Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


തദ്ദേശ തെരഞ്ഞെടുപ്പിലെ ട്വന്റി 20 തന്ത്രങ്ങൾ – 1
അഴിമതി രഹിതവും കാര്യക്ഷമവുമായ ഭരണത്തിലൂടെ പ്രാദേശിക തലത്തിൽ വലിയ വികസനം സാധ്യമാക്കി എന്നാണ് ട്വന്റി 20 എന്ന രാഷ്ട്രീയ പാർട്ടി അവകാശപ്പെടുന്നത്. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിലെ കിഴക്കമ്പലം ഗ്രാമപഞ്ചായത്തിൽ അധികാരത്തിലെത്തിയ ട്വന്റി 20 നിലവിൽ നാല് പഞ്ചായത്തുകൾ ഭരിക്കുന്നുണ്ട്. ഇത്തവണ വിജയം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ ശ്രമിക്കുന്ന ഈ രാഷ്ട്രീയ കക്ഷി കോർപ്പറേറ്റ് താത്പര്യങ്ങൾ എങ്ങനെയാണ് ഒളിച്ചുകടത്തുന്നത്? ട്വന്റി 20 വിജയിച്ച നാല് പഞ്ചായത്തുകളിലൂടെ (കിഴക്കമ്പലം, കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂർ) സഞ്ചരിച്ച് തയ്യാറാക്കിയ റിപ്പോർട്ട്. ഭാഗം -1.
“ഭക്ഷ്യസുരക്ഷാ മാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങി ബിൽ അടിക്കാൻ നിന്നപ്പോഴാണ് എനിക്കവിടുന്ന് സാധനങ്ങൾ തരത്തില്ല എന്ന് അവർ പറഞ്ഞത്. സാധനങ്ങൾ കിട്ടണമെങ്കിൽ സാബു എം ജേക്കബിനെ കാണാൻ പറഞ്ഞു. എനിക്കതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞ് ഞാൻ അവിടെ നിന്ന് പോന്നു.” ഇത് പറയുമ്പോൾ ചേലക്കുളം പ്രദേശവാസിയായ അമ്മുകുട്ടിയുടെ മുഖത്ത് അന്ന് അനുഭവിച്ച അപമാനത്തിന്റെ ഭാരം കാണാമായിരുന്നു.
കിറ്റെക്സ് എന്ന സ്വകാര്യ കമ്പനിയുടെ ഉടമ സാബു എം ജേക്കബ് സ്ഥാപിച്ച ട്വന്റി 20 എന്ന രാഷ്ട്രീയ പാർട്ടി കേരളത്തിൽ ആദ്യമായി ജനാധിപത്യ പ്രക്രിയയിലൂടെ കിഴക്കമ്പലം പഞ്ചായത്തിൽ അധികാരത്തിൽ വന്ന് രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ഈ സംഭവം നടക്കുന്നത്. കൃത്യമായി പറഞ്ഞാൽ കിഴക്കമ്പലത്ത് ഭക്ഷ്യസുരക്ഷാ മാർക്കറ്റ് നിലവിൽ വന്നതിന് പിന്നാലെ.
“എനിക്കന്ന് 55 വയസ്സുണ്ട്. അത്രയും കാലം ഞാൻ കൂലിപ്പണി എടുത്താണ് ജീവിച്ചത്, ആരുടേയും ഔദാര്യത്തിലല്ല. ട്വന്റി 20 ക്ക് വോട്ട് ചെയ്യാത്തത് കൊണ്ടാണ് അവർ എനിക്ക് സാധനങ്ങൾ തരാതിരുന്നത്. ഞാനൊരു കമ്മ്യൂണിസ്റ്റുകാരിയാണ്. കിഴക്കമ്പലം പഞ്ചായത്തിലെ എല്ലാവർക്കും ട്വന്റി 20 പകുതി വിലക്ക് സാധനങ്ങൾ നൽകുന്നുണ്ടെന്ന് പറഞ്ഞിട്ടാണ് ഞാൻ അവിടെ പോയത്. പിന്നീട് ഇന്നുവരെ അവർ ഭരിക്കുന്ന പഞ്ചായത്തിൽ നിന്നും എനിക്ക് ഒരു സഹായവും ലഭിച്ചിട്ടില്ല.” അമ്മുകുട്ടി പറഞ്ഞു.


ട്വന്റി 20 ക്ക് വോട്ട് ചെയ്തില്ല എന്ന കാരണത്താൽ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ട അമ്മുകുട്ടിയെ പോലെയുള്ളവർ ഇവിടെ നിരവധിയുണ്ട്. കിറ്റെക്സ് കമ്പനിയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ട് വഴി പ്രവർത്തിക്കുന്ന ഭക്ഷ്യസുരക്ഷാ മാർക്കറ്റ് വഴിയാണ് ട്വന്റി 20 രാഷ്ട്രീയത്തിൽ ഇടപെടുന്നത്. ട്വന്റി 20ക്ക് ഒപ്പം നിൽക്കുന്നവർക്ക് മാത്രം സബ്സിഡി നിരക്കിൽ അവശ്യ സാധനങ്ങൾ നൽകുന്ന സ്ഥലം.
അഴിമതി രഹിത ഭരണമെന്ന പ്രചാരണത്തിലൂടെയാണ് ഈ തദ്ദേശ തെരഞ്ഞെടുപ്പിനെയും ട്വന്റി 20 പ്രധാനമായും നേരിടുന്നത്. എന്നാൽ ഒരു കോർപ്പറേറ്റ് ഭരണ സംവിധാനത്തിന്റെ പ്രശ്നങ്ങൾ ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിലെ പല വോട്ടർമാരും ഇപ്പോൾ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. അത് ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ എന്നതാണ് ഇപ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത്.
സി.എസ്.ആർ വഴി രാഷ്ട്രീയത്തിലേക്ക്
2013 ലെ കമ്പനി നിയമത്തിലെ (Companies Act, 2013) സെക്ഷൻ 135 പ്രകാരം കേന്ദ്ര സർക്കാർ നടപ്പാക്കിയ നിയമമാണ് കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (Corporate Social Responsibility) അഥവാ കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തം (സിഎസ്ആർ). അറ്റ ആസ്തി (Net worth) 500 കോടി രൂപയോ അതിൽ കൂടുതലോ, വിറ്റുവരവ് (Turnover) 1000 കോടി രൂപയോ അതിൽ കൂടുതലോ, അറ്റാദായം (Net profit) 5 കോടി രൂപയോ അതിൽ കൂടുതലോ ഉള്ള കമ്പനികൾ സിഎസ്ആർ പ്രവർത്തനങ്ങൾ നടത്തുകയും അതിനായി ഫണ്ട് നീക്കിവെക്കുകയും ചെയ്യേണ്ടത് നിയമപരമായി നിർബന്ധമാണ്. ഇങ്ങനെയുള്ള കമ്പനികൾ മൂന്ന് സാമ്പത്തിക വർഷങ്ങളിലെ ശരാശരി അറ്റാദായത്തിന്റെ രണ്ട് ശതമാനം സിഎസ്ആർ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കണം. ഈ ഫണ്ട് ഉപയോഗിച്ച് വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി സംരക്ഷണം, ഗ്രാമീണ വികസനം, ദാരിദ്ര്യ നിർമ്മാർജ്ജനം, കല, സംസ്‌കാരം, കായികം തുടങ്ങിയ വിവിധ മേഖലകളിൽ പദ്ധതികൾ നടപ്പാക്കാം.
ഇത്തരത്തിൽ സിഎസ്ആർ നിയമത്തിന്റെ പരിധിയിൽ വരുന്ന കമ്പനിയാണ് എറണാകുളം ജില്ലയിലെ കിഴക്കമ്പലത്ത് പ്രവർത്തിക്കുന്ന കിറ്റെക്‌സ് ഗാർമെന്റ്‌സ് ലിമിറ്റഡ്. സിഎസ്ആർ നിയമം പാസാക്കിയ വർഷം തന്നെ കിറ്റെക്‌സ് ഗാർമെന്റ്‌സിന്റെ സിഎസ്ആർ സംരംഭമായാണ് ട്വന്റി 20 സ്ഥാപിതമായത്. ജനങ്ങൾക്ക് വേണ്ട ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്ന ഒരു കൂട്ടായ്മയായാണ് ട്വന്റി 20 യെ ചീഫ് കോർഡിനേറ്ററും കിറ്റെക്‌സ് ഗാർമെന്റ്‌സ് ലിമിറ്റഡ് എംഡിയുമായ സാബു എം ജേക്കബ് അവതരിപ്പിച്ചത്. തിരുവിതാംകൂർ-കൊച്ചി സൊസൈറ്റീസ് രജിസ്‌ട്രേഷൻ നിയമം 1955 പ്രകാരം ചാരിറ്റബിൾ സൊസൈറ്റിയായാണ് ട്വന്റി 20 രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സിഎസ്ആർ ഫണ്ട് പ്രധാനമായും വിനിയോഗിച്ചത് കിഴക്കമ്പലത്തെ ഭക്ഷ്യസുരക്ഷാ മാർക്കറ്റിലൂടെയാണ്. മാർക്കറ്റ് വഴി ഇവരുടെ തന്നെ ഉത്പന്നമായ സാറാസ് സ്‌പൈസസും, അന്ന അലൂമിനിയം കമ്പനികളിലെ ഉൽപ്പന്നങ്ങളും, പച്ചക്കറി, മത്സ്യം ഉൾപ്പടെയുള്ള ഭക്ഷ്യവസ്തുക്കളും വിലകുറച്ച് വിൽപ്പന നടത്തി. മാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങാൻ പഞ്ചായത്തിലെ എല്ലാവർക്കും നീല, പച്ച, മഞ്ഞ, ചുവപ്പ് നിറത്തിലുള്ള കാർഡുകൾ നൽകി. കൂടാതെ കുടിവെള്ളം എത്തിക്കൽ, വീടുകളുടെ അറ്റകുറ്റപ്പണികൾ, ശസ്ത്രക്രിയകളും വിവാഹവും സ്‌പോൺസർ ചെയ്യൽ, ആരാധനാലയങ്ങൾ പുനർനിർമിക്കൽ, വിത്തുകളും കാർഷികോപകരണങ്ങളും സംഭാവന നൽകൽ, 24 മണിക്കൂർ സൗജന്യ ആംബുലൻസ് സേവനം തുടങ്ങിയ പ്രവർത്തനങ്ങളും ട്വന്റി 20 നടത്തി. ഇത്തരത്തിൽ സാമൂഹ്യ രംഗത്തെ ഫലപ്രദമായ ഇടപെടലുകളിലൂടെ ട്വന്റി 20 എന്ന സംരംഭം ചുരുങ്ങിയ സമയത്തിനുള്ളിൽ പൊതുജനങ്ങളുടെ ശ്രദ്ധ നേടി.


2015 ൽ ട്വന്റി 20 രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റം നടത്തി. ആ വർഷം നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പാർട്ടി നിർത്തിയ 19 സ്ഥാനാർത്ഥികളിൽ 17 പേരും പരമ്പരാഗത രാഷ്ട്രീയ ശക്തികളെ പരാജയപ്പെടുത്തി കിഴക്കമ്പലം ഗ്രാമപഞ്ചായത്തിൽ വിജയിച്ചു. എസ്ഡിപിഐ, യുഡിഎഫ് പ്രതിനിധികളാണ് വിജയിച്ച ബാക്കി രണ്ടുപേർ. 2020 ലെ തെരഞ്ഞെടുപ്പിൽ കിഴക്കമ്പലത്ത് അധികാരം നിലനിർത്തിയതിനൊപ്പം, ഐക്കരനാട്, കുന്നത്തുനാട്, മഴുവന്നൂർ എന്നീ മൂന്ന് അയൽപക്ക പഞ്ചായത്തുകളിൽ കൂടി ട്വന്റി 20 വിജയിച്ചു. കൂടാതെ വെങ്ങോല പഞ്ചായത്തിൽ ഒരു പ്രധാന രാഷ്ട്രീയ ശക്തിയായി മാറുകയും ചെയ്തു. ഐക്കരനാട് പഞ്ചായത്തിൽ എല്ലാ സീറ്റുകളും പിടിച്ചെടുത്താണ് ട്വന്റി 20 ഭരണത്തിലെത്തിയത്. കിഴക്കമ്പലത്ത് കിറ്റെക്‌സ് ഗാർമെന്റ്‌സിന്റെ മലിനീകരണം, ജല ചൂഷണം എന്നിവ നേരിടുന്ന ചേലക്കുളം വാർഡിൽ മാത്രം 2020ലും യുഡിഎഫ് പ്രതിനിധി വിജയിച്ചു.
കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന നാല് പഞ്ചായത്തുകളിൽ അധികാരത്തിലെത്തിയതിലൂടെ, ഈ പഞ്ചായത്തുകളിലെ മൊത്തം വോട്ടുകളുടെ 44 ശതമാനം നേടാൻ ട്വന്റി 20ക്ക് കഴിഞ്ഞു. വെങ്ങോല പഞ്ചായത്തിൽ ഏകദേശം 20.8 ശതമാനം വോട്ട് വിഹിതത്തോടെ പെരുമ്പാവൂർ നിയമസഭാ മണ്ഡലത്തിലും ട്വന്റി 20 സാന്നിധ്യമായി മാറി. ഇവിടങ്ങളിലെല്ലാം ട്വന്റി 20 ക്ക് ലഭിച്ച ജനപ്രീതിക്ക് പ്രധാനമായും കാരണമായത് വിപണിയേക്കാൾ കുറഞ്ഞ വിലയ്ക്ക് അവശ്യവസ്തുക്കൾ ലഭ്യമാക്കുന്ന ഭക്ഷ്യസുരക്ഷാ സൂപ്പർമാർക്കറ്റിന്റെ സാന്നിധ്യമായിരുന്നു. കൂടാതെ, പരമ്പരാഗത രാഷ്ട്രീയ മുന്നണികളോടുള്ള ജനങ്ങളുടെ അതൃപ്തികളും ബദൽ അന്വേഷണങ്ങളും കൃത്യമായി ഉപയോഗപ്പെടുത്താൻ ട്വന്റി 20ക്ക് കഴിഞ്ഞു. അവർ ഭരണത്തിൽ കൊണ്ടുവന്ന കോർപ്പറേറ്റ് മാനേജ്മെന്റ് ശൈലിയുടെ പുതുമയും ജനങ്ങൾക്ക് ആകർഷകമായി മാറി. എന്നാൽ കിറ്റെക്സ് ഉടമയും ട്വൻറി 20 ചീഫ് കോഡിനേറ്ററുമായ സാബു എം ജേക്കബിലേക്ക് മാത്രം അധികാരം കേന്ദ്രീകരിക്കുന്നതിനെതിരെയും സ്വജനപക്ഷപാതത്തോടെ ട്വൻറി 20 ഇടപെടുന്നതിനെതിരെയും പലരും പതിയെ ശബ്ദിച്ച് തുടങ്ങി. അതിന്റെ പേരിൽ പാർട്ടിയിൽ നിന്നും പുറത്തായവരും ഏറെയുണ്ട്.
“ട്വന്റി 20 രൂപീകരിച്ച കാലഘട്ടത്തിൽ ആദ്യ രണ്ട് മീറ്റിങ്ങുകളിൽ ഞാൻ പങ്കെടുത്തിരുന്നു. അത് കഴിഞ്ഞപ്പോൾ മനസ്സിലായി ഇവർ കിഴക്കമ്പലത്ത് നാശം വിതക്കും എന്ന്. രണ്ടാമത്തെ മീറ്റിങ്ങിലാണ് പറയുന്നത് ഇതൊരു ജനകീയ സംഘടന ആയാണ് മുന്നോട്ടുപോകുന്നതെന്ന്. സംഘടന ആവുമ്പോൾ ഭാരവാഹികൾ വേണ്ടേ എന്ന് അന്ന് മീറ്റിങ്ങിൽ പങ്കെടുത്ത ഒരാൾ ചോദിച്ചു. അതൊക്കെ നമ്മുക്ക് പിന്നീടാവാം എന്നാണ് സാബു ജേക്കബ് പറഞ്ഞത്. ഈ സംഘടനയുടെ കേന്ദ്രീകരണം ഒരാളിലേക്കാണ് എന്ന് അപ്പോൾ ബോധ്യപ്പെട്ടു. അന്ന് ഞാൻ ഇതിന്റെ അപകടം തിരിച്ചറിഞ്ഞു.” കിഴക്കമ്പലം വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സോണി ആന്റണി പറഞ്ഞു.


കിഴക്കമ്പലം മുൻ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം നേതാവുമായ എം.കെ അനിൽ കുമാർ 2015ൽ ട്വന്റി 20 വിജയിച്ചതിന് പിന്നിലെ രാഷ്ട്രീയ തന്ത്രം വിശദമാക്കി. “സന്നദ്ധ സംഘടന രൂപീകരിച്ചപ്പോൾ ആദ്യം ചെയ്തത് മെഡിക്കൽ ക്യാമ്പ്, ഭക്ഷ്യ കിറ്റുകൾ നൽകൽ, കാർഷിക ഉപകരങ്ങൾ-വസ്തുക്കൾ നൽകൽ തുടങ്ങിയവയാണ്. യാതൊരു രാഷ്ട്രീയ താൽപ്പര്യം ഇല്ലാതെ സമൂഹത്തെ സേവിക്കാൻ വേണ്ടിയാണ് ട്വന്റി 20 രൂപീകരിച്ചത് എന്നാണ് പറഞ്ഞിരുന്നത്. സ്വാഭാവികമായും സിപിഎം ഉൾപ്പെടെയുള്ള സംഘടനകൾ ഈ വാക്കുകളിൽ തെറ്റിദ്ധരിക്കപ്പെട്ടു. ട്വന്റി 20 രൂപീകരിച്ചതിന് ശേഷം വന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ അവർ മത്സരിച്ചു. തരഞ്ഞെടുപ്പിന്റെ മൂന്ന് മാസം മുമ്പുവരെ തങ്ങൾ രാഷ്ട്രീയ പ്രവർത്തനത്തിന് ഇല്ലാ എന്ന് പറഞ്ഞവരാണ് മത്സരിച്ചത്. ഇതിനകത്ത് ഇവർക്ക് കൃതമായ അജണ്ട ഉണ്ടായിരുന്നു. അതിനുവേണ്ടിയാണ് ആദ്യഘട്ടങ്ങളിൽ എല്ലാവരെയും കൂട്ടിച്ചേർത്ത് സന്നദ്ധ സംഘടന രൂപീകരിച്ചത്. വ്യവസായികൾ, സന്നദ്ധ പ്രവർത്തകർ എല്ലാം ഇവരോട് സഹകരിച്ചു. തൊട്ടടുത്ത പഞ്ചായത്തിലുള്ള സിന്തൈറ്റ് ഗ്രൂപ്പും മറ്റ് കമ്പനികളും അവരുടെ ഫണ്ട് ട്വന്റി 20 ക്ക് നൽകിയിരുന്നു.” അനിൽ കുമാർ പറഞ്ഞു.


ലൈസൻസ് നേടിയെടുക്കാൻ ഒരു പാർട്ടി
അഴിമതി രഹിത, ജനക്ഷേമ ഭരണം ഉറപ്പാക്കാൻ വേണ്ടിയാണ് ട്വന്റി 20യെ രാഷ്ട്രീയ സംഘടനയാക്കി മാറ്റിയത് എന്നാണ് ചീഫ് കോർഡിനേറ്റർ പറഞ്ഞിരുന്നത്. എന്നാൽ കിറ്റെക്സ് ഗ്രൂപ്പിന് കീഴിലുള്ള കമ്പനികൾക്ക് പ്രവർത്തിക്കാൻ ആവശ്യമുള്ള ലൈസൻസ് നേടിയെടുക്കാൻ വേണ്ടിയാണ് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. മുമ്പ് പഞ്ചായത്ത് ഭരണസമിതിയിൽ ഉണ്ടായിരുന്ന സി.പി.എം – കോൺഗ്രസ് അംഗങ്ങൾ ഇക്കാര്യം ഒരുപോലെ ആരോപിക്കുന്നു.
“ട്വന്റി 20 സന്നദ്ധ സംഘടനയായിരിക്കെ ഭക്ഷ്യസുരക്ഷാ മാർക്കറ്റ് തുറക്കാൻ ലൈസൻസിന് അപേക്ഷിച്ചു. ഷോപ്‌സ് ആൻഡ് എസ്റ്റ്ബ്ലിഷ്‌മെന്റ് ആക്റ്റ് പ്രകാരം പഞ്ചായത്തിൽ ഒരു അപേക്ഷ കൊടുത്താൽ ലൈസൻസ് ലഭിക്കും. അന്ന് പഞ്ചായത്തും സംസ്ഥാനവും ഭരിക്കുന്നത് യുഡിഎഫ് ആണ്. അന്നത്തെ ഭരണസമിതി ഇവർക്ക് ലൈസൻസ് കൊടുത്തില്ല. ലൈസൻസ് ഇല്ലാതെ ഇവർ മാർക്കറ്റ് തുറന്നു. അത് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. അത് വലിയ സംഘർഷത്തിന് കാരണമായി. അവിടെ നിന്നാണ് ട്വന്റി 20 എന്ന പാർട്ടിയുടെ തുടക്കം.” അനിൽ കുമാർ പറഞ്ഞു.
”ഞാൻ മെമ്പർ ആയിരിക്കുമ്പോൾ കിറ്റെക്‌സ് കമ്പനിയുടെ യൂണിറ്റുകളായ കിറ്റെക്‌സ് ചിൽഡ്രൻസ് വെയർ, കിറ്റെക്‌സ് ലിമിറ്റഡ്, സാറാസ് സ്‌പൈസസ്, അന്ന അലൂമിനിയം കമ്പനികൾക്ക് മതിയായ ലൈസൻസ് ഉണ്ടായിരുന്നില്ല. 2016ലാണ് ഈ കമ്പനികൾക്ക് ലൈസൻസ് എടുക്കുന്നത്. കൃത്യമായി ടാക്‌സും അടച്ചിരുന്നില്ല. കമ്പനികൾക്ക് എത്ര സ്‌ക്വയർ ഫീറ്റ് ബിൽഡിംഗ് ഉണ്ടന്നോ, എത്ര പേർ ജോലി ചെയ്യുന്നുണ്ട് എന്നോ അന്ന് പഞ്ചായത്തിൽ രേഖകൾ ഉണ്ടായിരുന്നില്ല. എന്ത് നിർമ്മാണ പ്രവർത്തനവും തുടങ്ങുന്നതിനു മുമ്പ് ലൈസൻസ് എടുക്കണം. ഈ വിഷയം പഞ്ചായത്ത് ഭരണ സമിതിയിൽ ഉന്നയിക്കുമ്പോൾ പ്രസിഡന്റ് പറയുന്നത് കെട്ടിടത്തിന്റെ പണി തീർന്നിട്ട് ചർച്ച ചെയ്യാം എന്നായിരുന്നു.” പഞ്ചായത്ത് മുൻ വാർഡ് മെമ്പറും കോൺഗ്രസ് പ്രവർത്തകനുമായ അനൂപ് പറയുന്നു.


ഭക്ഷ്യസുരക്ഷാ മാർക്കറ്റിൽ മെനഞ്ഞ രാഷ്ട്രീയ തന്ത്രം
2017 നവംബറിലാണ് അന്നത്തെ കേന്ദ്ര ഷിപ്പിംഗ്, റോഡ് ഗതാഗത, ഹൈവേ മന്ത്രിയായിരുന്ന നിതിൻ ഗഡ്കരി ഭക്ഷ്യസുരക്ഷാ മാർക്കറ്റ് ഉദ്ഘാടനം ചെയ്തത്. കിഴക്കമ്പലം പഞ്ചായത്തിലെ ഏകദേശം 65,000 ആളുകൾക്ക് ഭക്ഷ്യസുരക്ഷാ മാർക്കറ്റ് ഗുണം ചെയ്യുമെന്ന് അന്ന് സാബു എം ജേക്കബ് പറഞ്ഞിരുന്നു. എന്നാൽ യഥാർത്ഥത്തിൽ ഭക്ഷ്യസുരക്ഷാ മാർക്കറ്റ് ഗുണം ചെയ്തത് ട്വന്റി 20 അനുഭാവികൾക്ക് മാത്രമാണ്.
ട്വന്റി 20ക്ക് വോട്ട് ചെയ്യുന്നവർ, മീറ്റിങ്ങുകളിൽ പങ്കെടുക്കുന്നവർ, അനുഭാവികൾ, നേതാക്കൾ എന്നിങ്ങനെ ഇവർക്കിടയിൽ തന്നെ തരംതിരിവ് നടത്തി, വ്യത്യസ്ത ഡിസ്‌കൗണ്ടിലാണ് ഭക്ഷ്യ സുരക്ഷാ മാർക്കറ്റിൽ നിന്നും സാധങ്ങൾ നൽകുന്നത്. ട്വന്റി 20 യോട് അഭിപ്രായഭിന്നത പ്രകടിപ്പിക്കുന്നവർക്ക് മാർക്കറ്റിൽ നിന്നും സാധങ്ങൾ ലഭിക്കില്ല. 2020ലെ തെരഞ്ഞെടുപ്പിൽ നൽകിയിരുന്ന പ്രധാന വാഗ്ദാനവും കൂടുതൽ ഭക്ഷ്യസുരക്ഷാ മാർക്കറ്റ് എന്നതായിരുന്നു. അധികാരം കിട്ടുന്ന പഞ്ചായത്തുകളിൽ കിഴക്കമ്പലം മാതൃകയിൽ ഭക്ഷ്യസുരക്ഷാ മാർക്കറ്റ് സ്ഥാപിക്കും എന്ന് പറഞ്ഞ ട്വന്റി 20 മാർക്കറ്റ് തുറന്നില്ല എന്ന് മാത്രമല്ല, ഉള്ളത് അടച്ചുപൂട്ടുകയും ചെയ്തു.


“സിഎസ്ആർ ഫണ്ട് കൂടെ നിൽക്കുന്ന ആളുകൾക്ക് കൊടുക്കാനല്ല നിയമം പറയുന്നത്. ഞങ്ങളുടെ കൂടെ ചേർന്ന് ഞങ്ങളുടെ കാർഡിൽ സാധങ്ങൾ വാങ്ങിയാൽ ഇത്ര ശതമാനം ഡിസ്‌കൗണ്ട് തരാം എന്നാണ് ഇവർ പറയുന്നത്. അപ്പോൾ ഈ സിഎസ്ആർ ഫണ്ട് അവരിലേക്ക് തന്നെ തിരിച്ചുപോവുകയല്ലേ ചെയ്യുന്നത്. ഇങ്ങനെയൊരു സ്ഥാപനത്തിന് ഏതെങ്കിലും തദ്ദേശസ്വയം ഭരണ സ്ഥാപനം ലൈസൻസ് കൊടുക്കാൻ പാടുണ്ടോ?” വ്യാപാരിയായ സോണി ആന്റണി ചോദിക്കുന്നു.
“കിറ്റെക്സ്, അന്ന അലൂമിനിയം എന്നിവയുടെ ഉൽപ്പന്നങ്ങളുമായി പല സ്ഥലങ്ങളിലേക്ക് പോകുന്ന അവരുടെ വാഹങ്ങൾ പച്ചക്കറികളുമായാണ് തിരിച്ചുവരുന്നത്. ഇടനിലക്കാർ ഇല്ലാതെ നേരിട്ട് മൊത്തവിലക്ക് എടുക്കുന്ന പച്ചക്കറികൾ വിലകുറച്ച് ഭക്ഷ്യസുരക്ഷാ മാർക്കറ്റ് വഴി കൊടുക്കും. വിൽപ്പന നടത്തി ബാക്കി വരുന്ന പച്ചക്കറികൾ അവരുടെ കമ്പനികളുടെ കാന്റീനിലേക്ക് കൊണ്ടുപോകും. ഇങ്ങനെ പച്ചക്കറികൾ കൊടുത്താൻ തന്നെ അവർക്ക് ലാഭമാണ്. പച്ചക്കറി ഒഴികെയുള്ള ഭക്ഷ്യവസ്തുക്കൾ കിറ്റെക്സ് കമ്പനിയുടെ തന്നെ സാറാസിന്റെ ഉൽപ്പന്നങ്ങളാണ്. മിൽമയുടെ പാല് ഒരിക്കലും കൊടുക്കില്ല. ഒരു ലിറ്റർ പോലും പാൽ ഉൽപ്പാദിപ്പിക്കാത്ത സാപ്പിൻസ് എന്ന കമ്പനിയുടെ പാലാണ് മാർക്കറ്റിൽ വിൽക്കുന്നത്. എവിടെ നിന്നാണ് ഈ പാല് കൊണ്ടുവരുന്നത് എന്ന് ആർക്കും അറിയില്ല.” അനിൽ കുമാർ പറയുന്നു.
മാതൃകാ പെരുമാറ്റച്ചട്ടം പ്രകാരം 2024 ഏപ്രിലിലെ ലോകസഭാ തെരഞ്ഞെടുപ്പ് കാലത്ത് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ ഭക്ഷ്യസുരക്ഷാ മാർക്കറ്റ് താൽക്കാലികമായി അടച്ചുപൂട്ടാൻ ഉത്തരവിട്ടിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം തുറക്കാനുള്ള അനുവാദവും നൽകി. വോട്ടർമാരെ സ്വധീനിക്കാതിരിക്കാൻ വേണ്ടിയുള്ള സാധാരണ നടപടിയുടെ ഭാഗമായാണ് ലോകസഭാ തെരഞ്ഞെടുപ്പ് കാലയളവിൽ മാർക്കറ്റ് അടച്ചത്. എന്നാൽ സർക്കാർ ബലമായി മാർക്കറ്റ് അടപ്പിക്കുകയായിരുന്നു എന്നാണ് സാബു എം ജേക്കബ് അന്ന് പ്രചരിപ്പിച്ചത്. ലോകസഭാ തെരഞ്ഞെടുപ്പിൽ ചാലക്കുടി, എറണാകുളം മണ്ഡലങ്ങളിൽ അന്ന് ട്വന്റി 20 മത്സരിക്കുന്നുണ്ടായിരുന്നു.
തെരഞ്ഞെടുപ്പിന് ശേഷം മാർക്കറ്റ് തുറന്നില്ല. നിലവിൽ കുട്ടികളുടെ വസ്ത്രങ്ങൾ വിൽക്കുന്ന കേന്ദ്രമാക്കി മാർക്കറ്റ് മാറ്റി. ലോകസഭ തെരഞ്ഞെടുപ്പിൽ ചാലക്കുടി നിയോജമണ്ഡലത്തിൽ നിന്നും മത്സരിച്ച ട്വന്റി 20 സ്ഥാനാർത്ഥി ചാർളി പോൾ 11.11 ശതമാനം വോട്ടുകൾ നേടിയിരുന്നു. മണ്ഡലത്തിൽ വിജയിക്കുമെന്ന് കണക്കുകൂട്ടിയ ട്വന്റി 20 സ്ഥാനാർത്ഥി പരാജയപ്പെട്ടതിൽ, ജനങ്ങളോട് പക തീർത്തത് ഭക്ഷ്യസുരക്ഷാ മാർക്കറ്റ് അടച്ചുപൂട്ടിയതാണ് എന്നാണ് കിഴക്കമ്പലത്തുകാർ പറയുന്നത്.


”ഈ സ്ഥാപനത്തിന്റെ പേരും ‘ട്വന്റി 20’ എന്നാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാൽ ‘ട്വന്റി 20 ഭക്ഷ്യസുരക്ഷാ മാർക്കറ്റ്’ എന്ന പേരിൽ സബ്‌സിഡി നിരക്കിൽ സാധനങ്ങൾ കൊടുക്കാൻ സാധിക്കില്ല. തെരഞ്ഞെടുപ്പ് നോംസ് അനുസരിച്ച് അത് കുറ്റകരമാണ്. തെരഞ്ഞെടുപ്പിൽ ആളുകളെ സ്വാധീനിക്കാൻ യാതൊരു രീതിയിലുള്ള സാധനങ്ങളോ, പാരിതോഷികമോ കൊടുക്കാൻ പാടില്ല. അങ്ങനെയിരിക്കെയാണ് ട്വന്റി 20 എന്ന പേരിൽ ഭക്ഷ്യസുരക്ഷാ മാർക്കറ്റ് നടത്തുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടിട്ടാണ് കളക്ടർ അത് അടച്ചുപൂട്ടാൻ നിർദേശിച്ചത്. ലോകസഭ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം സാബു ജേക്കബ് പറഞ്ഞത് ഇങ്ങനെയാണ്; ‘എനിക്ക് കുന്നത്തുനാട് മണ്ഡലത്തിൽ 55,000 കാർഡ് ഹോൾഡേഴ്‌സ് ഉണ്ട്. ഒരു വീട്ടിൽ മൂന്ന് പേർ വെച്ച് കണക്കാക്കിയാൽ ഏകദേശം 1,65,000 വോട്ട് ലഭിക്കണം. എന്നാൽ ട്വന്റി 20ക്ക് കിട്ടിയ വോട്ട് 42,000 ആണ്. ബാക്കിയുള്ള 13,000 തെണ്ടികൾ പോലും വോട്ട് ചെയ്തില്ല. എന്റെ ഭക്ഷണം വാങ്ങി കഴിച്ച് നന്ദികേട് കാണിച്ചവർക്ക് ഇനി ഒന്നും ഇല്ല.’ അന്ന് പൂട്ടിയിട്ടതാണ് ഈ ഭക്ഷ്യസുരക്ഷാ മാർക്കറ്റ്.” അനിൽ കുമാർ പറഞ്ഞു.
“ട്വന്റി 20യുടെ സ്ഥാനാർത്ഥി തോറ്റതിന് ശേഷം ഞങ്ങൾക്കൊന്നും ഭക്ഷ്യസുരക്ഷാ മാർക്കറ്റിൽ നിന്നും സാധനങ്ങൾ തന്നിട്ടില്ല. ഞങ്ങളുടെ കാർഡുകൾ കട്ടാക്കി. ഇനി മാർക്കറ്റ് തുറന്നാലും അവരുടെ ഇഷ്ടത്തിന് അടച്ചുപൂട്ടും. ഒരു ഉറപ്പുമില്ല. ഈ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്ത് ഒരു കിറ്റ് കൊണ്ടുവന്നു തന്നു. തേങ്ങയും വെളിച്ചെണ്ണയും അരിയും അല്ലാത്ത എല്ലാ സാധനങ്ങളും ഉണ്ടായിരുന്നു. അതൊക്കെ സാറാസിന്റെ ഉൽപ്പന്നങ്ങൾ ആയിരുന്നു. ഇനി പഞ്ചായത്തിൽ അവർ ജയിച്ചാൽ ചിലപ്പോൾ കുറച്ച് ദിവസത്തേക്ക് മാർക്കറ്റ് തുറക്കും. അത് കഴിഞ്ഞാൽ പൂട്ടിയിടും. ഞങ്ങൾക്ക് ഒന്നും ചോദിക്കാൻ കഴിയില്ല. അതൊരു വ്യക്തിയുടെ സ്ഥാപനം അല്ലേ. ആ വ്യക്തി പറയുന്നതിന് അനുസരിച്ചല്ലേ കാര്യങ്ങൾ മുന്നോട്ടുപോകൂ.” കിഴക്കമ്പലം പഞ്ചായത്തിലെ വോട്ടറായ ഓമന പറഞ്ഞു.
പാഴാക്കുന്ന ഫണ്ട് എന്ന ‘ലാഭ’ കച്ചവടം
തദ്ദേശ തെരഞ്ഞെടുപ്പിൽ കൊല്ലം, പാലക്കാട്, ഇടുക്കി, കോട്ടയം, തൃശൂർ, എറണാകുളം അടക്കം ഏഴ് ജില്ലകളിലെ 60 പഞ്ചായത്തുകളിൽ ട്വന്റി 20 മത്സരിക്കുന്നതായാണ് ചീഫ് കോഡിനേറ്റർ സാബു എം. ജേക്കബ് വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. കൊച്ചി കോർപ്പറേഷനിലെ 76 ഡിവിഷനിലും നാല് മുനിസിപ്പാലിറ്റികളിലും മത്സരിക്കുമെന്നും ട്വന്റി 20ക്ക് ആകെ 1600 സ്ഥാനാർത്ഥികളുണ്ടാകുമെന്നും സാബു ജേക്കബ് പറഞ്ഞു. ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ട്വന്റി 20 മുന്നോട്ടുവയ്ക്കുന്ന പ്രധാന ക്യാമ്പയിൻ പഞ്ചായത്തുകളിൽ ‘ലാഭ ബജറ്റ്’ ഉണ്ടാക്കി അഴിമതിരഹിത ഭരണം കാഴ്ചവെച്ചു എന്നാണ്. കിഴക്കമ്പലം പഞ്ചായത്ത് ഭരണസമിതി 25 കോടിയുടെ ‘ലാഭം’ ഉണ്ടാക്കി എന്നാണ് സാബു എം ജേക്കബ് അവകാശപ്പെടുന്നത്. എന്നാൽ പഞ്ചായത്തിന്റെ ഫണ്ട് വികസനത്തിനായി ചിലവഴിക്കാതെ അത് ലാഭമാണ് എന്ന് പറഞ്ഞ് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുക്കയാണ് സാബു എം ജേക്കബ് ചെയ്യുന്നത് എന്ന് വിമർശനം ഉയരുന്നുണ്ട്. തനത് ഫണ്ട് വിനിയോഗിക്കാതിരിക്കൽ മാത്രമല്ല, സർക്കാറിന്റെ വിവിധ പദ്ധതികളുടെ ഫണ്ടും ഉപയോഗിക്കാതെ പാഴാക്കികളയുകയാണ് ട്വന്റി 20 ഭരണസമിതികൾ.
കിഴക്കമ്പലം പഞ്ചായത്ത് 10 വർഷത്തിനിടെ 19.14 കോടി രൂപയാണ് പാഴാക്കിയത്. 2010-2015 യുഡിഎഫ് ഭരണകാലത്ത് കിഴക്കമ്പലം പഞ്ചായത്ത് ഫണ്ട് വിനിയോഗത്തിൽ ഏഴാം സ്ഥാനത്തായിരുന്നു. ഇന്നത് എഴുപതാം സ്ഥാനത്താണ്. കുന്നത്തുനാട്ടിൽ അഞ്ച് വർഷത്തിനുള്ളിൽ 8.9 കോടി രൂപയും മഴുവന്നൂരിൽ നാല് വർഷത്തിനകം 12.99 കോടി രൂപയും പാഴാക്കി. കൂടാതെ മഴുവന്നൂരിൽ പട്ടികജാതി വികസന ഫണ്ട് 35 കോടി രൂപയാണ് ഉപയോഗപ്പെടുത്താതെ പാഴാക്കിയത്. ഐക്കരനാട് ഇതേ കാലയളവിൽ 2.52 കോടിയും പാഴാക്കി. കുടിവെള്ളം, റോഡ്, വിദ്യാഭ്യാസം, ആരോഗ്യം, പട്ടികജാതിക്ഷേമ പദ്ധതികൾക്കായി വിനിയോഗിക്കേണ്ട തുകയാണിത്. കേന്ദ്ര-സംസ്ഥാന സർക്കാർ ഗ്രാന്റുകളും പൂർണമായി ചെലവഴിച്ചില്ല. പകരം ഇത് പഞ്ചായത്തുകളുടെ ‘ലാഭം’ ആണെന്നാണ് പ്രചരിപ്പിക്കുന്നത്.
“പഞ്ചായത്തിന്റെ പാൽ ആവശ്യകതയുടെ 40 ശതമാനം കിഴക്കമ്പലത്തുതന്നെ ഉൽപ്പാദിപ്പിച്ചിരുന്നു. ഇന്ന് ക്ഷീരകർഷകരുടെ ഉപജീവനം എല്ലാം നിന്നു. മിൽമ ബൂത്തുകൾ എല്ലാം അടച്ചുപൂട്ടി. ഇപ്പോൾ പാലുൽപ്പാദനം 10 ശതമാനത്തിൽ താഴെ മാത്രമേ നടക്കുന്നുള്ളൂ. ക്ഷീര കർഷകർക്ക് അവരുടെ പാലുൽപ്പാദനം മെച്ചപ്പെടുത്താൻ സർക്കാരിന്റെ സഹായം പഞ്ചായത്താണ് നടപ്പാക്കേണ്ടത്. അതിനുള്ള ഫണ്ട് എല്ലാം ഉപയോഗിക്കാതെ ലാപ്‌സ് ആക്കി കളഞ്ഞു. അതോടെ ക്ഷീരമേഖല തകർന്നു.” അനിൽ കുമാർ പറഞ്ഞു.


“ട്വന്റി 20 മഴുവന്നൂർ പഞ്ചായത്തിൽ ഭരണത്തിൽ വന്നതിന് ശേഷം പുതുതായി ഒരു പദ്ധതിയും കൊണ്ടുവന്നിട്ടില്ല. കൂടാതെ സർക്കാരിന്റെ പദ്ധതികൾ നടപ്പാക്കാനും സമ്മതിച്ചിട്ടില്ല. സർക്കാർ നൽകുന്ന പദ്ധതി വിഹിതം ആണല്ലോ ചെലവാക്കേണ്ടത്. ഈ പദ്ധതി വിഹിതം ചെലവാക്കാതെ ലാഭം ഉണ്ടാക്കി എന്നാണ് പഞ്ചായത്ത് പറയുന്നത്. കേന്ദ്ര-സംസ്ഥാന പദ്ധതികൾ, സംസ്ഥാന സ്‌കീമുകൾ, പട്ടികജാതി വികസന പദ്ധതികൾ ഒന്നും നടപ്പാക്കിയിട്ടില്ല. സിഎസ്ആർ ഫണ്ട് ബജറ്റിലോ ഓഡിറ്റിലോ ഒന്നും വന്നിട്ടില്ല. യഥാർത്ഥത്തിൽ തന്ത്രപരമായ സാമ്പത്തിക തട്ടിപ്പാണ് ഇവിടെ നടക്കുന്നത്. സാബു എം ജേക്കബ് ചെലവാക്കുന്ന സിഎസ്ആർ ഫണ്ട് തിരിച്ച് അയാളുടെ പോക്കറ്റിലേക്ക് തന്നെ എത്താനുള്ള മാർഗമായി പഞ്ചായത്തിനെ ഉപയോഗപ്പെടുത്തുന്നു എന്ന് പറയാം. പഞ്ചായത്തിന്റെ വികസന സമിതികളും കാർഷിക സമിതികളും പ്രവർത്തിക്കുന്നില്ല. ഗ്രാമസഭ കൃത്യമായി ചേരുന്നില്ല. വികസന സെമിനാറുകളും നടക്കാറില്ല. ഏറ്റവും കൂടുതൽ പദ്ധതി വിഹിതം കിട്ടുന്ന പഞ്ചായത്താണ് മഴുവന്നൂർ. രണ്ട് വ്യാവസായ മേഖലകൾ, റബ്ബർ പാർക്ക് എന്നിവ പഞ്ചായത്തിൽ ഉള്ളതിനാൽ തനത് ഫണ്ടും കൂടുതലുണ്ട്. എന്നാൽ ഈ വരുമാനം പോലും കൃത്യമായി ഉപയോഗിക്കുന്നില്ല.” മഴുവന്നൂർ പഞ്ചായത്തിലെ മുൻ ജനപ്രതിനിധിയും സി.പി.എം അംഗവുമായ അഡ്വ. ഹർഷൻ എം പറഞ്ഞു.
ഒരു സ്വേച്ഛാധിപതിയുടെ ഭരണമാണ് ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിൽ നടക്കുന്നത് എന്ന് പറയുന്നവർ ഇന്ന് ഈ പ്രദേശങ്ങളിൽ കൂടുതലാണ്. ട്വന്റി 20 അനുഭാവികളും അനുഭാവികൾ അല്ലാത്തവരും എന്ന വിഭജനം ഈ പഞ്ചായത്തുകളിലെ ജനങ്ങൾക്കിടയിൽ കൊണ്ടുവരാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. രണ്ട് തരം ആളുകളെന്ന വേർതിരിവ് ഇവിടെ പ്രകടമാണ്. ഇത് എങ്ങനെയാണ് സ്വജനപക്ഷപാതിത്വത്തിനും അഴിമതിക്കും കാരണമാകുന്നത് എന്ന് അടുത്ത ഭാഗത്തിൽ വായിക്കാം (തുടരും).

