അജയകുമാർ: അരികുവൽക്കരിക്കപ്പെട്ടവരുടെ ആഗോള ശബ്ദം

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

അരികുവൽക്കരിക്കപ്പെട്ടവരുടെ അവകാശങ്ങൾക്കും പരിസ്ഥിതി-സാമൂഹ്യനീതിക്കും വേണ്ടി മൂന്ന് പതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന വി.ബി അജയകുമാറിന് വിട. അലയന്‍സ് ഓഫ് ക്ലൈമറ്റ് ഫ്രണ്ട്‌ലൈന്‍ കമ്മ്യൂണിറ്റീസിന്റെ അന്താരാഷ്ട്ര കണ്‍വീനറും ‘റൈറ്റ്‌സ്’ (RIGHTS) എന്ന മനുഷ്യാവകാശ സംരക്ഷണ സംഘടനയുടെ സ്ഥാപകനുമായ അജയകുമാ‍ർ, ദേശീയ-അന്തർദേശീയ തലത്തിൽ നീതിക്ക് വേണ്ടി വേറിട്ട ശബ്ദമുയർത്തിയ വ്യക്തിയാണ്. പാ‍ർശ്വവത്കൃത മുന്നേറ്റങ്ങളെയും തദ്ദേശീയ ജനതയുടെ പോരാട്ടങ്ങളെയും ആഗോള നയതന്ത്ര വേദികളുമായി ബന്ധിപ്പിച്ച അജയകുമാറിന്റെ പ്രവർത്തനങ്ങൾ ശ്രദ്ധേയവും സവിശേഷവുമായിരുന്നു. മനുഷ്യാവകാശം, ദലിത്-ആദിവാസി നീതി, വിദ്യാഭ്യാസ അവകാശം, പരിസ്ഥിതി പ്രശ്നങ്ങൾ, തൊഴിലാളികളുടെ അവകാശങ്ങൾ, ലിംഗനീതി, കാലാവസ്ഥാ നീതി, ക്വിയ‍ർ രാഷ്ട്രീയം എന്നിങ്ങനെ വിവിധ മേഖലകളിലേക്ക് വ്യാപിച്ച് കിടക്കുന്നു അജയകുമാറിന്റെ ഇടപെടലുകൾ. ​ഗവേഷണത്തിലൂടെയും പഠനത്തിലൂടെയും വിവരങ്ങൾ സമാഹരിച്ച്, വിവിധ സാമൂഹിക വിഭാ​ഗങ്ങളുടെ പങ്കാളിത്തത്തോടെ നയരൂപീകരണത്തിൽ ഇടപെടുന്ന രീതിക്കാണ് അദ്ദേഹം പ്രാമുഖ്യം നൽകിയിരുന്നത്. ആ​ഗോള കാലാവസ്ഥാ ഉച്ചകോടികൾ അടക്കമുള്ള അന്താരാഷ്ട്ര വേദികളിൽ അജയകുമാ‍ർ നടത്തിയ പ്രസം​ഗങ്ങൾ അവകാശങ്ങളെയും നീതിയെയും കുറിച്ച് പുതിയ സങ്കല്പങ്ങൾ മുന്നോട്ടുവയ്ക്കുന്നവയായി. കാലാവസ്ഥാ പ്രതിസന്ധി അരികുവത്കരിക്കപ്പെട്ട ജനവിഭാ​ഗങ്ങളെ എങ്ങനെയാണ് കൂടുതൽ നിരാലംബരാക്കുന്നത് എന്ന കാര്യം ലോകത്തെ ബോധ്യപ്പെടുത്തുന്നതിനായിരുന്നു അദ്ദേഹം കൂടുതൽ ശ്രമിച്ചത്.

തൃശൂർ കേരള വർമ്മ കോളേജിൽ എഐഎസ്എഫ് പ്രവർത്തകനായി രാഷ്ട്രീയ ജീവിതം ആരംഭിച്ച അജയകുമാർ പിന്നീട് മുഖ്യധാരാ രാഷ്ട്രീയ പ്രവ‍‍ർത്തനത്തിൽ നിന്നും പിന്മാറുകയും മേധാ പട്കർ നയിച്ച നർമ്മദാ ബചാവോ ആന്ദോളൻ പോലെയുള്ള ജനകീയ പ്രസ്ഥാനങ്ങളിൽ സജീവമാവുകയും ചെയ്തു. അതിനെ തുടർന്നാണ് ‘റൈറ്റ്സ്’ എന്ന സംഘടന തിരുവനന്തപുരം കേന്ദ്രമാക്കി സ്ഥാപിക്കുന്നത്. പാ‍ർശ്വവത്കൃത സമൂഹങ്ങളുടെ അവകാശങ്ങൾക്കായി നിലകൊണ്ട ‘റൈറ്റ്സ്’ കസ്റ്റോഡിയൽ പീഡനം, ജാതി അധിഷ്ഠിത അതിക്രമങ്ങൾ, ജുഡീഷ്യൽ ആക്റ്റിവിസം എന്നിവയ്ക്കാണ് ആദ്യ കാലങ്ങളിൽ പ്രാമുഖ്യം നൽകിയിരുന്നത്. പിന്നീട് വിദ്യാഭ്യാസ അവകാശ പ്രവർത്തനങ്ങളിലും ബാലാവകാശ പ്രവർത്തനങ്ങളിലും അജയകുമാറും ‘റൈറ്റ്സ്’ സംഘടനയും സജീവമായി.

റൈറ്റ്സിന്റെ പ്രവർത്തനങ്ങളിൽ അജയകുമാർ. കടപ്പാട്:fb

കേന്ദ്ര-സംസ്ഥാന ബജറ്റുകൾ ദലിത്-ആദിവാസി സമൂഹങ്ങളുടെ ക്ഷേമത്തിനായി നീതിപൂർണ്ണമായി വകയിരുത്തപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കാനായി അജയകുമാ‍റിന്റെ നേതൃത്വത്തിൽ ‘റൈറ്റ്സ്’ നടത്തിയിരുന്ന ബജറ്റ് വിശകലന പരിപാടികൾ വളരെ ശ്രദ്ധേയമായ ഇടപെടലായിരുന്നു. ദലിത്-ആദിവാസി വിഭാഗങ്ങളുടെ സാമൂഹ്യവും സാമ്പത്തികവുമായ അവസ്ഥ കൃത്യമായി പ്രതിഫലിക്കുന്ന പദ്ധതികളും നിർദ്ദേശങ്ങളും ആശയങ്ങളും ബജറ്റ് അവതരണങ്ങൾക്ക് മുന്നോടിയായി സർക്കാരിന്റെ മുന്നിൽ വയ്ക്കാനുള്ള ‘പ്രീ ബജറ്റ് കൺസൾട്ടേഷൻ’ പ്രോഗ്രാമുകളും ‘റൈറ്റ്സ്’ പതിവായി നടത്തിയിരുന്നു. പട്ടികജാതി-പട്ടികവർ​ഗ ഘടക പദ്ധതി (SCP/TSP) യുമായി ബന്ധപ്പെട്ട് നിരവധി ഇടപെടലുകൾ കഴിഞ്ഞ 15 വർഷമായി അജയകുമാർ നടത്തുന്നുണ്ടായിരുന്നു. പട്ടികജാതി-പട്ടികവർ​ഗ ബജറ്റ് സ്കീമുകളിൽ 50 ശതമാനവും വ്യക്തി​ഗത ഗുണഭോക്താക്കളുടെ എണ്ണം നിശ്ചയിച്ചിട്ടില്ലാത്ത പൊതുസ്കീമുകൾ ആയതുകൊണ്ട് സമുദായങ്ങളിലെ വ്യക്തികൾക്ക് ഒരു നേട്ടവും ഇതുകൊണ്ട് ഉണ്ടാകുന്നില്ല എന്ന പ്രശ്നം കണക്കുകളുടെ അടിസ്ഥാനത്തിൽ അജയകുമാർ പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ചു. കേരളത്തിലെ തൽപ്പരരായ 1000 പട്ടികജാതി-പട്ടികവർ​ഗ കുടുംബങ്ങൾക്ക്, അവർ പുതുതായി പണിയുന്ന വീടുകളിൽ സൗരോർജ്ജ പാനലുകൾ സ്ഥാപിക്കുന്നതിനുള്ള മുഴുവൻ പണവും SCP/TSP ഫണ്ടിൽ നിന്നും നൽകണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് ‘പുരപ്പുറ സോളാർ പദ്ധതി’ക്ക് വിശാല മാനം നൽകാനുള്ള ശ്രമവും അദ്ദേഹം നടത്തി. ഹരിതോർജ്ജത്തെക്കുറിച്ചുള്ള ആലോചനകളിൽ ദലിതരും ആദിവാസികളും എന്തുകൊണ്ട് പുറത്തായിപ്പോകുന്നു എന്ന ചോദ്യം കൂടിയാണ് അദ്ദേഹം ഉന്നയിക്കാൻ ശ്രമിച്ചത്. ഇൻക്ലൂസീവായ ഒരു സമൂഹത്തിന് വേണ്ടി ഡാറ്റയെ മുൻ നിർത്തിയുള്ള സാമൂഹ്യ ഇടപെടലുകൾ നടത്തേണ്ടുന്നതിന്റെ പ്രാധാന്യം കേരളത്തിലെ ആക്ടിവിസ്റ്റ് ​ഗ്രൂപ്പുകൾക്ക് മനസ്സിലാക്കിക്കൊടുക്കുന്നതിൽ അജയകുമാറിന്റെ ഇത്തരം ശ്രമങ്ങൾ വഴിതുറന്നിട്ടുണ്ട്.

2018ലെ പ്രളയകാലത്ത് അജയകുമാർ നടത്തിയ ഇടപെടലുകൾ ദുരന്തനിവാരണ ചരിത്രത്തിൽ തീർച്ചയായും രേഖപ്പെടുത്തേണ്ടവയാണ്. ‘റൈറ്റ്സ്’ ആ സമയത്ത് നടത്തിയ വിവിധ Disaster Risk Reduction (DRR) പ്രവർത്തനങ്ങൾ പാർശ്വവത്കൃത സമൂഹങ്ങൾക്കും സവിശേഷമായ കരുതൽ ആവശ്യമുള്ള സാമൂഹിക വിഭാ​ഗങ്ങൾക്കും വേണ്ടി പ്രത്യേകം രൂപകല്പന ചെയ്തവയായിരുന്നു. സംസ്ഥാന സർക്കാരിന്റെയും പല സിവിൽ സൊസൈറ്റി ​ഗ്രൂപ്പുകളുടെയും മുൻ കൈയിൽ നടന്ന പ്രളയാനന്തര പ്രവർത്തനങ്ങൾക്ക് അത്തരത്തിലുള്ള ഒരു കാഴ്ചപ്പാട് ഉണ്ടായിരുന്നില്ല എന്നതിന്റെ പ്രശ്നം കൂടിയാണ് അജയകുമാ‍ർ ചൂണ്ടിക്കാണിക്കാൻ ശ്രമിച്ചത്. റിലീഫ് പ്രവർത്തനങ്ങൾ പാർശ്വവത്കൃത സമൂഹങ്ങളിലേക്ക് എത്തുന്നുണ്ടോ, കുട്ടികളിലുണ്ടായ പ്രളയഭീതി പരിഹരിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോ, പഠന സാമഗ്രികളും കളിപ്പാട്ടങ്ങളും നഷ്ടപ്പെട്ട കുട്ടികൾക്ക് അവ കിട്ടുന്നുണ്ടോ എന്നെല്ലാം ‘റൈറ്റ്സ്’ മോണിറ്റർ ചെയ്തു. സർക്കാർ സഹായങ്ങൾ ദുരിത മേഖലയിലെ ദലിതർ, ആദിവാസികൾ, ഭിന്നശേഷിയുള്ളവർ, LGBTQ തുടങ്ങിയവർക്ക് എത്രമാത്രം ലഭ്യമായി എന്ന് പരിശോധിക്കുന്ന ഇൻക്ലൂഷൻ സർവേയും നിർണ്ണായകമായ ഒരു ഇടപെടലായിരുന്നു. ദുരന്തമേഖലകളിലെ കുട്ടികൾ അനുഭവിക്കുന്ന മാനസിക സംഘർഷം ലഘൂകരിക്കുന്നതിനായി കളിപ്പാട്ടങ്ങൾ ശേഖരിച്ച് അവരിലേക്ക് എത്തിച്ച ‘കളിപ്പാട്ടവണ്ടി’ എന്ന പ്രോ​ഗ്രാം എങ്ങനെ മറക്കാനാണ്.

FIBRENT പ്രവർത്തനങ്ങൾ. കടപ്പാട്:fb

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രവർത്തങ്ങളിൽ (climate financing) ഗ്രീൻ ബിസിനസിന്റെ സാധ്യത പ്രയോജനപ്പെടുത്തണമെന്നും, പരമ്പരാഗതമായ അറിവും നൈപുണിയുമുള്ള ദലിത്-ആദിവാസി-തദ്ദേശീയ ജനവിഭാഗങ്ങൾക്ക് അതിൽ പങ്കാളിത്തമുണ്ടാകണമെന്നുമുള്ള കാഴ്ചപ്പാട് അജയകുമാറിനുണ്ടായിരുന്നു. അങ്ങനെയാണ് 2018ലെ പ്രളയത്തിന് ശേഷം ദുരിതബാധിതരെ കൂടി ഉൾപ്പെടുത്തി, തദ്ദേശീയ വിഭവങ്ങൾ ഉപയോ​ഗിച്ച് വിവിധ ഉത്പന്നങ്ങൾ നിർമ്മിച്ച് വിപണിയിലെത്തിക്കുന്ന FIBRENT എന്ന ബ്രാൻഡ് ആരംഭിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ FIBRENT പ്രവർത്തനങ്ങൾ സജീവമായി. കേരളത്തിലെ ദലിത്-ആദിവാസി സ്ത്രീകൾ നേതൃത്വം നൽകുന്ന ആദ്യ പ്രൊഡ്യൂസർ കമ്പനിയും അതിന്റെ തുടർച്ചയായാണ് രൂപീകരിക്കപ്പെടുന്നത്.

വി.ബി അജയകുമാർ

അടിസ്ഥാന വിദ്യാഭ്യാസം (Right to Education) ഭരണഘടനാപരമായ അവകാശമായി ഉറപ്പിച്ച 86-ാം ഭരണഘടനാ ഭേദഗതിക്ക് വേണ്ടി നടത്തിയ സംവാദങ്ങളിൽ, നാഷണൽ അലയൻസ് ഫോർ ദ ഫണ്ടമെന്റൽ റൈറ്റ് ടു എഡ്യൂക്കേഷൻ (NAFRE) നെ പ്രതിനിധീകരിച്ച് അജയകുമാർ നിരവധി വേദികളിൽ സംസാരിച്ചു. വിദ്യാഭ്യാസ അവകാശം എന്നത് അദ്ദേഹം ഏറെ പ്രാമുഖ്യം കൊടുത്ത ഒരു വിഷയമാണ്. കേരള സ്റ്റേറ്റ് കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സിന്റെ രൂപീകരണത്തിലും അജയകുമാറിന്റെ സേവനം പ്രധാനമായിരുന്നു. ‘ഗ്ലോബൽ അലയൻസ് ഓഫ് ക്ലൈമറ്റ് ഫ്രണ്ട്‌ലൈന്‍ കമ്മ്യൂണിറ്റീസ്’ എന്ന അന്താരാഷ്ട്ര സംഘടനയുടെ ഭാഗമായി കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇരകൾക്ക് നഷ്ടപരിഹാരം നേടികൊടുക്കാനുള്ള ആഗോള കൂടിയാലോചനകൾക്ക് നേതൃത്വം നൽകുന്നതിനിടയിലുള്ള ഈ ആകസ്മിക വിയോഗം ഒരു വലിയ നഷ്ടം തന്നെയാണ്.

Also Read

4 minutes read August 4, 2025 6:43 am