

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് മാർച്ച് 19ന് ഇസ്രായേൽ ഗാസയിൽ വീണ്ടും ആക്രമണം തുടങ്ങിയതോടെ പലസ്തീൻ ജനതയുടെ അതിജീവന പ്രതീക്ഷൾ ഇല്ലാതാവുകയാണ്. ജനുവരി 19ന് വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ് കഴിഞ്ഞയാഴ്ച നടന്നതെന്ന് അന്താരഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിൽ 200ഓളം പേർ കൊല്ലപ്പെടുകയും 150ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മൂന്ന് ദിവസങ്ങൾക്ക് മുൻപ് തെക്കൻ ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ നാസർ ഹോസ്പിറ്റലിന് നേരെയും ഇസ്രേയൽ വ്യോമാക്രമണം നടത്തിയിരുന്നു. സംഭവത്തിൽ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗമടക്കം രണ്ട് പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. ഇസ്രായേൽ വീണ്ടും ബോംബാക്രമണം ആരംഭിച്ചതോടെ ഗാസയിലെ ആകെ മരണസംഖ്യ 50,000 കടന്നു. ഇസ്രായേൽ അധിനിവേശം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത് ഗാസയിലെ കുട്ടികളെയാണെന്ന് വിശദമാക്കുന്ന ഒരു റിപ്പോർട്ട് 2025 മാർച്ച് 26ന് അൽജസീറ പ്രസിദ്ധീകരിച്ചു. മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്നതാണ് അതിൽ പറയുന്ന കണക്കുകൾ.
2.3 മില്ല്യൺ ജനസംഖ്യയുള്ള ഗാസയിൽ പകുതിയോളം കുട്ടികളാണ്. ഗാസയിൽ ഓരോ നാൽപത്തിയഞ്ച് മിനിറ്റിലും ഇസ്രായേൽ ആക്രമണത്തിൽ ഒരു കുട്ടി കൊല്ലപ്പെടുന്നുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്. പതിനേഴ് മാസമായി തുടരുന്ന ആക്രമണങ്ങളിൽ സ്വന്തം വീടും കുടുംബവും പഠിച്ചിരുന്ന സ്കൂളും ആരോഗ്യ സംവിധാനങ്ങളുമടക്കം ജനിച്ച നാട് തകരുന്നതിന് സാക്ഷിയാവേണ്ടി വന്നവരുമാണ് ഗാസയിലെ കുട്ടികൾ. കഴിഞ്ഞ 535 ദിവസങ്ങൾക്കുള്ളിൽ ശരാശരി 30 കുട്ടികളാണ് ഗാസയിൽ ഒറ്റദിവസം കൊല്ലപ്പെടുന്നത്. 2023 ഒക്ടോബർ 7ന് ശേഷം 17,500 കുട്ടികളെയാണ് ഇസ്രായേൽ കൊന്നത്. അതിൽ തന്നെ 15,600 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കുറേപേർ തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ മരണപ്പെട്ടിട്ടുണ്ട്. അതിജീവിച്ച കുട്ടികളിൽ പലരും 2008-09, 2012, 2014, 2021 എന്നീ കാലയളവുകളിൽ അരങ്ങേറിയ യുദ്ധങ്ങളുടെ ആഘാതം നേരിട്ടവരും, ഇന്നും ഇസ്രായേൽ അധിനിവേശത്തിന്റെ നിഴലിലും ഉപരോധത്തിലും ജീവിച്ചുകൊണ്ടിരിക്കുന്നവരുമാണ്. കൊല്ലപ്പെട്ടവരിൽ 8,899 പേർ ആൺകുട്ടികളും 6,714 പേർ പെൺകുട്ടികളുമാണ്.









