Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


വി.എസ് അച്യുതാനന്ദൻ വിടവാങ്ങിയെന്നറിഞ്ഞപ്പോൾ അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാൻ അണമുറിയാത്ത ജനപ്രവാഹമാണ് അന്ന് രാത്രി തലസ്ഥാന നഗരത്തിലേക്ക് ഒഴുകിയെത്തിയത്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി, വി.എസ് എന്ന ജനനായകനോടുള്ള സ്നേഹ ബഹുമാനങ്ങളാൽ വന്നെത്തിയവരായിരുന്നു അതിലേറെയും. എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിനും ദർബാർ ഹാളിനും മുന്നിൽ രൂപപ്പെട്ട ജനത്തിരക്കിനോളമില്ലെങ്കിലും വി.എസ്സിന് വേണ്ടി രണ്ട് പതിറ്റാണ്ട് മുമ്പ് തലസ്ഥാനത്തെ മറ്റൊരിടത്ത് ഇതേപോലെ ജനങ്ങൾ ഒത്തുകൂടുകയുണ്ടായി. അന്നും പാർട്ടിക്കകത്തും പുറത്തുമുള്ള മനുഷ്യർ അക്കൂട്ടത്തിലുണ്ടായിരുന്നു. വി.എസ് സൃഷ്ടിച്ച ആൾക്കൂട്ടങ്ങളുടെ പൊതു സ്വഭാവവും അതായിരുന്നു.
കേരള രാഷ്ട്രീയത്തിലെ നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായ കന്റോൺമെന്റ് ഹൗസിന് മുന്നിലായിരുന്നു അന്ന് അതിവേഗത്തിൽ ഒരു ജനസഞ്ചയം രൂപപ്പെട്ടത്. വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വി.എസ്സിന് സ്ഥാനാർത്ഥിത്വം നൽകേണ്ടതില്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം 2006 മാർച്ച് 15ന് മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെയാണ് നാടിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള ആബാലവൃദ്ധം ജനങ്ങൾ കന്റോൺമെന്റ് ഹൗസിലേക്ക് ഇരച്ചെത്തിയത്. എ.കെ.ജി സെന്ററിൽ നിന്നും മടങ്ങിയെത്തിയ വി.എസ് ഈ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യാതെ ഉള്ളിലേക്ക് കയറിപ്പോയി. വി.എസ്സിന്റെ മുഖത്തെ നിരാശ തിരിച്ചറിഞ്ഞ ആ മനുഷ്യർ മുദ്രാവാക്യങ്ങളുയർത്തി പല വഴികളിലേക്ക് നീങ്ങി. അതിലൊരു പ്രകടനമെത്തിയത് എ.കെ.ജി സെന്ററിന് മുന്നിലേക്കായിരുന്നു. ‘ആരാടാ ഈ പിണറായി…’ എന്ന മുദ്രാവാക്യം പാർട്ടി അണികളിൽ നിന്നും കേരളം ആദ്യമായി കേട്ട രാത്രി.


ദേശീയ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിൽ കൂടിയ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് പാർട്ടി പ്രവർത്തകരും അനുഭാവികളും അന്ന് രാത്രിയിൽ സംസ്ഥാനത്തുടനീളം സംഘടിച്ചു. സി.പി.എം അതുവരെ നേരിട്ടിട്ടില്ലാത്ത ഒരു രാഷ്ട്രീയ പ്രതിസന്ധിയായി ആ മുന്നേറ്റം മാറി. മാർച്ച് 24ന് ഡൽഹിയിൽ ചേർന്ന പോളിറ്റ് ബ്യൂറോ യോഗം വി.എസ്സിനെ മത്സരിപ്പിക്കാൻ തീരുമാനിക്കുന്നത് വരെ നീണ്ടുനിന്ന ആ പ്രതിഷേധങ്ങൾ കേരള ചരിത്രത്തിൽ മറ്റൊരു നേതാവിന് വേണ്ടിയും അതിന് മുന്നേ ഉണ്ടായിട്ടില്ല, ഇനിയുണ്ടാകുമെന്ന് കരുതാനുമാകില്ല. 2001-2006 കാലത്തെ വി.എസ് എന്ന പ്രതിപക്ഷ നേതാവിനെ അടുത്ത മുഖ്യമന്ത്രിയായി കാണാൻ ജനം അത്രയേറെ ആഗ്രഹിച്ചിരുന്നു. ആ ബഹുജന പ്രതീക്ഷകൾക്ക് പിന്നിലെ രാഷ്ട്രീയ കാരണങ്ങളാണ് മാരാരിക്കുളത്തെ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷമുള്ള വി.എസ്സിന്റെ ഉയർത്തെഴുന്നേൽപ്പിനെ സവിശേഷമാക്കുന്നതും.
2001ൽ മലമ്പുഴയിൽ നിന്നും വിജയിച്ച് പ്രതിപക്ഷ നേതാവായി എത്തുന്ന കാലത്ത് വി.എസ് പാർട്ടിയിലും കരുത്തനായിരുന്നു. 1991ലെ സി.പി.എം സംസ്ഥാന സമ്മേളനത്തിൽ നടന്ന സെക്രട്ടറി തെരഞ്ഞെടുപ്പിൽ ഇ.കെ നായനാരോട് തോറ്റതിനും 1996ൽ മാരാരിക്കുളത്ത് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയം ഏറ്റുവാങ്ങിയതിനുമുള്ള മറുപടി 1998 ലെ പാലക്കാട് സമ്മേളനത്തിലൂടെ നൽകിയ ശേഷമുള്ള കരുത്തുറ്റ കാലം. എന്നാൽ 2002 ൽ കണ്ണൂരിൽ നടന്ന സമ്മേളനത്തോടെ, സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഒരു പുതിയ സംഘം പാർട്ടിയിൽ അധികാരം കയ്യാളാൻ തുടങ്ങിയത് വി.എസ്സിനെ വീണ്ടും ക്ഷീണിപ്പിച്ചു. പിണറായിയുടെ പിന്തുണയോടെ പാർട്ടിയിൽ രൂപപ്പെട്ടുവന്ന പല പുതിയ പ്രവണതകളും നയവ്യതിയാനങ്ങളും നവമുതലാളിത്തത്തോടുള്ള ആഭിമുഖ്യവും തന്നെപ്പോലെ പാർട്ടിക്കുള്ളിലും പുറത്തും പലരെയും അസ്വസ്ഥപ്പെടുത്തിയിരുന്നതായി വി.എസ് വൈകാതെ മനസ്സിലാക്കി. അങ്ങനെ കമ്മ്യൂണിറ്റ് പാർട്ടിയുടെ നയവ്യതിയാനങ്ങൾക്കും ആദർശ വ്യതിചലനങ്ങൾക്കും എതിരായ ഒരു ഉൾപ്പാർട്ടിപ്പോരാട്ടം വി.എസ് ഒരുവശത്ത് ആരംഭിച്ചു.
അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളേറ്റെടുക്കുന്നതിൽ നിന്നുള്ള പാർട്ടിയുടെ അകൽച്ചയായിരുന്നു വി.എസിന്റെ സമരായുധം. പാർട്ടിയൊഴിഞ്ഞുപോയതോ കടന്നുചെന്നിട്ടില്ലാത്തതോ ആയ വഴികളിൽ വി.എസ് ഒറ്റയ്ക്ക് പുതിയ സമരമുഖങ്ങൾ തുറന്നു. പ്രതിപക്ഷ നേതാവിന്റെ പദവി ഒരു ജനകീയ സമരസമിതി കൺവീനറുടേതിന് സമാനമായി മാറിയ കാലം. അതിനൊന്നും പാർട്ടിയുടെ പിന്തുണ ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല, വി.എസ്സിന്റെ വഴി അച്ചടക്കവാളിനാൽ തടയാൻ നേതൃത്വം പരമാവധി ശ്രമിക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവെന്ന നിലയിൽ വി.എസ് നടത്തിയ സമരങ്ങളുടെ ശരികൾക്കൊപ്പം ആദർശ രാഷ്ട്രീയവും അഴിമതി രാഷ്ട്രീയവും തമ്മിൽ മുഖാമുഖം ഏറ്റുമുട്ടുന്ന ഒരു ഉൾപാർട്ടി പോരായി അത് മാറുക കൂടി ചെയ്തതോടെ വി.എസ് പല മാനങ്ങളുടെ ഒരു പ്രതീകമായി മാറി. എല്ലാത്തരം അധികാരങ്ങളെയും ചോദ്യം ചെയ്യാനുള്ള ജനേച്ഛ ഒരു വയോധികനിലൂടെ പ്രതിഫലിക്കുന്ന അപൂർവ്വ കാഴ്ചയ്ക്കാണ് പിന്നീട് കേരളം സാക്ഷിയായത്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ അത് ഒരു പുതിയ അധ്യായമായിരുന്നു. സെക്രട്ടേറിയറ്റല്ല, കന്റോൺമെന്റ് ഹൗസായിരുന്നു ആ അഞ്ച് വർഷവും ദൈനംദിന രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിർണ്ണയിച്ചിരുന്നതെന്ന് നിസ്സംശയം പറയാം.


എന്തായിരുന്നു വി.എസ് നടത്തിയ സമരങ്ങളുടെ പ്രത്യേകത? അപ്പോൾ ഭരിച്ചിരുന്ന യു.ഡി.എഫ് സർക്കാരിനെ മാത്രമല്ല, സ്വന്തം പാർട്ടി നേതൃത്വത്തെയും വി.എസ്സിന്റെ പോരാട്ടങ്ങൾ മിക്കപ്പോഴും പ്രതിസ്ഥാനത്ത് നിർത്തി. അതുകൊണ്ടുതന്നെ ആ ദ്വിമുഖ സമരത്തിന് മാധ്യമങ്ങൾ വലിയ വാർത്താമൂല്യം നൽകിയതും വി.എസ്സിന് അനുഗുണമായി മാറി. പാർട്ടി ചട്ടക്കൂടിൽ നിന്നും വിലയിരുത്തിയാൽ അച്ചടക്ക ലംഘനമെന്ന് പറയാവുന്ന കടുത്ത പ്രസ്താവനകൾ വി.എസ്സിൽ നിന്നും പതിവായി. അതിനേക്കാൾ കാർക്കശ്യം നിറഞ്ഞ തിരുത്തൽ വാചകങ്ങളുമായി പിണറായിയും പോരിനിറങ്ങി. എന്നാൽ ഏറ്റെടുക്കുന്ന വിഷയങ്ങളുടെ സത്യസന്ധതയും സാമൂഹ്യപ്രാധാന്യവും വി.എസ്സിന്റെ അതിലുള്ള ഉറച്ചുനിൽക്കലും അദ്ദേഹത്തിന്റെ ജനപിന്തുണ വലിയ രീതിയിൽ വർദ്ധിപ്പിച്ചു. പരിസ്ഥിതി നശീകരണം, ഭൂമി കയ്യേറ്റം, അഴിമതി, ലൈംഗികാതിക്രമങ്ങൾ, സ്ത്രീ പീഡനം, കാർഷിക മേഖലയിലെ പ്രശ്നങ്ങൾ, കോർപ്പറേറ്റ് ചൂഷണം എന്നിവ വി.എസ്സിന്റെ പതിവ് വിഷയങ്ങളായി മാറി. രണ്ടായിരത്തിന്റെ തുടക്കത്തിൽ, നവലിബറലിസം ജനാധിപത്യ വ്യവസ്ഥയെ ശിഥിലമാക്കുകയും അധികാര കേന്ദ്രീകരണത്തെയും ചങ്ങാത്ത മുതലാളിത്തത്തെയും കോർപ്പറേറ്റ് വിഭവക്കൊള്ളയേയും വലതുപക്ഷ രാഷ്ട്രീയത്തെയും ശക്തിപ്പെടുത്തുകയും ചെയ്ത കാലത്ത് അതിനോടെല്ലാം സമരാഹ്വാനം നടത്താൻ ശേഷിയുള്ള ഒരു നേതാവ് പ്രതിപക്ഷത്ത് ഉണ്ടായിരിക്കുക എന്നത് കേരളത്തെ സംബന്ധിച്ച് വളരെ നിർണ്ണായകമായ കാര്യമായിരുന്നു. വി.എസ് ആ റോൾ ഭംഗിയായി നിർവഹിച്ചു. പരിസ്ഥിതിയേയും മനുഷ്യരേയും പരിഗണിക്കാതെ കേരളത്തെ സ്വകാര്യനിക്ഷേപകർക്ക് തീറെഴുതാൻ കാത്തുനിന്നവർ വി.എസ്സിനെ ‘വികസന വിരോധി’യാക്കി.
ഐ.ടി മേഖലയില്‍ വലിയൊരു കുതിപ്പ് നടത്താനെന്ന പേരിലായിരുന്നു ദുബായ് ആസ്ഥാനമായുള്ള ടീകോം കമ്പനിയെ സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി 2004-ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ക്ഷണിക്കുന്നത്. സര്‍ക്കാര്‍ ഐടി പാര്‍ക്കായ കാക്കനാട്ടെ ഇന്‍ഫോ പാര്‍ക്ക് ഉള്‍പ്പെടെ ടീകോമിന് കൈമാറാനുള്ള നീക്കത്തെ വി.എസ് ശക്തമായി എതിർത്തു. നിശ്ചിത ശതമാനം സ്ഥലത്തിന്മേല്‍ സ്വതന്ത്ര അവകാശം (ഫ്രീ ഹോള്‍ഡ്) വേണമെന്ന ദുബായ് കമ്പനിയുടെ നിബന്ധനയ്ക്കാണ് വി.എസ് മുഖ്യമായും എതിര് നിന്നത്. അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ അത് വളരെ പ്രധാനപ്പെട്ട ഒരു തിരുത്ത് തന്നെയായിരുന്നു. ഭൂമിയുടെയും വിഭവങ്ങളുടെയും മേലുള്ള സ്വകാര്യ മൂലധന താത്പര്യങ്ങളുടെ അത്തരം കടന്നുകയറ്റങ്ങൾ വി.എസ് അക്കാലത്ത് തുടർച്ചയായി എതിർത്തിരുന്നു. ഇത്തരം പദ്ധതികളെല്ലാം ഒരുവിഭഗം ജനങ്ങളെ നിരാലംബരാക്കി തീർക്കുന്നു എന്നത് വി.എസിന്റെ എതിർപ്പിന് മുഖ്യ കാരണമായി മാറി. കോവളത്തെ അശോക ബീച്ച് റിസോർട്ടും 65 ഏക്കർ തന്ത്രപ്രധാനമായ ഭൂമിയും ഗൾഫാർ ഗ്രൂപ്പിന് കൈമാറുന്ന നീക്കത്തിനെതിരായ വി.എസ്സിന്റെ പോരാട്ടവും അത്തരത്തിലുള്ള ഒന്നായിരുന്നു. സി.പി.എം നേതൃത്വത്തിന് ബന്ധമുള്ള വിവാദ വ്യവസായി രവി പിള്ളയുടെ ഗ്രൂപ്പിന് കോവളം കൊട്ടാരം കൈമാറാൻ പിന്നീട് തീരുമാനിച്ചത് 2017ൽ ഒന്നാം പിണറായി മന്ത്രിസഭയായിരുന്നു. വി.എസ് അപ്പോഴേക്കും വളരെ ക്ഷീണിതനും, പാർട്ടി നേതൃത്വത്തിലെ പലരുടെയും മക്കൾ രവി പിള്ളയുടെ സ്ഥാപനത്തിലെ ജോലിക്കാരുമായി മാറിക്കഴിഞ്ഞിരുന്നു.
മതികെട്ടാനിലെയും പൂയംകുട്ടി വനത്തിലെയും കയ്യേറ്റങ്ങൾക്കും, എൻഡോസൾഫാൻ ഇരകൾക്കും, പ്ലാച്ചിമടയിലെ ജലചൂഷണത്തിനും, ഐസ്ക്രീം പാർലർ-കവിയൂർ-കിളിരൂർ സത്രീ പീഡനങ്ങൾക്കും എതിരായ സമരങ്ങളുമായി വി.എസ് എന്ന പ്രതിപക്ഷ നേതാവ് കരുത്തോടെ മുന്നോട്ടുപോയി. ഇതിലൊന്നും പാർട്ടി കൂടിയില്ലെന്നത് വി.എസ്സിനെ തളർത്തുകയല്ല, കൂടുതൽ കരുത്തനാക്കുകയാണ് ചെയ്തത്. 2005ലെ മലപ്പുറം സമ്മേളനത്തോടെ പാർട്ടിയിൽ പിണറായി സർവശക്തനായി മാറിയതൊന്നും വി.എസ്സിനെ ഒട്ടും ഉലച്ചില്ല. പകരം, പിണറായി വിജയനെന്ന കരുത്തനായ പാർട്ടി സെക്രട്ടറിക്കെതിരെ കൂടി ശക്തമായ ഒരു സമരമുഖം വി.എസ് തുറക്കുകയാണ് ചെയ്തത്. പാർട്ടിയെ വല്ലാതെ ചിന്താക്കുഴപ്പത്തിലാക്കിയ ആ സമരത്തിന്റെ കാതൽ എസ്.എൻ.സി ലാവലിൻ കേസ് ആയിരുന്നു.
എസ്.എൻ.സി-ലാവലിൻ എന്ന കനേഡിയൻ കമ്പനിക്ക് വൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട കരാർ നൽകിയതിലും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വേണ്ടി പദ്ധതികൾ തിരഞ്ഞെടുത്തതിലും ആവശ്യമായ നടപടിക്രമങ്ങൾ പാലിക്കപ്പെട്ടിട്ടില്ല എന്ന 2006 ഫെബ്രുവരിയിലെ സി.എ.ജി റിപ്പോർട്ട് മുൻനിർത്തി ഒരു വലിയ സമരത്തിന് വി.എസ് മുന്നിട്ടിറങ്ങി. പിണറായി വിജയൻ പ്രതിസ്ഥാനത്ത് വന്ന ആ കണ്ടെത്തലിൽ യു.ഡി.എഫിന് പോലുമുണ്ടായിരുന്നില്ല അന്ന് അത്രയും താത്പര്യം. പിബി അംഗവും പാർട്ടിയിലെ അതികായനുമായി മാറിക്കഴിഞ്ഞ സംസ്ഥാന സെക്രട്ടറിക്കെതിരായ സമരം അത്ര എളുപ്പമുള്ള ഒന്നായിരുന്നില്ല. പരിക്കേൽക്കുമെന്നറിഞ്ഞിട്ടും സത്യം തെളിയണമെന്ന നിലപാടിൽ വി.എസ് ഉറച്ചുനിന്നു. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വി.എസ് പിബിക്ക് നിരന്തരം കത്തയച്ചു. വി.എസ് അയച്ച ആ കത്തുകൾക്ക് വലിയ രാഷ്ട്രീയ മാനമുണ്ടെന്ന് ഈ വാചകങ്ങൾ വ്യക്തമാക്കുന്നു, “സഖാവ് പിണറായി വിജയനെ ന്യായീകരിക്കാൻ നാം എന്ത് വാദങ്ങൾ ഉയർത്തിയാലും അവയൊക്കെ നമുക്കെതിരെയുള്ള തിരിച്ചടിയാകും. ഉദാഹരണത്തിന് പിണറായി വിജയൻ ഈ ഇടപാടുമായി ബന്ധപ്പെട്ട് സമ്പത്തുണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് നിങ്ങൾക്ക് പുറത്തുകൊണ്ടുവന്ന് കൂടേയെന്നും പൊലീസ് നിങ്ങളുടെ നിയന്ത്രണത്തിലല്ലേയെന്നും ഉള്ള ചോദ്യം നിയമസഭയിൽ നാം സർക്കാരിനോട് ചോദിച്ചിരുന്നു. ഇംഗ്ലണ്ടിലെ ബർമിങ്ഹാം യൂണിവേഴ്സിറ്റിയിൽ എം.ബി.എ വിദ്യാർത്ഥിയായ വിവേക് തായ്ക്കണ്ടി നൽകുന്ന ഫീസിനെക്കുറിച്ച് പരിശോധിച്ചാൽ ഇതിനുള്ള മറുപടി ലഭിക്കുമെന്നുള്ള മറുപടിയാണ് നമുക്ക് നിയമസഭയിൽ ലഭിച്ചത്. ഈ വിദ്യാർത്ഥി പ്രതിവർഷം 46 ലക്ഷം രൂപ ഫീസ് നൽകിയാണ് പഠിക്കുന്നത് എന്നും ഭരണപക്ഷം നിയമസഭയിൽ പറയുകയുണ്ടായി. സഖാവ് വിജയന്റെ മകനാണ് വിവേക് തായ്ക്കണ്ടിയെന്നും അദ്ദേഹം ബർമിങ്ഹാം യൂണിവേഴ്സ്റ്റിയിലാണ് പഠിക്കുന്നതെന്നും മനസ്സിലാക്കാൻ കഴിഞ്ഞു. വീട് കയറി തെരഞ്ഞെടുപ്പ് ക്യാമ്പയിൻ നടത്തുന്ന അവസരത്തിൽ ഈ ചോദ്യത്തിന് നമ്മുടെ സഖാക്കൾക്ക് എങ്ങനെയാണ് മറുപടി പറയാൻ കഴിയുക?” അടിത്തട്ടിലെ സഖാക്കളെ മുൻനിർത്തിയായിരുന്നു വി.എസ്സിന്റെ മുനയുള്ള ചോദ്യം. 2006 മാർച്ച് 8ന് ആണ് ഈ കത്ത് അയയ്ക്കുന്നത്. വി.എസ് അടുത്ത നിയസമഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയല്ല എന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കുന്നത് 2006 മാർച്ച് 15ന്. വി.എസ്സിന്റെ പല കത്തുകളെയും പോലെ ഈ കത്തുകളും പിബി അവഗണിക്കുകയാണുണ്ടായത്. മൂന്ന് വർഷത്തിന് ശേഷം, പാർട്ടി രൂപീകരണത്തിൽ പങ്കാളിയായിരുന്ന വി.എസ് പോളിറ്റ് ബ്യൂറോയിൽ നിന്നും പുറത്താക്കപ്പെടുകയും ചെയ്തു. അന്നത്തെ ഒരു പത്രത്തിന്റെ തലക്കെട്ട് കടമെടുത്താൽ ‘പ്രതി അകത്തും പ്രതികരിച്ചയാൾ പുറത്തും’ ആയി (ആ സമയത്ത് ലാവലിൻ കേസിൽ സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിൽ പിണറായി വിജയൻ ഒമ്പതാം പ്രതിയായിരുന്നു).
പ്രതിപക്ഷ നേതാവെന്ന നിലയിൽ വി.എസ് നടത്തിയ എല്ലാ സമരങ്ങളുടെയും പ്രതിസ്ഥാനത്ത് പിണറായി വരുന്നത് പതിവായി മാറി. യു.ഡി.എഫ് നേതൃത്വം നൽകുന്ന സർക്കാരിനെതിരെയായിരുന്നു മിക്ക സമരങ്ങളുമെങ്കിലും നയപരമായി സി.പി.എമ്മും എതിർ സ്ഥാനത്തായി. കേരളത്തിലെ ഓൺലൈൻ ലോട്ടറി കച്ചവടക്കാർക്കാരിൽ നിന്നും കിട്ടേണ്ട 5700 കോടി രൂപയുടെ നികുതി ഒത്തുകളിയിലൂടെ സർക്കാർ ഒഴിവാക്കി എന്ന് 2004 മാർച്ചിൽ വി.എസ് ആരോപിക്കുമ്പോൾ പാർട്ടി അതിൽ ഇടപെട്ടതേയില്ല. വലിയ രാഷ്ട്രീയ അഴിമതിയാണ് പുറത്തുവന്നതെങ്കിലും പ്രതിപക്ഷത്തുള്ള സി.പി.എം മൗനം പാലിച്ചു. ലോട്ടറി രാജാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാന്തിയാഗോ മാർട്ടിനിൽ നിന്നും ഇ.പി ജയരാജൻ മാനേജറായിരുന്ന കാലത്ത് ദേശാഭിമാനി ദിനപത്രം രണ്ട് കോടി രൂപ ബോണ്ട് സ്വീകരിച്ച വാർത്തയാണ് കുറച്ച് വർഷം കഴിഞ്ഞ് പുറത്തുവരുന്നത്.


പ്ലാച്ചിമട സമരത്തിലും വി.എസ് സജീവമായി ഇടപെട്ടപ്പോൾ പാർട്ടി നിർജീവമാകുന്ന കാഴ്ച കേരളം കണ്ടു. കൊക്കക്കോള എന്ന അമേരിക്കൻ കുത്തകയ്ക്കെതിരായ പോരാട്ടം സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളുടെ ഭാഗമായി കണ്ട് ആദ്യനാളുകളിൽ ഇടപെട്ട ഡി.വൈ.എഫ്.ഐ അടക്കം പതിയെ പിന്മാറിയപ്പോഴും വി.എസ് പലതവണ പ്ലാച്ചിമട സമരപന്തലിലെത്തി തദ്ദേശീയരുടെ പോരാട്ടത്തോട് ഐക്യപ്പെട്ടു. 2004 ജനുവരി 22ന് ലോക ജലസമ്മേളനത്തിന്റെ ഭാഗമായി പ്ലാച്ചിമടയിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തതും വി.എസ് ആയിരുന്നു. നീതിക്ക് വേണ്ടിയുള്ള പ്ലാച്ചിമട സമരത്തിന്റെ യാത്രകളിൽ വി.എസ് എല്ലാക്കാലത്തും പിന്തുണയുമായി കൂടെയുണ്ടായി. എന്നാൽ പിണറായി വിജയന്റെ നേതൃത്വം ഒരുകാലത്തും പ്ലാച്ചിമട സമരത്തോട് അനുഭാവം കാണിച്ചിരുന്നതേയില്ല. ലോകശ്രദ്ധയാകർഷിച്ച ഈ സമരത്തിന്റെ ഒരു ഘട്ടത്തിലും പിണറായി അതിൽ പങ്കാളിയായിട്ടുമില്ല. കോർപ്പറേറ്റ് മൂലധനത്തോട് സന്ധി ചെയ്യുന്ന ഒരു നേതൃത്വം പിണറായിയുടെ മുൻകൈയിൽ സി.പി.എമ്മിൽ വളർന്നുവരുന്നുണ്ട് എന്നതാണ് ഇതിന് കാരണമെന്ന് വ്യക്തമായത് പിന്നീട് വിക്കിലീക്സ് രേഖകൾ പുറത്തുവന്നപ്പോഴാണ്. പ്ലാച്ചിമടയിലെ കൊക്കക്കോള വിരുദ്ധ സമരം ഒരു പ്രാദേശിക പ്രശ്നം മാത്രമാണെന്നായിരുന്നു ചെന്നൈയിലെ അമേരിക്കൻ എംബസി ഉദ്യോഗസ്ഥനോട് പിണറായി വിജയൻ പറഞ്ഞതെന്ന് വിക്കിലീക്സ് വെളിപ്പെടുത്തുകയുണ്ടായി. വി.എസ്സിനോടുള്ള പിണറായിയുടെ എതിർപ്പ് പാർട്ടി അച്ചടക്കത്തിന്റെ പ്രശ്നം മാത്രമായിരുന്നില്ലെന്ന് ഒന്നുകൂടി ഉറപ്പിക്കുന്നതായിരുന്നു ഈ തെളിവ്.
വി.എസ്സിന്റെ ഈ പോരാട്ടങ്ങളെ എതിർക്കാൻ പാർട്ടിക്കുള്ളിലും പുറത്തും പിണറായി പലപ്പോഴായി ശ്രമിച്ചിട്ടുണ്ടെങ്കിലും അത് ഏറ്റവും മോശമായത് ഐസ്ക്രീം പാർലർ കേസിലായിരുന്നു. ഐസ്ക്രീം പാർലർ കേസിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ വി.എസ് ശക്തമായ നീക്കം നടത്തുന്നതിനിടയിലായിരുന്നു ആ മറുനീക്കം. നായനാർ സർക്കാരിന്റെ കാലത്ത് ഐസ്ക്രീം പാർലർ കേസിൽ കുഞ്ഞിലാക്കുട്ടിയെ പ്രതിസ്ഥാനത്ത് നിന്നും ഒഴിവാക്കിയത് വി.എസ് കൂടി ഉൾപ്പെട്ട പാർട്ടി സബ് കമ്മിറ്റിയാണെന്ന് പിണറായി കൊല്ലം ജില്ലാ സമ്മേളനത്തിൽ നടത്തിയ ദൈർഘ്യമേറിയ മറുപടി പ്രസംഗത്തിൽ പറഞ്ഞു. വി.എസ്സിനെതിരെ പിണറായി ഉന്നയിച്ച ഈ ഗുരുതരമായ ആരോപണം വലിയ പ്രതിസന്ധിയാണ് അന്ന് പാർട്ടിക്കുള്ളിൽ സൃഷ്ടിച്ചത്. വി.എസ് ഈ ആരോപണം തെളിയിക്കണമെന്ന തീരുമാനത്തിൽ ഉറച്ചുനിന്നതോടെ പഴയ യോഗത്തിന്റെ മിനിട്സ് പുറത്തെടുക്കാൻ പാർട്ടി നിർബന്ധിതമാവുകയും കുഞ്ഞാലിക്കുട്ടിക്കെതിരെ നടപടിയെടുക്കണമെന്ന അന്നത്തെ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്റെ അഭിപ്രായത്തോട് വി.എസ് യോജിക്കുകയാണ് ചെയ്തതെന്ന് വ്യക്തമാവുകയും ചെയ്തു. ഐസ്ക്രീം പാർലർ കേസിൽ കുഞ്ഞാലിക്കുട്ടിക്കൊപ്പമായിരുന്നു പിണറായി അടക്കമുള്ള സി.പി.എമ്മിലെ ഒരു വിഭാഗം നേതാക്കളെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനുള്ള അവസരമായി വി.എസ് ഇത് മാറ്റുകയും ചെയ്തു. പാർട്ടിയിൽ പരാജപ്പെട്ടെങ്കിലും ഈ പോരാട്ടങ്ങളിലൊന്നും ജനമനഃസാക്ഷിക്ക് മുന്നിൽ വി.എസ്സിന് പരാജയപ്പെടേണ്ടി വന്നില്ല.
2006ൽ വി.എസ് മുഖ്യമന്ത്രിയായി അധികാരത്തിലേറിയപ്പോൾ അതുകൊണ്ടുതന്നെ ജനം വലിയ പ്രതീക്ഷയിലായിരുന്നു. എന്നാൽ നിർണ്ണായക വകുപ്പുകളിൽ നിന്നെല്ലാം മുഖ്യമന്ത്രിയെ ഒഴിവാക്കുകയും എ.കെ.ജി സെന്ററിൽ നിന്നും മന്ത്രിസഭ നിയന്ത്രിക്കപ്പെടുകയും ചെയ്തു. അപ്പോഴും വി.എസ്സിലെ പോരാളി തളർന്നില്ല. മന്ത്രിസഭയിലുണ്ടായിരുന്ന സി.പി.ഐയിലെ മുല്ലക്കര രത്നാകരനെയും ബിനോയ് വിശ്വത്തേയും ആർ.എസ്.പിയിലെ എൻ.കെ പ്രേമചന്ദ്രനെയുമെല്ലാം പരമാവധി മുന്നിൽ നിർത്തി വി.എസ് എന്ന മുഖ്യമന്ത്രി പല നിർണ്ണായക തീരുമാനങ്ങളും കൈക്കൊണ്ടു. മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കലും വയലുകൾ സംരക്ഷിക്കുന്നതിനായി നടപ്പിലാക്കിയ നെൽവയൽ തണ്ണീർത്തട നിയമവും പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണൽ ബില്ലും അത്യപൂർവ്വ തീരുമാനങ്ങളായി കേരളം വിലയിരുത്തി.
എന്നാൽ, “നിരാലംബരും ദരിദ്രരുമായ പെൺകുട്ടികളെ ഉപയോഗിച്ചതിന് ശേഷം കൊലചെയ്ത് വലിച്ചെറിയുന്ന നരാധമന്മാരെ കയ്യാമം വെച്ച് വഴിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടത്തിക്കും” എന്ന മാസ് ഡയലോഗിലൂടെ അധികാരത്തിലെത്തിയ വി.എസ്സിന് അക്കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. പാർട്ടിയിൽ പ്രബലരായി മാറിക്കഴിഞ്ഞ നവവികസനവാദികളെ പല കാര്യങ്ങളിലും പ്രതിരോധിക്കാൻ മുഖ്യമന്ത്രിയെന്ന നിലയിൽ വി.എസ്സിന് കഴിഞ്ഞെങ്കിലും ചില സമയങ്ങളിൽ വി.എസ്സും ജനകീയ സമരങ്ങൾക്ക് എതിരായി മാറുന്ന കാഴ്ച കേരളം കണ്ടു. മൂലമ്പിള്ളിയാണ് അതിൽ ഏറ്റവും വേദനാജനകമായ അധ്യായം.
വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ പദ്ധതിക്ക് വേണ്ടി എറണാകുളത്തെ മൂലമ്പിള്ളി നിവാസികളെ പൊലീസ് അതിക്രൂരമായി കുടിയൊഴിപ്പിക്കുന്നത് വി.എസ്സിന്റെ ഭരണകാലത്താണ്. അന്ന് സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതിയ എഴുത്തുകാരി മഹാശ്വേതാദേവിക്ക് വി.എസ് നൽകിയ മറുപടിയിലെ ചില വാചകങ്ങൾ ഇപ്രകാരമായിരുന്നു, “വ്യവസായത്തിനും അടിസ്ഥാന സൗകര്യവികസനത്തിനുമായി ഭൂമിയേറ്റെടുക്കൽ അനിവാര്യമാണ്. കുടിയൊഴിപ്പിക്കുന്നവരെ ഏറ്റെടുക്കുന്ന ഭൂമിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ തന്നെ ഞങ്ങൾ പുനരധിവസിപ്പിക്കാറുണ്ട്.” എന്നാൽ, സ്വന്തം മണ്ണിൽ നിന്നും പുറത്താക്കപ്പെട്ട ആ മനുഷ്യർ വി.എസ് മുഖ്യമന്ത്രി കസേരിയിൽ നിന്നും ഇറങ്ങുമ്പോൾ പോലും പുനരധിവസിപ്പിക്കപ്പെട്ടിരുന്നില്ല. വി.എസ്സിന്റെ കത്തിന് മറുപടിയായി മഹാശ്വേതാദേവി എഴുതി, “അച്യുതാനന്ദൻ, താങ്കൾ പറയുന്നു ഞാൻ നിക്ഷിപ്ത താത്പര്യങ്ങളെ സേവിക്കുന്നുവെന്ന്. താങ്കളുടെ വാദം മൂലമ്പിള്ളി കുടിയിറക്കം ന്യായീകരിക്കത്തക്കതാണെന്നാണ്. ഞാനറിഞ്ഞിടത്തോളം താങ്കളുടെ കാര്യപദ്ധതികളെല്ലാം കേന്ദ്ര സർക്കാരിന്റെ താത്പര്യങ്ങളെ മാത്രം സംരക്ഷിക്കുന്നതാണ്. കടമക്കുടി ഗ്രാമത്തിലെ ജനങ്ങളുടെ അടുത്തേക്ക് അവരെങ്ങനെ ജൈവകൃഷി നടത്തുന്നുവെന്ന് (പൊക്കാളി കൃഷി) അറിയാൻ പോയിരുന്നെങ്കിൽ, അവർ താങ്കൾക്ക് പറഞ്ഞുതരുമായിരുന്നു കൃഷിയുടെയും കർഷകന്റെയും ചെലവിലല്ലാതെ എങ്ങനെ റോഡ് പണിയാമെന്ന്. കടമക്കുടിയിലെ ജനങ്ങൾ താങ്കൾക്ക് സമർപ്പിച്ച ബദൽ രൂപരേഖാ പദ്ധതിയിൽ അത് വിശദീകരിച്ചിരുന്നു. പക്ഷേ, മുകളിലുള്ളവരാരും അവരെ വിശ്വാസത്തിലെടുത്തില്ല. താങ്കളെയും ബുദ്ധദേവിനെയും പോലെ പാർട്ടിയെ അന്ധമായി പിന്തുണയ്ക്കുന്നവർക്ക് മാത്രമേ ഒരു രാജ്യത്തെയും കൃഷിയേയും ജനങ്ങളുടെ വികാരത്തേയും മറ്റുമൊക്കെ ത്യജിക്കാൻ കഴിയൂ.” നന്ദിഗ്രാമിൽ കൃഷിഭൂമി സംരക്ഷിക്കുന്നതിനായി നടന്ന കർഷകരുടെ സമരത്തെ സി.പി.എം കേഡറുകൾ അടിച്ചമർത്തിയ പശ്ചാത്തലം കൂടിയുണ്ടായിരുന്നു മഹാശ്വേതാദേവിയുടെ രോഷത്തിന് പിന്നിൽ.


ളാഹാ ഗോപാലന്റെ നേതൃത്വത്തിൽ ഭൂരഹിതരായ ദലിതരും ആദിവാസികളും നയിച്ച ചെങ്ങറ ഭൂസമരത്തെയും മുഖ്യമന്ത്രി വി.എസ് തള്ളിപ്പറഞ്ഞു. സമര പ്രവർത്തകർ റബ്ബർ കള്ളന്മാരാണെന്ന് വിളിച്ച് ആക്ഷേപിക്കുക കൂടി ചെയ്തു അദ്ദേഹം. ഹാരിസൺസ് മലയാളം ലിമിറ്റഡ് എന്ന തോട്ടം ഉടമ നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്ന ഭൂമിയിലാണ് സമരം എന്ന വസ്തുത പോലും മൂന്നാർ സമരനായകൻ പരിഗണിച്ചതേയില്ല. ഹാരിസൺസ് അടക്കമുള്ള വിദേശ തോട്ടങ്ങൾ സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യം 1971ൽ നിയമസഭയിൽ ഉന്നയിച്ച വി.എസ് അക്കാര്യം പിന്നീടുള്ള സമരങ്ങളിൽ ഉൾപ്പെടുത്തിയതുമില്ല. ചെങ്ങറ സമരത്തിന്റെ ഒത്തുതീർപ്പിന്റെ ഭാഗമായി വി.എസ് സർക്കാർ നൽകിയ പകരം ഭൂമി വാസയോഗ്യമല്ലാത്തവയായിരുന്നു എന്നതും വലിയ വഞ്ചനയായി മാറി. അതുപോലെ ന്യൂനപക്ഷ വിഭാഗങ്ങളോട് പ്രത്യേകിച്ച് മുസ്ലീങ്ങളോടുള്ള വി.എസ്സിന്റെ സമീപനവും ഏറെ വിമർശിക്കപ്പെട്ട ഒന്നാണ്. 2006ൽ വി.എസ്സിന് സീറ്റ് നിഷേധിക്കുന്നതിന് കാരണമായി സി.പി.എം സംസ്ഥാന കമ്മിറ്റി വരെ കണ്ടെത്തിയ ഒരു കാര്യം ‘ന്യൂനപക്ഷ വിരുദ്ധത’യായിരുന്നു. വി.എസ് അത്രത്തോളം ന്യൂനപക്ഷ വിരുദ്ധനായിരുന്നോ? മുസ്ലീം വിരുദ്ധനായിരുന്നോ? ഇന്ത്യൻ മുഖ്യാധാരാ രാഷ്ട്രീയത്തിൽ പൊതുവിലും സി.പി.എമ്മിന്റെ ആദ്യകാല നേതൃത്വങ്ങളിൽ പ്രത്യേകിച്ചും പ്രതിഫലിച്ചിരുന്ന, മതേതര പൊതുബോധത്തിനുള്ളിൽ തന്നെയുള്ള മുസ്ലീം അപരവത്കരണത്തിന്റെ പ്രശ്നമായിട്ടാണ് ആ ന്യൂനപക്ഷ വിരുദ്ധത വിലയിരുത്തേണ്ടത്. അത് നിസാരവത്കരിക്കാൻ കഴിയുന്ന ഒന്നല്ലെങ്കിലും വി.എസ്സിന്റെ മാത്രം പ്രശ്നമായി കാണുന്നത് തെറ്റായ രാഷ്ട്രീയ വിശകലനമായി മാറുകയും ചെയ്യും.
വി.എസ് എല്ലാം തികഞ്ഞ ഒരു നേതാവിന്റെ ഉദാത്ത മാതൃകയാണെന്ന് ഒരുപക്ഷേ ആരും വിലയിരുത്തുന്നുണ്ടാകില്ല. ശരിയെന്നും തെറ്റെന്നും കാലം തെളിയിച്ച കാര്യങ്ങൾ വേറെയുമുണ്ട്. പക്ഷേ, രാഷ്ട്രീയ ജീവിതത്തിലുടനീളം വി.എസ് ഉയർത്തിപ്പിടിച്ച ജനപക്ഷ രാഷ്ട്രീയം വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു. അതിന്റെ അഭാവം കേരളം വല്ലാതെ തിരിച്ചറിയുന്ന സാഹചര്യങ്ങൾ വി.എസ് നിശബ്ദനായ ശേഷം പിന്നീട് എത്രയോ ഉണ്ടായിട്ടുണ്ട്. സി.പി.എം പ്രവർത്തകർ കൊലപ്പെടുത്തിയ ടി.പി ചന്ദ്രശേഖരന്റെ വീട് സന്ദർശിച്ച് കെ.കെ രമയെ ആശ്വസിപ്പിക്കുന്ന വി.എസിന്റെ ചിത്രത്തേക്കാൾ കരുത്തുറ്റ സന്ദേശമൊന്നും രാഷ്ട്രീയ ഹിംസകൾക്കെതിരെ ഇനി കേരളത്തിൽ ഉയരാനിടയില്ല.
‘ഈ പ്രസ്ഥാനമാകുന്ന സമുദ്രത്തിന്റെ മാര്‍ത്തട്ടിനോട് ചേര്‍ന്നുനില്‍ക്കുമ്പോഴേ നേതാവിന് കരുത്തുള്ളൂ’ എന്നാണ് 2009 ഫെബ്രുവരി 15ന് തിരുവനന്തപുരം ശംഖുംമുഖത്ത് നടന്ന പൊതുയോഗത്തിൽ പിണറായി വിജയൻ വി.എസ്സിനെ വേദിയിൽ ഇരുത്തികൊണ്ട് ‘ശാസിച്ചത്’. തിരുവനന്തപുരത്ത് നിന്നും ആലപ്പുഴയിലേക്കുള്ള വി.എസ്സിന്റെ വിലാപയാത്രയിൽ പങ്കുചേരാനായി വഴിയിൽ തടിച്ചുകൂടിയ ജനാവലിയിലൂടെ അദ്ദേഹം അതിന് ഒരു മരാണനന്തര മറുപടി നൽകുകയാണോ?

