ഭിന്നശേഷി സമൂഹവും ദുരന്തനിവാരണ പദ്ധതികളും

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഭൂപ്രകൃതിയുടെയും കാലാവസ്ഥയുടെയും സവിശേഷതകൾ കാരണം ഒരേസമയം പലതരം പ്രകൃതി ദുരന്തങ്ങൾ നേരിടുന്ന സംസ്ഥാനമാണ് കേരളം. ഒരുഭാഗത്ത് പശ്ചിമഘട്ടവും മറുവശത്ത് അറബിക്കടലിനോട് ചേർന്ന നീണ്ട കടൽത്തീരവും ഇവയ്ക്കിടയിൽ വ്യാപിച്ചുകിടക്കുന്ന താഴ്ന്ന പ്രദേശങ്ങളും നദീതടങ്ങളുമാണ് കേരളത്തിന്റെ ഭൂപ്രകൃതിയെ ഏറെ പ്രത്യേകതകളുള്ള ഒന്നാക്കി മാറ്റുന്നത്. ഭൂപ്രകൃതിയിലെ വ്യത്യാസങ്ങൾ പ്രളയം, മണ്ണിടിച്ചിൽ, തീരക്ഷയം, ചുഴലിക്കാറ്റ് തുടങ്ങിയ വിവിധ ദുരന്തങ്ങൾക്ക് ഒരേസമയം വഴിയൊരുക്കുന്നു. മൺസൂൺ കാലത്ത് ലഭിക്കുന്ന ശക്തമായ മഴ സംസ്ഥാനത്തിന്റെ ജലസമ്പത്ത് സമൃദ്ധമാക്കുന്നുണ്ടെങ്കിലും അതിവർഷം സൃഷ്ടിക്കുന്ന പ്രളയ സാധ്യത കേരളത്തിൽ കൂടുതലാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ സ്വാധീനം കൂടിയാകുന്നതോടെ ഈ ദുരന്തങ്ങളുടെ തീവ്രതയും ആവൃത്തിയും വർദ്ധിക്കുന്നതായി കാണപ്പെടുന്നു.

കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ (KSDMA) വിലയിരുത്തലുകൾ പ്രകാരം, കേരളം ഏകദേശം 39 തരത്തിലുള്ള പ്രകൃതി ദുരന്തങ്ങളും മനുഷ്യനിർമ്മിത അപകടങ്ങളും നേരിടുന്ന സംസ്ഥാനമാണ്. വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ചുഴലിക്കാറ്റ്, തീവ്രമഴ, തീരശോഷണം, വരൾച, ഇടി മിന്നൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ മാത്രമല്ല, വ്യവസായാപകടങ്ങൾ, ഗതാഗതാപകടങ്ങൾ, പൊതുസുരക്ഷാ പ്രശ്നങ്ങൾ, ആരോഗ്യ അടിയന്തരാവസ്ഥകൾ എന്നിവയും ഇവിടെ പതിവായി സംഭവിക്കുന്നു.

2018, 2019, 2022 വർഷങ്ങളിലെ പ്രളയങ്ങളും മണ്ണിടിച്ചിലുകളും കേരളത്തിന്റെ ദുരന്തസാധ്യതയെ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവന്നു. കോവിഡ്-19 മഹാമാരിയും നിപ പോലുള്ള പകർച്ചവ്യാധികളും സംസ്ഥാനത്തെ ദീർഘകാല അടിയന്തരാവസ്ഥയിലേക്ക് നയിച്ചു. ഈ അനുഭവങ്ങൾ കേരളം ഒരു high-impact, high-frequency disaster zone എന്ന നിലയിൽ തിരിച്ചറിയപ്പെടാൻ കാരണമായി. അതോടൊപ്പം, നമ്മുടെ അടിയന്തര പ്രതികരണ സംവിധാനങ്ങളിലെ ദൗർബല്യങ്ങളും വെല്ലുവിളികളും ചർച്ചകളിൽ പ്രതിഫലിച്ചു.

എന്നാൽ ഇവിടെ ഉയരുന്ന പ്രധാന ചോദ്യമുണ്ട് — ഈ ദുരന്തങ്ങൾ എല്ലാവരെയും ഒരുപോലെയാണോ ബാധിക്കുന്നത്? അല്ല, സാമൂഹികമായി, സാമ്പത്തികമായി, ശാരീരികമായി വെല്ലുവിളികൾ നേരിടുന്ന വിഭാഗങ്ങൾക്കാണ് ദുരന്തങ്ങൾ കൂടുതൽ ആഘാതം സൃഷ്ടിക്കുന്നത്. പ്രത്യേകിച്ച് ഭിന്നശേഷി സമൂഹങ്ങളിലുള്ളവർക്ക്.

2018ലെ വെള്ളപ്പൊക്കം, കൊച്ചി നഗരത്തിൽ നിന്നുള്ള ദൃശ്യം. കടപ്പാട്:newindianexpress

2015-ൽ കേരള സർക്കാർ സാമൂഹ്യനീതി വകുപ്പ് നടത്തിയ സംസ്ഥാനതല ഭിന്നശേഷി സെൻസസ് ഈ പശ്ചാത്തലത്തിൽ അതീവ പ്രാധാന്യമുള്ളതാണ്. ഇതുപ്രകാരം സംസ്ഥാനത്ത് ഏകദേശം 7,91,998 ഭിന്നശേഷിയുള്ള വ്യക്തികൾ ഉണ്ടെന്ന് കണ്ടെത്തി. 22 തരത്തിലുള്ള ഭിന്നശേഷികളാണ് സെൻസസിൽ ഉൾപ്പെടുത്തിയിരുന്നത്. ഇത് സംസ്ഥാന ജനസംഖ്യയുടെ 2.23 ശതമാനമാണ്. ഇതിലും ശ്രദ്ധേയമായത്, ഏകദേശം 9.87 ലക്ഷം വീടുകളിൽ കുറഞ്ഞത് ഒരാളെങ്കിലും വച്ച് ഭിന്നശേഷിയുള്ള വ്യക്തികൾ താമസിക്കുന്നു എന്നതാണ്. അങ്ങനെ നോക്കുമ്പോൾ, കേരളത്തിലെ ഓരോ പത്ത് വീടുകളിലൊന്നിൽ ഒരു ഭിന്നശേഷിയുള്ള വ്യക്തിയെങ്കിലും ഉണ്ടെന്നത് വ്യക്തമാണ്. കൂടാതെ, ഇവരിൽ പകുതിയും സ്ത്രീകളാണ് — ലിംഗപരമായ അസമത്വവും ഇതിൽ ഉൾപ്പെടുന്നു.

ഈ കണക്കുകൾ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ പരിഗണിക്കുമ്പോഴാണ് അവയുടെ ഗൗരവം കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്നത്. ഒരു പ്രളയം വന്നാൽ, ഒരു മണ്ണിടിച്ചിൽ ഉണ്ടായാൽ, ഒരു പകർച്ചവ്യാധി പടർന്നാൽ ഓരോ പത്ത് വീടുകളിലൊന്നിലും സാഹചര്യം കൂടുതൽ ദുരിതപൂർണ്ണമായിരിക്കും എന്നാണ് ഈ കണക്കിൽ നിന്നും വ്യക്തമാകുന്നത്. കൃത്യസമയത്ത് മുന്നറിയിപ്പ് ലഭിക്കാത്തത്, സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ കഴിയാത്തത്, ക്യാമ്പുകളിലെ സൗകര്യക്കുറവ്, ശൗചാലയങ്ങളുടെ അസൗകര്യം, സഹായോപകരണങ്ങളുടെ നഷ്ടം, സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകളുടെ അഭാവം എന്നിവ ഭിന്നശേഷിയുള്ള വ്യക്തികൾക്ക് ഇരട്ടി ബാദ്ധ്യതയായി അനുഭവപ്പെടും.

ദുരന്തം പ്രകൃതിപരമായാകാം, എന്നാൽ അതിന്റെ ആഘാതം എങ്ങനെ സമൂഹത്തിൽ അനുഭവപ്പെടുന്നു എന്നത് മുഴുവൻ സാമൂഹിക ഘടനകളെയും നയരൂപീകരണങ്ങളെയും ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ, കേരളം പോലുള്ള multi-hazard സംസ്ഥാനത്ത്, ദുരന്തനിവാരണ ശ്രമങ്ങളും ഭിന്നശേഷി സമൂഹത്തെ ഉൾക്കൊള്ളുന്ന സമീപനവും വേർതിരിച്ച് ആലോചിക്കാനാവില്ല.

കേരളത്തിൽ ഭിന്നശേഷിയുള്ള വ്യക്തികളുടെ അവകാശ സംരക്ഷണവും സാമൂഹിക ഉൾപ്പെടലും ഉറപ്പാക്കുന്നതിനായി 2014ൽ കേരള സംസ്ഥാന ഭിന്നശേഷി നയം (Kerala State Policy for Persons with Disabilities) രൂപപ്പെടുത്തി. ഈ നയം 1995-ലെ Persons with Disabilities Act–ന്റെ തത്വങ്ങളും, 2007-ലെ UN Convention on the Rights of Persons with Disabilities (UNCRPD) പറയുന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങളും അടിസ്ഥാനമാക്കി രൂപകൽപ്പന ചെയ്തതാണ്. ഇതിനോടൊപ്പം, ഏഷ്യ-പസഫിക് മേഖലയിൽ 2013–2022 കാലയളവിൽ നടപ്പിലാക്കിയ Incheon Strategy–അനുസരിച്ച്, ദുരന്തനിവാരണ (Disability-inclusive Disaster Risk Reduction (DiDRR) പ്രവർത്തനങ്ങളിൽ ഭിന്നശേഷി വ്യക്തികളെ ഉൾപ്പെടുത്തിയും, അവർക്കുള്ള പരിശീലനവും സാങ്കേതിക സഹായവും ഉറപ്പാക്കിയും പ്രവർത്തിക്കുന്നത് ഈ നയത്തിന്റെ ഭാഗമാണ്. Community-Based Disaster Risk Management (CBDRM) പദ്ധതികൾ വഴി കേരളത്തിലെ ഗ്രാമങ്ങളിലും നഗരപ്രദേശങ്ങളിലും ഭിന്നശേഷിക്കാരുടെ പങ്കാളിത്തം ഉറപ്പാക്കാൻ നിരവധി ശ്രമങ്ങൾ നടന്നിട്ടുണ്ട്.

സർക്കാർ കണക്കുകൾ പ്രകാരം ദുരന്തബാധിതരായ ഭിന്നശേഷി വ്യക്തികളുടെ എണ്ണം ഏകദേശം 8,600 ആണ്. എന്നാൽ, ഓരോ ആറ് കേരളീയരിലൊരാൾ ദുരന്തബാധിതരാണ് (NIDM report on Kerala flood, 2018) എന്ന വസ്തുത കണക്കിലെടുക്കുമ്പോൾ ഈ എണ്ണം ഗൗരവമായി കുറച്ച് രേഖപ്പെടുത്തിയതാണെന്ന് വ്യക്തമാകുന്നു. ജനസംഖ്യാനുപാതം വച്ച് ദുരന്തബാധിതരായ ഭിന്നശേഷി വ്യക്തികളുടെ യഥാർത്ഥ എണ്ണം ഏകദേശം ഒരു ലക്ഷം വരെ ആയിരിക്കാമെന്നാണ് വിലയിരുത്തൽ.

വെല്ലുവിളികൾ

ദുരന്തസമയത്ത് ഭിന്നശേഷിയുള്ള വ്യക്തികൾ പല തരത്തിലുള്ള വെല്ലുവിളികളെ നേരിടുന്നു. അവരിലെ ഭിന്നശേഷിയുടെ തരം, പ്രായം, ലിംഗം, നേരിട്ട ദുരന്തത്തിന്റെ സ്വഭാവം എന്നിവയെ ആശ്രയിച്ച് അതിന്റെ തീവ്രത വ്യത്യാസപ്പെട്ടിരിക്കുന്നു. കാഴ്ച-ശ്രവണ പരിമിതിയുള്ളവർക്ക് മുൻകൂട്ടി ലഭിക്കുന്ന നിർദേശങ്ങൾ വായിക്കാൻ സാധിക്കാറില്ല, സഞ്ചാരപരിമിതിയും ഉണ്ടാകും. ചലനപരിമിതിയുള്ളവരെ സംബന്ധിച്ച്, വീൽചെയർ, വാക്കർ തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനാൽ ദുരന്ത സ്ഥലത്ത് നിന്നും ഒഴിപ്പിക്കൽ നടത്തുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുപോലെ, ബുദ്ധിപരിമിതിയുള്ളവർക്ക് പരിചിതമായ ചുറ്റുപാടിൽ നിന്ന് മാറേണ്ടത് വലിയ പ്രയാസങ്ങൾ സൃഷ്ടിക്കുന്നു. മാനസികാരോഗ്യ പ്രശ്നമുള്ളവരും ദുരന്തസാഹചര്യത്തിൽ വലിയ മാനസിക സമ്മർദം അനുഭവിക്കേണ്ടി വരുന്നുണ്ട്. മാത്രമല്ല, ഭിന്നശേഷിയുള്ള ഓരോ വ്യക്തിയുടെയും ആവശ്യങ്ങൾ വ്യത്യസ്തമാണ്, അതിനാൽ അവർക്ക് നൽകേണ്ട മുന്നറിയിപ്പുകളും, സഹായോപകരണങ്ങളും, മരുന്നുകളും എല്ലാം വ്യത്യസ്ഥമാണ്.

2019-ലെ പ്രളയകാലത്ത്, മണ്ണിടിച്ചിലുകളും വെള്ളപ്പൊക്കവും കാരണം റോഡ് ഗതാഗതം നിലച്ചതോടെ രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ തടസ്സം നേരിട്ടു. സാമൂഹ്യനീതി വകുപ്പിന്റെ മൊബൈൽ വാൻ യൂണിറ്റുകൾക്ക് പല സ്ഥലങ്ങളിലേക്കും എത്താൻ സാധിച്ചില്ല. ഇത് അവസ്ഥ കൂടുതൽ ഗുരുതരമാക്കി. സിറിബ്രൽ പാൽസി പോലുള്ള പ്രത്യേക പരിചരണം ആവശ്യങ്ങളുള്ള രോഗികളെ പരിശീലനമില്ലാത്ത രക്ഷാപ്രവർത്തകർ കൈകാര്യം ചെയ്ത സംഭവങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ചലനശേഷി കുറവുള്ള പലർക്കും സ്കൂളുകളിൽ ആവശ്യമായ സൗകര്യങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ ബന്ധുക്കളുടെ വീടുകളിലേക്ക് മാറേണ്ടിവന്നു. ഇത് പലരുടെയും ഒറ്റപ്പെടലിനെയും ബുദ്ധിമുട്ടുകളെയും തീവ്രമാക്കി.

2018ലെ വെള്ളപ്പൊക്കം, മലപ്പുറത്ത് നിന്നുള്ള ദൃശ്യം. കടപ്പാട്:newindianexpress

വെള്ളപ്പൊക്കത്തിൽ വീൽചെയറുകൾ, കിടക്കകൾ, മറ്റ് സഹായോപകരണങ്ങൾ നശിച്ചതും, പെട്ടെന്ന് മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യം രോഗബാധിതരാക്കിയതും കാരണം ദിവസങ്ങളോളം ആശുപത്രിയിൽ കഴിയേണ്ടി വന്നവരുണ്ട്. ഫോളി കാതീറ്ററുകളും കൊളോസ്റ്റമി ബാഗുകളും ഉപയോഗിക്കുന്നവർക്ക് ദുരന്തം അത്യന്തം ദുരിതകരമായ അനുഭവമായിരുന്നു; അവരെ പരിചരിക്കുന്ന കുടുംബാംഗങ്ങൾക്ക് പോലും ഈ സാഹചര്യം കൃത്യമായി കൈകാര്യം ചെയ്യാൻ കഴിയാതെ പോയി. കൊളോസ്റ്റമി ബാഗുകൾ അണുവിമുക്തമാക്കാനും സുരക്ഷിതമായി സൂക്ഷിക്കാനും യാതൊരു സംവിധാനവും ദുരിതാശ്വാസ ക്യാമ്പുകളിൽ ഉണ്ടായിരുന്നില്ല. ചില സ്ഥലങ്ങളിൽ വൈദ്യുതി ലഭിക്കാത്തതിനാൽ ഓട്ടോമാറ്റിക് ഉപകരണങ്ങളും ഉപയോഗിക്കാനായില്ല. സ്കൂളുകളിലും മറ്റ് പൊതുസൗകര്യങ്ങളിലുമായി സഹായോപകരണങ്ങൾ, ടോയ്ലറ്റ് സീറ്റുകൾ എന്നിവ ലഭ്യമല്ലാതിരുന്നത് വളരെയേറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു.

കാഴ്ചക്കുറവുള്ളവരെ മാറ്റിപ്പാർപ്പിച്ച ക്യാമ്പുകളും മറ്റ് സ്ഥലങ്ങളും അവരുടെ പരിചിതമായ ഇടങ്ങളിൽ നിന്ന് പൂർണ്ണമായും വ്യത്യസ്തമായതിനാൽ, ഓരോ തവണയും മറ്റുള്ളവരുടെ സഹായം അവർക്ക് അനിവാര്യമായിരുന്നു. വെള്ളം ഇറങ്ങിയ ശേഷം, നടപ്പാതകളിലും റോഡുകളിലും കൂടിയിട്ട മാലിന്യകൂമ്പാരങ്ങൾ കാഴ്ചക്കുറവുള്ളവർക്ക് സഞ്ചരിക്കാൻ വലിയ തടസ്സമായി. മാനസികാരോഗ്യ പ്രശ്നങ്ങളോ ബുദ്ധിബലം കുറവോ മറ്റ് അനുബന്ധ രോഗങ്ങളോ ഉള്ള കുടുംബാംഗങ്ങളെ പരിപാലിക്കാൻ മുഴുവൻ ശ്രദ്ധയും ആവശ്യമായിരുന്നതിനാൽ വീടുകൾ ശുചീകരിക്കാൻ പോലും ചില കുടുംബങ്ങൾക്ക് ക്യാമ്പുകൾ വിട്ടുപോകാൻ സാധിച്ചില്ല. വിവിധ സംഘടനകളുടെ സഹായത്തോടെ മാത്രമാണ് ഇത്തരം കുടുംബങ്ങൾക്ക് വിവിധ സ്ഥലങ്ങളിൽ നിന്നും സ്വന്തം വീടുകളിലേക്ക് മടങ്ങാൻ സാധിച്ചത്.

പലർക്കും വിലകൂടിയ ശ്രവണസഹായ ഉപകരണങ്ങൾ (hearing aids) നഷ്ടപ്പെട്ടതും അവരുടെ സുരക്ഷയെയും സ്വതന്ത്ര പ്രവർത്തന ശേഷിയെയും പരിമിതമാക്കി. പുരുഷന്മാരേക്കാൾ, ശാരീരിക വൈകല്യമുള്ള സ്ത്രീകളും പെൺകുട്ടികളും വളരെ കൂടുതൽ ബുദ്ധിമുട്ടുകൾ നേരിട്ടു, ഒറ്റപ്പെടലും അവഗണനയും മാനസിക സമ്മർദ്ദത്തിന് കാരണമായി. ക്യാമ്പുകളിലെ അസൗകര്യങ്ങൾ കാരണം പലരും ബന്ധുവീടുകളിലേക്ക് മാറാൻ നിർബന്ധിതരായെങ്കിലും സർക്കാർ സഹായധനം, ദുരിതാശ്വാസ സാമഗ്രികൾ, മറ്റ് സഹായങ്ങൾ എന്നിവ നഷ്ടപ്പെടുമെന്ന ഭയത്താൽ ക്യാമ്പുകളിൽ തന്നെ തുടരാൻ തീരുമാനിച്ചവരുമുണ്ട്. ക്യാമ്പുകൾ വിട്ടുപോകേണ്ടിവന്നവർക്ക് ദുരിതാശ്വാസ സാമഗ്രികളും പിന്തുണയും ലഭിച്ചില്ല.

ദുരിതാശ്വാസത്തിന്റെ ഭാഗമായ സർക്കാർ സംവിധാനങ്ങൾ മതിയായ രീതിയിൽ സജ്ജീകരിക്കപ്പെട്ടതുമായിരുന്നില്ല. ദുരിതാശ്വാസ ക്യാമ്പുകളിൽ, വൈകല്യങ്ങളുടെ വ്യത്യസ്ത തലങ്ങൾ കണക്കിലെടുത്ത് ആവശ്യമായ സ്ഥലം, ശ്രദ്ധ, പരിപാലനം എന്നിവ നൽകാനുള്ള സാധ്യതകൾ വളരെ പരിമിതമായിരുന്നു.

പരിഗണിക്കേണ്ടത് എന്തെല്ലാം?

1. അധിവസിക്കുന്ന പ്രദേശത്തെ ഭൂമിശാസ്ത്രം, കാലാവസ്ഥ, സാമൂഹ്യ-സാമ്പത്തിക ഘടകങ്ങൾ, മുൻകാല ദുരന്തങ്ങൾ എന്നിവ പരിഗണിച്ച് വ്യക്തികളും കുടുംബവും അവരുടെ അപകട സാധ്യത തിരിച്ചറിയുന്നതിന് ശ്രമിക്കേണ്ടതാണ്. ഇത് നേരത്തെ മുൻകരുതലുകൾ സ്വീകരിക്കാൻ സഹായിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഇതിന് മുൻകൈ എടുക്കേണ്ടത്.

2. പ്രാഥമിക മുന്നറിയിപ്പ് സംവിധാനങ്ങൾ ഭിന്നശേഷി സമൂഹത്തിന്റെ ആവശ്യങ്ങൾ ഉൾപ്പെടുത്തി രൂപപ്പെടുത്തുകയും ശബ്ദ, ദൃശ്യ, ബ്രെയിൽ, സൈൻ ഭാഷ, വലിപ്പമുള്ള ഫോണ്ടുകൾ, DAISY ഫോർമാറ്റ് എന്നിവ ഉപയോഗിക്കുകയും ചെയ്യണം. അതുവഴി എല്ലാവർക്കും സമയബന്ധിത മുന്നറിയിപ്പ് ലഭിക്കുകയും രക്ഷാപ്രവർത്തനം കാര്യക്ഷമമാകുകയും ചെയ്യും.

3. കൂടാതെ, വ്യക്തിയുടെ പേര്, വിലാസം, ഫോൺ, വൈകല്യ തരം, സഹായ ഉപകരണങ്ങൾ, ഭാഷ, രക്തഗ്രൂപ്പ്, മരുന്നുകൾ, അടിയന്തര ബന്ധക്കാരുടെ വിവരങ്ങൾ ഉൾപ്പെടുന്ന Emergency Contact Card ഒരുക്കുക. ഇത് രക്ഷാപ്രവർത്തകർക്ക് ആവശ്യങ്ങൾ പെട്ടന്ന് മനസ്സിലാക്കാൻ സഹായിക്കും.

4. കുടുംബ ദുരന്തനിവാരണ പരിശീലനം നടത്തുക. ഇത് അടിയന്തര രേഖകൾ ഉൾപ്പെടുന്ന കിറ്റ് തയ്യാറാക്കാൻ സഹായകമായിരിക്കും. പരിശീലന പ്രവർത്തനങ്ങളിൽ ഈ മേഖലയിൽ പരിചയമുള്ള സന്നദ്ധ സംഘടനകളുടെയും മറ്റ് ഏജൻസിടെയും സജീവ പങ്കാളിത്തം ഉറപ്പാക്കേണ്ടതുണ്ട്.

5. സംസ്ഥാനത്തിലെ നവകേരള നിർമ്മാണ പ്രക്രിയയുടെ ഭാഗമായി നിർമ്മിക്കുന്ന എല്ലാ പുതിയ കെട്ടിടങ്ങളും പൂ‍ർണ്ണമായും തടസ്സരഹിതമാക്കേണ്ടതുണ്ട്; ചലന വൈകല്യമുള്ളവർക്ക് മാത്രമല്ല, എല്ലാ തരത്തിലുള്ള വൈകല്യമുള്ള വ്യക്തികൾക്കും അനുയോജ്യമായ സൗകര്യങ്ങൾ ഉറപ്പാക്കണം. സർക്കാർ കെട്ടിടങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുഗതാഗത സംവിധാനങ്ങൾ, റോഡുകൾ, പാർക്കുകൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവയും തടസ്സരഹിതമാക്കേണ്ടതുണ്ട് (Barrier Free).

6. ജിയോ ടാഗിംഗ് ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഭിന്നശേഷിയുള്ളവരുടെ ലൈവ് ഓൺലൈൻ ഡാറ്റാബാങ്ക് സംസ്ഥാനത്ത് സൃഷ്ടിക്കേണ്ടതുണ്ട്. ഇതിലൂടെ വിവിധ തരത്തിലുള്ള ഭിന്നശേഷികളുമായി ബന്ധപ്പെട്ട വെല്ലുവിളികൾ വ്യക്തമായി മനസ്സിലാക്കാനും അനുയോജ്യമായ പ്രോട്ടോകോളുകളും തയ്യാറെടുപ്പുകളും കൂടുതൽ കാര്യക്ഷമമായി മെച്ചപ്പെടുത്താനും കഴിയും.

7. ഏറ്റവും പ്രധാനമായി, പദ്ധതി രൂപീകരണത്തിലും തീരുമാനമെടുക്കലിലും ഭിന്നശേഷിയുള്ളവരെ സജീവമായി ഉൾപ്പെടുത്തണം. സ്വന്തം ആവശ്യങ്ങളും വെല്ലുവിളികളും ഏറ്റവും നന്നായി അറിയുന്നത് അവരുതന്നെയാണ്. ഉദാഹരണത്തിന്, ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലും രൂപീകരിക്കുന്ന എമർജൻസി റെസ്പോൺസ് ടീം (ERT)-കളിലും ഭിന്നശേഷി പൊതുവിഷയമായ 11-ാം വർക്കിംഗ് ഗ്രൂപ്പിലും ഭിന്നശേഷിയുള്ളവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കണം.

2018ലെ വെള്ളപ്പൊക്കം, ആലുവയിൽ നിന്നുള്ള ദൃശ്യം. കടപ്പാട്:newindianexpress

    നയപരമായ മാറ്റങ്ങൾ

    ദുരന്തനിവാരണവും കാലാവസ്ഥാ വ്യതിയാനവും സംബന്ധിച്ച ആഖ്യാനങ്ങളിലും സമീപനങ്ങളിലും ആഗോളതലത്തിൽ ഗണ്യമായ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ദീർഘകാലം വരെ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ (Disaster Risk Reduction – DRR) എന്ന ആശയം പ്രധാനമായും ദുരന്തങ്ങളുടെ സാദ്ധ്യതയും ആഘാതവും കുറയ്ക്കുക എന്ന ലക്ഷ്യത്തിൽ കേന്ദ്രീകരിച്ചിരുന്നുവെന്ന് കാണാം. തുടർന്ന്, സെൻഡൈ ഫ്രെയിംവർക്ക് ഫോർ ഡിസാസ്റ്റർ റിസ്ക് റീഡക്ഷൻ (Sendai Framework for Disaster Risk Reduction) ദുരന്തസാധ്യത കുറയ്ക്കുന്നതിൽ മാത്രം ഒതുങ്ങാതെ, സമൂഹങ്ങൾക്കും സ്ഥാപനങ്ങൾക്കും സംവിധാനങ്ങൾക്കും ദുരന്തങ്ങളെ നേരിടാനും,, ദുരന്താനന്തര പുനരുദ്ധാരണവും പുനർനിർമാണവും കൂടുതൽ കാര്യക്ഷമമായി നടത്താനും കഴിയുന്ന റെസിലിയൻസ് (Resilience) എന്ന ആശയത്തെ ഈ ഫ്രെയിംവർക്ക് അവതരിപ്പിച്ചു. ഇതുവഴി ഡിസാസ്റ്റർ റെസിലിയൻസ് എന്നത് സമകാലീന ദുരന്തനിവാരണ നയങ്ങളുടെ കേന്ദ്രബിന്ദുവായി മാറി.

    ഇതിനാൽ, ഭിന്നശേഷിയെ welfare-oriented, beneficiary-centric സമീപനങ്ങളുടെ പരിധിയിൽ ഒതുക്കിയിരുന്ന പഴയ ചർച്ചകൾ ഇന്ന് പ്രസക്തിയില്ലാതെയായി. ‘Beneficiaries’, ‘vulnerable groups’, അല്ലെങ്കിൽ ‘no one left behind’ എന്ന നയഭാഷകളിൽ മാത്രം ഈ സമൂഹത്തെ അടയാളപ്പെടുത്തുന്ന സമീപനം ഇന്ന് രാഷ്ട്രീയപരമായും അപര്യാപ്തമാണ്. ഇന്നത്തെ സാഹചര്യത്തിൽ, ഭിന്നശേഷിയുള്ളവർ അറിവിന്റെ ഉടമകൾ (knowledge holders), നീതിയുടെ അവകാശവാദകർ (justice claimants), തീരുമാനമെടുക്കുന്ന അധികാര കേന്ദ്രങ്ങൾ (decision-making leaders) എന്ന നിലയിൽ തന്നെ നിലകൊള്ളുന്നു. ഭിന്നശേഷിയുള്ളവർ ഇനി തീരുമാനങ്ങളിൽ ഉൾപ്പെടുത്തപ്പെടേണ്ടവരല്ല; മറിച്ച് തീരുമാനങ്ങൾ രൂപപ്പെടുത്തുന്നവരായും നിർവചിക്കുന്നവരായും അംഗീകരിക്കപ്പെടേണ്ടവരാണ്. കേരളത്തിൽ ഭിന്നശേഷിയുമായി ബന്ധപ്പെട്ട നയങ്ങളും സമീപനങ്ങളും ഇതരത്തിൽ നവീകരിക്കേണ്ടതാണ്.

    Also Read

    7 minutes read February 11, 2026 2:26 pm