Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


ഫോട്ടോസ് : എസ് ശരത്
2024 ജൂലായ് 30ന് നേരം പുലര്‍ന്നപ്പോഴാണ് ചൂരൽമല അങ്ങാടിയിലേക്ക് പാഞ്ഞെത്തിയവർ പകച്ചുപോകുന്ന ആ കാഴ്ച അരണ്ടവെളിച്ചത്തിൽ ആദ്യം കാണുന്നത്. ആർത്തലച്ചു പെയ്ത മഴ അപ്പോൾ അടങ്ങിയിട്ടുണ്ടായിരുന്നു. എങ്കിലും കാർമൂടിയ ആകാശത്തിന് താഴെ അവർക്ക് മുന്നിൽ തെളിഞ്ഞത് ഉരുൾപൊട്ടിയെത്തിയ കൂറ്റന്‍ പാറകളിൽത്തട്ടി ഇരച്ചുകുത്തിയൊഴുകുന്ന പുന്നപ്പുഴയും, ഉള്‍ക്കാട്ടിൽ നിന്നും വേരോടെ ഇളകിത്തെറിച്ച വടവൃക്ഷങ്ങളും, കുഴഞ്ഞുമറിഞ്ഞ ചെളിയും മാത്രമായിരുന്നു. അതിനടിയിൽ പുഞ്ചിരിമട്ടത്തെയും മുണ്ടക്കൈയിലെയും അനേകം ജീവനുകളും നിർമ്മിതികളുമുണ്ടെന്ന് പലരും തിരിച്ചറിഞ്ഞത് പതിയെയാണ്. ചൂരൽമലയെയും മുണ്ടക്കൈയെയും ബന്ധിപ്പിക്കുന്ന പാലം അവിടെ കാണാനുണ്ടായിരുന്നില്ല. എങ്കിലും ഉറ്റവരെത്തേടി മനോബലത്താൽ മറുകര കടന്നവരെ കാത്തിരുന്നത് കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിന്റെ ഞെട്ടിക്കുന്ന കാഴ്ചകളാണ്.
ചൂരൽമലയ്ക്ക് താഴെ അട്ടമലയുടെ അറ്റം വരെയും പുന്നപ്പുഴയുടെ ഇരുകരകളെയും ഉരുളൻ കല്ലുകൾ തുടച്ചെടുത്തു. ആ വഴിയിലൂടെ മലകൾക്കപ്പുറം അമ്പതടിയോളം താഴെയുള്ള ചാലിയാർ പരപ്പിലേക്ക് ഒഴുകിപ്പതിച്ച മൃതദേഹങ്ങളും ശരീരാവശിഷ്‌ടങ്ങളും ഉരുൾപൊട്ടലിന്റെ തീവ്രതയറിയിച്ച ഉള്ളുലയ്ക്കുന്ന വേദനയായി മാറി. അതിവേഗത്തിലുള്ള അതിജീവന ശ്രമങ്ങൾക്കാണ് പിന്നീട് ആ പ്രദേശം സാക്ഷിയായത്. രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ വിതരണത്തിലും പുനർനിർമ്മാണത്തിലുമെല്ലാം വലിയ പങ്കാളിത്തമുണ്ടായി. മാതൃകാ പുനരധിവാസ ടൗൺഷിപ്പുയർന്നു. പക്ഷേ, ഉരുളെടുത്ത ആ വഴികൾക്കരികിൽ ഇപ്പോൾ അവശേഷിക്കുന്ന മനുഷ്യർ രണ്ട് വർഷത്തിനിപ്പുറവും നിരാലംബരായി ജീവിതം തുടരുകയാണ്. അവർക്ക് മുന്നിൽ മരണങ്ങളുടെ ഭീതി നിറഞ്ഞ ഓർമ്മയുമായി ഉരുൾപൊട്ടിയൊലിച്ച വഴിച്ചാൽ കല്ലും മണ്ണും നിറഞ്ഞ് നീണ്ടുകിടക്കുന്നുണ്ട്. മലയുടെ മാറ് പിളർന്ന് പുറത്തേക്ക് തെറിച്ച ഉരുളൻ പാറകൾക്ക് മേൽ പായൽ മൂടിത്തുടങ്ങിയിരിക്കുന്നു.


രണ്ടാം വാർഷികത്തിന്റെ വാർത്തകൾക്കായി പോയ മാധ്യമ സംഘത്തിനൊപ്പം ചൂരമലയിലെത്തുമ്പോൾ കണ്ടത് സൈന്യം രക്ഷാപ്രവർത്തനത്തിന് വഴിയൊരുക്കാൻ കെട്ടിയ ബെയ്ലി പാലത്തിനിപ്പുറം അനക്കമറ്റ് കിടക്കുന്ന ഒരു അങ്ങാടിയാണ്. മഴമുന്നറിയിപ്പുള്ള ദിവസത്തിന്റെ മ്ലാനത ചുറ്റും പ്രകടമായിരുന്നു. മേപ്പാടിയിൽ നിന്ന് 13 കിലോമീറ്റർ അകലെയുള്ള ഈ ചെറു ടൗണിൽ ഒരു കാലത്ത് ആളൊച്ചകൾ നിലച്ച നേരമുണ്ടായിരുന്നില്ല. ആ മലയോരങ്ങളിൽ പാർത്തിരുന്നവരുടെ എല്ലാ ജീവിതവ്യവഹാരങ്ങളുടെയും മടിത്തട്ടായിരുന്നു ചൂരൽമല ടൗൺ.
വരാനാരുമില്ലാത്തതിനാൽ കട തുറക്കാതിരുന്ന ചില കച്ചവടക്കാർ പ്രാരാബ്ധങ്ങളും പരാതികളുമായി അരികിലേക്ക് വന്നു. പത്ത് വർഷത്തിന് ശേഷം ജലീലിനെ നേരിൽ കാണുന്നതും അക്കൂട്ടത്തിൽ വച്ചാണ്. ‘പതിനൊന്നാം സ്ഥലം’ എന്ന മലയാള സിനിമയുടെ ചിത്രീകരണത്തിനായി 2016ൽ ഈ പ്രദേശത്തെത്തുമ്പോൾ ജലീൽ ആയിരുന്നു ലൊക്കേഷൻ മാനേജർ. അന്ന് മുണ്ടക്കൈയിലേക്കും പുഞ്ചിരിമട്ടത്തേക്കും ആദ്യമായി കൂട്ടിക്കൊണ്ടുപോയ ജലീൽ ആ കാഴ്ചകളൊന്നും അവശേഷിച്ചിട്ടില്ലാത്ത അതേ ഇടങ്ങളിലേക്ക് വീണ്ടും വഴികാട്ടിയായി. ദുരന്തത്തിൽ നാല് കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ജലീൽ അവരെ മണ്ണിനടിയിൽ നിന്നും കണ്ടെടുത്ത ഭാഗത്തേക്ക് ഏറെക്കാലത്തിന് ശേഷമാണ് വീണ്ടും പോകുന്നത്. സഹോദരങ്ങളായ സിറാജ്, ബഷീർ, ബഷീറിന്റെ ഭാര്യ സക്കീന, മകൾ ഹിബ ഫാത്തിമ എന്നിവരെയാണ് ദുരന്തം കവർന്നെടുത്തത്. തേയിലത്തോട്ടത്തിലെ പണിക്ക് വേണ്ടിയെത്തിയ പൂർവികരുടെ പിൻതലമുറക്കാരായി മുണ്ടക്കൈയിലെ ലയങ്ങളിൽ ജനിച്ച് വളർന്നവരായിരുന്നു ജലീലും സഹോദരങ്ങളും. ജീപ്പ് ഡ്രൈവറായ ജലീൽ കുറച്ച് നാളുകളായി ചൂരൽമലയ്ക്കും പുത്തുമലയ്ക്കും ഇടയിൽ കൊയ്നാകുളത്താണ് താമസം.


ഹാരിസൺ മലയാളം പ്ലാന്റേഷന്റെ (എച്ച്‌എംഎൽ) സെന്റിനൽ റോക്ക്, റാണിമല എസ്റ്റേറ്റുകളിലെ കുറച്ച് സ്ഥിരജീവനക്കാരും അതിഥിത്തൊഴിലാളികളും മാത്രമാണ് ഇപ്പോൾ ബെയ്ലി പാലത്തിനപ്പുറം താമസിക്കുന്നത്. എസ്‌റ്റേറ്റുകളിൽ പണി പുനരാരംഭിച്ചെങ്കിലും മുണ്ടക്കൈ വിജനമായിരുന്നു. ടാർ റോഡ് അവസാനിച്ചിരുന്ന മുണ്ടക്കൈ അങ്ങാടിയിലെ കച്ചവട സ്ഥാപനങ്ങളെ കാട്ടുചെടികൾ വിഴുങ്ങിത്തുടങ്ങിയിരിക്കുന്നു. ഒരുപാട് മഴ പിന്നെയും പെയ്ത് തോർന്നെങ്കിലും അന്നുറച്ചുപോയ ചെളിപ്പാടുകൾ ഇപ്പോഴും പല ചുമരുകളിലും മായാതെ നിൽക്കുന്നുണ്ട്.




മുണ്ടക്കൈയ്ക്കും മേലെയാണ് ഒട്ടേറെ ചെറുകിട കർഷകരും സ്വകാര്യ തോട്ടങ്ങളുമുണ്ടായിരുന്ന പുഞ്ചിരിമട്ടം. ഉരുൾപൊട്ടലിന് ശേഷം കാണാതായ നാട്. ഓരോ കെട്ടിടാവശിഷ്ടങ്ങളിലേക്കും ചൂണ്ടി മരിച്ചുപോയവരുടെ പേരുകൾ ജലീൽ ഓർത്തെടുത്തുകൊണ്ടേയിരുന്നു. കണ്ടെത്താൻ കഴിയാത്തതുകൊണ്ട് മരിച്ചവരായി സർക്കാർ കണക്കാക്കിയവരാണ് അതിൽ പലരും. മനുഷ്യവാസവും നിർമ്മാണ പ്രവർത്തനങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്ന്, സർക്കാർ നിയോഗിച്ച ഡോ. ജോൺ മത്തായി സമിതി ശിപാർശ ചെയ്ത ‘നോ ഗോ സോൺ’ ആണ് ഇപ്പോൾ ഈ പ്രദേശം. അവശേഷിക്കുന്ന കൃഷിത്തോട്ടങ്ങളിലേക്ക് തൊഴിലാളികൾക്കും കർഷകർക്കും പണികൾക്കായി പ്രവേശനം അനുവദിച്ചിട്ടുണ്ടെങ്കിലും വിളവെടുക്കാനെത്തുന്നവർ വളരെ കുറവാണ്. പുഞ്ചിരിമട്ടം അവർ മനസ്സുകൊണ്ട് ഉപേക്ഷിച്ചു കഴിഞ്ഞു. ആരും വരാനില്ലെങ്കിലും തകർന്നുപോയ റോഡിന് പകരമായി പുതിയ കോൺക്രീറ്റ് പാതയുടെ പണി പുഞ്ചിരിമട്ടത്ത് പൂർത്തിയായിക്കഴിഞ്ഞു. ഒരുപക്ഷേ പുഴയ്ക്ക് അപ്പുറമുള്ള വനറാണി എന്ന സ്വകാര്യ എസ്റ്റേറ്റിനാകും അത് ഉപകാരപ്പെടാൻ പോകുന്നത്.




വനാതിർത്തിയിലുള്ള പുഞ്ചിരിമട്ടത്തെ ആദ്യ വീട് തകർന്നിട്ടുണ്ടായിരുന്നില്ല. അവിടെ താമസിച്ചിരുന്ന വെള്ളിങ്കിരിയും കുടുംബവും ദുരന്തത്തിന്റെ തലേന്ന് പകൽ അവിടെ നിന്നും മാറിയിരുന്നു. വെള്ളിങ്കിരിയടക്കം അങ്ങനെ പലരെയും ഒഴിപ്പിക്കാൻ മുന്നിൽ നിന്ന ആളായിരുന്നു ജലീലിന്റെ മരണപ്പെട്ട സഹോദരൻ സിറാജ്.


വെള്ളിങ്കിരിയുടെ വീടിനപ്പുറം വനമാണ്. അതുവരെയാണ് ഇപ്പോൾ നടന്നെത്താൻ കഴിയുന്നത്. അവിടെ നിന്ന് നോക്കിയാൽ അടർന്നുപോയ മലയുടെ നെഞ്ച് അടുത്ത് കാണാം. അന്ന് പൊട്ടിയൊലിച്ച ഉറവകളിൽ നിന്നും ഇപ്പോഴും നീരൊഴുകുന്നുണ്ട്. ഞങ്ങൾ നിൽക്കുന്നയിടത്ത് നിന്നും രണ്ട് കിലോമീറ്ററോളം ഉള്ളിൽ വെള്ളോലിപ്പാറ എന്ന പ്രദേശമാണതെന്ന് ജലീൽ പറഞ്ഞു. ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രം. കുട്ടിക്കാലത്ത് അവിടെയുള്ള ഒരു വെള്ളച്ചാട്ടം കാണാൻ കാട്ടിലൂടെ വെള്ളോലിപ്പാറയിലേക്ക് നടന്നുപോകുമായിരുന്നു ജലീലും കൂട്ടുകാരും.




ഉരുൾപൊട്ടിപ്പിളർന്ന ഭൂമിയുടെ ഭീകരത പുഞ്ചിരിമട്ടത്ത് നിന്നും താഴേക്ക് കാണാമായിരുന്നു. ചാലിയാറിലേക്ക് ഒഴുകിയിരുന്ന ആ കൊച്ചരുവിക്ക് ഇന്ന് ഒരു പുഴയുടെ വീതിയുണ്ട്. ഇരുകരകളിലും ഒരാൾപ്പൊക്കമുള്ള ഉരുളൻകല്ലുകളുടെ കൂമ്പാരങ്ങൾ.






പുഞ്ചിരമിട്ടത്ത് നിന്നും വനറാണി എസ്റ്റേറ്റിലേക്ക് പുഴ മുറിച്ചുകടക്കാൻ നിർമ്മിച്ച കോൺക്രീറ്റ് പാലത്തിന്റെ അവശിഷ്ടം അഞ്ഞൂറ് മീറ്റർ താഴെ മുണ്ടക്കൈ മസ്ജിദിന്റെ മുറ്റത്ത് കിടക്കുന്നുണ്ട്. കുട്ടിക്കാലത്തെ ഒരുപാട് പ്രാർത്ഥനകളുടെ സ്മരണകളുള്ള ആ മസ്ജിദിനുള്ളിലേക്ക് ജലീൽ പിന്നീട് കയറിയിട്ടുണ്ടായിരുന്നില്ല. ബാങ്ക് നിലച്ച മിനാരങ്ങൾക്ക് മുകളിൽ കോളാമ്പികൾ മൗനംപൂണ്ടു. പുഴയിൽ നിന്നും എത്രയോ ഉയരത്തിലായിരുന്നു ആ പള്ളി. എന്നിട്ടും ഉറങ്ങിക്കിടന്നിരുന്ന ഉസ്താദിന്റെ ജീവനടക്കം ഏതോ കൂറ്റൻ കല്ലുകൾ കവർന്നുകൊണ്ടുപോയി.






പുഴയോരം ചേർന്ന് നിന്ന മുണ്ടക്കൈ ഗവ. എൽ.പി സ്കൂളിലെ അവശേഷിക്കുന്ന കെട്ടിടങ്ങൾ നശിച്ചുതുടങ്ങിയിരിക്കുന്നു. എവിടെ തിരിഞ്ഞാലും ചുറ്റും കോടയിറങ്ങുന്ന മലനിരകൾ കാണാവുന്ന സ്കൂൾ മുറ്റം ഇന്നില്ല. മറുകര കടക്കാനായി അവിടെ നിർമ്മിച്ചിരുന്ന ഒരു മരപ്പാലം എവിടെയെന്ന് കാണാൻ പോലുമില്ല.




തലമുറകളായി ലയങ്ങളിൽ അടിമജീവിതം തുടരുന്ന തൊഴിലാളികൾ നുള്ളിയെടുത്ത് വളർത്തിയ തേയിലച്ചെടികളുടെ നിരകൾ അട്ടമലയിലേക്ക് നീണ്ടുകിടന്നു. ഹാരിസണ്‍ മലയാളം പ്ലാന്റേഷൻ ലിമിറ്റഡിന്റെ രേഖയില്ലാത്ത ഭൂമി. സെന്റിനല്‍ റോക്ക് എസ്റ്റേറ്റിലെ ഡിവിഷനുകളില്‍ ജോലി ചെയ്തിരുന്നവർ പലരും ദുരന്തത്തിൽ മരണപ്പെട്ടു. അവശേഷിച്ച ചിലർ ചുണ്ടേൽ, അരപ്പറ്റ ഡിവിഷനുകളിലേക്ക് സ്ഥലം മാറ്റം വാങ്ങിപ്പോയി. അവർ പാർത്തിരുന്ന പാടികൾ മുണ്ടക്കൈയിൽ പലയിടത്തും ഒഴിഞ്ഞുകിടക്കുന്നത് കാണാം.




ചൂരൽമലയിലേക്ക് തിരിച്ചെത്തിയപ്പോഴേക്കും ദുരന്തഭൂമി കാണാനെത്തിയ ടൂറിസ്റ്റുകളുടെ ചെറിയ കൂട്ടം ബെയ്ലി പാലത്തിലുണ്ടായിരുന്നു. 33 കുട്ടികളെ നഷ്ടമായ വെള്ളാർമല സ്കൂൾ കെട്ടിടം ഇപ്പോൾ ഒരു ദുരന്ത സ്മാരകമായി മാറിയിരിക്കുന്നു. ബാരിക്കേഡ് മറികടന്നുപോയി പലരും സ്കൂളിനെ പശ്ചാത്തലമാക്കി സെൽഫിയെടുക്കുന്നുണ്ടായിരുന്നു. മഴചാറിത്തുടങ്ങി. അകലെ തെളിഞ്ഞുനിന്ന മലമുകളിലെ ഉരുൾപൊട്ടലിന്റെ മുറിപ്പാട് കോടമഞ്ഞ് പതിയെ മറച്ചു. നാനൂറിലേറെ മനുഷ്യജീവൻ ഒറ്റ രാത്രിയിൽ നഷ്ടമായ ആ നാടിന് മുകളിൽ മാനം കറുത്തിരുണ്ട് കനം തൂങ്ങി നിന്നു.


ചൂരൽമലയിൽ നിന്നും തിരികെ പോകുന്ന വഴിയിൽ രണ്ട് സ്ഥലങ്ങൾ കൂടി കാണാനുറപ്പിച്ചിരുന്നു. ദുരന്തത്തിൽ മരിച്ചവരെ ജാതിമതഭേദമന്യേ സംസ്കരിച്ച, തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും അടക്കം ചെയ്ത ‘ഹൃദയഭൂമി’യിലേക്കാണ് ആദ്യമെത്തിയത്. 2019 ആഗസ്റ്റിൽ 17 പേർക്ക് ജീവൻ നഷ്ടമായ പുത്തുമല ഉരുൾപൊട്ടൽ ദുരന്തഭൂമിയുടെ അരികിലാണ് ‘ഹൃദയഭൂമി’ എന്ന ശ്മശാനം. ആകസ്മികമായാണ് സ്ഥലം കണ്ടെത്തിയതെങ്കിലും പ്രകൃതിയുടെ ഒരോർമ്മപ്പെടുത്തൽ പോലെ അതനുഭവപ്പെട്ടു. അവിടെ മീസാൻ കല്ലുകളുണ്ട്, മാർബിളിൽ തീർത്ത കല്ലറകളുണ്ട്, തിരിച്ചറിയാത്തവരെ അടയാളപ്പെടുത്തിയ ഡി.എൻ.എ നമ്പറുകളിട്ട കുഴിമാടങ്ങളുണ്ട്. ജീവിതം നിമിഷങ്ങൾ കൊണ്ട് അവസാനിച്ചെങ്കിലും ആ രാത്രിയുടെ ഓർമ്മകൾ കാലാതീതമായിരിക്കുമെന്ന് പറയുന്നുണ്ടായിരുന്നു ഹൃദയഭൂമിയിലെ ഓരോ കല്ലുകളും.






മേപ്പാടിയിലേക്ക് തിരികെ മടങ്ങുന്ന വഴിയിലാണ് തുരങ്കപാതയുടെ നിർമ്മാണം നടക്കുന്ന കള്ളാടി. ഇക്കഴിഞ്ഞ ജൂലായ് ഏഴിനുണ്ടായ ഗുരുതരമായ മണ്ണിടിച്ചിൽ ദുരന്തത്തിൽ എട്ട് പേർ മരണപ്പെട്ട സ്ഥലം. കള്ളാടിയിലെ മീനാക്ഷി പാലത്തിന് സമീപം തുരങ്കപാത നിർമ്മാണ മേഖലയോട് ചേർന്ന് വലിയ നാശനഷ്ടങ്ങളാണുണ്ടായത്. തുരങ്കപാതയുടെ പണി താത്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. ഉപേക്ഷിക്കുമെന്ന് ഉറപ്പില്ല. പ്രകൃതിദുരന്തങ്ങളിൽ നിന്നും നമ്മൾ ഒന്നും പഠിക്കുന്നില്ല എന്നതിന് മറ്റൊരു തെളിവുമായി മണ്ണിടിഞ്ഞുവീണ കള്ളാടിപ്പുഴ ചെളിയിലമർന്ന് ശ്വാസം മുട്ടിയൊഴുകുന്നുണ്ടായിരുന്നു.




അവിടെ നിന്നായിരുന്നു 900 കണ്ടി എന്ന വ്യൂപോയിന്റിലേക്ക് ഓഫ് റോഡ് ജീപ്പുകൾ സർവീസ് ആരംഭിച്ചിരുന്നത്. ജലീൽ കുറച്ച് കാലങ്ങളായി ജീപ്പ് ഓടിച്ചിരുന്നത് 900 കണ്ടിയിലേക്കാണ്. കള്ളാടിയിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ഇപ്പോൾ ആ യാത്രയ്ക്ക് നിരോധനമുണ്ട്. ജലീലിന് ജോലിയില്ലാതെയായിട്ട് കുറച്ച് ദിവസങ്ങളായി.
“ജീവിതം ഒന്ന് ശരിയായി വരുമ്പോഴേക്കും വീണ്ടും എന്തെങ്കിലും ദുരന്തമുണ്ടായി എല്ലാം നഷ്ടത്തിലാകും. ചെറിയ പ്രശ്നമുണ്ടായാൽ പോലും കളക്ടർ അപ്പോൾത്തന്നെ ടൂറിസം നിരോധിക്കും. അതോടെ നമ്മുടെ പണിമുട്ടും. അവരെയും കുറ്റം പറയാൻ പറ്റില്ല. ദുരന്തം വീണ്ടും വീണ്ടും വന്നാൽ അവരെന്ത് ചെയ്യാനാ…”
അതിജീവന പ്രതിസന്ധിയുടെ ആഴം ജലീലിന്റെ വാക്കുകളിൽ നിഴലിച്ചുനിന്നു.
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ 86,000 ചതുരശ്ര മീറ്റർ സ്ഥലത്തെയാണ് ബാധിച്ചതെന്ന് നാഷനൽ റിമോട്ട് സെൻസിങ് സെന്ററിന്റെ ഉപഗ്രഹചിത്രങ്ങൾ കണ്ടെത്തിയിരുന്നു. ഇത് ഏകദേശം 21.25 ഏക്കർ സ്ഥലം വരും. മേപ്പാടി പഞ്ചായത്തിലെ മൂന്ന് വാർഡുകൾ, മരിച്ചത് നാനൂറിലെ മനുഷ്യർ, നിരാലംബരുടെ എണ്ണം ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല, പുനരധിവാസം പൂർത്തിയായിട്ടില്ല, പഠനങ്ങൾ വേണ്ടത്ര നടന്നിട്ടില്ല. ഈ ദുരന്തം ഓർമ്മകളിലും വാർഷികാചരണങ്ങളിലും ഒതുങ്ങിപ്പോകുമോ?

