പോൾ വിപ്ലവഗാനങ്ങൾ പാടി, കെ.എസ് ജോർജിനും സുലോചനക്കുമൊപ്പം. ബലികുടീരങ്ങളെ… എന്ന വരിയിൽ എത്തുമ്പോൾ അവരിൽ പലരും വിതുമ്പി, തങ്ങൾക്കുവേണ്ടി ബലിയർപ്പിക്കപ്പെട്ടവരുടെ ഹൃദയങ്ങൾക്ക് മുമ്പിൽ.


1985 ന്റെ പാതിയിൽ ഞാൻ ഗാന്ധി എന്ന തുന്നൽക്കാരനെ കണ്ടുമുട്ടി. ദക്ഷിണാഫ്രിക്കയിലെ ഇരുണ്ട തടവറയിൽ അതിക്രൂരനായിരുന്ന ജനറൽ സ്മട്സിന്റെ പൊലീസിനാൽ ഭേദിക്കപ്പെട്ടും, പീഡിപ്പിക്കപ്പെട്ടും (വർഷങ്ങൾക്കുശേഷം ഇതേ സ്മട്സ് ഗാന്ധിയെ മഹത്തായ മനുഷ്യസ്നേഹി എന്ന് വിളിച്ചു). അതിരാവിലെ തടവറയിലെ തുറന്ന കക്കൂസ് എന്ന ദ്വാരത്തിൽ വെളിക്കിരുന്ന ഗാന്ധിയെ സഹതടവുകാരനായ ആജാനുബാഹു പൊക്കിയെടുത്ത് പുറത്തേക്കെറിഞ്ഞു. ഒരു കഴുക്കോലിൽ തൂങ്ങിക്കിടന്ന് ഗാന്ധി രക്ഷപ്പെട്ടു. ഗാന്ധിക്ക് ജനറൽ സ്മട്സ് കൊടുത്ത പണി തടവറയിലെ ഇഷ്ടികകൾ ഉരച്ചുകഴുകി പോളിഷ് ചെയ്യുക, പുറത്ത് കരിങ്കല്ലുടക്കുക, പിന്നെ പട്ടാളക്കാർക്കുള്ള കോട്ടുകൾ സൂചിയും നൂലും കൊണ്ട് തുന്നുക. ഈ തുന്നൽ പണിയാണ് നവ്ഖലിയിൽ ഹിന്ദു – മുസ്ലീം സംഘർഷങ്ങളുടെ പൈശാചിക വേളകളിൽ തുളകൾ വീണ തന്റെ സ്വന്തം പുതപ്പും കീറിയ ലങ്കോട്ടിയും തുന്നിക്കൂട്ടാൻ ഗാന്ധിയെ പ്രാപ്തനാക്കുന്നത്. ഇതിനകം ഗാന്ധി ചിതറിപ്പോകുന്ന മുറിവുകൾ ഉള്ള മനുഷ്യഹൃദയങ്ങളെ തുന്നിക്കൂട്ടുന്ന മഹാതുന്നൽക്കാരനായി നവീകരിക്കപ്പെട്ടു കഴിഞ്ഞിരുന്നു. തുന്നൽക്കാരനായിരുന്ന നാഥുറാം ഗോഡ്സെ തനിക്ക് കിട്ടിയ കത്രിക തോക്കാക്കി, സവർക്കർ എന്ന ‘ഡിസൈനറുടെ’ സിദ്ധാന്തത്തിൽ മഹാതുന്നൽക്കാരന്റെ ഹൃദയത്തെ ചിതറിത്തെറിപ്പിച്ചു. പിന്നീട്, ഇന്ത്യക്കാരുടെ മുറിവേറ്റ ഹൃദയങ്ങളെ തുന്നിക്കൂട്ടാൻ പലരും ശ്രമിച്ചു.
കേരളത്തിൽ അതിന് ശ്രമിച്ച ഒരാളായിരുന്നു വി.എസ് അച്യുതാനന്ദൻ.
ജീവനോപാധിക്കായി തുന്നൽക്കാരനായി ജീവിതം തുടങ്ങിയ വി.എസ് അടിസ്ഥാനപരമായി ലക്ഷ്യത്തിലേക്കെത്താൻ ഏത് മാർഗ്ഗവും സ്വീകരിക്കാം എന്ന പക്ഷക്കാരനായിരുന്നു. ശരീരഭാഷയിൽ അദ്ദേഹത്തെ ഒരു സ്റ്റാലിനിസ്റ്റ് ആയിട്ടാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. അടവുനയത്തിൽ കൂടെയുള്ള നേതാക്കളെ വെട്ടിനിരത്തുന്നതിലും അദ്ദേഹം തെറ്റ് കണ്ടില്ല. പക്ഷേ, അദ്ദേഹം അടിസ്ഥാന വർഗ്ഗത്തിലുള്ള ഏവരുടെയും ഒപ്പമുണ്ടായിരുന്നു. അവർക്കുവേണ്ടി വാദിച്ചു, സമരത്തിലേർപ്പെട്ടു, സർവ്വോപരി അവരുടെ പ്രശ്നങ്ങൾ, ആകുലതകൾ, വിഷമങ്ങൾ, ക്ലേശങ്ങൾ ക്ഷമയോടെ കേട്ടു, കുറെയൊക്കെ പരിഹരിച്ചു. കുറെയേറെ പ്രശ്നങ്ങൾക്ക് അദ്ദേഹം അടിയുറച്ച് വിശ്വസിച്ച കമ്മ്യൂണിസത്തിൽ വഴികളില്ലായിരുന്നു. ലാളിത്യത്തിൽ ഗാന്ധിയനായ അദ്ദേഹം ഗാന്ധിയൻ ആശയങ്ങളെ പറ്റി നല്ല വാക്കുകൾ പറഞ്ഞതായി അറിവില്ല, ചീത്തവാക്കുകളും. എന്നാൽ അദ്ദേഹം ഇഎംഎസിനെ പോലെ അബ്ദുൾ നാസർ മദനി മഹാത്മാ ഗാന്ധിയെ പോലെയാണെന്ന് പറഞ്ഞിട്ടില്ല (ദേശാഭിമാനി ദിനപത്രം. 1994 ജൂലായ് 4).


ആറ് കൊല്ലം മുമ്പ് ഓർമ്മ നശിക്കും വരെ, അദ്ദേഹം സ്വയം നവീകരിക്കപ്പെടാൻ സന്നദ്ധനായിരുന്നു. കേരളത്തിൽ ഏതെങ്കിലും ഒരു കമ്മ്യൂണിസ്റ്റുകാരൻ അത്തരം ആവർത്തിച്ചുള്ള നവീകരണങ്ങൾ സ്വയം നടത്തിയതായി അറിവില്ല. അതുകൊണ്ടാണ് കേരളത്തിന്റെ പരിസ്ഥിതി വിഷയങ്ങളിൽ തൊണ്ണൂറുകൾക്ക് ശേഷമുള്ള വി.എസ് വളരെ ശക്തമായും തന്റെ സ്വന്തം പാർട്ടിയെ ധിക്കരിച്ചും പരിസ്ഥിതിയുടെ ആരോഗ്യത്തിന് വേണ്ടി നിലകൊണ്ടത്. മുറിച്ചിട്ട, തകർത്തെറിഞ്ഞ, ഛിന്നഭിന്നമാക്കിയ കേരളത്തിലെ പരിസ്ഥിതിയെ കൂട്ടിച്ചേർത്ത്, തുന്നി ചേർക്കണമെന്ന് ഈ തുന്നൽക്കാരന് അറിയാമായിരുന്നു. അടിസ്ഥാന വർഗ്ഗത്തിന്റെ അതിജീവനത്തിന് അത് അനിവാര്യമാണ്. കോൾ നിലങ്ങൾ നികത്തുന്നത് തടയാൻ കർശനമായ നിയമം കൊണ്ടുവന്നു. തനിക്കറിയാത്ത വിഷയങ്ങളിൽ, ആ വിഷയങ്ങളിൽ അവഗാഹം ഉള്ളവരുടെ അഭിപ്രായങ്ങൾ തേടി, കേട്ടു, നടപ്പാക്കാൻ ശ്രമിച്ചു. ആർക്കും എപ്പോഴും ഭയമില്ലാതെ സത്യസന്ധമെന്ന് തോന്നുന്ന കാര്യങ്ങൾ — അത് ബി.ടി വിത്തുകളായാൽ പോലും — തുറന്ന് പറയാനുള്ള ഇടം അദ്ദേഹം നൽകി. വി.എസ് ആവശ്യാനുസരണം ഇയർഫോൺ ഊരുകയും വയ്ക്കുകയും ചെയ്യുന്ന ഇഎംഎസ് ആയിരുന്നില്ല, ക്ഷമയുള്ള കേൾവിക്കാരനായിരുന്നു.
സ്ത്രീകൾക്ക് അവരുടെ വേദനകൾ, നേരിടുന്ന അപമാനങ്ങൾ അദ്ദേഹത്തോട് പറയാൻ ഒട്ടും പ്രയാസമുണ്ടായിരുന്നില്ല. അധികാരശക്തിയുള്ള ബലാത്സംഗികളെ കയ്യാമം വെച്ച് പൊതുനിരത്തിലൂടെ നടത്തുമെന്ന് അദ്ദേഹം പറഞ്ഞെങ്കിലും സാധിച്ചില്ല. ടി.പി ചന്ദ്രശേഖരന്റെ വധത്തിനുശേഷം പാർട്ടി വിലക്കുകൾ വലിച്ചെറിഞ്ഞ് വിധവയാക്കപ്പെട്ട കെ.കെ രമയുടെ വീട്ടിലെത്തി. രമയെയും ബന്ധുക്കളെയും ചേർത്തുപിടിച്ച് സാന്ത്വനിപ്പിച്ചു. പക്ഷേ, ഉമ്മൻചാണ്ടിയുടെ മകളും ഉമ്മൻചാണ്ടിയുടെ ഗണ്മാനും തമ്മിൽ അവിഹിത വേഴ്ചയുണ്ടായിരുന്നതായ ഒരു കുറിപ്പ് അദ്ദേഹം പ്രതിപക്ഷനേതാവായിരിക്കുമ്പോൾ അസംബ്ലിയിൽ ഗൺമാൻ എന്നതിനുപകരം ‘ഗൺമോൻ’ എന്ന് പരിഹസിച്ച് വായിച്ചത് എന്തിനാണെന്ന് മനസ്സിലാക്കാനായില്ല (2013 ജൂൺ 25, ന്യൂ ഇന്ത്യൻ എക്സ്പ്രസ്). ഒരു വസ്തുനിഷ്ഠ തെളിവും അദ്ദേഹത്തിന്റെ പക്കലില്ലായിരുന്നു. ആരോ കുറിച്ച് കൊടുത്തത് അദ്ദേഹം വായിക്കുകയല്ലേ ചെയ്തത്? (അത് അസംബ്ലി രേഖകളിൽ നിന്ന് നീക്കിയിരുന്നു). രമയ്ക്ക് കൊടുത്ത സാന്ത്വനം എന്തുകൊണ്ട് വി.എസ് ഉമ്മൻചാണ്ടിയുടെ മകൾക്ക് കൊടുത്തില്ല; അഥവാ അക്കാര്യത്തിൽ മൗനം പാലിക്കാനെങ്കിലും ശ്രമിച്ചില്ല? ലക്ഷ്യത്തിലേക്ക് ഏത് മാർഗ്ഗവും സ്വീകാര്യമെന്ന സ്റ്റാലിനിസ്റ്റ് നിലപാടിന്റെ അവശിഷ്ടമല്ലേ അത്?


കഴിഞ്ഞ ആറ് കൊല്ലക്കാലം വി.എസ് അക്ഷരാർത്ഥത്തിൽ ഇല്ലാതിരുന്ന കേരളത്തെ നിങ്ങൾ ഒന്ന് അപഗ്രഥിച്ചു നോക്കൂ. അപ്പോഴാണ് നാം വി.എസ് എന്ന തുന്നൽക്കാരന്റെ ശക്തി അറിയുക! വി.എസ് മുന്നോട്ടുവച്ച, പോരാടിയ (പ്രതിപക്ഷ കോൺഗ്രസ്സല്ല) ലാവലിൻ കേസ് ഇന്ന് എവിടെയാണ്? അദ്ദേഹത്തിന് സ്വബോധം ഉണ്ടായിരുന്നെങ്കിൽ വീണ വിജയന്റെ അവസ്ഥ എന്താകുമായിരുന്നു? ഈയിടെ നടന്ന ഗവർണറും പാർട്ടിയും തമ്മിലുള്ള തെരുവ് യുദ്ധത്തിൽ പാർട്ടിക്ക് വേണ്ടി കുരച്ചുചാടിയ പാർട്ടിയുടെ യുവജന സംഘടനയിലെയും വിദ്യാർത്ഥി സംഘടനയുടെയും യുവാക്കളും കുട്ടികളും എന്തെ മുഖ്യമന്ത്രിയുടെ പിൻവാങ്ങലോടെ ‘യുദ്ധം’ നിർത്തിയത്? ഒരു ഡൊൺഡ് ട്രംപിന്റെ ഡീലായിരുന്നു അതെന്ന് അവർക്ക് തോന്നാത്തതെന്തേ?
വി.എസ് ഉണ്ടായിരുന്നെങ്കിൽ രാജ്ഭവൻ രാഷ്ട്രീയസ്വയം സേവ സംഘിന്റെ വെറും ഒരു ശാഖയെ പോലെ ആർഎസ്എസിന്റെ ഭാരതാംബയുമായി മുന്നോട്ടുപോകുമായിരുന്നോ? നമ്മുടെ സർവ്വകലാശാലകൾ ചന്തപ്പുരകളെക്കാൾ മോശമാകുമായിരുന്നോ? ആരോഗ്യരംഗം തകർന്നടിയുമായിരുന്നോ? പാവപ്പെട്ട 26,500 ആശാ സഹോദരിമാർ ഇത്രയൊക്കെ മഴകൊണ്ടിട്ടും വെയിൽ കൊണ്ടിട്ടും കേരളമാകെ അലഞ്ഞിട്ടും സർക്കാർ തിരിഞ്ഞുനോക്കാത്ത സ്ഥിതിയിൽ എത്തുമായിരുന്നോ? കെ റെയിലിലൂടെ കേരളത്തിന്റെ അതിജീവനത്തിനുമേലെ അവസാനത്തെ ആണിയും അടിച്ചുകയറ്റുമായിരുന്നോ? സാംസ്കാരിക രംഗം ഇത്രമാത്രം ജീർണ്ണിക്കുമായിരുന്നോ? കരുവന്നൂരിലും ഇതര സഹകരണ സംഘങ്ങളിലും സാധാരണക്കാരന്റെ പോക്കറ്റടിക്കുന്നവർ പാർട്ടിയിൽ ലോഭമെന്യേ വിലസുമായിരുന്നോ? നമ്മുടെ സെൻട്രൽ പ്രിസണുകൾ പോലും പാർട്ടിക്കാരുടെ അഴിമതി ഭരണത്തിൽ ഏത് ഗോവിന്ദച്ചാമിമാർക്കും സ്വതന്ത്രമായി വിഹരിക്കാവുന്ന ലഹരി താവളങ്ങൾ ആകുമായിരുന്നോ? വിദ്യാലയങ്ങൾ കെടുകാര്യസ്ഥതകൾ കൊണ്ട് തകർന്നടിയുന്ന കല്ലും മണ്ണും മാത്രമാകുമായിരുന്നോ? ഇതെല്ലാം വി.എസ് ഉണ്ടായിരുന്നെങ്കിൽ ഒറ്റയടിക്ക് പരിഹരിച്ച് കേരളത്തിൽ സ്വർഗ്ഗം പണിയണമെന്നില്ല. സമഗ്രാധിപത്യത്തിന്റെ കേന്ദ്രീകൃത രൂപങ്ങളെ ചൂണ്ടിക്കാട്ടി, ‘ഇതാ ഒരു കള്ളൻ, ഇതാ ഒരു ബലാത്സംഗി, ഇതാ ഒരു കവർച്ചക്കാരൻ, കൊള്ളക്കാരൻ’ എന്ന് വിളിച്ച് പറയാനെങ്കിലും ഒരു ശബ്ദമുണ്ടാകുമായിരുന്നു.


ഇന്ന് കേരളത്തിൽ ഘടനാപരമായ ഹിംസയും അഴിമതിയും സ്വജനപക്ഷപാതവും ആണുള്ളത്. Structural violence, corruption and nepotism. കുറച്ച് വ്യക്തികളുടെ താൽപര്യങ്ങൾക്ക് വേണ്ടി രാഷ്ട്രീയക്കാരും യുവജന വിദ്യാർത്ഥി സംഘടനാ അണികളും ബുദ്ധിജീവികളും മാഫിയ സംഘങ്ങളും കൂടി രൂപപ്പെടുത്തിയ ഒരു ഹിംസാത്മക സ്വത്വം. അതെവിടെയുമുണ്ട്, തെരുവിലും കലാലയത്തിലും. അതിനെ പെട്ടെന്നൊന്നും പിഴുതെടുത്ത് പുറത്തേക്കെറിയാൻ സാധിക്കില്ല. കാരണം കേരളത്തിലെ ക്യാപിറ്റലിസ്റ്റുകൾ മുഴുവനായും അതിന്റെ കൂടെയാണ്. അതിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള വിഹിതം പറ്റാത്തവരില്ല. ജനങ്ങളെ കാലാകാലങ്ങളായി വഞ്ചിച്ച് പാട്ടിലാക്കാൻ അതിനറിയാം. എന്തെങ്കിലും തരത്തിലുള്ള ആനുകൂല്യം കിട്ടിയാൽ അതിനൊപ്പം നിൽക്കാൻ ജനങ്ങൾ തയ്യാർ. സ്വാതന്ത്ര്യം, പൗരാവകാശം, മനുഷ്യാവകാശം, ധാർമ്മികത, സ്നേഹം, കരുണ എന്നിവയ്ക്ക് പകരം സ്വാർത്ഥപൂരിതമായ ഭദ്രതയ്ക്കാണ് പ്രാമുഖ്യം.


‘Compensation’ എന്നൊരു കഥ വായിച്ചത് ഓർക്കുന്നു (ഓർമ്മയിൽ നിന്നാണ് എഴുതുന്നത്). ആട്ടിറച്ചി സംസ്കരണം ചെയ്യുന്ന ഒരു വൻകിട ഫാക്ടറിയിലേക്ക് ആടുകളുമായി വന്ന നിരക്ഷരനായ ആട്ടിടയൻ കൺവെയർ പ്ലാറ്റ്ഫോമിൽ അറിയാതെ കയറി നിൽക്കുന്നു. യന്ത്രം ആടാണെന്നുറപ്പിച്ച് പ്രവർത്തനം തുടങ്ങുന്നു. പെട്ടെന്നാരോ കണ്ടെത്തുന്നു ആടല്ല, ആട്ടിടയനാണ് ഇറച്ചി ആകുന്നതെന്ന്. വിവരം ധ്രുതഗതിയിൽ തലപ്പത്തുള്ള ഉദ്യോഗസ്ഥനിൽ എത്തുന്നു. അദ്ദേഹം തീരുമാനിക്കുന്നു, യന്ത്രം നിർത്തുന്നത് ലാഭകരമല്ല. ഇടയൻ ഇറച്ചിയായി മാറിക്കോട്ടെ. ആട്ടിടയന്റെ വീട്ടുകാർക്ക് കോമ്പൻസേഷൻ കൊടുക്കുന്നതാണ് ലാഭകരം.
ഇന്ന് കേരളത്തിൽ ഈ കോമ്പൻസേഷൻ കൊടുക്കലാണ് നടക്കുന്നത്. ആശുപത്രി കെട്ടിടം വീണ് കൂട്ടിരിപ്പുകാരി മരിക്കുന്നു. അനധികൃതമായി കെട്ടിയ വൈദ്യുതകമ്പിയിൽ പിടിച്ച് വിദ്യാർത്ഥി മരിക്കുന്നു. അങ്ങനെ പിണറായി സർക്കാരിന്റെ കാലത്തുണ്ടായ എല്ലാ അത്യാഹിത മരണങ്ങൾക്കും കോമ്പൻസേഷൻ ആയി 10 ലക്ഷം, 20 ലക്ഷം, സർക്കാർ ജോലി… ഏതെങ്കിലും കുടുംബം, സഹോദരങ്ങൾ, മാതാപിതാക്കൾ ഇത് വാങ്ങാതിരിക്കുന്നതായി കേട്ടിട്ടില്ല (ഉണ്ടെങ്കിൽ അവരോട് നേരത്തെ ക്ഷമ ചോദിക്കുന്നു). സർക്കാർ സംവിധാനത്തിൽ എവിടെയാണ് പിഴവ് പറ്റിയത്? എന്തൊക്കെയാണ് തകരാർ? ആരൊക്കെയാണ് യഥാർത്ഥത്തിൽ ഉത്തരവാദി? ഏത് കരാറുകാരനാണ്, ഉദ്യോഗസ്ഥനാണ്, രാഷ്ട്രീയക്കാരനാണ്, എംഎൽഎയാണ്, മന്ത്രിയാണ്, കൗൺസിലറാണ്, പഞ്ചായത്ത് അംഗമാണ് കൈക്കോഴ വാങ്ങി ജനങ്ങളെ ചതിച്ചത്? അതായത്, അടിസ്ഥാനതലത്തിൽ പഴുതടക്കാതെ കോമ്പൻസേഷൻ കൊണ്ട് മനുഷ്യന്റെ ജീവന് വിലപേശുന്ന, വിലപറയുന്ന നിഷ്ഠൂരത!


കെജിഎസിന്റെ ഒരു കവിതയുണ്ട് ‘ചെഖോവിന്റെ തുന്നൽക്കാരൻ’ (2017 : ഞാനെന്റെ എതിർകക്ഷി).
“രണ്ടാന്തി ഉച്ചമയക്കത്തിൽ
ചെഖോവൊരു സ്വപ്നം കണ്ടു:
ഒരേ കോട്ടുകാർ മാത്രമുള്ളൊരു രാജ്യം.
മിണ്ടാത്ത മഞ്ഞുകാലമോ തുന്നി
എല്ലാവർക്കും ഒരേ വെള്ളക്കോട്ട്?
നാവികരോ, കുഞ്ഞാടുകളോ
ബലിയാടുകളോ
ആട്ടിൻകോട്ടണിഞ്ഞ മനം മൂടികളോ
രാജ്യം നിറയെ”
(പുറം :136)
ചെഖോവ് സ്വപ്നം കണ്ട് ഞെട്ടിയുണർന്ന് കണ്ടത് നാം കേരളത്തിൽ കണ്ടുകൊണ്ടിരിക്കുകയാണ്. കണ്ണുള്ളവർക്ക് കാണാം (കണ്ണില്ലാത്ത കവികളും നോവലിസ്റ്റുകളും സാംസ്കാരിക രാഷ്ട്രീയക്കാരും അത് കാണില്ല!).
ഒരേ മുഖമുള്ള, ഒരേ രൂപമുള്ളവർ. വൃദ്ധരുണ്ട്, യുവാക്കളുണ്ട്, വിദ്യാർത്ഥികളുണ്ട്. എഴുത്തുകാരുണ്ടെന്ന് പറയേണ്ടതില്ലല്ലോ. ഉദ്യോഗസ്ഥരുണ്ട്. ആ മുഖം ആരുടേതാണ്? ആ രൂപം ആരുടേതാണ്? നിങ്ങൾ നിത്യവും ടിവിയിലും പത്രത്തിലും കവലയിലും തെരുവിലും എവിടെയും കാണുന്നുണ്ട്. അതേ മുഖമാണ് കേരളത്തിലെ ഒരുപാട് പേർക്ക്! എല്ലാ പാർട്ടി പ്രവർത്തകർക്കും. ഒരേ മുഖവും ഒരേ രൂപവും ഉള്ള ഈ സദൃശ്യർക്ക് സന്ദേഹങ്ങളില്ല, ചോദ്യങ്ങളില്ല, ആശങ്കകളില്ല. “രാജാവേ രാജാവേ, അങ്ങേയ്ക്ക് സ്തുതി. അങ്ങില്ലാതെ ഞങ്ങളില്ല… ഞങ്ങളുടെ മോഷണങ്ങൾക്ക്, ഹിംസകൾക്ക്, പെൺവാണിഭങ്ങൾക്ക്, രാസലഹരിക്കച്ചവടങ്ങൾക്ക്, മാഫിയ പ്രവർത്തനങ്ങൾക്ക് അങ്ങയെ വാഴ്ത്തുന്നു.”
“കൂടെപ്പോന്നു വിത്തും തൈയും
കോഴിക്കുഞ്ഞും താറാക്കുഞ്ഞും
കൂടോം കുന്താലീം
കത്തീം കോടാലീം
ലൊട്ടു ലൊടുക്കും
കൂടുകുടുക്കേം
കൂട്ടിത്തുന്നാൻ വാക്കും നൂലും
കൂട്ടിത്തുന്നാതെങ്ങനെ മഞ്ഞും
നെഞ്ഞും വയനാട്ടിൽ
കൂട്ടിത്തുന്നാതെങ്ങനെ കബനി കടക്കും
മുറിവ് മറക്കും ചങ്ങാത്തം?
കോർത്തേ കഴിയൂ കണക്കിൽ
മെയ്യും മനവും
മണ്ണും വിണ്ണും…”
(പേജ് 62: കെ.ജി.എസ്, പത്തനാപുരം)
മുകളിൽ എഴുതിയ ഈ ലളിതസത്യം അറിയാൻ ശ്രമിച്ചതായിരുന്നു വി.എസ് എന്ന തുന്നൽക്കാരനെ വ്യത്യസ്തനാക്കിയത്. വി.എസ് ധാർമ്മികനായിരുന്നോ അതല്ലയോ എന്ന് ചോദിച്ചാൽ ഉത്തരം പറയാനാവില്ല. പക്ഷേ, ആ തുന്നൽക്കാരൻ പാവപ്പെട്ട മനുഷ്യരുടെ ഹൃദയങ്ങളുടെ മുറിവുകൾ, കേരളീയ പ്രകൃതിയുടെ ക്ഷതങ്ങൾ, സ്ത്രീകളുടെ അഭിമാനങ്ങൾ തുന്നിക്കൂട്ടാൻ ശ്രമിച്ച ഒരു കമ്മ്യൂണിസ്റ്റ് തുന്നൽക്കാരനായിരുന്നു.