ബിഹാർ ജനവിധി അട്ടിമറിച്ച എസ്ഐആർ, പണം, അദാനി

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഇന്ത്യ മുന്നണിയുടെ ഭാഗമായി ജനങ്ങൾക്കിടയിൽ പ്രവൃത്തിക്കുമ്പോൾ എൻഡിഎ ഇത്തരം ഒരു കൂറ്റൻ വിജയം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നോ?

2020 ലെ തെരഞ്ഞെടുപ്പിൽ നിതീഷ് സർക്കാർ കഷ്ടിച്ചാണ് പരാജയത്തിൽ നിന്നും കരകയറിയത്. അപ്പോൾ തന്നെ സർക്കാരിന്റെ വിശ്വാസ്യത വളരെ താഴെയായിരുന്നു. പിന്നീടങ്ങോട്ടും ബിഹാറിൽ ഭരണം ഏതാണ്ട് നിശ്ചലമായിരുന്നു. ഉയർന്ന കുറ്റകൃത്യങ്ങളുടെ നിരക്ക്, അഴിമതി, ദാരിദ്യം, തൊഴിലില്ലായ്മ, തൊഴിലിന് വേണ്ടിയുള്ള പലായനം ഒക്കെ വർധിച്ചുകൊണ്ടിരുന്നു. എക്സ്പ്രസ്സ് ഹൈവേകൾ, മേൽപ്പാലങ്ങൾ, ചില വിമാനത്താവളങ്ങൾ തുടങ്ങി ഇൻഫ്രാസ്ട്രക്ച്ചർ മേഖലയിൽ മാത്രമാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാൽ ഗ്രാമീണ മേഖലയിൽ സൗകര്യങ്ങൾ വർധിപ്പിക്കാനോ ഗ്രാമീണർക്ക് ആവശ്യമായ സേവനങ്ങൾ ഉറപ്പുവരുത്താനോ സർക്കാർ യാതൊരു താത്പര്യവും കാണിച്ചിരുന്നില്ല. എസ്ഐആർ നടക്കുന്നതിന് മുമ്പ് വരെ 2020ൽ ജങ്ങൾക്ക് സാധിക്കാതെപോയ പുതിയ സർക്കാർ എന്ന സ്വപ്നം ഇത്തവണ യാഥാർത്ഥ്യമാകുമെന്നാണ് എന്നെപ്പോലുള്ള രാഷ്ട്രീയ പ്രവർത്തകർ കരുതിയത്. അതിന്റെ ഭാഗമായാണ് ‘Baldo Bihar’ എന്ന പദയാത്രയ്ക്ക് സിപിഐ (എം.എൽ) നേതൃത്വം നൽകിയത്. അതുകൂടാതെ സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പിലാക്കാൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്ന സമര പരിപാടികളും നടത്തിയിരുന്നു. മാസ വരുമാനം 6000 രൂപയിൽ താഴെയുള്ള 94.5 ലക്ഷം കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ നൽകുമെന്ന് സർക്കാർ വാഗ്ദാനം നൽകിയിരുന്നു. നിയമസഭയിൽ പ്രഖ്യാപിച്ച ഈ വാഗ്ദാനം പോലും സർക്കാർ പാലിച്ചില്ല. ഇതിനെതിരെയൊക്കെ പ്രക്ഷോഭം നടക്കുന്നതിടയിലാണ് വോട്ടർപട്ടിക പുതുക്കുന്ന പരിപാടി വരുന്നത്.

ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് ഫലം എന്തുകൊണ്ടാണ് പ്രതിപക്ഷ കക്ഷികൾ അംഗീകരിക്കാത്തത് ? എൻഡിഎ നേടിയ വിജയത്തിൽ എന്താണ് അസ്വാഭാവികമായിട്ടുള്ളത്?

2024 നവംബറിൽ മഹാരാഷ്ട്രയിൽ സംഭവിച്ച തെരഞ്ഞെടുപ്പ് ഫലം പോലെ അവിശ്വനീയവും ഞെട്ടിക്കുന്നതുമായിരുന്നു ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് ഫലം. ഇത് ഒറ്റ നോട്ടത്തിൽ 2010 ൽ നിതീഷ്കുമാർ സർക്കാർ 206 സീറ്റുകൾ നേടി വിജയിച്ചതിന് സമാനമാണെന്ന് തോന്നും. അന്ന് മുഖ്യ പ്രതിപക്ഷ കക്ഷിയായ ആർജെഡിക്ക് 22 സീറ്റുകൾ മാത്രമായിരുന്നു ലഭിച്ചത്. പക്ഷേ, അത് നടക്കുന്നത് നിതീഷ്‌കുമാർ സർക്കാരിന് വലിയ ജനപിന്തുണ നിലനിൽക്കുകയും രാജ്യത്ത് മോദിയുടെ ഏകാധിപത്യ ഭരണം ഇല്ലാതിരിക്കുകയും ചെയ്ത കാലത്താണെന്നോർക്കണം. പതിനഞ്ച് വർഷങ്ങൾക്ക് ശേഷം പ്രതിപക്ഷം 35 സീറ്റുകളിലേക്ക് ഒതുക്കപ്പെടുന്നത് തികച്ചും മറ്റൊരു സാഹചര്യത്തിലാണ്. തൊട്ട് മുന്നേ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ചെറിയ ഭൂരിപക്ഷത്തിനാണ് ഭരണപക്ഷത്തിന് അധികാരത്തിൽ തുടരാൻ കഴിഞ്ഞത്. കൂടാതെ 2024 ലെ ലോകസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു എന്നതും മറക്കരുത്. ഈ സാഹചര്യത്തിൽ എൻഡിഎ നേടിയ മൃഗീയ ഭൂരിപക്ഷം തികച്ചും അസ്വാഭാവികമാണ്.

ഈ വിജയം എങ്ങനെയാണ് ഭരണകക്ഷികൾ ഉറപ്പിച്ചതെന്ന് പറയാമോ ?

ഭരണകൂടം വിദഗ്ധമായി ഒരുക്കിയ ചില പദ്ധതികൾ നടപ്പാക്കിക്കൊണ്ടാണ് ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുമ്പോൾ ഈ അട്ടിമറി വിജയം നേടിയിരിക്കുന്നത്. വോട്ടർ പട്ടിക പുതുക്കുന്ന സ്പെഷ്യൽ ഇന്റെൻസീവ് റിവിഷൻ എന്ന പരിപാടിയിലൂടെ 69 ലക്ഷം വോട്ടുകൾ വെട്ടിമാറ്റുകയായിരുന്നു. കൂടാതെ 2.5 ലക്ഷം പുതിയ വോട്ടർമാരെ ചേർക്കുകയും ചെയ്തു. എസ്ഐആർ ഔദ്യോഗികമായി അവസാനിക്കുകയും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്ത ശേഷം മൂന്ന് ലക്ഷം വോട്ടർമാരെ അതി നിഗൂഢമായി വീണ്ടും ചേർക്കുകയുണ്ടായി. ഓരോ നിയമസഭ മണ്ഡലത്തിലും 20,000 വോട്ടുകളുടെ വ്യത്യാസമാണ് ഉണ്ടായത്. ഇത് സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ വലിയ ക്രമക്കേടുകൾ നടത്തിയതിന് തെളിവാണ്. 2020 ലെ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം വിജയിച്ച ഭൂരിപക്ഷത്തേക്കാൾ കൂടുതലായിരുന്നു പുതിയ വോട്ടുകൾ ചേർക്കുകയോ നിലവിലെ വോട്ടുകൾ തള്ളിക്കളയുകയോ ചെയ്തത്. അവസാന നിമിഷം കൂട്ടിച്ചേർത്ത വോട്ടുകൾ ചെറിയ ഭൂരിപക്ഷത്തിന് പ്രതിപക്ഷം നേരത്തെ വിജയിച്ച മണ്ഡലങ്ങളിലെ ഫലത്തെ നിർണ്ണായകമായി സ്വാധീനിച്ചിട്ടുണ്ട്.

വോട്ടർപട്ടിക പരിഷ്‌ക്കരണം വോട്ട് നിർണയിക്കാനുള്ള ഒരു സർക്കാർ പരിപാടിമാത്രമായിട്ടല്ല ബിഹാർ ജനത കണ്ടത്. അത് പൗരത്വം നിർണയിക്കാനും സർക്കാർ പദ്ധതികളുടെ ഗുണഭോകതാക്കളെ തെരഞ്ഞെടുക്കാനുമുള്ള ഒരു സർക്കാർ ശ്രമം എന്ന നിലയിൽ കൂടിയായിരുന്നു. തങ്ങളുടെ പല അവകാശങ്ങളും ഇല്ലാതാകുമോയെന്ന് ജനങ്ങൾ ഭയപ്പെട്ടിരുന്നു. എസ്ഐആർ വലിയ മാനസിക സംഘർഷവും അരക്ഷിതതാവസ്ഥയുമാണ് ബിഹാറിലെ സാധാരണ ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയത്. ഇത് മാറ്റാൻ സർക്കാർ ഒരു നടപടിയും കൈക്കൊണ്ടില്ല. ഇത്തവണ ഇത്രയും വലിയ ജനപങ്കാളിത്തം ഉണ്ടാകാൻ കാരണം മറ്റ് സ്ഥലങ്ങളിൽ താമസിക്കുന്ന എൻഡിഎ അനുഭാവികളായ വോട്ടർമാരെ അതാത് മണ്ഡലങ്ങളിൽ എത്തിക്കാൻ പ്രത്യേകമായി യാത്രാ സൗകര്യം ഒരുക്കിയതിന്റെ ഫലം കൂടിയായിരുന്നു. അതിനുവേണ്ടി പ്രത്യേക ട്രെയിൻ സർവ്വീസുകൾ വരെ ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ കള്ളവോട്ടുകൾ ചെയ്യിക്കാനും എൻഡിഎയ്ക്ക് കഴിഞ്ഞു. ഇങ്ങനെ അർഹമായ രീതിയിലും അനർഹമായ രീതിയിയിലും ലഭിച്ച വോട്ടുകളുടെ പിന്തുണയോടെയാണ് ഓരോ മണ്ഡലങ്ങളിലും എൻഡിഎ ഭൂരിപക്ഷം നേടിയത്. മറ്റ് പല സംസ്ഥാനങ്ങളിലും നടന്ന പോലെ തെരഞ്ഞെടുപ്പ് അവസാനിക്കാറാകുമ്പോൾ വൻ ജനക്കൂട്ടം വോട്ട് രേഖപ്പെടുത്തിയതായും കണക്കുകൾ കാണിക്കുന്നു. അഞ്ച് മണിക്ക് ശേഷം 8% -10% വോട്ട് രേഖപ്പെടുത്തുന്നതിലെ വർധനയുടെ യുക്തിസഹമായ വിശദീകരണം ഇതുവരെ ലഭിച്ചിട്ടില്ല. എക്സിറ്റ് പോൾ ഫലങ്ങളെ നിരാകരിക്കുന്നതായിരുന്നു 202 സീറ്റുകളോടെ ഭരണപക്ഷം നേടിയ അവിശ്വസനീയമായ വിജയം.

സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പതിനായിരം രൂപ നൽകിയത് വലിയ സ്വാധീനം ഉണ്ടാക്കിക്കാണില്ലേ?

30,000 കോടി രൂപ രണ്ട് മാസത്തിനുള്ളിൽ ജനങ്ങൾക്ക് നേരിട്ട് നൽകുന്ന നടപടി ഇതിന് മുമ്പുണ്ടാകാത്തതാണ്. പതിനായിരം രൂപ നൽകുന്ന കാര്യം പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് പത്ത് ദിവസം മുൻപാണ്. വോട്ടർമാരെ സ്വാധീനിക്കാനും ഭരണവിരുദ്ധ വികാരം തണുപ്പിക്കാനും സർക്കാർ ചെയ്ത നടപടിയായിരുന്നു തെരഞ്ഞെടുപ്പിന് മുൻപും തെരഞ്ഞെടുപ്പ് നടക്കുമ്പോഴും അകൗണ്ടുകളിൽ പണം നിക്ഷേപിച്ചത്. ഏതാണ്ട് നിഷ്ക്രിയമായിരുന്ന സർക്കാരിന്റെ ഭരണത്തുടർച്ച കൃത്രിമമായി ഉണ്ടാക്കിയെടുക്കാനുള്ള രണ്ടാമത്തെ നടപടിയായിരുന്നു അത്. അതിന്റെ ഭാഗമായാണ് അംഗപരിമിതർക്കുള്ള പെൻഷൻ 400 രൂപയിൽ നിന്നും 1100 ആയി വർധിപ്പിച്ചത്. കൂടാതെ 125 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കി. അതോടൊപ്പമാണ് ഗ്രാമീണ തൊഴിൽ മിഷനായ ‘ജീവിക’യുടെ സ്വയം സഹായ സംഘങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്ന15 ലക്ഷത്തോളം സ്ത്രീകൾക്ക് പതിനായിരം രൂപ നൽകിയത്.

മുഖ്യമന്ത്രി മഹിളാ റോസ്‌കർ യോജന എന്നറിയപ്പെടുന്ന ഈ തൊഴിൽ പദ്ധതിയെ യഥാർത്ഥത്തിൽ സ്ത്രീകളുടെ കടബാധ്യത പദ്ധതി (women indebtedness scheme) എന്നാണ് വിളിക്കേണ്ടത്. ഇത് ആരംഭിച്ചത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ഏതാനും ദിവസങ്ങൾ മുൻപാണ്. മാത്രവുമല്ല തെരഞ്ഞടുപ്പ് വേളയിലാണ് ഈ പണം വിതരണം ചെയ്തതും. പതിനായിരം രൂപ ഭാവിയിൽ കൂടുതൽ തുക ലോൺ നൽകാൻ പദ്ധതിയിടുന്നതിന്റെ തുടക്കമാണെന്നാണ് അമിത് ഷാ ഒരു അഭിമുഖത്തിൽ പറഞ്ഞത്. നേരത്തെ നൽകിയ മൈക്രോ ഫിനാൻസ് ലോണുകളുടെ തിരിച്ചടവ് വലിയ പ്രതിസന്ധിയും വെറുപ്പും സ്ത്രീകൾക്കിടയിൽ സൃഷ്ടിച്ചിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞ നിതീഷ്‌കുമാർ പതിനായിരം രൂപ തിരിച്ചടക്കേണ്ട ലോൺ അല്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു. തുകകൾ ലഭിച്ച സ്ത്രീകൾ തങ്ങൾക്ക് വോട്ട് ചെയ്യുന്നു എന്നും അതിന്റെ ലാഭം തങ്ങൾക്ക് ലഭിക്കുന്നു എന്നും ഉറപ്പാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ 1,80,000 ‘ജീവിക’സന്നദ്ധ പ്രവർത്തകരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയമിച്ചത്. ഇവർ ഓരോ ബൂത്തിലും സ്ത്രീകളെ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്ന ജോലിയാണ് നിർവ്വഹിച്ചത്. ഇത് തെളിയിക്കാൻ ഞങ്ങൾ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെടാൻ പോവുകയാണ്.

വൻ തോതിൽ ജനങ്ങൾക്കിടയിൽ രൂപപ്പെട്ട ഭരണ വിരുദ്ധ വികാരത്തെ മറികടക്കാൻ പണം നൽകി വോട്ടർമാരെ സ്വാധീനിക്കുകയായിരുന്നു എന്നാണോ താങ്കൾ പറയുന്നത്?

തീർച്ചയായും. അതാണ് സംഭവിച്ചത്. സ്ത്രീകൾക്കിടയിൽ ഭരണ വിരുദ്ധ വികാരം ബിഹാറിൽ വളരെ ശക്തമായിരുന്നു. ആശാ വർക്കർമാർ, അംഗൻവാടി തൊഴിലാളികൾ, സ്കൂളുകളിലെ ഉച്ചഭക്ഷണ തൊഴിലാളികൾ, ‘ജീവക’ പദ്ധതിയുടെ ഭാഗമായ സ്ത്രീകൾ തുടങ്ങിയവർ വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് നിരന്തര സമരത്തിലായിരുന്നു. സർക്കാർ അവരോട് ചർച്ച നടത്താൻ പോലും തയ്യാറായില്ല. എല്ലാ സമരങ്ങളെയും അടിച്ചമർത്തുകയും അവസാന നിമിഷം സ്ത്രീകൾ സർക്കാരിനെതിരെ വോട്ട് ചെയ്യും എന്ന് മനസിലാക്കി പണം വിതരണം ചെയ്യുകയുമായിരുന്നു

അതിന്റെ കൂടെ എസ്ഐആർ ദേശീയ തലത്തിൽ നടപ്പിലാക്കാൻ ബിഹാർ ഒരു പരീക്ഷണശാലയാക്കി, അതുവഴി പൗരത്വ പട്ടിക (National Register of Citizens) പിൻവാതിലിലൂടെ നടപ്പാക്കാനും. പൗരത്വം തെളിയിച്ച ശേഷം വോട്ടർ പട്ടികയിൽ ഇടം നേടുകയെന്ന രീതി ഇതിന് മുമ്പ് ഇന്ത്യയിൽ ഉണ്ടായിട്ടില്ല. യൂണിവേഴ്സൽ എൻറോൾമെന്റ് എന്ന പതിവ് രീതിയെയാണ് ഇപ്പോൾ അട്ടിമറിച്ചിരിക്കുന്നത്. അത് ഒരു വിഭാഗം ജനങ്ങളെ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കാനുള്ള പദ്ധതിയുടെ ഭാഗമാണ്. അതുകൊണ്ട് എസ്ഐആർ കേവലം വോട്ടർ പട്ടിക ശുദ്ധീകരിക്കുന്ന ഒരു പരിപാടിയല്ല.

ഇന്ത്യയിൽ ഒരു ഇലക്ടറൽ ഓട്ടോക്രസിയാണ് നിലവിലുള്ളത് എന്ന വാദത്തെ ശരിവെക്കുന്നതല്ലേ ബിഹാറിൽ നടന്ന കാര്യങ്ങൾ?

തീർച്ചയായും. ഹരിയാനയിലും മഹാരാഷ്ട്രയിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പും അതാണ് തെളിയിക്കുന്നത്. നേരത്തെ ഇലക്ടറൽ ബോണ്ട് വഴി യഥാർത്ഥ ജനവിധിയെ അട്ടിമറിക്കാൻ ശ്രമിച്ചു. ഇപ്പോൾ തെരഞ്ഞെടുപ്പ് രംഗത്തെ പുനഃക്രമീകരിക്കുന്നതിലൂടെ ജനവികാരം മറികടക്കാൻ ശ്രമിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമന രീതി ഒക്കെ മാറ്റുന്നത് അതിന്റെ ഭാഗമായാണ്. ഒറ്റ പാർട്ടി നിലനിൽക്കുന്ന അവസ്ഥയിലേക്കാണ് നമ്മൾ പോകുന്നത്. ഇങ്ങനെ പോയാൽ ജനാധിപത്യത്തിൽ ഏറ്റവും ആവശ്യമായ പ്രതിപക്ഷം എന്ന ഘടകമേ നിലവിലുണ്ടാവില്ല.

എസ്ഐആറിനെതിരെയുള്ള പ്രക്ഷോഭം ആരംഭിക്കാൻ പ്രതിപക്ഷം വൈകിപ്പോയെന്ന് കരുതുന്നുണ്ടോ? അല്ലെങ്കിൽ അത് ഫലവത്തായ രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞില്ലെന്നും.

വോട്ടർ അധികാർ യാത്രയൊക്കെ ബിഹാർ സംഘടിപ്പിച്ചത് അതിന്റെ ഭാഗമായാണ്. അത് വളരെ ശക്തമായ ഒരിടപെടലായിരുന്നു. സുപ്രീം കോടതിയിൽ നടത്തിയ നിയമ പോരാട്ടവും ഏറെ ശക്തമായിരുന്നു. അത് നടന്നില്ലായിരുന്നെങ്കിൽ സ്ഥിതിഗതികൾ ഇതിലും മോശമാകുമായിരുന്നു. ഈ പ്രക്ഷോഭം മറ്റ് സംസ്ഥാനങ്ങളിലെ ജനങ്ങൾക്കിടയിലും ബോധവൽക്കരണത്തിന് കാരണമായി.

വോട്ടർ അധികാർ യാത്രയുടെ സന്ദേശം ഗ്രാമങ്ങളിലെ സാധാരണ മനുഷ്യരുടെ ഇടയിലേക്കെത്തിക്കാൻ കഴിഞ്ഞിരുന്നോ?

യാത്രയ്ക്ക് നല്ല ജനപങ്കാളിത്തമാണുണ്ടായിരുന്നത്. എസ്ഐആർ നടപ്പിലാക്കുബോൾ സംഭവിക്കാവുന്ന പ്രശ്‍നങ്ങളെക്കുറിച്ചുള്ള ആശങ്കയും ഒരു ഭരണമാറ്റത്തിന് വേണ്ടിയുള്ള ആഗ്രഹവുമായിരുന്നു ആ യാത്രയിൽ പ്രതിഫലിച്ചത്. വോട്ട് ചെയ്യാനുള്ള തങ്ങളുടെ അവകാശത്തെ സംരക്ഷിക്കാൻ പ്രതിബദ്ധരായ ഒരു ജനതയെയാണ് നമ്മൾ കണ്ടത്. എന്നാൽ 10% വോട്ടർമാർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടുവെന്നത് ഒരു യാഥാർത്ഥ്യമാണ്. അവർക്ക് അതിനെതിരെ പ്രതിഷേധിക്കാൻ കഴിഞ്ഞില്ല.

വോട്ടർ പട്ടികയിലെ കണക്കുമായി ബന്ധപ്പെട്ട് താങ്കൾ ഉന്നയിച്ച വിഷയം എന്തായിരുന്നു? അതിന് എന്ത് മറുപടിയാണ് ലഭിച്ചത്?

എസ്ഐആർ കഴിഞ്ഞപ്പോൾ സെപ്റ്റംബർ 30ന് മൊത്തം വോട്ടർ പട്ടികലയിലുള്ളവരുടെ എണ്ണം 7.42 കോടി എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞത്. എന്നാൽ തെരഞ്ഞെടുപ്പ് നടത്തിയ വോട്ടർ പട്ടികയിൽ 7.46 കോടി ആളുകളാണ് ഉണ്ടായിരുന്നത്. അതായത് മൂന്ന് ലക്ഷത്തിലധികം പേര് എസ്ഐആറിന് ശേഷം വോട്ടർ പട്ടികയിൽ കടന്നുകൂടിയിരിക്കുന്നു. എന്നാൽ നാമനിർദ്ദേശ പത്രികസമർപ്പണം തുടങ്ങുന്നതിന് പത്ത് ദിവസം മുൻപ് വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ ആളുകളെ വോട്ടർ പട്ടികയിൽ ചേർത്തു എന്നാണ് അതിന് ലഭിച്ച വിശദീകരണം. ഈ വിശദീകരണം വിശ്വസനീയമല്ല. മാത്രവുമല്ല ഒന്നാം ഘട്ടത്തിൽ എത്ര പേര് വോട്ട് ചെയ്തുവെന്നത് ഒരുപാട് സമയമെടുത്തുകൊണ്ട് രണ്ടാം ഘട്ടം നടക്കുമ്പോഴാണ് പുറത്തുവിട്ടത്. സുതാര്യമല്ലാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ചോദ്യങ്ങൾക്കും വിശ്വസനീയമായ മറുപടി നൽകുന്നുമില്ല.

തെരഞ്ഞെടുപ്പ് ഫലം പുനഃപരിശോധിക്കാൻ സിപിഐ (എം എൽ) ആവശ്യപ്പെടുമോ?

ഇന്ത്യ മുന്നണി 17സി ഫോമുകൾ, 5% വിവി പാറ്റ് ഇവിഎമ്മുമായി ഒത്തുനോക്കൽ, സിസിടിവി ദൃശ്യങ്ങൾ ഒക്കെ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാൻ പോകുകയാണ്. അതിലൂടെ അവസാന നിമിഷം എങ്ങനെ വോട്ടർമാർ വൻതോതിൽ കൂടിയെന്നും ‘ജീവിക’ സന്നദ്ധപ്രവർത്തകർ ബൂത്തിൽ എന്ത് ചെയ്യുകയായിരുന്നുവെന്നും മനസിലാക്കാൻ കഴിയും.

അതേപോലെ അദാനിയുടെ പിർപൈന്തി പവർ പ്രൊജക്റ്റും ജനങ്ങളെ സ്വാധീനിക്കാൻ കാരണമായി എന്ന് താങ്കൾ പറയുകയുണ്ടായല്ലോ. അതിനെക്കുറിച്ച് പറയാമോ?

അധികം മാധ്യമ ശ്രദ്ധ ലഭിക്കാതെ പോയ ഒരു കാര്യമായിരുന്നു അത്. പിർപൈന്തി അദാനി പവർ പ്രൊജക്റ്റ് ഇടപാട് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുന്നത് തെരഞ്ഞെടുപ്പ് കാലത്താണ്. അതുവഴി 1,050 ഏക്കർ ഭൂമി കേവലം ഒരു രൂപ പാട്ടത്തിനാണ് അദാനിക്ക് നൽകുന്നത്. കൂടാതെ യൂണിറ്റിന് ആറ് രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനും സർക്കാർ തീരുമാനിച്ചു. ഈ കരാറുമായി ബന്ധപ്പെട്ട് 62,000 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് മോദി സർക്കാരിന്റെ ഭാഗമായിരുന്ന മുൻ ഊർജ വകുപ്പ് മന്ത്രിയും രണ്ട് തവണ ബിജെപി യുടെ എംപി യുമായിരുന്ന ആർ.കെ സിങ് ആരോപിച്ചത്. അതിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട അദ്ദേഹത്തെ പാർട്ടിയിൽ നിന്നും പുറത്താക്കുകയായിരുന്നു. ഇലക്ടറൽ ബോണ്ട് ഭരണഘടന വിരുദ്ധമെന്ന് കണ്ടത്തിയ സുപ്രീം കോടതി രാഷ്ട്രീയ പാർട്ടികളും കോർപ്പറേറ്റുകളും തമ്മിലുള്ള അവിശുദ്ധ ബന്ധം ചൂണ്ടിക്കാട്ടിയിരുന്നല്ലോ. ഈ പ്രോജക്റ്റ് ലഭിച്ച അദാനി രാഷ്ട്രീയ പാർട്ടികൾക്ക് എന്ത് പകരം നല്കിയെന്നത് ബിഹാർ തെരഞ്ഞെടുപ്പിൽ നിർണ്ണായകമാണ്.

അദാനിക്ക് നൽകിയ കരാർ എങ്ങനെയാണ് തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടുണ്ടാവുക എന്ന് പറയാമോ?

പവർ പ്രോജെക്ടറും തെരഞ്ഞെടുപ്പും തമ്മിലെന്ത് ബന്ധം എന്ന് സ്വാഭാവികമായും ചിന്തിക്കാം. പ്രശാന്ത് കിഷോറിന്റെ ജൻ സ്വരാജ് പാർട്ടിയും ബിജെപിയും സഖ്യ കക്ഷികളും വൻതോതിലുള്ള പണമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെലവഴിച്ചിരുന്നത്. ഇത് കോർപ്പറേറ്റ് ഫണ്ടുപയോഗിച്ചാണെന്ന് ഞങ്ങൾ സംശയിക്കുന്നു. വരും നാളുകളിൽ ബിഹാർ ജനത ഫ്യൂഡൽ അതിക്രമങ്ങൾക്കും വർഗീയ ധ്രുവീകരണത്തിനുമൊപ്പം കോർപ്പറേറ്റ് കൊള്ളയുടെയും ദുരിതങ്ങൾ പേറേണ്ടിവരും. ഇനി ബിഹാർ വികസനം തൊഴിൽ, വരുമാനം, അടിസ്ഥാന സൗകര്യങ്ങൾ, മൗലിക അവകാശങ്ങൾ എന്നിവയിൽ നിന്നും വഴിമാറി ഇൻഫ്രാസ്ട്രക്ച്ചർ വികസനത്തിലേക്ക് കേന്ദ്രീകരിക്കപ്പെടും.

എൻഡിഎ ബിഹാർ തെരഞ്ഞെടുപ്പിനെ നേരിട്ട രീതി സൃഷ്ടിക്കുന്ന ദൂരവ്യാപക ഫലങ്ങൾ എന്തൊക്കെയാണ്?

വോട്ടർ പട്ടിക പുതുക്കൽ രാജ്യവ്യാപകമായി വോട്ട് കൊള്ളയ്ക്കുള്ള ആയുധമായി ഉപയോഗിക്കാൻ പോവുകയാണ്. ബിഹാറിൽ നടന്നത് അതിലിന്റെ പരീക്ഷണമാണ്. അതിനോടൊപ്പമാണ് നേരിട്ട് പണം നൽകി വോട്ടർമാരെ സ്വാധീനിക്കാനുള്ള ഇലക്ടറൽ എഞ്ചിനീറിങ്ങിന്റെ ഭാഗമായി രണ്ടാമത്തെ തന്ത്രവും നടപ്പാക്കുന്നത്. കോർപ്പറേറ്റ് ഫണ്ട് ഉപയോഗിച്ച് സർക്കാർ വിരുദ്ധ വികാരത്തെ മറികടക്കാനുള്ള ശ്രമമാണ് പ്രശാന്ത് കിഷോറിന്റെ ജൻ സ്വരാജ് പാർട്ടിയിലൂടെ ബിഹാർ കണ്ടത്. അത് അദ്ഭുതകരമായ വിജയങ്ങളൊന്നും സമ്മാനിച്ചില്ലെങ്കിലും തെരഞ്ഞെടുപ്പ് വേളയിൽ വലിയ മാധ്യമ ശ്രദ്ധയാണ് ലഭിച്ചത്.

സീമാഞ്ചൽ പോലുള്ള മേഖലകളിലെ ആർജെഡിയുടെയും കോൺഗ്രസിന്റെയും പരമ്പരാഗത മുസ്ലീം വോട്ടർമാർ പ്രതിപക്ഷത്തെ പിന്തുണയ്ക്കാതിരിക്കാനുള്ള കാരണമെന്താണ്?

ഡെപ്യൂട്ടി മുഖ്യമന്ത്രിയായി മുസ്ലീം സമുദായത്തിൽ നിന്നുള്ള ഒരാളെ ഉയർത്തിക്കാട്ടാത്തതിൽ അവർ വലിയ രീതിയിൽ നിരാശരായിട്ടുണ്ട്. കൂടാതെ 2020 ൽ വിജയിച്ച എല്ലാ സീറ്റുകളിലും വീണ്ടും വിജയം രചിച്ചുകൊണ്ട് AIMIM ഒരിക്കൽ കൂടി തങ്ങളുടെ മുസ്ലീം സമുദായത്തിനിടയിലെ സ്വാധീനം തെളിയിക്കുകയുണ്ടായി. എന്നാൽ ഏറ്റവും കുറവ് മുസ്ലീം പ്രാതിനിധ്യം ഉള്ള നിയമസഭയാണ് വരാൻ പോകുന്നത്. കഴിഞ്ഞ നിയമസഭയിൽ 19 പേര് ഉണ്ടായിരുന്നത് 11 ആയി ഇത്തവണ ചുരുങ്ങിയിട്ടുണ്ട്. ഈ തവണ എൻഡിഎ യുടെ ഭാഗമായി ജെഡി(യു) വിന്റെ ഭാഗമായുള്ള ഒരു മുസ്ലീം പ്രതിനിധി മാത്രമേ ഉള്ളൂ. കൂടാതെ ഇത്തവണ ഉയർന്ന ജാതിയിലും ജനറൽ വിഭാഗത്തിലും പെട്ട എംഎൽഎമാരാണ് (69 പേര്) ഒബിസി വിഭാഗത്തിൽ നിന്നുള്ളവരേക്കാൾ (66 പേര്) കൂടുതലുള്ളത്. ബിജെപിയുടെ 101 സ്ഥാനാർഥികളിൽ ജനസംഖ്യയുടെ 16% വരുന്ന മുസ്ലീം വിഭാഗത്തിൽ നിന്നും ഒരാൾ പോലും ഉണ്ടായിരുന്നില്ല എന്നത് ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ്. അതേസമയം 10.7% വരുന്ന ഉയർന്ന ജാതിയിൽ നിന്നുള്ള 49 പേരെയാണ് ബിജെപി മത്സര രംഗത്തിറക്കിയത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 12 സീറ്റുകൾ നേടിയ സിപിഐ (എം.എൽ) ലിബറേഷൻ ഇത്തവണ രണ്ടിലേക്ക് ചുരുങ്ങുകയുണ്ടായല്ലോ?

അതെ. ഇരുപതു സീറ്റുകളിലാണ് സിപിഐ (എം.എൽ) ലിബറേഷൻ മത്സരിച്ചത്. അഞ്ച് വർഷം മുൻപ് നേടിയ സീറ്റുകൾ നേടാനായില്ലെങ്കിലും വോട്ട് വിഹിതത്തിൽ കാര്യമായ ഇടിവ് ഉണ്ടായിട്ടില്ല. നാല് മണ്ഡലങ്ങളിൽ ഞങ്ങളുടെ സ്ഥാനാർത്ഥികൾ തോറ്റത് 3000 ൽ കുറവ് വോട്ടുകൾക്കാണ്. മറ്റൊരു മണ്ഡലത്തിൽ 95 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. തെരഞ്ഞെടുപ്പ് ഫലം വിശദമായി പഠിക്കുകയും തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തിരുത്തുകയും ചെയ്യും.

അതോടൊപ്പം ഇന്ത്യ മുന്നണിയും തെരഞ്ഞെടുപ്പ് ഫലങ്ങളെ വിശദമായി അവലോകനം ചെയ്യേണ്ടതുണ്ട്. ഭരണ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തും, കള്ളക്കളികൾ നടത്തിയും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ അട്ടിമറികൾ നടത്തിയും തെരഞ്ഞെടുപ്പ് കമ്മീഷൻ ഏകപക്ഷീയമായി പെരുമാറിയും നേടിയെടുത്ത എൻഡിഎയുടെ വിജയത്തെ തുറന്നു കാട്ടേണ്ടതുണ്ട്. കൂടാതെ ഒരു മുന്നണി എന്ന നിലയിൽ സംഭവിച്ച പാളിച്ചകൾ മനസിലാക്കുകയും വേണം, ബലഹീനതകൾ മനസിലാക്കി അത് മറികടക്കണം.

ബിജെപിക്ക് കൂടി വലിയ സ്വാധീനമുള്ള ഒരു സർക്കാർ ബിഹാറിൽ വരാൻ പോവുകയാണല്ലോ. ഇത് ഉണ്ടാക്കാൻ സാധ്യതയുള്ള മാറ്റങ്ങൾ എന്തൊക്കെയായിരിക്കും?

ബിജെപിക്ക് വലിയ അപ്രമാദിത്വം ലഭിക്കുന്ന അഞ്ചാം നിതീഷ് കുമാർ സർക്കാർ പ്രവൃത്തിക്കുന്നത് തീർച്ചയായും വ്യത്യസ്തമായിട്ടായിരിക്കും. സംഘപരിവാറിന്റെ ബുൾഡോസർ രാജ് ബിഹാറിൽ നടപ്പാക്കപ്പെടും എന്നതിന് യാതൊരു സംശയവുമില്ല. കൂറ്റൻ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുന്ന സർക്കാരുകൾ അധികകാലം ഭരണത്തിൽ തുടരാറില്ല എന്നതാണ് ചരിത്രം. യഥാർത്ഥ ജനവിധി അട്ടിമറിച്ചുകൊണ്ട് അധികാരത്തിലെത്തിയ അഞ്ചാം നിതീഷ് കുമാർ സർക്കാരിനെയും കാത്തിരിക്കുന്നത് അതേ അവസ്ഥയായിരിക്കും. ബിഹാറിൽ അധികാരം നിലനിർത്തിയ സംഘപരിവാർ 2026 ൽ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന അസാം, വെസ്റ്റ് ബംഗാൾ, തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും 2027 ൽ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന ഉത്തർപ്രദേശിലും ആയിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക.

ഐക്യത്തോടെ കൂടുതൽ ഫലവത്തായി പ്രവർത്തിക്കുന്നത് സംബന്ധിച്ചും പ്രചാരണ വിഷയങ്ങളിലെ വ്യക്തതയെക്കുറിച്ചും ബിഹാർ തെരഞ്ഞെടുപ്പ് ഇന്ത്യ സഖ്യത്തിന് നൽകുന്ന പാഠങ്ങൾ എന്തൊക്കെയാണ്?

വോട്ടർ അധികാർ യാത്ര ഉണ്ടാക്കിയ ആവേശം നിലനിർത്താൻ സഖ്യത്തിന് കഴിഞ്ഞില്ല. പ്രചാരണത്തിനുള്ള വളരെ പ്രധാനപ്പെട്ട സമയം പല കാരണങ്ങൾകൊണ്ട് നഷ്ടമായി. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കുറേക്കൂടി സമയബന്ധിതമായി തീർക്കണമായിരുന്നു. Cyclone Montha യും തുടർന്നുള്ള മഴയും പ്രവർത്തനത്തെ തടസ്സപ്പെടുത്തി. ദലിത് വിഭാഗത്തിൽ നിന്ന് മാത്രമല്ല മുസ്ലീം വിഭാഗത്തിൽ നിന്നും ഡെപ്യുട്ടി ചീഫ് മിനിസ്റ്റർ ഉണ്ടാകും എന്ന പ്രഖ്യാപനം വ്യക്തമായി നടത്താൻ കഴിഞ്ഞില്ല. ഇത്തരം തെറ്റുകൾ ആവർത്തിക്കാതെ നോക്കണം. മുന്നണിയിലെ പാർട്ടികൾക്കിടയിൽ നടന്ന സൗഹൃദ മത്സരം ദോഷം ചെയ്തിട്ടുണ്ട്.

മുകേഷ് സഹാനിയുടെ വികാസ്ഷീൽ ഇൻസാൻ പാർട്ടി കൈക്കൊണ്ട നിലപാടുകളും AIMIM, Jan Swaraaj പോലുള്ള പാർട്ടികളുടെ സാന്നിധ്യവും ഇന്ത്യ മുന്നണിക്ക് ലഭിക്കേണ്ട വോട്ടുകളിൽ വിള്ളലുകൾ ഉണ്ടാക്കിയെന്ന് കരുതുന്നുണ്ടോ?

ഇന്ത്യ സഖ്യത്തിന് ലഭിക്കേണ്ട വോട്ടുകൾ AIMIM നേടിയിട്ടുണ്ട്. അത് ഏറെ ദൗർഭാഗ്യകരമായ കാര്യമാണ്. മുകേഷ് സഹാനിയുടെ പാർട്ടിക്ക് ലോക്സഭയിലെന്ന പോലെ നിയമസഭയിലും ഒരു സീറ്റിലും വിജയിക്കാൻ കഴിഞ്ഞില്ല. ജൻ സ്വരാജിന്റേത് കോർപ്പറേറ്റ് പൊളിറ്റിക്കൽ ഇടപെടലാണ്. അത് ഒരു സാധാരണ രാഷ്ട്രീയ പാർട്ടിയല്ല. ഒരു വിഭാഗം സർക്കാർ വിരുദ്ധ വോട്ടുകൾ സമാഹരിക്കാൻ അതിന് കഴിഞ്ഞിട്ടുണ്ട്.

സുതാര്യവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് നടക്കാൻ എന്താണ് ജനാധിപത്യ വിശ്വാസികൾ ചെയ്യേണ്ടത്?

നമ്മുടെ ജനാധിപത്യത്തിന്റെ അടിത്തറയായ ഭരണഘടന മൂല്യങ്ങൾ നിലനിൽക്കുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് വേണ്ടത്. അതിന് ഒരു പാർട്ടിയില്ലേക്ക് എല്ലാം അധികാരവും കേന്ദ്രീകരിക്കുന്ന സ്ഥിതി വിശേഷം അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. അതുപോലെ ഏതാനും വ്യക്തികളിലേക്ക് സമ്പത്ത് കേന്ദ്രീകരിക്കപ്പെടുന്നതും മാറേണ്ടിയിരിക്കുന്നു. ഇത് രണ്ടിന്റെയും ദുരന്തമാണ് നമ്മൾ ബിഹാർ തെരഞ്ഞെടുപ്പിൽ കണ്ടത്. ഫാസിസ്റ്റ് ശക്തികളും ജനാധിപത്യ ശക്തികളും തമ്മിലുള്ള പോരാട്ടം വളരെ മൂർത്തമായി നടക്കുന്ന കാലത്തിനാണ് നമ്മൾ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ജനാധിപത്യ ശക്തികൾക്ക് അപ്രതീക്ഷിതമായി ബീഹാറിൽ ഉണ്ടായ പരാജയം ആ പോരാട്ട വീര്യത്തിന് മങ്ങലേൽപ്പിക്കാനോ ജനാധിപത്യ വിശ്വാസികളുടെ ആതമവിശ്വാസാവും ഐക്യവും ഇല്ലാതാക്കാനോ ഇടയാക്കരുത്.

Also Read