Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


തദ്ദേശ തെരഞ്ഞെടുപ്പിലെ ട്വന്റി 20 തന്ത്രങ്ങൾ – 2
അഴിമതി രഹിതവും കാര്യക്ഷമവുമായ ഭരണത്തിലൂടെ പ്രാദേശിക തലത്തിൽ വലിയ വികസനം സാധ്യമാക്കി എന്നാണ് ട്വന്റി 20 എന്ന രാഷ്ട്രീയ പാർട്ടി അവകാശപ്പെടുന്നത്. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിലെ കിഴക്കമ്പലം ഗ്രാമപഞ്ചായത്തിൽ അധികാരത്തിലെത്തിയ ട്വന്റി 20 നിലവിൽ നാല് പഞ്ചായത്തുകൾ ഭരിക്കുന്നുണ്ട്. ഇത്തവണ വിജയം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ ശ്രമിക്കുന്ന ഈ രാഷ്ട്രീയ കക്ഷി കോർപ്പറേറ്റ് താത്പര്യങ്ങൾ എങ്ങനെയാണ് ഒളിച്ചുകടത്തുന്നത്? ട്വന്റി 20 വിജയിച്ച നാല് പഞ്ചായത്തുകളിലൂടെ (കിഴക്കമ്പലം, കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂർ) സഞ്ചരിച്ച് തയ്യാറാക്കിയ റിപ്പോർട്ട്. ഭാഗം -1.
ഒരു പഞ്ചായത്തിന്റെ മുഴുവൻ കാര്യങ്ങളും തീരുമാനിക്കാൻ അധികാരപ്പെട്ടത് തെരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതിയാണ്. എന്നാൽ കിഴക്കമ്പലം മഴുവന്നൂർ, ഐക്കരനാട്, കുന്നത്തുനാട്, പഞ്ചായത്തുകളിൽ തീരുമാനം എടുക്കുന്നത് ഒരു വ്യക്തിയെ കേന്ദ്രീകരിച്ചാണ്. ട്വന്റി 20 ഭരിക്കുന്ന ഈ പഞ്ചായത്തുകൾ എങ്ങനെ പ്രവർത്തിക്കണം എന്ന് തീരുമാനിക്കുന്നത് പാർട്ടിയുടെ ചീഫ് കോർഡിനേറ്ററായ സാബു എം ജേക്കബ് ആണ്. ഭരണസമിതിക്ക് ഡമ്മിയായി പ്രവർത്തിക്കാൻ മാത്രമേ അനുവാദമുള്ളൂ. സാബു എം ജേക്കബിന്റെ ഉദ്യോഗസ്ഥരാണ് ഭരണസമിതിയെ നിയന്ത്രിക്കുന്നത് എന്ന് ഇതിൽ പ്രതിഷേധിച്ച് ട്വിന്റി 20 യിൽ നിന്നും രാജിവെച്ച ജനപ്രതിനിധികൾ സാക്ഷ്യപ്പെടുത്തുന്നു.
പഞ്ചായത്ത് മെമ്പർമാരെ നിരീക്ഷിക്കാൻ സാബു എം ജേക്കബിന് പ്രത്യേകം ആളുകളുണ്ട്. ഇന്റലിജൻസ് വിംഗ് എന്നാണ് നാട്ടുകാർ ഇതിനെ വിളിക്കുന്നത്. പഞ്ചായത്തിനകത്ത് സ്വതന്ത്രമായി തീരുമാനമെടുക്കാനോ അഭിപ്രായം പറയാനോ പ്രസിഡന്റിനോ മെമ്പർമാർക്കോ അനുമതിയില്ല. ട്വന്റി 20 ഭരിക്കുന്ന എല്ലാ പഞ്ചായത്തുകളിലെയും മെമ്പർമാർക്ക് സർക്കാർ നിശ്ചയിച്ച അലവൻസ് കൂടാതെ സാബു എം ജേക്കബ് ശമ്പളം നൽകുന്നുണ്ട്. പ്രസിഡന്റിന് 25,000, വൈസ് പ്രസിഡന്റിന് 20,000, മെമ്പർമാർക്ക് 15,000. സാബു എം ജേക്കബിനോട് അഭിപ്രായ വ്യത്യാസം രേഖപ്പെടുത്താത്ത കാലത്തോളം ഈ പണം കൃത്യമായി ലഭിക്കും.
സാബു എം ജേക്കബിന്റെ ഈ രീതികളിൽ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് നിരവധി മെമ്പർമാർ സ്ഥാനം ഒഴിഞ്ഞിട്ടുണ്ട്. അതിൽ പ്രധാനിയാണ് കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന നിതമോൾ എം.വി. ട്വന്റി 20യുടെ ന്യായമല്ലാത്ത തീരുമാനങ്ങളോട് യോജിക്കാൻ കഴിയാത്തതുകൊണ്ടാണ് രാജിവെച്ചതെന്ന് നിതമോൾ പറയുന്നു.
“ഒരു പഞ്ചായത്ത് കമ്മറ്റിയുടെ അജണ്ട സെക്രട്ടറിയും, പ്രസിഡന്റും കൂടിയാണ് ക്രമീകരിക്കുന്നത്. എന്നാൽ കുന്നത്തുനാട് ചെയ്തിരുന്നത് അജണ്ടകൾ പാർട്ടി നേതൃത്വത്തിലേക്ക് അയച്ചുകൊടുത്ത്, അവർ തരുന്ന അജണ്ടകൾ വെച്ച് മാത്രമേ കമ്മിറ്റി നോട്ടീസ് തയ്യാറാക്കാൻ പറ്റൂ. തീരുമാനങ്ങളും അവർ എഴുതി തരും. അത് വായിക്കാനേ പ്രസിഡന്റിന് പറ്റൂ. സാബു എം ജേക്കബ്, ബോർഡ് അംഗങ്ങൾ, എക്സിക്യൂട്ടീവ്സ് ഇങ്ങനെയാണ് അവരുടെ ഒരു ക്രമം. ഭരണമുള്ള നാല് പഞ്ചായത്തുകളിലെയും പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എന്നിവരെ സാബു എം ജേക്കബിന്റെ വീട്ടിൽ വിളിച്ചു വരുത്തി അദ്ദേഹമാണ് ഏതൊക്കെ പദ്ധതികളാണ് പഞ്ചായത്ത് ഏറ്റെടുക്കേണ്ടതെന്ന് തീരുമാനമെടുക്കുന്നത്.” നിതമോൾ പറഞ്ഞു.


“14 മെമ്പർമാരാണ് മഴുവന്നൂർ ഉണ്ടായിരുന്നത്. ഇതിൽ ആറ് പേർ ഒഴികെ എല്ലാവരും രാജിവെച്ചു. സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അനുവാദം മെമ്പർമാർക്ക് ഉണ്ടായിരുന്നില്ല. മഴുവന്നൂർ പഞ്ചായത്തിലാണ് കോലഞ്ചേരി ഡിവിഷനിലെ ജില്ലാ പഞ്ചായത്ത് മെമ്പർ ഉള്ളത്. ആ മെമ്പർ ആണ് ആദ്യം ട്വന്റി 20 വിട്ടത്.” സിപിഎം കോലഞ്ചേരി ഏരിയ കമ്മിറ്റി അംഗം അജിതൻ ഡി.കെ പറഞ്ഞു.
ജനപ്രതിനിധികൾ മാത്രമല്ല, ഈ നാല് പഞ്ചായത്തുകളിൽ ഉദ്യോഗസ്ഥരായി ജോലി ചെയ്യുന്നവരും സാബു എം ജേക്കബിന്റെ ദൃശ്യവലയത്തിനുള്ളിലാണ്. ഇവർ ആരോട് സംസാരിക്കുന്നു, ആരൊക്കെ ഇവരുടെയടുത്ത് വരുന്നു തുടങ്ങിയ കാര്യങ്ങൾ നിരീക്ഷിക്കാൻ പഞ്ചായത്തിൽ ആളുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, സാബു എം ജേക്കബിനോട് പ്രതികരിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചും മാനസികമായി തകർത്തും പ്രതികാരം ചെയ്യാറുണ്ടെന്ന് കിഴക്കമ്പലം പഞ്ചായത്തിലെ യുഡിഎഫിന്റെ വാർഡ് മെമ്പർ അസ്മ അലിയാർ പറയുന്നു.
“ട്വന്റി 20യുടെ ഭരണം എങ്ങനെയാണെന്ന് അറിയുന്നത് പഞ്ചായത്ത് ഭരണസമിതിയിൽ ഉള്ളവർക്ക് മാത്രമാണ്. സെക്രട്ടറി അടക്കമുള്ള സ്റ്റാഫുകളോട് വളരെ ധാഷ്ട്യത്തിലാണ് ഭരണസമിതി പെരുമാറുന്നത്. വനിതകൾ ആണ് കൂടുതലും ട്വന്റി 20യിലെ മെമ്പർമാർ. ഉദ്യോഗസ്ഥർക്ക് ഇവരോട് എന്തെങ്കിലും എതിർത്ത് പറയാൻ ഭയമാണ്. എന്തെങ്കിലും അഭിപ്രായ വ്യത്യാസം പറഞ്ഞാൽ ഉദ്യോഗസ്ഥർക്കെതിരെ പീഡന കേസ് കൊടുക്കും. കമ്മിറ്റി കൂടുമ്പോൾ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ സെക്രട്ടറിയെ അധിക്ഷേപിക്കും. കേസ് കൊടുക്കുമെന്ന് ഭയന്ന് സെക്രട്ടറി പ്രതികരിക്കാറില്ല. ഇത് ഞാൻ നേരിട്ട് കണ്ട കാര്യങ്ങളാണ്. ചില മെമ്പർമാർക്ക് ഇക്കാര്യത്തിൽ അതൃപ്തിയുണ്ട്. അവർക്ക് സ്വതന്ത്രമായി പ്രവർത്തിക്കണം എന്നുണ്ട്. അവർ പലപ്പോഴും അക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ ഔദാര്യം പറ്റിയാണ് കിഴക്കമ്പലത്തുകാർ ജീവിക്കുന്നത് എന്നാണു പ്രസിഡന്റ് ഒരു വിഷയത്തിൽ പറഞ്ഞത്. പഞ്ചായത്ത് രാജ് ആക്ട് പോലും അറിയാത്ത ആളുകളാണ് ഇവർ. ഞാൻ പോകുന്ന സ്ഥലങ്ങളിലെല്ലാം നിരീക്ഷിക്കാൻ ആളുകളുണ്ട്.” അസ്മ അലിയാർ പറഞ്ഞു.


പൊതുരംഗത്തെ ഒരു കാര്യങ്ങളിലും ട്വന്റി 20 ഇടപെടില്ല. മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് വോട്ട് ചെയ്യുന്നവരുടെ വീടുകളിൽ ഇവരുടെ മെമ്പർമാർ പോകാറില്ല. അവിടെ ഒരാൾക്ക് അസുഖം വന്നാൽ ചികിത്സാ സമിതി രൂപീകരിക്കാൻ പോലും മെമ്പമാർ മുൻകൈയെടുക്കാറില്ല എന്ന് പരാതിയുണ്ട്. കല്യാണങ്ങൾക്കോ, മരണങ്ങൾക്കോ പോലും ആ വീടുകളിൽ പോകില്ല. കഴിഞ്ഞ 10 വർഷമായി കിഴക്കമ്പലത്തും അഞ്ച് വർഷമായി മറ്റ് പഞ്ചായത്തുകളിലുമുള്ള ട്വന്റി 20 പാർട്ടി അനുഭാവികൾ മറ്റ് പാർട്ടി അനുഭാവികളുമായി ഇടപെടുകയോ അവർക്കൊപ്പം പരിപാടികളിൽ പങ്കെടുക്കുകയോ ചെയ്യാറില്ല. ഇത്തരത്തിൽ ജനങ്ങൾക്കിടയിൽ അകൽച്ചയുണ്ടാക്കി, സമൂഹത്തെ രണ്ട് തട്ടിലാക്കി വിഭജിച്ചിരിക്കുകയാണ് ട്വന്റി 20. മാത്രമല്ല, സർക്കാർ സ്ഥാപനങ്ങളേയും, എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികളേയും ജനങ്ങളിൽ നിന്നും അകറ്റാനും ട്വന്റി 20 നിരന്തരം ശ്രമിക്കുന്നുണ്ട്. ഈ പഞ്ചായത്തുകളിൽ എംഎൽഎ പങ്കെടുക്കുന്ന ഒരു യോഗത്തിൽ പോലും ട്വന്റി 20 മെമ്പർമാർ പങ്കെടുക്കില്ല.
“എംഎൽഎ പങ്കുടുക്കുന്ന പരിപാടികളിലെല്ലാം ഇപ്പോൾ ഞാനാണ് അധ്യക്ഷത വഹിക്കുന്നത്. പ്രസിഡന്റാണ് ശരിക്കും അധ്യക്ഷ സ്ഥാനത്ത് ഇരിക്കേണ്ടത്. അവർ വേദിയിൽ വരാറില്ല. ഒരു പരിപാടികളിലും പങ്കെടുക്കാറില്ല.” അസ്മ അലിയാർ പറഞ്ഞു.


“ട്വന്റി 20 അനുഭാവിയോ പ്രവർത്തകരോ ആരോ ആയിക്കോട്ടെ അവർ മറ്റുള്ളവരോട് മിണ്ടാനോ സംസാരിക്കാനോ പാടില്ല. മരണ വീടുകളിലോ കല്യാണ വീടുകളിലോ പോകാൻ പാടില്ല. മറ്റുള്ളവരുമായി ഒരു ബന്ധവും പാടില്ല. ഇവർ ആരെങ്കിലും മറ്റുള്ളവരോട് മിണ്ടിയാൽ, ഏതെങ്കിലും പരിപാടികളിൽ പങ്കെടുത്താൽ അത് നോട്ട് ചെയ്യും. ഭക്ഷ്യ സുരക്ഷ മാർക്കറ്റിൽ സാധനം വാങ്ങാൻ എത്തിയാൽ മൈക്കിലൂടെ എല്ലാവരും കേൾക്കെ വിളിച്ചു പറയും, ‘നിങ്ങൾക്ക് സാർ സാധങ്ങൾ നൽകേണ്ട എന്ന് പറഞ്ഞിട്ടുണ്ട്, നിങ്ങൾ സാറിനെതിരെ പ്രവർത്തിച്ചു’, എന്നാണ് വിളിച്ചുപറയുക. ഈ നാണക്കേട് ഭയന്ന് ആളുകൾ തമ്മിൽ മിണ്ടാറില്ല, സഹകരണവുമില്ല. കഴിഞ്ഞ 10 വർഷമായി ഈ പഞ്ചായത്തിലെ ജനങ്ങൾക്കിടയിൽ വലിയ വിഘടനമുണ്ടായിട്ടുണ്ട്. ട്വന്റി 20 വാർഡ് മെമ്പർ ആയിരുന്ന വ്യക്തി അദ്ദേഹത്തിന്റെ മകളുടെ കല്യാണത്തിന് മറ്റ് പാർട്ടിക്കാരായ മെമ്പർമാരെ വിളിച്ചതിന് ആ മെമ്പറെ പാർട്ടിയിൽ നിന്നും പിരിച്ചുവിട്ടു. ഇത് നടക്കുന്നത് നമ്മുടെ കേരളത്തിൽ ആണ്, ബീഹാറിൽ അല്ല.” പേര് വെളിപ്പെടുത്താൻ തയ്യാറല്ലാത്ത ഒരു പ്രദേശവാസി പറഞ്ഞു.
“ചൂരക്കോട് വാർഡിലെ മെമ്പർ എന്റെ ബന്ധുവാണ്. ഞാൻ രാജിവെച്ചതോടെ അവരുടെ മകന്റെ കല്യാണത്തിന് എന്നെ വിളിച്ചില്ല. ഈ പഞ്ചായത്തിലെ ട്വന്റി 20യുടേത് അല്ലാത്ത ഒരു മെമ്പറുടെ മകളുടെ കല്യാണത്തിന് ഞാൻ മാത്രമാണ് ഭരണ സമിതിയിൽ നിന്നും പങ്കെടുത്തത്. ഒരു ചികിത്സാ സഹായത്തിന് ഫണ്ട് സമാഹരിക്കുമ്പോൾ പോലും ട്വന്റി 20 മെമ്പർമാർ അതിൽ പങ്കാളികളാവാറില്ല.” നിതമോൾ പറഞ്ഞു.
കിറ്റെക്സ് ഗ്രൂപ്പിന്റെ കമ്പനികളിൽ 8000 ത്തോളം തൊഴിലാളികൾ ഉണ്ടെന്നാണ് അവർ അവകാശപ്പെടുന്നത്. അതിൽ ഭൂരിഭാഗവും ഇതര സംസ്ഥാന തൊഴിലാളികളാണ്. 2015 ന് ശേഷം ട്വന്റി 20 സംഘടനയെ എതിർക്കുന്ന, വിമർശിക്കുന്ന ആളുകളുടെ കടകളിലേക്ക് ഈ തൊഴിലാളികളെ പോകാൻ അനുവദിക്കാറില്ല. അത് നിരീക്ഷിക്കാൻ കൃത്യമായി ആളുകളുണ്ട്. ഇത് ഇവിടെയുള്ള കടകളുടെ വരുമാനത്തെ ബാധിച്ചു.
“എല്ലാത്തരം ടാക്സും കൊടുത്ത്, ഉപജീവനത്തിന് വേണ്ടിയാണ് ഞങ്ങൾ കടകൾ തുറന്നിരിക്കുന്നത്. ചില കടകളിൽ തൊഴിലാളികൾ അറിയാതെ കയറി സാധങ്ങൾ വാങ്ങി ബില്ലിട്ട് കഴിയുമ്പോൾ ആയിരിക്കും ട്വന്റി 20യുടെ ആളുകൾ വന്നു ഈ കടയിൽ നിന്നും സാധങ്ങൾ വാങ്ങാൻ പാടില്ല എന്ന് പറഞ്ഞ് അവരെ വിളിച്ചിറക്കി കൊണ്ടുപോവുക. ഇത് പലപ്പോഴും ഞങ്ങൾ വ്യാപാരികൾ നേരിട്ടിട്ടുണ്ട്. അവരോട് ചേർന്ന് നിൽക്കുന്നവർക്ക് മാത്രമേ കച്ചവടം ലഭിക്കൂ. നമ്മുടെ കടകളിൽ നിന്നും സാധനം വാങ്ങണം, നമ്മുടെ ആളുകളുമായി സംസാരിക്കണം, നമ്മുടെ ആളുകളുടെ പരിപാടിയിൽ മാത്രം പങ്കെടുക്കണം, മറ്റുള്ളവരോട് ഒരു തരത്തിലുള്ള ബന്ധവും പാടില്ല – ഇങ്ങനെയൊരു വിഭാഗീയതയാണ് ഇവർ ഇവിടെ ഉണ്ടാക്കിയിരിക്കുന്നത്.” വ്യാപാരിയായ സോണി ആന്റണി പറഞ്ഞു.


അഴിമതിയും നിയമങ്ങളുടെ അട്ടിമറിയും
കേരളാ പഞ്ചായത്ത് രാജ് ആക്ട് 1994 – അനുസരിച്ച് പരമ്പരാഗത കുടിവെള്ള സ്രോതസ്സുകൾ സംരക്ഷിക്കുക, കുളങ്ങളും കനാലുകളും മറ്റ് ജലസംഭരണികളും സംരക്ഷിക്കുക, റോഡുകളും മറ്റ് പൊതുമുതലുകളും സംരക്ഷിക്കുക, തെരുവ് വിളക്കുകൾ കത്തിക്കുകയും അവയെ പരിപാലിക്കുകയും ചെയ്യുക, ശവപ്പറമ്പുകളും ശ്മശാനങ്ങളും സ്ഥാപിക്കുകയും സംരക്ഷിക്കുകയും ചെയ്യുക, യാത്രക്കാർക്കായി വെയിറ്റിംഗ് ഷെഡുകൾ നിർമ്മിക്കുക, പൊതുസ്ഥലങ്ങളിൽ മൂത്രപ്പുരയും കക്കൂസും കുളിസ്ഥലങ്ങളും ഏർപ്പെടുത്തുക, തരിശുഭൂമികളും പ്രാന്തപ്രദേശങ്ങളും കൃഷി ചെയ്യിപ്പിക്കുക, ഒരു ഗ്രാമപഞ്ചായത്ത് പ്രദേശത്തിനകത്ത് വരുന്ന എല്ലാ ചെറുകിട ജലസേചന പദ്ധതികളും പരിപാലിക്കുകയും നടപ്പാക്കുകയും ചെയ്യുക, ജലസംരക്ഷണം പ്രാവർത്തികമാക്കുക, ഗ്രാമീണ ഭവനനിർമ്മാണ പദ്ധതികൾ നടപ്പാക്കുക, ഒരു ഗ്രാമപഞ്ചായത്തിനുളളിലെ ഗ്രാമീണ റോഡുകൾ നിർമ്മിക്കുകയും പരിപാലിക്കുകയും ചെയ്യുക, പട്ടികജാതി-പട്ടികവർഗ്ഗങ്ങൾക്ക് ആവശ്യമുളളപ്പോൾ വിവേചനാധിഷ്ഠിത സഹായം നൽകുക, കളിസ്ഥലങ്ങൾ നിർമ്മിക്കുക തുടങ്ങിയവയാണ് ഒരു പഞ്ചായത്തിന്റെ പ്രധാന ചുമതലകൾ. എന്നാൽ, എല്ലാ ജനങ്ങൾക്കും വേണ്ടി ഇത്തരം ചുമതലകൾ നിർവഹിക്കുന്നതിൽ ട്വിന്റി 20 ഭരണസമിതികൾ വലിയ പരാജയമാണ്.
‘അഴിമതി രഹിത വികസനത്തിനായി ട്വന്റി 20 യെ വിജയിപ്പിക്കുക’ എന്നതായിരുന്നു ഇവരുടെ പ്രധാന തെരഞ്ഞെടുപ്പ് പ്രചാരണം. എന്നാൽ കഴിഞ്ഞ 10 വർഷം കൊണ്ട് കിഴക്കമ്പലം പഞ്ചായത്തും അഞ്ച് വർഷം കൊണ്ട് കുന്നത്തുനാട്, മഴുവന്നൂർ, ഐക്കരനാട് പഞ്ചായത്തുകളും അഴിമതിയുടെ കേന്ദ്രങ്ങളായി മാറി എന്നാണ് പല സംഭവങ്ങളും വ്യക്തമാക്കുന്നത്. കാർഷിക മേഖലയായിരുന്ന പഞ്ചായത്തുകളിൽ ഇന്ന് പേരിന് മാത്രമാണ് കൃഷി നടക്കുന്നത്. ഗ്രാമീണ റോഡുകൾ തകർന്നു, സ്കൂൾ, അംഗനവാടി, ആശുപത്രി വികസനം ഒട്ടും നടന്നില്ല. പട്ടികജാതി ഫണ്ട് ഭൂരിഭാഗവും ലാപ്സായി. പദ്ധതികളുടെ ടെണ്ടർ ഇഷ്ടക്കാർക്കും ബിനാമികൾക്കും കൊടുക്കുന്നതായുള്ള പരാതി ട്വന്റി 20ക്കെതിരെ നാല് പഞ്ചായത്തുകളിൽ നിന്നും ഉയർന്നിട്ടുണ്ട്. ട്വന്റി 20 അനുഭാവികളെ വിളിച്ച് മാത്രം ഗ്രാമസഭകൾ കൂടുന്ന പ്രവണതയും നാല് പഞ്ചായത്തുകളിലും നിലനിൽക്കുന്നുണ്ട്.
“കഴിഞ്ഞ അഞ്ച് വർഷമായി ഇവർ തിരിഞ്ഞുനോക്കാത്ത സമൂഹമാണ് ഞാൻ ഉൾപ്പെടെയുള്ളവർ. 30ൽ കൂടുതൽ ദലിത് കോളനികളുള്ള പഞ്ചായത്താണിത്. ഇതുവരെ ഒരു സാഹായവും ലഭിച്ചിട്ടില്ല. എന്റെ മകൻ ബിഎസ്സി ഫൈനൽ ഇയറിന് പഠിക്കുകയാണ്. ഒരു ലാപ്ടോപ്പിന് അപേക്ഷിച്ചിട്ട് കിട്ടിയിട്ടില്ല. കോളനികളുടെ നവീകരണത്തിന് സർക്കാർ കൊടുക്കുന്ന ഫണ്ട് കൊണ്ട് ഞങ്ങൾക്ക് ഒരു ഗുണവും ഉണ്ടായിട്ടില്ല. ഞാൻ ഒരു വീടിന് അപേക്ഷിച്ചിട്ടും തന്നിട്ടില്ല. ട്വന്റി 20യുടെ കാർഡുള്ള ആളുകളെ ഗ്രാമസഭയിൽ വാർഡ് മെമ്പർ തെരഞ്ഞെടുക്കും, അവർക്കാണ് ആനുകൂല്യങ്ങൾ നൽകുന്നത്. ഓരോ വാർഡിലും ഓരോ കോർഡിനേറ്റർമാരുണ്ട്. ഇവർ വാർഡുകളിൽ യോഗം വിളിക്കും. അതിന് ചെല്ലുന്നവർക്ക് കാർഡ് കൊടുക്കും, അങ്ങനെയാണ് ആനുകൂല്യങ്ങൾക്ക് വേണ്ടി ഉപഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്.” സിഐടിയു യൂണിയനിലെ തൊഴിലാളിയായ സുകു പറഞ്ഞു.


“ഒരു പദ്ധതി രൂപീകരിക്കുന്നതിന് മുമ്പ് ആസൂത്രണ സമിതി യോഗം, വർക്കിംഗ് ഗ്രൂപ്പ് യോഗം, ഗ്രാമസഭ തുടങ്ങി നിരവധി ഘട്ടങ്ങളിലൂടെ കടന്നുപോകണം. ആസൂത്രണ സമിതി യോഗം മാത്രം കൂടും. ഉപാധ്യക്ഷൻ തന്നെ ഒരു മീറ്റിങ്ങിൽ മാത്രമാണ് വന്നത്. ബാക്കിയുള്ള മീറ്റിങ്ങുകൾ ഓൺലൈൻ ആയി നടത്തും. ആസൂത്രണ സമിതിയിലെ അംഗങ്ങൾ പോലും ഈ പഞ്ചായത്തിലോ സമീപ പഞ്ചായത്തിലോ ഉള്ളവരല്ല. ഇങ്ങനെയുള്ള ആളുകൾക്ക് പഞ്ചായത്തിന്റെ ആവശ്യകതകൾ മനസ്സിലാക്കി എങ്ങനെ പദ്ധതി ആസൂത്രണം ചെയ്യാൻ കഴിയും? അവരുടെ ആളുകൾ പഞ്ചായത്തിൽ ഒരു പ്ലാൻ വെച്ചിട്ടുണ്ടെങ്കിൽ, അത് അനധികൃതമാണെങ്കിലും ഞങ്ങളെ കൊണ്ട് ചെയ്യിക്കും. ഞാൻ രാജിവെക്കുന്നതിന് മുമ്പ് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഒരു ബയോ-ബിൻ വെച്ചിരുന്നു. സാബു എം ജേക്കബ് നിർദ്ദേശിച്ച ആള് ടെണ്ടർ വിളിച്ചപ്പോൾ മൂന്നാം സ്ഥാനത്തായിരുന്നു. ആദ്യത്തെ ടെണ്ടറും ഇതും തമ്മിൽ ഒരു ബിന്നിന് 1800 രൂപയുടെ വ്യത്യാസം ഉണ്ടായിരുന്നു. സാബു എം ജേക്കബ് മൂന്നാം സ്ഥാനത്ത് വന്ന ആൾക്ക് ടെണ്ടർ കൊടുക്കാൻ പറഞ്ഞു. പഞ്ചായത്ത് രേഖകൾ പരിശോധിച്ചാൽ ഇത് മനസിലാകും. നാല് പഞ്ചായത്തിലും കുടിവെള്ളം എത്തിക്കാനുള്ള കരാർ പട്ടിമറ്റത്തുള്ള എ.എം.എ എന്ന സ്ഥാപനത്തിനാണ് നൽകിയിരിക്കുന്നത്. ഇവർ തന്നെയാണ് സാബു എം ജേക്കബിന്റെ കമ്പനികളിലേക്കും വെള്ളം എത്തിക്കുന്നത്. പഞ്ചായത്തിൽ കുടിവെള്ളം വാങ്ങുന്നത് മാർച്ച് മുതൽ മെയ് വരെയുള്ള മാസങ്ങളിലാണ്. ട്വന്റി 20 ജയിച്ച വാർഡുകളിൽ സാബു എം ജേക്കബ് പാർട്ടിയുടെ ലേബലിൽ വെള്ളം ഇറക്കും. എന്നാൽ അത് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് ചെയ്യുന്നത്. 3000 രൂപയാണ് ഒരു ടാങ്കറിന് ടെണ്ടർ വിളിച്ചിരിക്കുന്നതെങ്കിൽ അതിൽ 1500 രൂപയെ അവർക്ക് കൊടുക്കൂ. 3000 രൂപവെച്ച് പഞ്ചായത്തിൽ നിന്നും എഴുതി വാങ്ങിക്കും. ബാക്കിയുള്ള പൈസ ട്വന്റി 20യുടെ ലേബലിൽ ഇറക്കുന്ന വെള്ളത്തിനായി മാറ്റിവെക്കും.
നാല് പഞ്ചായത്തിലും തമിഴ്നാട്ടിൽ നിന്നും ഏജന്റിനെ കണ്ടെത്തിയാണ് ‘പോത്ത്കുട്ടി’ പദ്ധതിയിലേക്ക് വേണ്ടി കന്നുകളെ വാങ്ങിച്ചത്. ഈ പദ്ധതിക്ക് ഒരു പഞ്ചായത്ത് തന്നെ 40 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. നാല് പഞ്ചായത്തും കൂടി ചേരുമ്പോൾ ഒരു കോടിക്ക് മുകളിൽ തുകയുണ്ട്. 3000 രൂപക്കാണ് ഒരു പോത്തുകുട്ടിയെ വാങ്ങിച്ചിട്ടുള്ളത്. ഇത് ആളുകൾക്ക് കൊടുത്തത് 15,000 രൂപക്കാണ്. ഇതിൽ 7500 രൂപ പഞ്ചായത്തും ബാക്കി 7500 ഗുണഭോക്താവും അടക്കണം. ഈ പണം പകുതി ആയിരുന്നെകിൽ ഈ ആനുകൂല്യം എത്ര ആളുകളിലേക്ക് എത്തിയേനെ. പഞ്ചായത്ത് രാജ് ആക്റ്റ് പ്രകാരം പഞ്ചായത്താണ് ടെണ്ടർ വിളിച്ച് ഈ പദ്ധതി നടപ്പാക്കേണ്ടത്. എന്തിനാണ് തമിഴ്നാട്ടിൽ നിന്നും ഒരു ഏജന്റിനെ കണ്ടെത്തിയത്? നാല് പഞ്ചായത്തിലും പരിശോധിച്ചാൽ അറിയാം ട്വന്റി 20 നടപ്പാക്കിയ സർക്കാർ പദ്ധതികൾക്കെല്ലാം ടെണ്ടർ കിട്ടിയിട്ടുണ്ടാവുക ഒരേ ആളുകൾക്കായിരിക്കും.” കുന്നത്തുനാട് മുൻ പഞ്ചായത്ത് പ്രസിഡന്റ് നിതമോൾ എം.വി പറഞ്ഞു.


വഞ്ചിതരായ കർഷകരും കുടുംബശ്രീ അംഗങ്ങളും
“800 ഏക്കറിൽ നെൽ കൃഷി ചെയ്തിരുന്ന പഞ്ചായത്ത് ആയിരുന്നു കിഴക്കമ്പലം. ഇപ്പോൾ 60 ഏക്കറിൽ മാത്രമാണ് കൃഷി ചെയ്യുന്നത്. നെൽകൃഷിക്ക് വിത്ത് കൊടുക്കാം, നിലം ഉഴുത് കൊടുക്കാം, വളം കൊടുക്കാം, പശു വളർത്താനുള്ള സഹായം കൊടുക്കാം. എന്നാൽ കാർഷിക മേഖലക്ക് വേണ്ട ഒരു കാര്യവും നടപ്പാക്കിയിട്ടില്ല. വയലുകൾ എല്ലാം തരിശായി ഇട്ടു. കൃഷി ലാഭമില്ലാതെ പലരും നിർത്തുകയാണ്. പഞ്ചായത്തിന്റെ പിന്തുണ ഉണ്ടെങ്കിൽ നടന്നുപോയേനെ. എല്ലാ മേഖലകളിലും ഇടപെടാൻ കഴിയുന്ന ഏജൻസിയാണ് ഒരു ഗ്രാമ പഞ്ചായത്ത് ഭരണസമിതി. ഒരാളുടെ ജനനം മുതൽ മരണം വരെ ഇടപെടാൻ കഴിയുന്ന ഒരു സംവിധാനം ആണിത്. മരിച്ചാൽ കുഴിച്ചിടാൻ ഒരു പൊതു ശമാശാനം ഇല്ലാത്ത പഞ്ചായത്ത് ആണ് കിഴക്കമ്പലം. 50 സെന്റ് സ്ഥലം ശമാശാനത്തിന് നേരത്തെ അനുവദിച്ചതാണ്. പദ്ധതിയാക്കി നടപ്പാക്കിയാൽ മതി.” കിഴക്കമ്പലം മുൻ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ അനിൽ കുമാർ പറഞ്ഞു.
“കൂട്ടായി കൃഷി ചെയ്യാൻ കമ്പനി സഹകരണ സംഘമായി രജിസ്റ്റർ ചെയ്തതിന് ശേഷം പഞ്ചായത്ത് അത് മുടക്കി. പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, കൃഷി ഓഫീസർ എന്നിവരുടെ മേൽനോട്ടത്തിലാണ് കൃഷി നടത്തേണ്ടത്. പഞ്ചായത്ത് അനുകൂലം ഇല്ലെങ്കിൽ വേറെ ആർക്കും ഒന്നും ചെയാൻ സാധിക്കില്ല. പഞ്ചായത്ത് പ്രസിഡന്റും മെമ്പർമാരും ഞങ്ങളുടെ ഒപ്പം നിന്നില്ല. ഒരുമിച്ച് കൃഷി ചെയ്യരുത് എന്ന് കർഷകർക്കും നിർദേശം കൊടുത്തു. കൃഷി ചെയ്തിരുന്നെങ്കിൽ കിണറുകളിൽ ശുദ്ധജലം എത്തിയേനെ. മത്സ്യകൃഷി ചെയ്യുന്നവർക്ക് വരുമാനം ആവുമായിരുന്നു. ബണ്ടുകളിൽ പച്ചക്കറി കൃഷിയും ചെയ്യാമായിരുന്നു.” പേര് വെളിപ്പെടുത്താൻ പ്രയാസമുള്ള ഒരു തദ്ദേശവാസി പറഞ്ഞു.
“കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് പഞ്ചായത്തിലെ ഏല്ലാ പാടശേഖരങ്ങളിലും സമിതികൾ ഉണ്ടാക്കി കൃഷി ഇറക്കിയിരുന്നു. വ്യക്തികൾ അവരുടെ വയലുകളിൽ കൃഷി ഇറക്കുന്നതിന് പഞ്ചായത്ത് സബ്സിഡി അടക്കമുള്ള ധനസാഹയം നൽകി, അല്ലാത്തത് പാട്ടത്തിന് കൊടുത്ത് കൃഷി ചെയ്തു. ജലദൗർലഭ്യം കുറക്കാൻ വേണ്ടിയും വരുമാന മാർഗവുമായോക്കെയാണ് കൃഷി ചെയ്തിരുന്നത്. എന്നാൽ ഈ ഭരണസമിതി അധികാരത്തിൽ വന്നതിന് ശേഷം കാർഷിക മേഖലക്ക് വേണ്ടി ഒന്നും ചെയ്തില്ല. സ്വന്തമായി കൃഷി ഇറക്കുന്നവർ മാത്രമാണ് ഇപ്പോൾ കൃഷി ചെയ്യുന്നത്. കൃഷി പ്രോത്സാഹിപ്പിക്കാനുള്ള ഒരു ഇടപെടലും പഞ്ചായത്ത് നടത്തുന്നില്ല. അതുപോലെ ആനുകൂല്യങ്ങളും കൊടുക്കുന്നില്ല. പദ്ധതി വിഹിതത്തിന്റെ 30 ശതമാനം കാർഷിക മേഖലയിൽ കൊടുക്കണം എന്ന് നിബന്ധനയുണ്ട്. അത് ഏതാണ്ട് ലഭിക്കുന്നത് ട്വന്റി 20 യിലെ ആളുകൾക്കാണ്. സഹകരണ ബാങ്ക് പോലുള്ള സ്ഥാപനങ്ങൾ വഴിയാണ് സബ്സിഡി നിരക്കിൽ വളം കൊടുക്കുന്നത്. ഇവരുടെ ഭരണസമിതി ആദ്യ രണ്ട് വർഷം വളം വിതരണം ചെയ്തില്ല. അതിനുശേഷം പഞ്ചായത്ത് മെമ്പർമാർ നേരിട്ട് അവരുടെ ആളുകൾക്ക് വീടുകളിൽ ചെന്ന് കൊടുക്കുകയാണ് ചെയ്തത്. ഈ പഞ്ചായത്ത് ഒരു വ്യാവസായിക മേഖല കൂടിയാണ്. തനത് വരുമമാനം വർഷത്തിൽ അഞ്ച് കോടിക്ക് മുകളിൽ ലഭിക്കുന്ന പഞ്ചായത്താണ്. ഇതൊന്നും ഉപയോഗപ്പെടുത്താനുള്ള ശ്രമം ഈ ഭരണസമിതി നടത്തിയിട്ടില്ല. കഴിഞ്ഞ ഭരണസമിതി ടെണ്ടർ വെച്ച് പണി തുടങ്ങിയ പഴംതോട്ടം കുഴിക്കാട്ടുമുളം പദ്ധതി ട്വന്റി 20 നിർത്തിവെപ്പിച്ചു. ഈ പദ്ധതി പോര, വലിയ പദ്ധതിയാണ് വേണ്ടതെന്ന് പറഞ്ഞാണ് നിർത്തലാക്കിയത്. എന്നാൽ ഇതുവരെ ഒന്നും ചെയ്തില്ല. കടമറ്റത്തും ഒരു കുടിവെള്ള പദ്ധതി ഉണ്ടായിരുന്നു. അതിനും കഴിഞ്ഞ ഭരണസമിതി അനുമതി കൊടുത്തിരുന്നു. ഇതും നടപ്പാക്കിയില്ല. പഴംതോട്ടത്ത് ഒരു ഷോപ്പിംഗ് കോംപ്ലക്സ് ഉണ്ടായിരുന്നു. വലിയ കെട്ടിടം പണിയും എന്ന് പറഞ്ഞ് അത് പൊളിപ്പിച്ചു. ആ പദ്ധതി പോലും ഇപ്പോൾ ഇല്ല. പോസ്റ്റ് ഓഫീസ്, മാവേലി സ്റ്റോർ ഇതൊക്കെ അവിടെയായിരുന്നു. ഇതൊക്കെ ഇപ്പോൾ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ” ഐക്കരനാട് പഞ്ചായത്ത് നാലാം വാർഡ് സിപിഎം സ്ഥാനാർത്ഥിയും മുൻ പഞ്ചായത്ത് മെമ്പറുമായ എം.കെ മനോജ് പറഞ്ഞു.


റോഡ്, ആശുപത്രികൾ, സ്കൂളുകൾ, അംഗനവാടികൾ തുടങ്ങി അടിസ്ഥാന സൗകര്യ വികസനത്തോട് ട്വന്റി 20 പഞ്ചായത്തുകൾ മുഖംതിരിച്ചു. കുമാരപുരം സർക്കാർ ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾക്ക് എംഎൽഎ ഫണ്ട് അനുവദിച്ചിട്ട് മൂന്ന് വർഷമായി. ഇതുവരെ എൻഒസി കൊടുത്തിട്ടില്ല. സ്ത്രീകൾക്ക് മുഴുവൻ ഗൃഹോപകരങ്ങളും നൽകുമെന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് കൂടുതൽ കുടുംബശ്രീ യൂണിറ്റുകൾ ഉണ്ടാക്കി. യൂണിറ്റുകൾക്ക് പിന്നീട് കൊടുക്കേണ്ട ധനസഹായങ്ങൾ അനുവദിച്ച് കൊടുക്കുകയും ചെയ്തില്ല.
“പഞ്ചായത്തിൽ 286 അയൽക്കൂട്ടങ്ങൾ ആണ് പ്രവർത്തിച്ചിരുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് എല്ലാ വീടുകളിലും പോയി ട്വന്റി 20 ക്കാർ പറഞ്ഞു, എല്ലാ സ്ത്രീകളും കുടുംബശ്രീയിൽ അംഗത്വമെടുക്കാൻ. ഗൃഹോപകരണങ്ങൾ കുടുംബശ്രീ വഴിയാണ് വിതരണം ചെയ്യുന്നത് എന്ന്. ഈ വാഗ്ദാനത്തിന് ശേഷം കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ എണ്ണം 411 ആയി. പഞ്ചായത്ത് ഭരണസമിതി ഒരു വർഷം കഴിഞ്ഞപ്പോഴേക്കും ഓരോ അയൽക്കൂട്ടങ്ങളും പിരിഞ്ഞുപോയി. വാഗ്ദാനം ചെയ്ത ഗൃഹോപകാരങ്ങൾ കിട്ടാതായതോടെ അയൽക്കൂട്ടങ്ങൾ എല്ലാം പിരിഞ്ഞുപോയി. ട്വന്റി 20 പ്രവർത്തക അല്ലാത്തതുകൊണ്ട് തന്നെ പഞ്ചായത്തിന്റെ എല്ലാ പരിപാടികളിൽ നിന്നും എന്നെ മാറ്റിനിർത്തിയിരിക്കുകയായിരുന്നു. ഞാൻ നേരത്തെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്നു. ഒരു പഞ്ചായത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ. വർക്കിംഗ് ഗ്രൂപ്പുകളിൽ കുടുംബശ്രീ ഒരു അംഗമാണ്. ഒരിക്കൽ പോലും വർക്കിംഗ് ഗ്രൂപ്പ് കൂടുന്നതോ, വികസന സെമിനാറുകളോ, മറ്റു പ്രധാന പരിപടികളോ ഞങ്ങളെ അറിയിച്ചിട്ടില്ല. ഞങ്ങൾ എന്ത് കാര്യം പറഞ്ഞാലും ഭരണസമിതി കേൾക്കാറുമില്ല. പഞ്ചായത്തിന്റെ ഫണ്ട് വിഹിതം വെക്കുമ്പോൾ വനിതാ ഘടക പദ്ധതികൾക്ക് ഇത്ര ശതമാനം ഫണ്ട് മാറ്റിവെക്കണം എന്നുണ്ട്. പഞ്ചായത്ത് പറയുന്നത് ആ ഫണ്ട് കുടുംബശ്രീക്ക് വേണ്ടി മാറ്റിവെച്ചിരിക്കുകയാണ് എന്നാണ്. ഒരു പൈസ പോലും പഞ്ചായത്ത് പദ്ധതികൾക്കായി നൽകിയിട്ടില്ല. സർക്കാർ നൽകുന്ന ഫണ്ട് കൊണ്ടാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. സിഎസ്ആർ ഫണ്ട് കൊണ്ട് കുടുംബശ്രീക്ക് വേണ്ടി നിരവധി കാര്യങ്ങൾ ചെയ്യാം. പഞ്ചായത്തിലുള്ള ഒരു കമ്പനിയുടെ സിഎസ്ആർ ഫണ്ട് വിനിയോഗിച്ച് കുടുംബശ്രീയിലെ അയൽക്കൂട്ടങ്ങൾക്ക് പേപ്പർ ബാഗ് യൂണിറ്റ്, തയ്യൽ യൂണിറ്റ്, പൈനാപ്പിൾ കൃഷിക്ക് സഹായം എന്നിവയൊക്കെ കൊടുത്തിട്ടുണ്ട്. ട്വന്റി 20യുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് ഒരു പദ്ധതി പോലും ആവിഷ്കരിച്ചിട്ടില്ല.” മഴുവന്നൂർ പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ സിമി ബാബു പറഞ്ഞു.
“ഞാൻ മെമ്പർ ആയിരിക്കുമ്പോ എന്റെ വാർഡിൽ മാത്രം 13 റോഡ് പണിതു. ഇവർ പഞ്ചായത്ത് മൊത്തത്തിൽ റോഡ് പണിതിട്ടില്ല. റോഡുകൾ പലതും തകർന്നിരിക്കുകയാണ്. ഈ പഞ്ചായത്തിൽ ബിഎംബിസി നിലവാരത്തിൽ റോഡുകൾ പണിയും എന്നായിരുന്നു വാഗ്ദാനം. ഒരു പദ്ധതിയും നടപ്പാക്കാൻ എംഎൽഎയുടെയോ, എംപിയുടെയോ ഫണ്ട് ഇവർ ചോദിക്കില്ല. കഴിഞ്ഞ ഭരണസമിതിക്ക് എംഎൽഎമാരും എംപിമാറും ഫണ്ടുകൾ അനുവദിച്ച് കൊടുത്തിട്ടുണ്ട്.” ഐക്കരനാട് പഞ്ചായത്തിലെ മുൻ മെമ്പർ എം.എ പൗലോസ് പറയുന്നു.


“വലിയ റിയൽ എസ്റ്റേറ്റ് കുംഭകോണമാണ് ഇവിടെ നടക്കുന്നത്. ഇദ്ദേഹത്തിന്റെ കമ്പനികളിലേക്കും ഭൂമികളിലേക്കും പോകുന്ന എല്ലാ റോഡുകളും വീതികൂട്ടി. റോഡിന് വീതി കൂട്ടാൻ ആദ്യം ചൂരക്കോട് സിറിയൻ യാക്കോബായ ചർച്ച് കമ്മറ്റി പിടിച്ചെടുത്തു. പള്ളി പൊളിച്ച് പണിതുതരാം എന്ന് പറഞ്ഞാണ് പള്ളിക്കമ്മറ്റിയെ വിശ്വാസത്തിൽ എടുത്തത്. റോഡിൽ ഒരു കുരിശ് നിൽപ്പുണ്ട്. അത് ആദ്യം പൊളിച്ചു പണിയാം എന്ന് പറഞ്ഞു. 30 ലക്ഷം രൂപ മുടക്കി അത് പണിതു. കുരിശ് ഉണ്ടായിരുന്നത് ഒരു വളവിൽ ആയിരുന്നു. കുരിശ് ഉള്ളത് കാരണം ഇദ്ദേഹത്തിന്റെ വലിയ കണ്ടെയ്നർ ലോറികൾക്ക് ആ വഴി പോകാൻ ബുദ്ധിമുട്ടാണ്. യഥാസ്ഥാനത്ത് നിന്നും അല്പം മാറിയാണ് പിന്നീട് കുരിശ് പണിതത്. ഇതോടെ റോഡിന് വീതി കൂടി. പള്ളി പുതുക്കി പണിതതുമില്ല. പിന്നീട് ഇടവക അംഗങ്ങൾ പിരിവിട്ടാണ് പള്ളി പുതുക്കി പണിതത്.” കിഴക്കമ്പലം പഞ്ചായതിലെ യുഡിഎഫിന്റെ മുൻ മെമ്പർ അനൂപ് പറഞ്ഞു.
സർക്കാർ പദ്ധതികളുടെ വളച്ചൊടിക്കൽ
ലൈഫ് ഭവന പദ്ധതിയിൽ അനുവദിച്ച വീടുകൾക്ക് ‘ഗോഡ്സ് വില്ല’ എന്ന പേര് നൽകി ട്വന്റി 20യുടെ ഭവന പദ്ധതി എന്ന നിലയിൽ പ്രചരിപ്പിച്ചിരുന്നു. ഇതിലെ യാഥാർത്ഥ്യം എന്താണെന്ന് ‘ഗോഡ്സ് വില്ല’യിലെ താമസക്കാർ തന്നെ പറയും.
“ഇത് ലക്ഷം വീട് കോളനിയാണ്. ഏഴ് കൊല്ലം മുമ്പാണ് വീടുകൾ പുതുക്കി പണിതത്. സർക്കാർ ഫണ്ടും സന്നദ്ധ സംഘടനകളുടെ ഫണ്ടും, സ്ഥാപനങ്ങളുടെയും പ്രവാസി മലയാളികൾ നൽകിയതും കമൽ ഹാസൻ, ജയറാം പോലെയുള്ളവർ നൽകിയ പണവും ഉപയോഗിച്ചാണ് വീടുകൾ പണിതത്. 710 സ്ക്വയർ ഫീറ്റുള്ള 37 വീടുകൾ ഉണ്ടിവിടെ. വീടിനകത്തെ ടൈൽസ് അടക്കമുള്ള പണികൾ ചെയ്യാൻ ഞങ്ങളാണ് പണം നൽകിയത്.” പേര് വെളിപ്പെടുത്താൻ അവർക്ക് പേടിയുണ്ട്.


സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ചതിലും ഇത്തരത്തിൽ വലിയ അഴിമതിയാണ് ട്വന്റി 20 നടത്തിയത്. സർക്കാരിന്റെ ‘നിലാവ്’ പദ്ധതി നടപ്പിലാക്കാതെ ‘സ്ട്രീറ്റ് ലൈറ്റ് ചലഞ്ച്’ എന്ന പേരിൽ പണപ്പിരിവ് നടത്തിയാണ് പഞ്ചായത്തുകൾ വഴിവിളക്കുകൾ സ്ഥാപിച്ചിരിക്കുന്നത്.
” ഐക്കരനാട് പഞ്ചായത്തിൽ 71 ലക്ഷം രൂപ ഈ ചലഞ്ചിലൂടെ കളക്ട് ചെയ്തു. ഇവിടെയുള്ള വ്യവസായികളും വ്യക്തികളും അടക്കം സംഭാവന ചെയ്തു. 2800 രൂപ കൊടുത്താൽ വീടിന്റെ മുമ്പിൽ ലൈറ്റ് ഇട്ടുതരും എന്ന് പറഞ്ഞത് കേട്ട് ജനങ്ങൾ പൈസ കൊടുത്തു. കൂടാതെ പഞ്ചായത്തിൽ നിന്നും കഴിഞ്ഞ നാല് വർഷം കൊണ്ട് 50 ലക്ഷം രൂപയും സ്ട്രീറ്റ് ലൈറ്റ് വാങ്ങാൻ ചിലവഴിച്ചു.” ഐക്കരനാട് മുൻ പഞ്ചായത്ത് മെമ്പർ എം.കെ മനോജ് പറഞ്ഞു.
“സ്ട്രീറ്റ് ലൈറ്റ് ചലഞ്ച് നടത്തി മെമ്പർമാരുടെയും പ്രസിഡന്റിന്റേയും പേരിൽ പണം വാങ്ങിയിട്ടുണ്ട്. ഇതിനൊന്നും കണക്കില്ല. അഞ്ച് വർഷം ഗാരന്റിയുള്ള ലൈറ്റാണ് ഇട്ടതെന്നാണ് പറഞ്ഞത്. ഇതിന്റെ മെയിന്റനൻസ് നടത്തേണ്ടത് ടെണ്ടർ എടുത്ത കമ്പനിയല്ലേ. എന്നാൽ പഞ്ചായത്ത് ഫണ്ടിൽ നിന്നും 18 ലക്ഷം രൂപയോളം അതിന് ചിലവാക്കിയിട്ടുണ്ട്.” കുന്നത്തുനാട് പഞ്ചായത്തിലെ സിപിഎം നേതാവ് പരീകുഞ്ഞ് പറഞ്ഞു.


ലംഘിക്കപ്പെട്ട വാഗ്ദാനങ്ങൾ
അഞ്ച് വാഗ്ദാനങ്ങളാണ് 2020ലെ തെരഞ്ഞെടുപ്പിൽ മഴുവന്നൂർ, കുന്നത്തുനാട്, ഐക്കരനാട് പഞ്ചായത്തുകളിലെ ജനങ്ങൾക്ക് പ്രധാനമായും ട്വന്റി 20 നൽകിയത്. ഈ വാഗ്ദാനങ്ങൾക്ക് എന്ത് സംഭവിച്ചു എന്ന് അന്വേഷിച്ചപ്പോൾ ബോധ്യമായത് ഇതാണ്.
ഒന്ന്, ഈ പഞ്ചായത്തുകളിൽ ഭക്ഷ്യ സുരക്ഷ മാർക്കറ്റ് സ്ഥാപിക്കും എന്നായിരുന്നു. അത് എവിടെയും സ്ഥാപിച്ചില്ല. രണ്ട്, കാർഷിക മേഖലയിൽ സമൃദ്ധി തിരികെ കൊണ്ടുവരും എന്നതായിരുന്നു. ഞങ്ങൾ അധികാരത്തിൽ വന്നാൽ പഞ്ചായത്തിലെ എല്ലാ പാടശേഖരങ്ങളിലും മൂന്ന് പൂവ് കൃഷി ഇറക്കും എന്നാണ് ട്വന്റി 20 പറഞ്ഞത്. എന്നാൽ പ്രതീക്ഷയോടെ വോട്ട് ചെയ്ത കർഷകർ ഇപ്പോൾ നിരാശയിലാണ്. മൂന്ന്, സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് പഞ്ചായത്തുകളിൽ വികസനം കൊണ്ടുവരും. എന്നാൽ സി.എസ്.ആർ ഫണ്ട് ആ രീതിയിൽ വിനിയോഗിച്ചിട്ടില്ല. നാല്, കുടുംബശ്രീ പ്രവർത്തകർക്ക് പകുതി വിലയ്ക്ക് സ്കൂട്ടർ, മുഴുവൻ ഗൃഹോപകരണങ്ങൾ എന്നിവ കൊടുക്കും. ഒരാളുടെ വീട്ടിലേക്ക് പോലും ഗൃഹോപകരണങ്ങൾ എത്തിയില്ല. അഞ്ച്, യുവാക്കൾക്ക് കിറ്റെക്സിന്റെ സ്ഥാപനങ്ങളിൽ ജോലി കൊടുക്കും. ഒരാൾക്കും ജോലി ലഭിച്ചിട്ടില്ല.
പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾ മുന്നോട്ടുവയ്ക്കാത്ത ചില പുത്തൻ വാഗ്ദാനങ്ങളിൽ പ്രതീക്ഷ അർപ്പിച്ച് വോട്ട് ചെയ്തവർക്ക് ഇപ്പോൾ നിരാശയുണ്ട്. ഈ തെരഞ്ഞെടുപ്പ് രംഗത്തും ട്വന്റി 20 വളരെ സജീവമാണ്. ഏറെ പ്രതീക്ഷകളും അവർക്കുണ്ട്. എന്നാൽ ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിലെ ജനങ്ങൾക്ക് അവരെക്കുറിച്ചുണ്ടായ തിരിച്ചറിവുകൾ എങ്ങനെയാണ് വോട്ടിംഗിൽ പ്രതിഫലിക്കാൻ പോകുന്നതെന്ന് കാത്തിരുന്ന് കാണാം. (അവസാനിച്ചു).

